കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലൊന്നും പഠിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. എന്നാല്‍പ്പിന്നെ അതിന്റെ പരിസരത്തൊക്കെ ഒന്ന് കറങ്ങി വന്നാലോ ? അതിനാരും തടസ്സം നില്‍ക്കില്ലല്ലോ ?!
കഴിഞ്ഞ കുറെ മാസങ്ങളായി, കുടുംബത്തോടൊപ്പം ജീവിക്കുന്നത് കേംബ്രിഡ്‌ജില്‍ നിന്ന് വെറും 24 മൈല്‍ ദൂരത്തില്‍ മാത്രം. എന്നിട്ടും അവിടെ പോകാതിരിക്കുന്നത് മോശമല്ലേ ?!
നല്ലൊരു ശനിയാഴ്ച്ച നോക്കി വാഹനവുമെടുത്ത് കുടുംബസമേതം കേംബ്രിഡ്‌ജിലേക്കിറങ്ങി, കൂടെ വാമഭാഗത്തിന്റെ ഒരു സഹപ്രവര്‍ത്തകയും ഉണ്ട്. കാറിലെ ജി.പി.എസ്സ് വഴികാട്ടിയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. വാഹനം സുരക്ഷിതമായി ഒരു കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള പാര്‍ക്കിങ്ങില്‍ ഇട്ടു.
കൂടെ വന്നിരിക്കുന്നവര്‍ മൂന്നുപേരും മുന്‍പും കേംബ്രിഡ്ജ് സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം ഒരു ഷോപ്പിങ്ങ് സെന്റര്‍ ലക്ഷ്യമാക്കി നീങ്ങി. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്. ഒരു ‘ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ‘ ബസ്സിന്റെ ടിക്കറ്റെടുത്ത് ’യൂണിവേഴ്സിറ്റി നഗരത്തില്‍ ‘ ഒന്ന് ചുറ്റിയടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
24 സ്റ്റോപ്പുകളില്‍ ഈ ബസ്സ് നിറുത്തും. ഏത് സ്റ്റോപ്പില്‍ വേണമെങ്കിലും ഇറങ്ങാം. അവിടത്തെ കാഴ്ച്ചകള്‍ നടന്ന് കാണാം. ഓരോ 20 മിനിറ്റിലും അടുത്ത ബസ്സ് വരും. ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ചുതന്നെ അടുത്ത ബസ്സിലും കയറാം. അങ്ങിനെ ഓരോരോ സ്റ്റോപ്പുകളില്‍ കയറിയിറങ്ങി കാഴ്ച്ചകള്‍ കണ്ട് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കാം. ഇതാണ് ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ബസ്സിന്റെ പ്രവര്‍ത്തനരീതി.

മുകള്‍വശം തുറന്ന ഡബിള്‍ ഡക്കര്‍ ബസ്സുകളാണ് മിക്കവാറും എല്ലാ ‘ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ‘ബസ്സുകളും. ബസ്സില്‍ കയറുമ്പോള്‍ത്തന്നെ ഡൈവര്‍ സീറ്റിന് പിന്നില്‍ നിന്ന് ഒരു സെറ്റ് ഇയര്‍ ഫോണും, റൂട്ട് മാപ്പും എടുക്കാം. ഓരോ സീറ്റിന്റെ വശങ്ങളിലും ഇയര്‍ ഫോണ്‍ കുത്താനുള്ള സൌകര്യമുണ്ട്. യാത്രയില്‍ ഉടനീളം വഴിവക്കിലുള്ള ഓരോരോ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പ്രതിമകള്‍, കോളേജുകള്‍, ലൈബ്രറികള്‍ എന്ന് തുടങ്ങി എല്ലാ കാഴ്ച്ചകളെപ്പറ്റിയും ആധികാരികമായും ചരിത്രപരവുമായും വിവരിച്ചുകൊണ്ടാണ് ബസ്സ് മുന്നോട്ട് നീങ്ങുന്നത്. ഓരോ സ്റ്റോപ്പിലും യാത്രക്കാര്‍ അവരവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥലങ്ങളാണെങ്കില്‍ ഇറങ്ങുകയും, മുന്‍പ് പോയ ബസ്സില്‍ നിന്ന് ഇറങ്ങിയവര്‍ കയറിക്കൊണ്ടുമിരിക്കും.

സിറ്റി സെന്ററിന്റെ മുന്നില്‍ നിന്ന് ടിക്കറ്റെടുത്ത് ബസ്സില്‍ കയറിപ്പറ്റി. കാഴ്ച്ചകള്‍ കാണാന്‍ നല്ലത് മേല്‍മൂടിയില്ലാത്ത ബസ്സിന്റെ മുകളിലെ നിലയാണ്. അതുകൊണ്ട് തന്നെ മുകളിലെ സീറ്റുകളെല്ലാം ഒരുവിധം നിറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും, ഒറ്റയ്ക്കായതുകൊണ്ട് ഒരു സീറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഹെഡ് സെറ്റ് സീറ്റിന്റെ സൈഡിലെ ജാക്കില്‍ ഘടിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ് ഇളകിത്തുടങ്ങി. വളരെ വ്യക്തവും സ്പുടവുമായ, ഇംഗ്ലീഷിലുള്ള വിവരണം ഇയര്‍ ഫോണിലൂടെ ഒഴുകിവന്നു. സിറ്റി സെന്ററിന്റെ തിരക്കില്‍ നിന്നും വിട്ട് ബസ്സ് മുന്നോട്ട് നീങ്ങി.

