Monthly Archives: November 2008

പൊലീസ് സര്‍ട്ടിഫിക്കറ്റ്


മയം വൈകീട്ട് ആറര മണി കഴിഞ്ഞുകാണും. ചെറുതായി ഇരുട്ട് വീണുതുടങ്ങുന്നതേയുള്ളൂ.

എറണാകുളം നോര്‍ത്തിലെ കസ്‌ബാ പൊലീസ് സ്റ്റേഷനുമുന്നിലൂടെ സൈക്കിളും ചവിട്ടി എന്തൊക്കെയോ ആലോചിച്ച് പോകുകയായിരുന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ട് പിടഞ്ഞ് താഴെ വീഴുന്നു. നിലത്ത് മലര്‍ന്നുകിടന്ന് മേലേക്ക് നോക്കുമ്പോള്‍ സൈക്കിളതാ ഒരു തടിയന്‍ പൊലീസുകാരന്റെ കൈയ്യില്‍ തൂങ്ങിക്കിടക്കുന്നു.

“സോഡാക്കുപ്പി കണ്ണടേം മറ്റും വെച്ചിട്ടും ഞാന്‍ കൈ കാണിക്കുന്നതൊന്നും കാണാന്‍ പറ്റുന്നില്ലേടാ മറ്റവനേ“ എന്ന് പൊലീസ് ഭാഷയും.

“എന്താണ് സാറെ പ്രശ്നം ?”

“അതുശരി, ലൈറ്റില്ലാത്ത സൈക്കിളും ചവിട്ടി കാല്‍നടക്കാരായ പൊതുജനത്തിനെ അപകടപ്പെടുത്തുന്ന തരത്തില്‍ ടൌണിലൂടെ കറങ്ങിനടക്കുന്നതും പോരാഞ്ഞിട്ട്, ഞാനിനി നിനക്ക് പ്രശ്നമെന്താണെന്ന് കൂടെ വിസ്തരിക്കണോ %$@#&*? പതുക്കെ അകത്തേക്ക് നടന്നോ. നിന്റെ 4 കൂട്ടുകാര്‍ അവിടെ നില്‍ക്കുന്നത് കണ്ടോ ? അവിടപ്പോയി നില്ല്, ഞാന്‍ ഓരോരുത്തരെയായി വിളിക്കാം“ എന്നുപറഞ്ഞ് ‍ ഏമാന്‍ അകത്തേക്ക് പോയി.

നിര്‍ഭാഗ്യവാന്മാരും, ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ഇതിലും കൂടുതല്‍ സൂര്യപ്രകാശം ഉണ്ടായിരുന്ന സമയത്ത് പിടിക്കപ്പെട്ടവരുമായ ആ ഒരേതൂവല്‍പ്പക്ഷികളുടെ കൂട്ടത്തില്‍ ഇല്ലാത്ത വിനയമൊക്കെ മുഖത്ത് വാരിത്തേച്ച് നില്‍ക്കുന്ന സമയം മുഴുവന്‍ ഈ കേസില്‍ നിന്ന് എങ്ങിനെ ഊരാമെന്നായിരുന്നു എന്റെ ചിന്ത.

ആദ്യത്തെ നാലെണ്ണത്തിനേം പേരും നാളും എഴുതിയെടുത്ത്, സൈക്കിളും പിടിച്ച് വെച്ച്, കോടതീല് വരാനുള്ള കടലാസും കൊടുത്ത് പറഞ്ഞു വിട്ടു. അടുത്തത് എന്റെ ഊഴമാണ്. കള്ള അഡ്രസ്സ് കൊടുത്താലോയെന്ന് പലവട്ടം ആലോചിച്ചു. തുരുമ്പെടുത്ത സൈക്കിള് പോണെങ്കില്‍ പോട്ടെ. പിന്നെ കരുതി, സത്യം തന്നെ പറയാം. അതുകൊണ്ട് വരാവുന്ന പ്രശ്നങ്ങള്‍ നേരിടുക തന്നെ. അല്ലെങ്കിലും സൂര്യനങ്ങ് അസ്തമിച്ച് അഞ്ച് മിനിട്ട് പോലും കഴിയാത്ത നേരത്ത്, ലൈറ്റില്ലാതെ സൈക്കിള് ചവിട്ടി എന്നത് അത്ര വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ !! കോടതിയെങ്കില്‍ കോടതി. വരുന്നിടത്ത് വെച്ച് കാണാം.

ആരും കാണാതെ പോക്കറ്റിലുണ്ടായിരുന്ന ‘ചില്ലറ’ മുഴുവന്‍ സോക്സിനുള്ളില്‍ തിരുകി. എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടുന്ന സമയത്ത് പോക്കറ്റില്‍ ചില്ലറ കാണുമെന്നുള്ളത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു ശാപമാണ്. ആ പ്രശ്നത്തീ‍ന്ന് രക്ഷപ്പെടാന്‍ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് ചിലവാക്കും. കയ്യില്‍ ചില്ലറ ഇല്ലെങ്കില്‍, ഇല്ലാത്തപോലെ നിന്നുകൊടുക്കാനുള്ള ഒരവസരം പോലും പടച്ചോനിതുവരെ തന്നിട്ടില്ല.

