ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
——————————————————————–
“പാണിയേലി പോരില്‍ ജലവൈദ്യുതപദ്ധതിക്ക് അനുമതിയായി“
കഴിഞ്ഞയാഴ്ച്ചയിലെ ആ പത്രവാര്‍ത്ത വായിച്ചത് ചെറിയൊരു നഷ്ടബോധത്തോടെയാണ്. കൂട്ടത്തില്‍ തീം പാര്‍ക്കും വരുന്നുണ്ടത്രേ ? നാഗരികതയ്ക്കും, ജനപ്പെരുപ്പത്തിനും മാറ്റ് കൂട്ടാന്‍ വേണ്ടി നദികളും, കാടുകളും, മേടുകളും വെള്ളച്ചാട്ടങ്ങളും ബലികഴിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും ജനങ്ങള്‍ അറിഞ്ഞുതുടങ്ങുന്നതിനും ആസ്വദിച്ച് തുടങ്ങുന്നതിനും മുന്‍പേ തന്നെ ഒരു വെള്ളച്ചാട്ടമിതാ കെട്ടിയടയ്ക്കപ്പെടാന്‍ പോകുന്നു.
പെരുമ്പാവൂര്‍ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറിയാണ് പാണിയേലി പോര്. ഇരുവശവും മനുഷ്യവാസമൊന്നുമില്ലാത്ത കിടക്കുന്ന മലമുകളില്‍ നിന്ന് ഉത്ഭവിച്ച് മലീമസമാക്കപ്പെടാതെ ഒഴുകിവരുന്ന പെരിയാറുതന്നെയാണ് പാണിയേലി പോരിന്റേയും പ്രധാന ആകര്‍ഷണം. പാണിയേലിയില്‍ എത്തുമ്പോഴേക്കും ‘പര്‍വ്വതനിരയുടെ പനിനീര് ‘ പാറക്കൂട്ടങ്ങളില്‍ത്തട്ടി പോരടിച്ച് കലപില ശബ്ദം ഉണ്ടാക്കിവരുന്നതുകൊണ്ടാണ് പാണിയേലി പോര് എന്ന പേര് വീണതത്രേ !!
ഇക്കൊല്ലം ആഗസ്റ്റ് മാസത്തിലാണ് ആദ്യമായി പാണിയേലി പോരിലേക്ക് യാത്രയായത്. കൂടെ മുഴങ്ങോടിക്കാരി നല്ലപാതിയും, കുറുപ്പമ്പടിയിലെ സുഹൃത്തായ ജോര്‍ജ്ജേട്ടനുമുണ്ടായിരുന്നു.
പെരുമ്പാവൂര്‍ നിന്ന് നാല് കിലോമീറ്ററോളം പോയാല്‍ കുറുപ്പമ്പടി. അവിടന്ന് മനക്കപ്പടി,വേങ്ങൂര്‍,കൊമ്പനാട്,ക്രാരിയേലി,തെക്കേക്കവല വഴി 13 കിലോമീറ്ററോളം ചെന്നപ്പോള്‍ പാണിയേലിയിലെത്തി. പെരുമ്പാവൂരിനടുത്തുള്ള ആനവളര്‍ത്തല്‍ കേന്ദ്രമായ കോടനാട് നിന്ന് കൊമ്പനാട് വഴിയും പാണിയേലി പോരിലേക്ക് പോകാന്‍ മാര്‍ഗ്ഗമുണ്ട്.
പോരിലെത്തിയപ്പോഴേക്കും റോഡ് പൊട്ടിപ്പൊളിഞ്ഞതായി മാറി. അത് കാട്ടിലേക്കുള്ള പാതയായതുകൊണ്ടായിരിക്കണം ടാറൊന്നും ചെയ്യാതെ കിടക്കുന്നത്. കാട് തുടങ്ങുന്നിടത്തുതന്നെയുള്ള വനസംരക്ഷരസമിതിയുടെ കൌണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ വാഹനമിടാനുള്ള തുറസ്സായ ഒരിടം കണ്ടു. അവിടെയും ഫോറസ്റ്റിന്റെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്.
വനത്തില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിക്കരുത്, മദ്യപിക്കരുത്, പുഴയിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്നൊക്കെയുള്ള ബോര്‍ഡുകള്‍ അവിടവിടെയായി കാണാം. കാറില്‍ നിന്നിറങ്ങി കാട്ടുപാതയിലൂടെ മരങ്ങളുടെ തണലുപറ്റി മുന്നോട്ട് നടന്നു.
