D.S.F. എന്ന് കേട്ടപ്പോള്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനെക്കുറിച്ച് വല്ലതുമാണെന്ന് കരുതി വന്നവരോടെല്ലാം ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു. ദുബായീന്റെ മാപ്പല്ല. ക്ഷമിക്ക് സുഹൃത്തുക്കളേ എന്ന്.
ഇവിടെപ്പറയുന്നത് വേറെ D.S.F.നെപ്പറ്റിയാണ്.
കൃത്യമായിപ്പറഞ്ഞാല്‍, Dangerous Situation Feedback.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘അപകടകരമായ അവസ്ഥയെക്കുറിച്ചുള്ള മുന്നറിപ്പ് ‘ (അതോ പിന്നറിയിപ്പോ ?)
സംഗതി മറ്റൊന്നുമല്ല. നമ്മള്‍ ജോലി ചെയ്യുന്ന ഓഫീസിലോ ഫീല്‍ഡിലോ ഉണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടകരമായ പ്രവര്‍ത്തനങ്ങളേയോ, നീക്കങ്ങളെയൊ, സാഹചര്യങ്ങളെയോ ഡേന്‍ഞ്ചറസ് സിറ്റ്‌വേഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കാം. എന്നെപ്പോലുള്ളവര്‍ ജോലി ചെയ്യുന്ന എണ്ണപ്പാടത്ത് അപകടസാദ്ധ്യത കുറെ കൂടുതലുള്ളതായതുകൊണ്ട് ഈ D.S.F. റിപ്പോര്‍ട്ട് കണക്കിലെടുത്ത് അപകടസാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട്, അതിന് പ്രതിവിധികള്‍ ചെയ്ത് സുരക്ഷിതരായി ജോലി തീര്‍ത്ത്, ജീവനോടെ തിരിച്ച് പൊരേല് മടങ്ങിവരാന്‍ ഒരു പരിധിവരെ സാധിക്കും.
ഇത് ഒരു ഓയല്‍ഫീല്‍ഡ് ജോലി സംബന്ധമായ സംഗതി മാത്രമായിരുന്നിരിക്കാം കുറെനാള്‍ മുന്‍പ് വരെ. പക്ഷെ ആ കളി മാറി. ഇപ്പോ സകല കമ്പനികളിലും, ഫാക്റ്ററികളിലും ഒക്കെ കടന്നുകൂടിയിട്ടുണ്ട്. I.T.രംഗത്ത് വരെ വന്നെന്നാണ് തോന്നുന്നത്.പലയിടത്ത് പല പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം.
ഇതിനുവേണ്ടി പല കമ്പനികളിലും സേഫ്‌റ്റി അല്ലെങ്കില്‍ H.S.E. എന്നൊരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഒരുപാട് ജനങ്ങള്‍ ഈ വിഭാഗത്തിലിരുന്ന് കാര്യമായ പണിയൊന്നും ചെയ്യാതെ, നല്ല മുട്ടന്‍ ശംബളവും വാങ്ങി ഭേഷാ പുട്ടടിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇപ്പണി അറിയുന്നവരും, നന്നായി പണിയെടുക്കുന്നവരും ഉണ്ട്. (അവരുടേന്ന് അടി വാങ്ങാതെ നോക്കണമല്ലോ!)
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബീല് ഒരു I.T.ജോലിക്ക്, ലീവ് വേക്കന്‍സീല് കയറിയപ്പോ, മാനേജര് തമിഴന്‍ പറയണ് എല്ലാ ആഴ്ച്ചയിലും ഓരോ D.S.F. വീതം എഴുതിക്കൊടുക്കണമെന്ന്.
“അപ്പീസിനകത്ത് എന്തൂട്ട് ഡേന്‍ഞ്ചറസ് സിറ്റ്‌വേഷന്‍ അണ്ണാച്ചീ…“
“ദാ അങ്കെ നിലത്ത് കൊഞ്ചം തണ്ണി കിടക്കണത് പാത്തിട്ടിയാ? അതില് ചവിട്ടി ആരെങ്കിലും മൂക്കടിച്ച് വീണാലോ ? അപ്പോ അത് വന്ത് ഒരു D.S.F. ശുമ്മാ എഴുതി കൊട് തമ്പീ.“
ആ ആഴ്‌ച്ച അങ്ങിനെ രക്ഷപ്പെട്ടു. ഈ പണ്ടാറം എഴുതിക്കൊടുത്തില്ലെങ്കില്‍ എല്ലാ ആഴ്ച്ചയിലും സേഫ്റ്റി മീറ്റിങ്ങ് കൂടുമ്പോള്‍ പരസ്യമായി പേര് വിളിച്ച് പറഞ്ഞ് നാണം കെടുത്തും, ബഞ്ചിന്റെ മുകളില്‍ കയറ്റി നിറുത്തും, ശംബളവര്‍ദ്ധന പരിഗണിക്കുമ്പോള്‍ മാര്‍ക്ക് കുറയ്ക്കും. അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തുള്ള, ദുബായിയെ സ്നേഹിക്കുന്ന സകല മനുഷ്യന്മാരും D.S.F. എന്ന് കേട്ടാല്‍ അഹ്ലാദഭരിതരാകുന്നുവെങ്കില്‍ ഞങ്ങള്‍ കുറെ എണ്ണപ്പാടത്ത് പണിയെടുക്കുന്ന ജീവികള് മാത്രം ഈ D.S.F. പണ്ടാരത്തിനെ വെറുത്ത്, ശപിച്ച് ഒരു വഴിക്കായി.
എന്നാലും, ഒരു ഗുണമുണ്ട് ഈ സംഗതികൊണ്ട്. ഓരോ മാസവും മാനേജര്‍ക്ക് കിട്ടുന്ന എല്ലാ D.S.F.കൂമ്പാരങ്ങളും പരിഗണിച്ച് നല്ല കിടിലന്‍ D.S.F.നോക്കി തിരഞ്ഞെടുത്ത് അതിന് 100 ദിര്‍ഹംസ് (ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് 1300 രൂഭാ)ഇനാം നല്‍കും. ഇതൊക്കെപ്പോരാഞ്ഞിട്ട് കൊല്ലാവസാനം ഏറ്റവും നല്ല D.S.F. തിരഞ്ഞെടുത്ത് അതിന്റെ ലേഖകന് അര മാസത്തെ ശംബളവും സമ്മാനമായി കൊടുക്കും.
പക്ഷെ എത്ര നാഷണല്‍ അവാര്‍ഡ് വിന്നിങ്ങ് D.S.F. എഴുതിയാലും 100 ദിര്‍ഹം നമുക്ക് കിട്ടില്ല. അത് മാനേജരെ സോപ്പിട്ട് തേച്ച് കുളിപ്പിച്ച് നടക്കുന്ന അക്ഷരാഭ്യാസമില്ലാത്ത എതെങ്കിലും വിവരംകെട്ട അറബിക്ക് കിട്ടും. എന്നിട്ട് അവനെഴുതിയ ആ കാശിന് കൊള്ളാത്ത D.S.F. നമ്മളെല്ലാവരും കേള്‍ക്കാന്‍വേണ്ടി മാസത്തിലൊരിക്കലുള്ള മീറ്റിങ്ങില്‍ വിളിച്ച് കൂവുകയും ചെയ്യും. ആ വിദ്വാന്റെ പടം കോണ്‍ഫറന്‍സ് റൂമിലെ സ്ക്രീനില്‍ കുറെനേരം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയേയോ, മോഹന്‍ലാലിനേയോ പോലെ തെളിഞ്ഞുനില്‍ക്കുകയും ചെയ്യും. അതും പോരാഞ്ഞ് അടുത്തമാസത്തെ D.S.F. സൂപ്പര്‍സ്റ്റാറിനെ പ്രഖ്യാപിക്കുന്നതുവരെ അവന്റെ ഈസ്റ്റ്മാന്‍ കളറ് പടം ഒരെണ്ണം, പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡിലെന്നപോലെ കമ്പനിയുടെ നോട്ടീസ് ബോര്‍ഡിലും കിടക്കും.
ചില D.S.F. അവസ്ഥകളൊക്കെ കേട്ടാല്‍ പൊതുജനം ചിരിച്ച് അടപ്പിളകാനും മതി. അതില്‍ ചിലത് ഇങ്ങനെ.
1.സ്റ്റെയര്‍കേസിലൂടെ പടികളിറങ്ങുമ്പോള്‍ കൈവരിയില്‍ പിടിച്ചിട്ടില്ലെങ്കില്‍ D.S.F.
2.കമ്പനി ബസ്സില്‍ ചായ (ചൂടുള്ളതായാലും, ഇല്ലാത്തതായാലും, സുലൈമാനിയായാലും)കുടിച്ചാല്‍ D.S.F.
3.ബസ്സില്‍ എല്ലാ സീറ്റിലിരിക്കുന്നവനും സീറ്റ് ബെല്‍ട്ടിട്ടിലെങ്കില്‍ രണ്ട് D.S.F. വേറെയും.
4.മുന്‍വശം പൊതിഞ്ഞുകെട്ടിയിട്ടില്ലാത്ത വള്ളിച്ചെരുപ്പ് പോലുള്ള പാദരക്ഷകള്‍ ഇട്ടാല്‍ D.S.F.
5.സൂര്യാസ്ഥമയത്തിനുശേഷം വാഹനം ഓടിച്ചാല്‍ D.S.F.
6.നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ മുട്ടുകാല്‍ മടക്കാതെ, നടുവളച്ചാല്‍ D.S.F.
7.ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചാല്‍ സഹമുറിയന്റെ വക D.S.F.
മനുഷ്യന് മനസ്സമാധാനമായിട്ട് കൂര്‍ക്കം വലിച്ച് ഉറങ്ങാനും പറ്റില്ലെന്ന് വച്ചാല്‍ ഇത്തിരി കഷ്ടാണേ….!!
ഇതൊക്കെ സഹിക്കാം. ഇപ്പോ ദാ ഈ D.S.F. ചേട്ടന്മാര് ഒരു പുതിയ കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു. ഗ്യാസ് ഉപയോഗിച്ചുള്ള പാചകം ഒരു ഡേന്‍ഞ്ചറസ് സിറ്റ്‌വേഷന്‍ ആണുപോലും !!
അതുകാരണം കുറച്ചുനാള്‍ മുന്‍പ് ഞങ്ങളുടെ കമ്പനിവക താമസസ്ഥലത്ത് അടുക്കളയില്‍ തീ പുകഞ്ഞില്ല. ഹോട്ടല്‍ ശാപ്പാട് സ്ഥിരമായി കഴിച്ചുകഴിച്ച് പലരുടേയും വയറ് തകരാറിലായി. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. അപ്പോപ്പിന്നെ അബുദാബീല് ജീവിക്കുന്ന, ഈ നാശം പിടിച്ച D.S.F.കാര് മുഴുവനും, പറമ്പീന്ന് പെറുക്കിക്കൊണ്ടുവരുന്ന ചൂട്ടും, മടലും, ഒണക്കോലേം, കൊതുമ്പും, ഒക്കെ കത്തിച്ചോ മറ്റോ ആണോ പച്ചരി വേവിക്കുന്നത് ?
എംപ്ലോയീസ് മുഴുവന്‍ പട്ടിണി കിടന്നും വയറിളകിയും ചാകുന്നത് ഒരു ഡേന്‍ഞ്ചറസ് സിറ്റ്‌വേഷന്‍ ആണെന്ന് പറഞ്ഞ് ഒരു D.S.F. എഴുതിയാലോന്നാണ് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴേക്കും എന്തായാലും ഗ്യാസില്‍ പാചകം ചെയ്യാന്‍ വീണ്ടും അനുവാദം കിട്ടിയതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി.
ഇനിയിപ്പോള്‍ ഈ ആഴ്ച്ചയില്‍ ഡി.എസ്.എഫ്.എന്തെഴുതിക്കൊടുക്കുമെന്നുള്ള ചിന്തയിലാണ് ഞാന്‍.