ചാര്‍ജ്ജ് ഷീറ്റ് എഴുതല്‍ തുടങ്ങി.

“പേര് ?“

“മനോജ് പി.രവീന്ദ്രന്‍”

“അച്ഛന്റെ പേര് ?“

“പി.വി.രവീന്ദ്രന്‍”

“സ്ഥലം ?”

“മുനമ്പം”

ഏമാനൊന്ന് ഇളകിയിരുന്നു. വലത്തേ തുടയുടെ പുറകിലും, ചന്തിയിലും കാര്യമായിട്ടൊന്ന് തടകി,(ച്ഛേ…എന്റെയല്ല,അങ്ങോരുടെ തന്നെ.)കേസെഴുത്ത് നിറുത്തി.

“നിന്റെ അച്ഛനിപ്പോ എവിടെയുണ്ട് ?“

“അച്ഛന് കോടതീലൊന്നും വരാന്‍ പറ്റില്ല സാറേ, ഈയിടെ അധികം യാത്രയൊന്നും ചെയ്യാറില്ല.”

“നീ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാമ്മതി. കേട്ടോടാ ? ”

“അച്ഛന്‍ വീട്ടിലുണ്ട് സാര്‍, റിട്ടയറായി”

“നീ എന്നെ കണ്ടിട്ടില്ലേ ?”

“ഇല്ല സാറേ, ഞാന്‍ എന്തൊക്കെയോ ആലോചിച്ച് വരുകയായിരുന്നതുകൊണ്ട് തീരെ കണ്ടില്ല”

“അതല്ല ഊവെ, നീ എന്നെ ഇതിന് മുന്ന് കണ്ടിട്ടില്ലേ എന്ന് ?”

“ഇല്ല സാര്‍“ (ആത്മഗതം-“ ഇല്ല സാര്‍,ഞാനൊരു പൊലീസുകാരനേം ഇതിന് മുന്‍പ് മലര്‍ന്ന് കിടന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കണ്ടിട്ടില്ല.”)

“ഞാന്‍ പള്ളിപ്പുറം സ്റ്റേഷനിലുണ്ടായിരുന്നു, 4കൊല്ലം മുന്‍പ്. നിന്റെ അച്ഛനെന്നെ പഠിപ്പിച്ചിട്ടുണ്ട്, പുതിയകാവ് സ്കൂളില്‍ പഠിക്കുമ്പോള്‍. എന്തായാലും ഇപ്രാവശ്യം ഞാന്‍ നിന്നെ വെറുതെ വിടുന്നു. അച്ഛനോട് രത്നാകരന്‍ അന്വേഷിച്ചെന്നും, നിന്നെയിങ്ങനെ പിടിച്ചെന്നും പറയണം. പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ വിടില്ല. ”

“പറഞ്ഞിട്ട് വന്നാലേ വിടോള്ളോ സാറേ ? ”

“ഡാ, ഡാ, വേണ്ടാ…സ്ഥലം കാലിയാക്കാന്‍ നോക്ക് “

“ശരി സാറേ” (ആത്മഗതം ഇന്നസെന്റ് ശൈലിയില്‍ – “പോട്ടേ പൊലീസുകാരാ”)

“ങ്ങാ..എന്നാ മറ്റേ നാലവന്മാര് കാണാതെ സൈക്കിള് ചവിട്ടാതെ തള്ളിക്കോണ്ട് സ്ഥലം വിട്ടോ. അല്ലെങ്കില്‍ ഞാന്‍ നിന്റേന്ന് കാശ് മേടിച്ചെന്നും പറഞ്ഞ് അവന്മാര് എനിക്കെതിരെ കേസ് കൊടുക്കും”

ഇത്രയൊക്കെയായപ്പോഴേക്കും എനിക്ക് കുറച്ച് ധൈര്യമൊക്കെ വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാളൊരു തല്ലുകൊള്ളിയായിരുന്നിരിക്കണം. അച്ഛന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. ആ പാടും തടിപ്പും ഇപ്പോഴും പൃഷ്ഠത്തില്‍‍ത്തന്നെ ഉണ്ടോന്നറിയാനായിരിക്കണം തഴുകി നോക്കിയത്. എന്തായാലും ഇയാളിനി എന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ല. എങ്കില്‍പ്പിന്നെ ഒരു സംശയം ബാക്കിയുള്ളത് ചോദിച്ചിട്ട് പോയേക്കാം.

“അല്ല സാറേ…ഒരു സംശയം”

“ങ്ങുഹും…എന്താ ?”