മുന്നൂറ് മീറ്റര്‍ നടന്നപ്പോഴേക്കും പുഴയരികിലെത്തി. പിന്നീടുള്ള നടത്തം ഇടതുവശത്തെ പെരിയാറും അതിനക്കരെയുള്ള മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ വനഭംഗിയും ആസ്വദിച്ചുകൊണ്ടായിരുന്നു.

നടന്ന് ക്ഷീണിച്ചവര്‍ക്ക് ഇരിക്കാനുള്ള മുളകൊണ്ടുണ്ടാക്കിയ ബെഞ്ചും ഏറുമാടവുമൊക്കെ പുഴയരികിലുണ്ട്. അതിന്റെ പരിസരത്തായി വിശ്രമിക്കുന്ന കുറേ യുവതീയുവാക്കളുടെ സ്വസ്ഥത നഷ്ടപ്പെടുത്താതെ ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു.
അവിടന്നങ്ങോട്ട് പുഴയുടെ സൌമ്യഭാവം അവസാനിക്കുകയായിരുന്നു. കാടിന്റെ വന്യതയ്ക്ക് കിടപിടിക്കാനെന്ന വണ്ണം പുഴയുടെ ശബ്ദവും പുഴക്കരയിലുള്ള കല്ലുകളുടെ വലുപ്പവുമെല്ലാം കൂടിക്കൂടി വന്നു.
ദൂരെയായി പുഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. തല്ലിയലച്ചുവരുന്നതുകാരണം വെള്ളത്തിലിപ്പോള്‍ നുരയും പതയും കാണാറായിത്തുടങ്ങിയിരിക്കുന്നു.
കാട്ടുപാതയ്ക്കിടയില്‍ക്കണ്ട ചില നീരൊഴുക്കുകള്‍ ചാടിക്കടന്ന് ആ നടത്തം ചെന്നവസാനിച്ചത് സാമാന്യം വലിയ ഒരു പാറയിലാണ്. അവിടെ പുഴയുടെ ഒഴുക്കിന് കുറച്ചുകൂടെ ശക്തിയുണ്ടായിരുന്നു.
ആഴം എത്രയുണ്ടെന്ന് പറയുക എളുപ്പമല്ല. പക്ഷെ പാറയിലൊക്കെ നല്ല വഴുക്കലുണ്ട്.ശ്രദ്ദിച്ച് കാല് വെച്ചില്ലെങ്കില്‍ വീഴുമെന്നുറപ്പാണ്.
നല്ല മഴയുള്ള ദിവസങ്ങളായിരുന്നു അത്. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകാന്‍ തുടങ്ങിയാല്‍ പോരിന്റെ കലപില ശബ്ദവും ഭീകരതയുമൊക്കെ വര്‍ദ്ധിക്കും. താരതമ്യേനെ ഉയരം കുറഞ്ഞതാണെങ്കിലും പോരിന്റെ മുഴുവന്‍ ഭംഗിയും ഒതുക്കിവെച്ചിരിക്കുന്ന വെള്ളച്ചാട്ടം വരെ പോകണമെങ്കില്‍ അവിടന്നങ്ങോട്ട് നദി മുറിച്ച് കടക്കണം.
ആ പാറയുടെ മുകളില്‍ പോരിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് ഭംഗം നേരിട്ടു. മഴക്കാലമായതുകൊണ്ട് നദി നിറഞ്ഞൊഴുകുന്ന സമയത്ത് മറുകരയിലേക്ക് കടക്കുക അസാദ്ധ്യമാണ്. ജീവനില്‍ കൊതിയില്ല്ലാത്തവര്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാം. പോരില് ജീവന്‍ വെടിഞ്ഞിട്ടുള്ള ഒരുപാട് മനുഷ്യന്മാരുടെ കഥകള്‍ ഞങ്ങളെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.
പാറക്കൂട്ടത്തിന് മുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തില്‍ ജീവന് പണയം വെച്ച് അക്കരയിലേക്ക് കടക്കാന്‍ അഥവാ ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ, അവരെക്കുടുക്കാന്‍ പാറയില്‍ ചതിക്കുഴികളുണ്ട്.