റിവര്‍ ക്വീന്‍സ് കോളേജ്, ഡൌണിങ്ങ് സ്ട്രീറ്റ് മ്യൂസിയം, ലയണ്‍ യാര്‍ഡ്, ജീസസ് കോളേജ്, റോമന്‍ കാത്തലിക്ക് ചര്‍ച്ച്, കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്ക് ഗാര്‍ഡന്‍, ഫോക്ക് മ്യൂസിയം, ഗാര്‍ഡന്‍ സെന്റര്‍, യൂണിവേഴ്‌സിറ്റി ലൈബ്രറി, അമേരിക്കന് മിലിറ്ററി സെമിത്തേരി എന്നിങ്ങനെ 24 സ്റ്റോപ്പുകളില്‍ ബസ്സ് നിറുത്തും.
അമേരിക്കന്‍ മിലിറ്ററി സെമിത്തേരിയും, ‘പണ്ടിങ്ങും’ ഒരിക്കലും അവഗണിക്കരുതെന്ന് നേരത്തേ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റ് സ്റ്റോപ്പുകളില്‍ ഇറങ്ങിയില്ല. ഹെഡ് സെറ്റിലൂടെയുള്ള വിവരണത്തില്‍ ആ കാഴ്ച്ചകള്‍ ഒതുക്കി. അരദിവസംകൊണ്ട് കാണാന്‍ പറ്റാവുന്ന കാഴ്ച്ചകള്‍ക്ക് ഒരു പരിധിയുണ്ട്. ഇനിയൊരിക്കല്‍ക്കൂടെ വന്നിട്ടായാലും എല്ലാ സ്റ്റോപ്പിലേയും കാഴ്ച്ചകള്‍ കാണണം. തല്‍ക്കാലം ‘പണ്ടിങ്ങും’, അമേരിക്കന്‍ മിലിറ്ററി സിമിത്തേരിയും കണ്ട് മടങ്ങാമെന്ന് തീരുമാനിച്ചു.
‘പണ്ടിങ്ങ് ‘നടക്കുന്ന കേം നദിക്കരയിലെ(River Cam) സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് 12 മണി. നല്ല വിശപ്പ്. ഒരു നേരം ഉച്ചയ്ക്ക് പട്ടിണിയായാലൊന്നും വാടിപ്പോകുന്നതല്ല എന്നിലെ സഞ്ചാരി. ‘പണ്ടിങ്ങ് ‘കഴിഞ്ഞിട്ടാകാം ഉച്ചഭക്ഷണമെന്ന് തീരുമാനിച്ച്, ബസ്സില്‍ നിന്നിറങ്ങി നദിക്കരയിലേക്ക് നടന്നപ്പോള്‍ത്തന്നെ പങ്ങിങ്ങ് പ്രമോട്ട് ചെയ്യുന്ന ചില കക്ഷികള്‍ ബ്രോഷറുമായി സമീപിച്ചു. ടിക്കറ്റെടുത്താല്‍ 12 പൌണ്ടിന് പണ്ടിങ്ങ് നടത്താം. ഇന്ത്യാക്കാരനായ ഒരു ദാരിദ്ര്യവാസി ടൂറിസ്റ്റാണെന്ന് മനസ്സിലാക്കിയിട്ടാകും, എനിക്കൊരു പ്രമോട്ടര്‍ 10 പൌണ്ടിന് ടിക്കറ്റ് ഓഫര്‍ ചെയ്തു. തല്‍ക്കാലം ആ സൌജന്യം എടുത്തില്ല. എല്ലാം ഒന്ന് നോക്കിക്കണ്ട് മനസ്സിലാക്കിയതിനുശേഷമാകാം ടിക്കറ്റെടുക്കുന്നതൊക്കെ. മാത്രമല്ല ഇത് തന്നെയാണ് ശരിയായ ടിക്കറ്റ് നിരക്കെന്ന് എനിക്കുറപ്പില്ലല്ലോ ?