“എന്റെയൊരു സുഹൃത്ത് (സുനില്‍ തോമസ്-അവന്റെ വാക്ക് കേട്ടിട്ടാണ് ലൈറ്റില്ലാത്ത സൈക്കിളില്‍ ഞാനിറങ്ങിപ്പുറപ്പെട്ടത്.) പറഞ്ഞു എറണാകുളം ടൌണില്‍ എല്ലായിടത്തും സ്‌ട്രീറ്റ് ലൈറ്റുള്ളതുകൊണ്ട് സൈക്കിളിന് ലൈറ്റൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലാന്ന്. അത് ശരിയാണോ ?”

“നീയൊരു പണി ചെയ്യ്. നാളെ ഇതേ സമയത്ത് ഇതിലേ ഒന്നുകൂടെ ലൈറ്റില്ലാത്ത സൈക്കിളുമായി വാ. നിന്റെ സംശയമൊക്കെ ഞാന്‍ തീര്‍ത്തു തരാം. ഇന്ന് ഞാനിത്തിരി തിരക്കിലാ. അല്ലേയ്…ഇത്രയൊക്കെയായിട്ടും അവന് സംശയം മാറീട്ടില്ല. ഒന്ന് പോടാ ചെക്കാ, സമയം മെനക്കെടുത്താതെ.”

“ഇല്ല സാര്‍, ഒരു സംശയോം ഇല്ല,ഒക്കെ മാറി”

“എന്നാ ശരി വണ്ടി വിട് ”

രംഗം കൂടുതല്‍ വഷളാക്കാതെ അവിടന്ന് വലിഞ്ഞു. പൊലീസുകാരനോട് സംശയം ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.

കോടതി കയറാതെ, പൊലീസ് സ്റ്റേഷന്‍ മാത്രം കയറി രക്ഷപ്പെട്ട സന്തോഷത്തില്‍,സ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് രവീന്ദന്‍ മാഷിന്റെ തല്ല് കൊണ്ടിട്ടുള്ള സകല പൊലീസുകാരുടേയും ആയുരാരോഗ്യസൌഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്, സ്റ്റേഷന്റെ മതിലിന് വെളിയില്‍ നില്‍ക്കുന്ന മറ്റേ നാലവന്മാരുടെ(അവരുടെ തൂവലുമായി എന്റെ തൂവലിന് ഇപ്പോള്‍ ഒരു സാമ്യം പോലുമില്ല) മുന്നീക്കൂടെത്തന്നെ,ഒരു യുദ്ധം ജയിച്ച് വരുന്ന പോരാളിയെപ്പോലെ നെഞ്ചും വിരിച്ചോണ്ട്, സൈക്കിളും ചവിട്ടിത്തന്നെ ഞാനങ്ങനെ…അതിന്റെ സുഖം ഒന്ന് വേറെയാ. പൊലീസില്‍ ഒന്ന് പിടിക്കപ്പെട്ടതിനുശേഷം ഊരിപ്പോന്നാലേ ആ സുഖം മനസ്സിലാകൂ.

പക്ഷെ, രത്നാകരന്‍ പൊലീസ് പണി പറ്റിച്ചു. പിന്നൊരിക്കല്‍ ഏതോ കല്യാണവീട്ടില്‍ വെച്ച് രവീന്ദ്രന്‍ മാഷിനെ കണ്ടപ്പോള്‍ അയാളീ കാര്യം വല്ല്യ വായില്‍ പറഞ്ഞ് ആകെ കൊളമാക്കി. അതിനുമുന്‍പുതന്നെ ഞാനിക്കാര്യം നയപരമായി കേന്ദ്രത്തില്‍ അവതരിപ്പിച്ച് മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടാകുമെന്ന് ചിന്തിക്കാതിരുന്നത് ഒരു പോലീസുകാരന്റെ ബുദ്ധിശൂന്യത.(പടച്ചോനേ പൊലീസുകാര് ബ്ലോഗെന്ന സംഭവത്തെപ്പറ്റിയൊന്നും കേട്ടിട്ടുപോലും ഉണ്ടാകില്ലെന്ന ഉറപ്പിലാണീ വെച്ച് കാച്ചുന്നത്. കാത്തോളണേ)

എന്തായാലും, “മാഷിന്റെ മോന്‍‍ ആള് കൊള്ളാമല്ലോ” എന്നൊരു പൊലീസുകാരന്റെ സര്‍ട്ടിഫിക്കറ്റ് അന്നെനിക്ക് കിട്ടി.

ആര്‍ക്ക് വേണം തല്ലുകൊള്ളി രത്നാകരന്‍ പോലീസിന്റെ സര്‍ട്ടിഫിക്കറ്റ്. മനുഷ്യന്‍ സൈക്കിളീന്ന് വീണ് മുട്ടിലെ തൊലി പോയതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല.