Monthly Archives: March 2009

d

സ്വിസ്സര്‍ലാന്‍ഡ് (8) – സൂറിക്ക്


സ്വിസ്സ് യാത്രയുടെ 1, 2, 3, 4, 5, 6, 7, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
——————————————————————————

വിചാരിച്ചതുപോലെ 12 മണിക്ക് മുന്നേ റൈന്‍ ഫാള്‍സില്‍ നിന്ന് സൂറിക്കിലെ ഹോട്ടലില്‍ മടങ്ങിയെത്താന്‍ പറ്റിയില്ല. ഹോട്ടല്‍ മുറിയിലെ ഡോറിന്റെ ദ്വാരത്തില്‍ കാര്‍ഡ് ഇട്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ തുറക്കുന്നില്ല. കൃത്യസമയം കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടറൈസ്‌ഡ് ആയ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പട്ടിരിക്കുന്നു. ഇനിയെന്തുചെയ്യും എന്നാലോചിച്ച് നില്‍ക്കുമ്പോഴേക്കും റൂം സര്‍വ്വീസ് ജീവനക്കാരി കോ‍റിഡോറില്‍ പ്രത്യക്ഷപ്പെട്ടു. മുറി അവരുടെ കയ്യിലെ കാര്‍ഡിട്ട് തുറന്നുതന്നു. 10 മിനിറ്റ് കൊണ്ട് ബാഗെല്ലാം വാരിക്കെട്ടി, ഒന്നു ഫ്രെഷായി വെളിയില്‍ കടന്നു. റിസപ്‌ഷനില്‍ കുഴപ്പമൊന്നും ഉണ്ടാകാഞ്ഞതുകൊണ്ട് ഒരു ദിവസത്തെ ഹോട്ടല്‍ വാടക അനാവശ്യമായി കൊടുക്കാതെ രക്ഷപ്പെട്ടു.

സിറ്റി ട്രിപ്പ് ഒരെണ്ണം ബസ്സില്‍ കിട്ടുമോ എന്ന് അന്വേഷിക്കാനായി ഹോട്ടലിന്റെ പുറകിലുള്ള ബസ്സ് സ്റ്റേഷനിലേക്ക് നടന്നു. ചോക്കളേറ്റ് ഫാക്ടറികളില്‍ ഏതെങ്കിലും ഒന്നില്‍ പോകണം. ട്രെയിനിലും, കേബിളിലുമൊക്കെ പോകുമ്പോള്‍ കിട്ടുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള കാഴ്ച്ചകള്‍ ബസ്സില്‍ പോകുമ്പോള്‍ കിട്ടാതിരിക്കില്ല. പക്ഷെ, അവിടെയുള്ള ബസ്സുകള്‍ പ്രൈവറ്റ് കോച്ചുകളായിരുന്നു. അത് സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ വരുന്നില്ല. ടിക്കറ്റൊന്നിന് 125 ഫ്രാങ്കിലധികം കൊടുക്കണമെന്ന് മാത്രമല്ല ബസ്സിന്റെ ടൈമിങ്ങ് ഞങ്ങളുടെ സമയവുമായി പൊരുത്തപ്പെടുന്നില്ല. ബസ്സ് യാത്രാമോഹം അവിടെയുപേക്ഷിച്ച് തൊട്ടടുത്തുള്ള തൊടിയിലേക്ക് കടന്നു.

ആ നടത്തം അവസാനിച്ചത് സൂറിക്ക് നാഷണല്‍ മ്യൂസിയത്തിന്റെ പിന്നാമ്പുറത്താണ്. ഒരുപാട് മ്യൂസിയങ്ങള്‍ ഉള്ള ഒരു നഗരമായ സൂറിക്കിലെ പ്രധാനപ്പെട്ടതും ഏറ്റവും വലിയതുമായ ഒന്നാണ് നാഷണല്‍ മ്യൂസിയം. സ്വിസ്സര്‍ലാന്‍ഡിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. മ്യൂസിയത്തില്‍ എന്തൊക്കെയോ അറ്റകുറ്റപ്പണികള്‍ നടക്കുകയായതുകൊണ്ട് അകത്തേക്ക് പ്രവേശനം ഇല്ലെന്നാണ് തോന്നിയതെങ്കിലും മുന്‍‌വശത്തേക്ക് ചെന്നപ്പോള്‍ പ്രവേശനം സാദ്ധ്യമാണെന്ന് മനസ്സിലായി. മ്യൂസിയത്തിന്റെ ടിക്കറ്റ് സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ വരുന്നതുകൊണ്ട് ആ ചിലവ് ഒഴിവായിക്കിട്ടി.

മ്യൂസിയത്തിന് വെളിയില്‍ മഞ്ഞനിറത്തില്‍ പഴയ നാലുചക്രവാഹനമൊരെണ്ണം ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. 200 കൊല്ലത്തിലധികം പഴക്കമുള്ള ഒരു കാസില്‍ ആണ് ഇപ്പോള്‍ മ്യൂസിയമായി മാറ്റിയിരിക്കുന്നത്.ബാഗുകളൊക്കെ റിസപ്‌ഷനില്‍ ഏല്‍പ്പിച്ച് അകത്തേക്ക് കടന്നു.

ഈ ഭൂഗോളം ഉണ്ടായതുമുതലുള്ള കാര്യങ്ങള്‍‍, ജീവജാലങ്ങളുടേയും മനുഷ്യരാശിയുടേയുമൊക്കെ ഉത്ഭവം, പരിണാമം, കാലാകാലങ്ങളില്‍ ഈ രാജ്യത്ത് നടന്നിട്ടുള്ള യുദ്ധങ്ങളുടെ മിനിയേച്ചര്‍ പ്രതിമകളിലൂടെയുള്ള പുനരാവിഷ്ക്കരണം എന്നുതുടങ്ങി, സ്വിസ്സ് ക്ലോക്ക് നിര്‍മ്മാണത്തിന്റെ 16, 18 നൂ‍റ്റാണ്ടുകളിലെ പ്രദര്‍ശനങ്ങള്‍, റോമന്‍ വസ്ത്രങ്ങള്‍, മെഡീവല്‍ കാലഘട്ടങ്ങളിലെ വെള്ളി ആഭരണങ്ങള്‍, പഴയകാലങ്ങളിലെ ആയുധങ്ങള്‍, ദേവാലയ ശില്‍പ്പങ്ങള്‍, പാനല്‍ പെയിന്റിങ്ങുകള്‍, മരത്തില്‍ കൊത്തിയെടുത്ത അള്‍‍ത്താരകള്‍, 17ആം നൂറ്റാണ്ടിലെ പാത്രങ്ങള്‍, വിവിധതരം പതാകകള്‍, എന്നുവേണ്ട സ്വിസ്സര്‍ലാന്‍ഡിന്റെ പുരാതനസംസ്ക്കാരത്തിന്റെ അവശേഷിപ്പുകളും തെളിവുകളുമടക്കം, മ്യൂസിയത്തിലെ കാഴ്ച്ചകള്‍ അറിവിന്റെ പാരാവാരമാണ് നമുക്ക് മുന്നില്‍ തുറന്നുവെച്ചിരിക്കുന്നത്.സ്വിസ്സ് ജനതയുടെ സംസ്കാരത്തിന്റേയും, ചരിത്രത്തിന്റേയുമൊക്കെ നേര്‍ക്ക് തിരിച്ചുപിടിച്ചിട്ടുള്ള അസാധാരണമായ ഒരു കണ്ണാടിയാണ് നാഷണല്‍ മ്യൂസിയം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല.പഴയ തടിയുരുപ്പടികളിലും അതുപോ‍ലുള്ള ആന്റിക്ക് വസ്തുക്കളിലും എന്റെ കണ്ണും മനസ്സും എന്നത്തേയും പോലെ കുറേയധികം നേരം ഉടക്കിനിന്നു.

മ്യൂസിയത്തിനകത്തെ വളഞ്ഞുപുളഞ്ഞുള്ള നടത്തം, പൊതുവെ ക്ഷീണിച്ചിരുന്ന കാലുകളെ‍ ഒന്നുകൂടെ അവശമായി. സ്വിസ്സര്‍ലാന്‍ഡിലേക്ക് കൊണ്ടുവന്ന ഭാണ്ഡവും, അതിലേക്ക് കയറിക്കൂടിയ അധികഭാരവുമൊക്കെ പുറത്തുകയറ്റിയുള്ള നടത്തവും, 4 ദിവസമായി നിരന്തരമായി തലങ്ങും വിലങ്ങും ഓടിനടന്നതുകാരണമുള്ള ക്ഷീണത്തെ ഇരട്ടിപ്പിച്ചിട്ടുണ്ട്.

മ്യൂസിയത്തിന് വെളിയില്‍ക്കടന്നപ്പോളേക്കും വിശപ്പിന്റെ വിളിയും രൂക്ഷമായി. മ്യൂസിയത്തിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നത് റെയില്‍‌വേ സ്റ്റേഷനിലേക്കാണ്. സ്റ്റേഷനില്‍ച്ചെന്ന് ആദ്യം കണ്ട ചൈനീസ് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്ന് ലഞ്ച് കഴിച്ചു.

ഭക്ഷണത്തിനുശേഷം സ്റ്റേഷനിലെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ച്ചെന്ന് വൈകുന്നേരം വരെയുള്ള സമയത്തിനിടയ്ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ഒരു അന്വേഷണം നടത്തി. ഇതുവരെയുള്ള സ്സ്വിസ്സ് യാത്രയില്‍ ഇന്നൊരുദിവസം ഉച്ചയ്ക്ക് ശേഷം മാത്രമാണ് കാര്യമായി ഒന്നും മുന്‍‌കൂട്ടി ഞങ്ങളുടെ പദ്ധതിയില്‍ ഇല്ലാതിരുന്നത്.

ഒരു മണിക്കൂറിനകം സൂറിക്ക് ലേയ്‌ക്കില്‍ ഒരു ബോട്ട് സവാരി ആരംഭിക്കുന്നുണ്ട്. അത് കഴിയുമ്പോഴേക്കും എയര്‍പ്പോര്‍ട്ടിലേക്ക് മടങ്ങാനുള്ള സമയമാകും. മടക്കയാത്രയ്ക്കുള്ള സമയത്തെപ്പറ്റി ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സ് വിഷാദമൂകമായി. മടങ്ങണമെന്ന് തോന്നുന്നില്ല.

എന്തായാലും ലേയ്‌ക്കിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. കൂട്ടത്തില്‍ എന്റെ ഒരു ചിരകാല അഭിലാഷം സാധിക്കുകയുമാവാം. ജീവിതത്തില്‍ ഇതുവരെ ട്രാമില്‍ കയറിയിട്ടില്ല. എന്നെങ്കിലും കല്‍ക്കട്ടയില്‍ പോകുമ്പോള്‍ ചെയ്യാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു അങ്ങനൊരു യാത്ര.‍ ഇവിടിപ്പോള്‍ തലങ്ങും വിലങ്ങും കറങ്ങിനടക്കുന്ന ട്രാമുകളില്‍ സ്വിസ്സ് പാസ്സിന്റെ സഹായത്താല്‍ സുഖമായി യാത്ര ചെയ്യാമെന്നിരിക്കേ ആ ചടങ്ങങ്ങ് നിര്‍വ്വഹിച്ചേക്കാമെന്ന് വെച്ചു.

സ്റ്റേഷനില്‍ നിന്ന് തുടങ്ങിയ ‍ആദ്യത്തെ ട്രാം യാത്ര ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള Bahnhofstrasse തെരുവിലൂടെ മുന്നേറി Berkhyplatz എന്ന സ്റ്റോപ്പില്‍ അവസാനിച്ചു. റോഡ് മുറിച്ച് കടക്കുമ്പോള്‍‍ത്തന്നെ തടാകവും ബോട്ടുമെല്ലാം കാണാം.

2 മിനിറ്റിനകം, സൂറിക്ക് തടാകത്തിലൂടെ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബോട്ട് യാത്ര ആരംഭിക്കുകയാണ്. സ്വിസ്സര്‍ലാന്‍ഡിലെ വലിയൊരു പട്ടണമായതുകൊണ്ടാകാം, തുണിലും, ബ്രെണ്‍‌സിലുമൊക്കെ കണ്ടതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ബോട്ട് ജട്ടിയിലും ബോട്ട് യാത്രയിലുമുണ്ടായിരുന്നു.

സൂറിക്ക് ലേയ്‌ക്കിന്റെ തടങ്ങളില്‍ ജനവാസം കൂടുതലായിട്ടാണ് കാണപ്പെട്ടത്. എന്നുവെച്ച് ഭംഗിക്ക് ഒരു കുറവുമില്ല. ഇരുകരയിലുമായി മാറിമാറി ജട്ടികളില്‍ അടുത്ത് ആളെയിറക്കിയും കയറ്റിയും യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു.