മൂന്നും നാലും അടിവരെ ആഴത്തിലുള്ള ഈ കുഴികളില്‍പ്പെട്ടിട്ടാണ് പലപ്പോഴും അപകടമുണ്ടാകാറ്. ആഴം കുറവാണെങ്കിലും കുഴികളില്‍ കാല് കുടുങ്ങിയും, ഒഴുക്കില്‍പ്പെട്ട് പാറയില്‍ തലയടിച്ചുമൊക്കെ ഒരുപാട് പേരിവിടെ മരിച്ചിട്ടുണ്ട്. നദിയിലൂടെ ഒഴുകിവരുന്ന ചെറിയ കല്ലുകള്‍ ചുഴിപോലെ പാറയുടെ മുകളില്‍ കറങ്ങിത്തിരിഞ്ഞാണ് ഒരുപാട് കാലം കൊണ്ട് ഈ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
കുറേനേരം നദിയുടെ ഇക്കരയില്‍ നിന്ന് ദൂരെ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തിന് ചെവിയോര്‍ത്ത് ആ മനോഹരദൃശ്യം കാണാനാകാത്തതിന്റെ മോഹഭംഗവുമായി മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ മടങ്ങിപ്പോന്നു, പിന്നീടൊരിക്കല്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ. ജോര്‍ജ്ജേട്ടന്‍ പലപ്രാവശ്യം അവിടെ പോകുകയും പുഴയില്‍ കുളിക്കുകയുമൊക്കെ ചെയ്തിട്ടുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന് അത്ര വിഷമം ഉണ്ടായിക്കാണില്ല.
മഴയൊക്കെ മാറിയിട്ട് വീണ്ടുമൊരിക്കല്‍ക്കൂടെ പോരിലേക്ക് പോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജലവൈദ്യുതപദ്ധതിവരുന്ന വിശേഷം പത്രത്തില്‍ കണ്ടത്. താമസിയാതെ അങ്ങോട്ടുള്ള പ്രവേശനം നിഷേധിക്കപ്പെടും. ഇതിപ്പോള്‍ ഡിസംബര്‍ മാസമായതുകൊണ്ട് മഴയൊന്നുമില്ല. പോരിനെ തടയും, മറയുമൊന്നുമില്ലാതെ അവസാനമായൊന്ന് കാണണമെങ്കില്‍ ഇതുപോലൊരവസരം ഇനിയുണ്ടായെന്ന് വരില്ല.
ജോര്‍ജ്ജേട്ടനെ വിളിച്ച് ശട്ടം കെട്ടി പെരുമ്പാവൂര്‍ വഴി വീണ്ടും കുറുപ്പമ്പടിയിലെത്തി. ഇപ്രാവശ്യം നല്ലപാതി കൂടെയില്ല. ജോര്‍ജ്ജേട്ടനവിടെ വഴിയരുകില്‍ കാത്തുനില്‍ക്കുന്നുണ്ട്. പോകുന്ന വഴി മറ്റൊരു സുഹൃത്തായ ഗോപിച്ചേട്ടനെക്കൂടെ കൂട്ടി. തന്റെ കപ്പത്തോട്ടത്തില്‍ കപ്പപറിക്കാനുള്ള നീക്കങ്ങളൊക്കെ നടത്തി നില്‍ക്കുന്ന ഗോപിച്ചേട്ടന്റെ തോട്ടത്തിലെ രണ്ട് മൂട് കപ്പ പറിച്ച് കാറിന്റെ പിന്നില്‍ കയറ്റാന്‍ ഞാനതിനിടയില്‍ മറന്നില്ല.
ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലെത്തിയപ്പോള്‍ രണ്ട് മുന്നറിയിപ്പുകള്‍ കിട്ടി.
മുന്നറിയിപ്പ് 1. ഭൂതത്താന്‍കെട്ട് അടച്ചിരിക്കുന്നതുകൊണ്ട് പുഴയില്‍ വെള്ളം കുറവാണ്. എന്നുവെച്ച് അപകടസാദ്ധ്യത കുറയുന്നില്ല. വെള്ളത്തിനടിയിലായിരുന്ന പാറകളിപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത് പായലുമായിട്ടാണ്. പാറകളില്‍ ഒന്നില്‍ച്ചവിട്ടി മറ്റൊന്നിലേക്ക് ചാടുമ്പോള്‍ തെന്നിവീഴാതെ നോക്കണം.
മുന്നറിയിപ്പ് 2. ഭൂതത്താന്‍കെട്ട് ഏത് സമയത്തും തുറന്നുവിട്ടെന്ന് വരാം. മുന്നറിയിപ്പൊന്നും തരാന്‍ ആരും വന്നെന്ന് വരില്ല. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നുണ്ടെന്ന് തോന്നിയാല്‍ പെട്ടെന്ന് കരയിലേക്ക് ഓടിക്കോളണം.
ട്രൈപ്പോഡുള്ള ക്യാമറ കൈയ്യിലുള്ളത് ഒരു പ്രശ്നമാണ് പലയിടത്തും. വീഡിയോ ക്യാമറയാണതെന്ന് അധികൃതര്‍ വിധിയെഴുതും. ചിലയിടത്ത് വീഡിയോ ക്യാമറ നിഷിദ്ദമാണ്. ചിലയിടത്ത് അതിന് പ്രവേശനം കിട്ടാന്‍ കൊള്ളപ്പണം കൊടുക്കുകയും വേണം. പാണിയേലി പോരില്‍ സ്റ്റില്‍ ക്യാമറയ്ക്ക് പണം കൊടുക്കേണ്ടതില്ല. ട്രൈപ്പോഡുള്ളതുകാരണം എന്റേത് വീഡിയോ ക്യാമറയാണെന്ന് പറഞ്ഞ് അതിന് പ്രത്യേകം പണം ഈടാക്കി.
ആദ്യത്തെ പോര് യാത്ര അവസാനിച്ച പാറയുടെ മുകളിലെത്തിയപ്പോള്‍ പുഴ മുറിച്ച് കടക്കാന്‍ പാകത്തിനുള്ള വെള്ളമേ പുഴയില്‍ കാണുന്നുള്ളൂ. പുഴ വറ്റിവരണ്ട് അടിത്തട്ടിലൊളിച്ചിരുന്ന പാറകളുടെയെല്ലാം നഗ്നത വെളിയില്‍ക്കാണിച്ച് നില്‍ക്കുന്നു. എന്നാലും കാതിലിപ്പോഴും വെള്ളച്ചാട്ടത്തിന്റെ ശബ്ദം വന്നുവീഴുന്നുണ്ട്.
പാറകളിലൊന്നും തെന്നിവീഴാതെ, ക്യാമറയും മുക്കാലിയുമൊക്കെ തോളില്‍ത്തൂക്കി പുഴചാടിക്കടന്ന് വീണ്ടും മുന്നോട്ട് നീണ്ടി. നല്ലൊരു മരക്കൂട്ടത്തിന്റെ തണലില്‍ ജോര്‍ജ്ജേട്ടനും ഗോപിച്ചേട്ടനും എത്തിക്കഴിഞ്ഞിരിക്കുന്നു. മഴക്കാലത്ത് ആ മരക്കൂട്ടമൊക്കെ വെള്ളത്തിനടിയിലായിപ്പോകുമായിരിക്കും.
പിന്നീടധികം നടക്കുന്നതിനുമുന്‍പ് തന്നെ ആ മനോഹരദൃശ്യം കാണാനായി. നീലവാനിലെ പഞ്ഞിക്കെട്ടുകള്‍ക്ക് താഴെ മലയാറ്റൂര്‍ മലനിരകള്‍. അതിനുതാഴെയായി കാടിനിടയിലൂടെ പാറക്കെട്ടുകളില്‍ ഇടിച്ചുവീണ് നുരഞ്ഞ് താഴേക്കൊഴുകുന്ന പുഴ. അധികം ഉയരത്തില്‍ നിന്നൊന്നുമല്ല വീഴുന്നതെങ്കിലും രണ്ട് തട്ടായി താഴേക്ക് വീഴുന്ന ആ ചാട്ടത്തിനും ഒരു പ്രത്യേകഭംഗിയുണ്ട്. മഴക്കാലത്ത് ആ ഭംഗി വര്‍ദ്ധിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല. പക്ഷെ ആ സമയത്ത് മനുഷ്യജീവികള്‍ക്ക് അങ്ങോട്ട് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് പ്രകൃതി.
അവിടവിടെയായി കൊറ്റികള്‍ വട്ടമിട്ട് പറക്കുകയും ഇടയ്ക്കിടക്ക് വെള്ളത്തില്‍ മുങ്ങി മീന്‍പിടിക്കുകയും ചെയ്യുന്നുണ്ട്.
ചെന്നപാടെ കയ്യില്‍ കരുതിയിരുന്ന തോര്‍ത്ത് ചുറ്റി ജോര്‍ജ്ജേട്ടന്‍ വെള്ളത്തിലിറങ്ങിക്കിടപ്പായി. അതൊന്നും അധികനേരം കണ്ടുനില്‍ക്കാനുള്ള ത്രാണിയൊന്നുമില്ലാതിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ ഞാനും വെള്ളത്തിലേക്ക് പതിച്ചു. പാദരക്ഷ ഊരി മാറ്റിയപ്പോഴാണ് പാറക്കല്ലുകളുടെ ശരിക്കുള്ള സ്വഭാവം മനസ്സിലായത്. ചുട്ടുപഴുത്ത് കിടക്കുകയാണ് പാറകളെല്ലാം. എന്നാലും വെള്ളത്തിന് നല്ല കുളിര്‍മയുണ്ട്. മലമുകളില്‍ നിന്ന് ഒഴുകിവരുന്ന ഈ വെള്ളത്തിന് ഔഷധഗുണങ്ങള്‍ ഉണ്ടാകുമായിരിക്കും. കുറേ നേരം വെള്ളച്ചാട്ടത്തിലേക്ക് നോക്കി ആ വെള്ളത്തിലങ്ങനെ കിടന്നു.
ഉച്ചവെയിലിന് കാഠിന്യം കൂടാന്‍ തുടങ്ങിയിരുന്നു. ഭൂതത്താന്‍കെട്ട് തുറന്ന് വിട്ടാല്‍ മനസ്സിലാക്കുവാന്‍ പറ്റുമായിരിക്കും. സുനാമി പോലൊന്നും വെള്ളം പൊങ്ങില്ലെന്ന് തോന്നുന്നു. എന്തായാലും ഇനി മടങ്ങാമെന്ന് തീരുമാനിച്ചു. 
പെട്ടെന്നാണ് വീശുവലയുമായി ബേബിച്ചേട്ടന്‍ വെള്ളച്ചാട്ടത്തിനരുകില്‍ പ്രത്യക്ഷപ്പെട്ടത്. ഗോപിച്ചേട്ടന് ബേബിച്ചേട്ടനെ മുന്‍പരിചയമുണ്ട്. അപകടം പിടിച്ച പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റത്തോര്‍ത്ത് മാത്രം ഉടുത്ത് സാഹസികനായ ബേബിച്ചേട്ടന്‍ വലവീശുന്നു. ഇടയ്ക്കിടയ്ക്ക് കൊറ്റികളെപ്പോലെ മുങ്ങാംകൂളിയിടുന്നുണ്ട്. പൊങ്ങിനിവരുമ്പോള്‍ കയ്യില്‍ ഓരോ മത്സ്യങ്ങള്‍. തൊട്ടടുത്തുള്ള ചതിക്കുഴിയില്‍ ആ മീനുകളൊയൊക്കെ ഇട്ടുവെക്കുന്നതിനു പുറമെ ചില ചെറിയ മീനുകളെ ഉടുത്തിരിക്കുന്ന തോര്‍ത്തിന്റെ അരയില്‍ ചുറ്റിയിരിക്കുന്ന ഭാഗത്തൊക്കെ തിരുകി വെക്കുന്നുമുണ്ട് കക്ഷി. ആ കാഴ്ച്ച നോക്കി വീണ്ടും കുറേ നേരം അവിടെ നില്‍ക്കാതിരിക്കാനായില്ല.
ബേബിച്ചേട്ടന്‍ വീശുവലയുമായി വന്നതോടെ കൊറ്റികള്‍ തല്‍ക്കാലം മീന്‍പിടുത്തം മതിയാക്കി തൊട്ടടുത്ത പാറക്കൂട്ടത്തില്‍ വിശ്രമിക്കാന്‍ തുടങ്ങി. ജലവൈദ്യുതപദ്ധതി വരുന്നതോടെ ബേബിച്ചേട്ടന്റെ മീന്‍പിടുത്തം അവസാനിച്ചെന്ന് വരും.
കൊറ്റികള്‍ക്കെങ്കിലും തുടര്‍ന്നും മീന്‍പിടിക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു. ആ കാഴ്ച്ചയൊക്കെ കാണാനും വെള്ളത്തിലിറങ്ങി മനസ്സും ശരീരവും ശുദ്ധമാക്കാനുമൊക്കെയായി സഞ്ചാരികള്‍ക്ക് വീണ്ടും ഈ വഴി വരാന്‍ പറ്റുന്ന രീതിയില്‍ത്തന്നെ പുതിയ ജലവൈദ്യുതപദ്ധതി വന്നിരുന്നെങ്കില്‍! മടക്കയാത്രയില്‍ മനസ്സിലുണ്ടായിരുന്നത് ആ ഒരാഗ്രഹം മാത്രമായിരുന്നു.