പുഴക്കരയില്‍ ചെന്നപ്പോള്‍ നല്ല ജനത്തിരക്ക്. പുഴക്കരയില്‍ പണ്ടിങ്ങ് കാണാന്‍ വലിയൊരു ജനക്കൂട്ടംതന്നെ ഉണ്ട്. തൊട്ടടുത്തുള്ള റസ്റ്റോറന്റിന്റെ മേശകളില്‍ ഇരുന്ന് പണ്ടിങ്ങ് കണ്ടാസ്വദിച്ച് ഭക്ഷണം കഴിക്കുന്ന വേറേയും കുറേ ജനങ്ങളേയും കണ്ടു.
പുഴയില്‍ 6-7 മീറ്റര്‍ നീളവും, 1-2 മീറ്റര്‍ വീതിയുള്ളതുമായ അടിപരന്ന ബോട്ടുകള്‍ കിടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വഞ്ചികളോട് താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും, കാശ്മീര്‍ തടാകത്തില്‍ കാണുന്ന വഞ്ചികളോട് സാമ്യമുണ്ടെന്ന് തോന്നിക്കുന്ന ഈ ബോട്ടുകളെ സായിപ്പ് ‘പണ്ട് ‘ എന്നാണ് വിളിക്കുന്നത്. വള്ളം ഊന്നുന്നതുപോലെയാണ് ‘പണ്ട് ’ കുത്തി നീക്കുന്നത്. നാം മുളയുടെ കഴുക്കോല്‍ ഉപയോഗിക്കുന്നിടത്ത് ഇവര്‍ ഭാരം കുറഞ്ഞ ലോഹത്തിന്റെ 5 മീറ്ററോളം നീളമുള്ള ‘കഴുക്കോലാ‘ണ് ഉപയോഗിക്കുന്നതെന്ന് മാത്രം. പണ്ടിലൂടെയുള്ള സവാരിയായതുകൊണ്ട് ഈ യാത്രയെ ‘പണ്ടിങ്ങ് ‘ എന്ന് വിളിക്കുന്നു.
പലതരം സവാരികളുണ്ട്. ഒറ്റയ്ക്ക് ഒരു പണ്ടില്‍ ഊന്നലുകാരനുമായി സവാരിയാകാം. അല്ലെങ്കില്‍ സ്വയം ‘പണ്ട് ‘ ഊന്നി പുഴയില്‍ കറങ്ങി നടക്കാം. ഊന്നലുകാരനുള്ളതും, പത്ത് പേര്‍ക്ക് ഇരിക്കാവുന്നതുമായ പണ്ടില്‍ സംഘമായി സവാരിയാകാം.
1. ഗൈഡ് ടു കോളേജ് ബാക്ക്‌സ്,
2. ഗൈഡ് ടു ഗ്രാന്‍ഡ്‌ചെസ്‌റ്റര്‍,
3. ഗൈഡ് ടു കേംബ്രിഡ്‌ജ് പബ്‌സ്,….ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഇതെല്ലാം ഒന്നൊന്നായി ചെയ്യുകയുമാവാം.
തൊട്ടടുത്ത കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് ഊന്നലുകാരില്‍ ഭൂരിഭാഗവും. പോക്കറ്റ് മണിയുണ്ടാക്കാനും ജീവിതച്ചിലവുകള്‍ നടത്തിക്കൊണ്ടുപോകാനും അവര്‍ക്ക് പണ്ടിങ്ങ് നല്ലൊരു ഉപാധിയാണ്.
പിന്നീട് കൂടുതല്‍ സമയം കളയാനൊന്നും നിന്നില്ല. 10 പൌണ്ടിന്റെ ടിക്കറ്റെടുത്ത് (അതിലും കുറച്ച് കിട്ടിയില്ല) 5 മിനിറ്റ് കാത്ത് നിന്നപ്പോഴേക്കും നാലഞ്ച് യാത്രക്കാര്‍ കൂടെ വന്നു. യാത്രക്കാര്‍ വന്നാലും ഇല്ലെങ്കിലും ഒരാളെ വെച്ചും പറഞ്ഞ സമയത്ത് തന്നെ ‘പണ്ട് ‘ വിട്ടിരിക്കും. ഞങ്ങളുടെ പണ്ടില്‍ ഞാനടക്കം വിവിധ രാജ്യക്കാരായ 7 പേര്‍ ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ പതുക്കെ കരയില്‍ നിന്ന് നീങ്ങിത്തുടങ്ങി.
യൂണിവേഴ്‌സിറ്റി ബാക്ക് റൈഡ് എന്ന യാത്രയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. കേംബ്രിഡ്ജിലെ 31 കോളേജുകളില്‍ പേരുകേട്ട പല കോളേജുകളുടേയും പുറകിലൂടെ കേം നദി ഒഴുകുന്നുണ്ട്. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന യാത്രയില്‍ എല്ലാ കോളേജുകളുടെ ചരിത്രവും അവിടെ നടന്നിട്ടുള്ള കാര്യങ്ങളുമൊക്കെ രസകരമായി വിശദീകരിച്ചുതന്നു സ്റ്റീവെന്ന് പേരുള്ള ചുറുചുറുക്കുള്ള ഊന്നലുകാരന്‍.

‘പണ്ടിങ്ങ് ‘ തുടങ്ങുന്ന കരയുടെ മറുവശത്തുതന്നെ 1542 ല്‍ ഹെന്‍ട്രി എട്ടാമന്‍ സ്ഥാപിച്ച മൌഡ്‌ലിന്‍ കോളേജ് (Magdalene College-Pronounced “Maudlin”) കണ്ടു. ഉടനെ തന്നെ ‘പണ്ട് ‘ തൊട്ടടുത്തുള്ള ഒരു ഉയരം കുറഞ്ഞ പാലത്തിനടിയിലേക്ക് കടന്നു. ഈ സമയത്ത് സ്റ്റീവ് ഊന്നലൊക്കെ നിറുത്തി കുമ്പിട്ടിരുന്നു. അല്ലെങ്കില്‍, പാലത്തില്‍ ‘മൂക്കിന്റെ പാലം‘ ഇടിച്ച് അയാള്‍ വെള്ളത്തില്‍ വീഴുമെന്നതിന് ഒരു സംശയവും വേണ്ട.

മൌഡ്‌ലിന്‍ പാലമായിരുന്നു കേംബ്രിഡ്‌ജിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിഡ്‌ജിങ്ങ് കേന്ദ്രം. കൊല്ലവര്‍ഷം 731 ല്‍ ‘ഗ്രേറ്റ് ബ്രിഡ്‌ജ് ‘ എന്ന് വിളിക്കപ്പെട്ട നഗരത്തിലെ ആദ്യത്തെ പാലം ഈ സ്ഥാനത്ത് ഉണ്ടാക്കപ്പെട്ടു. അത് ‘ കേം ബ്രിഡ്‌ജ് ‘എന്ന പേരില്‍ അറിയപ്പെടുകയും, പിന്നീട് ഈ നഗരത്തിന്റെ തന്നെ പേരായി മാറുകയും ചെയ്തു. ഇപ്പോളവിടെയുള്ള കാസ്റ്റ് അയേണ്‍ പാലം 1823 ല്‍ പുതുക്കി നിര്‍മ്മിച്ചതാണ്.

‘പണ്ട് ‘ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടാക്കിയ ബ്രിഡ്‌ജ് ഓഫ് സൈസ് (Bridge of sighs) കണ്ടു. ഈ പാലമാണ് കേം നദിക്ക് കുറുകെയുള്ളതില്‍ ഏറ്റവും പേര് കേട്ടതത്രേ. മറ്റ് പാലങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു മേല്‍ക്കൂര ഉണ്ടെന്നത് ഈ പാലത്തിന്റെ പ്രത്യേകതയാണ്.

സെന്റ് ജോണ്‍സ് കോളേജിന് പുറകിലാണ് ബ്രിഡ്‌ജ് ഓഫ് സൈസ്. 1511 ല്‍ ഉണ്ടാക്കിയ സെന്റ് ജോണ്‍സ് കോളേജ് പുഴക്കരയില്‍ നിന്നും മരങ്ങള്‍ക്കിടയിലൂടെ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു.

രണ്ട് പാലങ്ങള്‍ പുറകിലുള്ള കോളേജെന്ന ബഹുമതി കൂടെ സെന്റ് ജോണ്‍സ് കോളേജിനുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടാക്കിയ രണ്ടാമത്തെ പാലത്തെ കിച്ചണ്‍ ബ്രിഡ്‌ജ് എന്നാണ് വിളിക്കുന്നത്.

ഓരോ പാലവും കഴിയുമ്പോഴേക്കും ഓരോ കോളേജുകള്‍. എല്ലാം പഴയകാല കെട്ടിടനിര്‍മ്മാണരീതിയുടെ മനോഹാരിത വിളിച്ചോതുന്ന തരത്തിലുള്ളത്. അതൊക്കെ കണ്‍നിറയെ കണ്ട് പടങ്ങളൊക്കെ എടുത്ത് കഴിയുമ്പോഴേക്കും അടുത്ത കോളേജിന്റെയോ പാലത്തിന്റേയോ വരവായി. അതിനിടയില്‍ ചുറ്റുമുള്ള വള്ളങ്ങളും, കാഴ്ച്ചകളും, കരയിലും പാലങ്ങളിലുമൊക്കെ നില്‍ക്കുന്ന ജനങ്ങളേയുമൊക്കെ ശ്രദ്ധിക്കണം. രണ്ട് കണ്ണും ഒരു ക്യാമറാക്കണ്ണും ഒന്നിനും തികയാതെ പോയ നിമിഷങ്ങള്‍.
അപ്പോഴതാ പ്രശസ്തമായ ട്രിനിറ്റി കോളേജ് കാണായിത്തുടങ്ങി. പ്രിന്‍സ് ചാള്‍സിന്റെ ട്രിനിറ്റി കോളേജിലെ മുറി പണ്ടില്‍ ഇരുന്നുതന്നെ കണ്ടു. മുറികള്‍ എന്ന് പറയുന്നതാവും ഭംഗി. ചാള്‍സിന്റെ ആവശ്യപ്രകാരം 12 മുറികള്‍ക്ക് തത്തുല്യമായ ഇടമാണത്രേ യൂണിവേഴ്സിറ്റിക്കാര്‍ വിട്ട് കൊടുത്തത്. നാലാള്‍ തിങ്ങി ഞെരിഞ്ഞ് ജീവിച്ചിരുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 207 )ം നമ്പര്‍ മുറി പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. രാജകുടുംബത്തില്‍ ജനിച്ചില്ലെങ്കില്‍ അങ്ങിനെയൊക്കെ ഹോസ്റ്റല്‍ ജീവിതം നയിക്കേണ്ടിവരുമെന്ന് സ്വയം ആശ്വസിപ്പിക്കുകയും ചെയ്തു.

ചാള്‍സ് രാജകുമാരനും, ജവഹര്‍ലാല്‍ നെഹ്രുവും കൊച്ചുമകന്‍ രാജീവ് ഗാന്ധിയുമടക്കം ലോകം കണ്ട ഒരുപാട് പ്രമുഖരും, പ്രശസ്തരുമാക്കെ പഠിച്ചിരുന്ന, 1546 ല്‍ ഹെട്രി എട്ടാമന്‍ സ്ഥാപിച്ച, 460 കൊല്ലത്തിലധികം പഴക്കമുള്ളതും, സര്‍ ഐസക്ക് ന്യൂട്ടന്റെ പുസ്തകങ്ങളും, സ്വകാര്യ കുറിപ്പുകളും,കടലാസുകളുമൊക്കെ സൂക്ഷിക്കുന്ന ലൈബ്രറിയുമൊക്കെയുള്ള ട്രിനിറ്റി കോളേജ് ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു. കുറച്ചൊക്കെ ക്യാമറയേയും കാണിച്ചുകൊടുത്തു.

നദിക്കരയില്‍ വെള്ളത്തിലേക്ക് കാലുകള്‍ നീട്ടിയിട്ട് കാഴ്ച്ചകള്‍ കണ്ടും, മനോഹരമായ പുല്‍ത്തകിടിയില്‍ പുസ്തകങ്ങള്‍ വായിച്ചും ഇരിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടാതെ, പരസ്പരം പുണര്‍ന്ന് കൊക്കുരുമ്മിയിരിക്കുന്ന കാമുകീകാമുകന്മാരേയും അവിടവിടെയായി കണ്ടു. ആരിലും പ്രണയം ജനിപ്പിക്കാന്‍ പോന്ന ഒരു അന്തരീക്ഷം ആ കോളേജുകളുടെയെല്ലാം കാമ്പസിനകത്തും നദിക്കരയിലും ഉണ്ടെന്നുള്ളതില്‍ ഒരു സംശയവും വേണ്ട. കുറേയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേം നദിക്കരയിലെ മനം മയക്കുന്ന ഈ പുല്‍ത്തകിടിയിലും, ഉദ്യാനങ്ങളിലുമൊക്കെ രാജീവ് ഗാന്ധി തന്റെ പ്രിയതമ സോണിയാ മെയ്‌നോയുമായി കറങ്ങിനടന്നിരുന്നുകാണുമല്ലേ ?!
ട്രിനിറ്റി കോളേജ് കഴിഞ്ഞ് പുഴ ചെറുതായൊന്ന് വളഞ്ഞ് നിവരുമ്പോഴേക്കുമതാ ട്രിനിറ്റി ബ്രിഡ്‌ജിന്റെ വരവായി. ആഭ്യന്തരയുദ്ധം നടക്കുന്ന കാലത്ത് 1643ല്‍ നശിപ്പിക്കപ്പെട്ട മറ്റൊരു പാലത്തിന് പകരമായാണ് ട്രിനിറ്റി ബ്രിഡ്‌ജ് പണികഴിപ്പിക്കപ്പെട്ടത്.

കഥകള്‍ ഓരോന്ന് പറഞ്ഞുതന്ന്, പണ്ട് ഊന്നി നീക്കിക്കൊണ്ടിരുന്നു നിയമ വിദ്യാര്‍ത്ഥിയായ സ്റ്റീവ്. അപ്പുറത്തും ഇപ്പുറത്തും നീങ്ങുന്ന പണ്ടിലുള്ളവരെല്ലം ഈ കഥകള്‍ ശ്രദ്ധിക്കുന്നുണ്ട്. മറ്റ് പണ്ടുകള്‍ ഊന്നുന്നവരുടെ വിവരണങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാം. എല്ലാവരും പരസ്പരം സംസാരിച്ച് കളിച്ച് ചിരിച്ച് കോളേജ് കാലഘട്ടത്തിലേതുപോലൊരു ഉല്ലാസ യാത്ര.
പണ്ട് വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ ആധുനിക ഭാവങ്ങളുള്ള ഒരു പാലം കണ്ടു. കണ്ടാല്‍ ആധുനികനാണെങ്കിലും ഇതിനും 48 കൊല്ലത്തെ പഴക്കമുണ്ട്. 1950 ല്‍ ട്രിനിറ്റി കോളേജിനും, ട്രിനിറ്റി ഹാളിനും ഇടയില്‍ ഒരു പാലം പണിയാനുള്ള ഡിസൈനുവേണ്ടി ഒരു മത്സരം തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഒരു വിദ്യാര്‍ത്ഥിയാണ് വളരെ ബലമുള്ളതും അതേസമയം ഭാരം കുറഞ്ഞതുമായ ഡിസൈന്‍ ഉണ്ടാക്കി മത്സരത്തില്‍ വിജയിച്ചത്. 1960 പണികഴിപ്പിച്ച ഈ പാലം ഗാരെറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഗാരെറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് കുറച്ച് ആധുനികതയുള്ള മറ്റൊരു കെട്ടിടം കണ്ടു. നിയമപഠനത്തിന് പേരുകേട്ടതും 1350 സ്ഥാപിക്കപ്പെട്ടതുമായ ട്രിനിറ്റി ഹാളിന്റെ പിന്നാമ്പുറത്ത് 1999 ല്‍ നിര്‍മ്മിച്ച ജെര്‍വുഡ് ലൈബ്രറി കെട്ടിടമാണത്. പാലത്തിനുമുകളിലും ലൈബ്രറിയുടെ വെളിയിലുമൊക്കെയായി പണ്ടിങ്ങൊക്കെ കണ്ടാസ്വദിച്ച് നില്‍ക്കുന്ന ജനങ്ങളെ കൂടുതലും ഇവിടെയാണ് കാണാന്‍ സാധിച്ചത്.

അടുത്തതായി കണ്ടത് 17 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതും നിലവില്‍ കാം നദിയ്ക്ക് കുറുകെയുള്ളതില്‍ ഏറ്റവും പഴക്കമുള്ളതുമായ ക്ലേര്‍ ബ്രിഡ്‌ജാണ്. കേംബ്രിഡ്‌ജിലെ കോളേജുകളുടെ പഴക്കത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന 1326 സ്ഥാപിതമായ ക്ലേര്‍ കോളേജ്(Clare College) , അവിടന്ന് അധികം ദൂരെയല്ലാതെ കാണുന്നുണ്ട്. ഈ കോളേജിന്റെ പൂന്തോട്ടമാണ് കേംബ്രിഡ്‌ജിലെ ഏറ്റവും മികച്ച കോളേജ് പൂന്തോട്ടമായി കണക്കാക്കപ്പെടുന്നത്. പക്ഷെ, പണ്ടിലിരുന്ന് മതില്‍ക്കെട്ടിനകത്തുള്ള ആ പൂന്തോട്ടം കാണാന്‍ പറ്റില്ലെന്നുള്ളത് ഒരു സങ്കടമായി.

ക്ലേര്‍ കോളേജിനെ തൊട്ടുരുമ്മിയാണ് കിങ്ങ്‌സ് കോളേജ് നില്‍ക്കുന്നത്. 1441 ല്‍ ഹെന്‍ട്രി ആറാമനാണ് കിങ്ങ്‌സ് കോളേജ് സ്ഥാപിച്ചതെങ്കിലും അദ്ദേഹത്തിന് ഈ കോളേജിനെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. 100 കൊല്ലത്തിന് മേല്‍ സമയം എടുക്കുകയും 5 രാജാക്കന്മാരുടെ കാലങ്ങളിലൂടെയുമാണ് ഈ കോളേജ് അതിന്റെ പൂണ്ണാവസ്ഥയിലെത്തിച്ചേര്‍ന്നത്. ശരിക്കും കിങ്ങ്‌സ് കോളേജ് എന്ന പേരിന് ഈ സ്ഥാപനം അര്‍ഹിക്കുന്നുണ്ടെന്നാണ് ആ കഥ കേട്ടപ്പോള്‍ തോന്നിയത്.

അവിടന്നങ്ങോട്ട് ഒരു ഇടവേളയ്ക്ക് ശേഷമാണ് ക്വീന്‍സ് കോളേജ് കാണാറായത്. 1448 ല്‍ ഹെന്‍ട്രി ആറാമന്റെ ഭാര്യയാണ് ഈ കോളേജ് സ്ഥാപിച്ചതെങ്കിലും പിന്നീട് എഡ്‌വേഡ് നാലാമന്റെ ഭാര്യ ഈ കോളേജിനെ പുനഃസ്ഥാപിക്കുകയുണ്ടായി.

ക്വീന്‍സ് കോളേജിന് പുറകിലായി കാം നദിക്ക് കുറുകെ മരത്തിലുണ്ടാക്കിയിട്ടുള്ള ഒരേയൊരു ബ്രിഡ്ജ് ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. ഒരു സിവില്‍ എഞ്ചിനീയറുടെ കൌതുകമുണര്‍ത്താന്‍ പോന്ന എല്ലാ ചേരുവകളും ആ പാലത്തിലുണ്ട്. ഈ പാലം ആദ്യം ഉണ്ടാക്കിയത് 1749 ല്‍ ആണെങ്കിലും, ഇപ്പോളവിടെയുള്ളത് തേക്ക് മരത്തിലുണ്ടാക്കിയ അതിന്റെ രണ്ടാമത്തെ അനുകരണമാണ്. ഈ പാലത്തിനെ ഒരു രാത്രികൊണ്ട് അഴിച്ച് നോക്കിയ രണ്ട് വിദ്യാര്‍ത്ഥികള്‍, അത് തിരികെ കൂട്ടിച്ചേര്‍ക്കാന്‍ പരാജയപ്പെട്ട് ആപ്പിലായ കഥ സ്റ്റീവ് പറഞ്ഞത് കേട്ടപ്പോള്‍ ചിരി പൊട്ടി.

ക്വീന്‍സ് കോളേജ് കഴിഞ്ഞ് കുറച്ചൂടെ മുന്നോട്ട് നീങ്ങുന്നതോടെ ജലയാത്രയുടെ അവസാനമായി. ഇനി വന്നവഴിയിലൂടെ തന്നെ മടക്കയാത്ര. സ്റ്റീവ് ‘പണ്ട് ‘ തിരിച്ചു. മടക്കയാത്രയില്‍, ഇതുവരെ കണ്ടതിലും കേട്ടതിലുമൊക്കെ സംശയമുള്ള കോളേജുകളെപ്പറ്റിയും പാലങ്ങളെപ്പറ്റിയും പലരും സ്റ്റീവിനോട് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, പ്രഗത്ഭന്മാരായ പല വ്യക്തികളും പഠിച്ചിരുന്നതുമായ പേരുകേട്ട ഒരുപാട് കോളേജുകളുടെ പിന്നാമ്പുറത്തൂടെ ഒരു ജലയാത്ര നടത്താനുള്ള ഭാഗ്യമെങ്കിലും എനിക്കിതാ കിട്ടിയിരിക്കുന്നു. കേംബ്രിഡ്ജിലൊന്നും പഠിച്ചില്ലെന്നുള്ള വിഷമം ഇതോടെ അവസാനിച്ചിരിക്കുന്നു. ഇനി ഒരു പരാതിയുമില്ല.
ഫിനിഷിങ്ങ് പോയന്റില്‍ നിന്നും മടങ്ങി സ്റ്റാര്‍ട്ടിങ്ങ് പോയന്റിലേക്കുള്ള യാത്രയില്‍ പലയിടത്തും പണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതുകണ്ടു. പെട്ടെന്ന് മറിഞ്ഞ് വെള്ളം കയറുന്നതരത്തിലുള്ളതാണ് ഈ പണ്ടുകള്‍ എന്ന് തോന്നുമെങ്കിലും ഇവയെല്ലാം വളരെ സന്തുലിതമായിട്ടുള്ളതാണ്.

അതിനിടയില്‍, സ്വയം പണ്ട് ഊന്നാന്‍ ഇറങ്ങിത്തിരിച്ച് പെട്ടുപോയ ചിലരെ പലയിടത്തായി കാണുകയുണ്ടായി. വിദേശികളും, ദൈവത്തിന്റെ സ്വന്തം നാട്ടുകാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും ഒരു വള്ളത്തിന്റെ തുഴയോ മറ്റോ കൈയ്യിലെടുക്കാത്തവര്‍ക്ക് ഊന്ന് വള്ളം കുത്തിനീക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്രക്കാരുടെ മേല്‍ വെള്ളം വീഴാതിരിക്കാനായി കഴുക്കോല്‍ മേലോട്ട് തന്നെ ഉയര്‍ത്തണമെന്നതാണ് ഒരു അലിഖിത നിയമം. വെള്ളത്തില്‍ ഊന്നിയ കഴുക്കോല്‍ ചെറുതായി ഒന്ന് തിരിച്ചതിന് ശേഷമാണ് ഊരിയെടുക്കേണ്ടത്. അല്ലെങ്കില്‍ ചിലപ്പോള്‍ കഴുക്കോല്‍ വെള്ളത്തിനടിയിലെ ചെളിയില്‍ത്തന്നെ പുതഞ്ഞിരിക്കും.
പെട്ടെന്ന് രണ്ട് പണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അതിലൊരു ‘പണ്ട് ‘ ഇത്തിരി വേഗതയിലായിരുന്നതുകൊണ്ട് എല്ലാവരും ആ ഇടി പ്രതീക്ഷിച്ചതായിരുന്നെന്ന് തോന്നി. പക്ഷെ ഇടികൊണ്ട പണ്ടിനെ ഊന്നുന്ന ചെറുപ്പക്കാരന്‍, ആ ഇടിക്ക് അത്ര പ്രാധാന്യം കൊടുത്തില്ലെന്ന് തോന്നുന്നു. അതിന്റെ അനന്തരഫലമോ ? ബാലന്‍സ് നഷ്ടപ്പെട്ട് അയാള്‍ തലയും കുത്തി വെള്ളത്തിലേക്ക് വീണു. പക്ഷെ, സെക്കന്റുകള്‍ക്കകം വെള്ളത്തില്‍ നിന്ന് അയാള്‍ പണ്ടിലേക്ക് നീന്തിക്കയറിയപ്പോള്‍ ചുറ്റുമുള്ള പണ്ടുകളില്‍ നിന്ന് കയ്യടിശബ്ദം ഉയര്‍ന്നു. ചിലരെല്ലാം പുള്ളിയുടെ വീഴ്ച്ച ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പകച്ചിരുന്ന് പോയതുകാരണം എനിക്കതിനായില്ല. എങ്കിലും ഞാനാ കയ്യടിയില്‍ പങ്കുചേര്‍ന്നു.
“നീയെത്ര പ്രാവശ്യം വെള്ളത്തില്‍ ഇതുപോലെ വീണിട്ടുണ്ട് സ്റ്റീവേ ? “
എന്റെ മുന്നിലിരിക്കുന്ന കക്ഷിയുടേതാണ് ചോദ്യം.
“ 11 പ്രാവശ്യം “ തെല്ലുപോലും ആലോചിച്ച് നില്‍ക്കാതെ സ്റ്റീവിന്റെ മറുപടി വന്നു.
ഞാനപ്പോഴാണ് നദിയുടെ ആഴം ശ്രദ്ധിച്ചത്. 8 – 10 അടി, അത്രേയുള്ളൂ. പക്ഷെ നീന്തലറിയാത്തവര്‍ക്ക് മുങ്ങിച്ചാകാന്‍ ഒരു ബക്കറ്റ് വെള്ളമായാലും മതിയല്ലോ ?!

പണ്ട് കരയില്‍ അടുക്കുന്നതിന് മുന്‍പായി തൊട്ട് മുന്‍പിലിരുന്നിരുന്ന ഫാമിലി അവരുടെ ക്യാമറ എന്റെ നേര്‍ക്ക് നീട്ടി. അവരുടെ ഒരു കുടുംബചിത്രം എടുത്തുകൊടുത്തതിന് പകരം അവര്‍ എന്റേയും ഒന്നുരണ്ട് പടങ്ങള്‍ എടുത്തുതന്നു.
പണ്ട് കരയിലേക്ക് അടുത്തു. സ്റ്റീവിന് നന്ദി പറഞ്ഞ് എല്ലാവരും കരയ്ക്കിറങ്ങി. പണ്ടിങ്ങിനിടയില്‍ മറന്നുകിടക്കുകയായിരുന്ന വിശപ്പ് വീണ്ടും തലപൊക്കിത്തുടങ്ങി. റസ്റ്റോറന്റിലേക്ക് നടക്കുമ്പോഴേക്കും ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ബസ്സ് വരുന്നതു കണ്ടു. ഭക്ഷണം പിന്നെ കഴിക്കാമെന്ന് കരുതി ഓടിച്ചെന്ന് ബസ്സില്‍ കയറി. ആ സ്റ്റോപ്പില്‍ നിന്ന് കുറച്ചധികം ആളുകള്‍ കയറിയതുകാരണം ബസ്സിന്റെ മുകളില്‍ സീറ്റ് കിട്ടിയില്ല. ബസ്സ് അടുത്ത സ്റ്റോപ്പിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോഴേക്കും അവിടന്ന് ബസ്സില്‍ കയറിയവരെ സ്വാഗതം ചെയ്തുകൊണ്ട് ഹെഡ് സെറ്റിലൂടെ വിവരണങ്ങള്‍ പുനരാരംഭിച്ചു.
പതിമൂന്നാമത്തെ സ്റ്റോപ്പായ അമേരിക്കന്‍ മിലിറ്ററി സെമിത്തേരികൂടെ കാണാനുള്ള സമയമേ എനിക്കിനി അവശേഷിക്കുന്നുള്ളൂ. അതിനിടയില്‍ വിശപ്പിന്റെ വിളി ഒതുക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടാക്കണം.
സെമിത്തേരിയുടെ മുന്നില്‍ ഒരു തട്ടുകടയെങ്കിലും കാണാതിരിക്കില്ല. അങ്ങെത്തട്ടെ എന്നിട്ടാലോചിക്കാം. പിന്നീടുള്ള എല്ലാ സ്റ്റോപ്പുകളിലും ബസ്സ് നിറുത്തിയെങ്കിലും അധികം ആരും ഇറങ്ങുകയും കയറുകയും ചെയ്യുന്നില്ലായിരുന്നു.
ബസ്സ് സെമിത്തേരിയുടെ മുന്നിലെത്തിയപ്പോള്‍ ബസ്സിലിരുന്ന് തന്നെ ഞാനാ കാഴ്ച്ച കണ്ടു.