കരയില്‍, ശിശിരത്തെ വരവേല്‍ക്കാന്‍ ഇലകളുടെ നിറം മാറ്റി കാത്തുനില്‍ക്കുന്ന മരങ്ങള്‍, തടാകത്തില്‍ പലയിടത്തായി നങ്കൂരമിട്ടുകിടക്കുന്ന പായ്‌വഞ്ചികള്‍, സ്പീഡ് ബോട്ടുകള്‍, ആഴം കുറഞ്ഞഭാഗത്ത്‍ ഒഴുകിനടക്കുന്ന അരയന്നങ്ങള്‍ എന്നിങ്ങനെ കാഴ്ച്ചകള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല.

ലിന്ത് (Linth)നദിയാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള, പരമാവധി 40 കിലോമീറ്റര്‍ നീളവും 3 കിലോമീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍‍ തടാകം, 1223 മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ 25 പ്രാവശ്യം തണുത്തുറഞ്ഞ് പോയിട്ടുണ്ടെന്നുള്ളത് അത്ഭുതകരമായ ഒരു വസ്തുതയാണ്. അവസാനം ഈ തണുത്തുറയല്‍ സംഭവിച്ചത് 1963 ല്‍ ആയിരുന്നു. ഗ്ലോബല്‍ വാമിങ്ങിന്റെ പോക്കുവെച്ച് നോക്കിയാല്‍ ഇനിയൊരു തണുത്തുറയല്‍ സൂറിക്ക് തടാകത്തിനുണ്ടാകുമെന്ന് തോന്നുന്നില്ല.


കെട്ടിടങ്ങള്‍ക്ക് മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതുപോലെ തന്നെ ബോട്ടുകള്‍ക്ക് വെള്ളത്തില്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സംവിധാനം ലെയ്‌ക്കില്‍ എല്ലായിടത്തുമുള്ള ഒരു കാഴ്ച്ചയാണ്.

ബോട്ടിനകത്തും മുകള്‍ഭാഗത്തുമൊക്കെയായി മാറിമാറിയിരുന്ന് കാഴ്ച്ചകള്‍ കണ്ടുകണ്ട് കുളിര്‍കാറ്റേറ്റ് യാത്രകഴിഞ്ഞത് വളരെപ്പെട്ടെന്നാണെന്ന് തോന്നി.

കരയ്ക്കിറങ്ങിയപ്പോള്‍ തെരുവ് കലാകാ‍രന്‍ ഒരാള്‍ ഞങ്ങള്‍ക്ക് യാത്രാമൊഴി പറയുന്നതുപോലെ പേരറിയാത്ത വാദ്യോപകരണം ഒരെണ്ണം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു. മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പക്ഷെ മനസ്സെവിടെയോ കുടുങ്ങിക്കിടക്കുന്നു. കാലുകള്‍ തളര്‍ന്നതായി പറയുന്നത് മനസ്സുമായി ഒത്തുകളിക്കുന്നതിന്റെ ഭാഗമാണോ ?

ട്രാം സ്റ്റോപ്പിലേക്ക് നടന്ന് റെയില്‍‌വേ സ്റ്റേഷനിലേക്കുള്ള അടുത്ത ട്രാമില്‍ക്കയറി. കുറച്ച് സമയം ഇനിയും ബാക്കിയുണ്ട്. നേരെ സ്റ്റേഷനില്‍ ചെന്നിറങ്ങിയിട്ട് എന്തുചെയ്യാനാണ് ? Bahnhofstrasse സ്ട്രീറ്റിന്റെ മദ്ധ്യത്തിലെത്തിയപ്പോള്‍ ട്രാമില്‍ നിന്ന് ചാടിയിറങ്ങി. തലേദിവസം രാത്രിപ്രഭയില്‍ കറങ്ങിനടന്ന വിലപിടിച്ച തെരുവിലൂടെ, വിലപിടിച്ച നിമിഷങ്ങള്‍, പകല്‍ സമയത്ത് ചിലവാക്കുന്നതിലെന്താണ് തെറ്റ് ?

മനസ്സില്‍ അതിനിടയില്‍ ഒരു കണക്കെടുപ്പ് നടക്കുന്നുണ്ടായിരുന്നു. ഈ യാത്രയില്‍ ഉണ്ടായ നേട്ടങ്ങള്‍, നല്ല അനുഭവങ്ങള്‍ എന്നതൊക്കെപ്പോലെതന്നെ ചില കൊച്ചുകൊച്ചുനഷ്ടങ്ങളുടെ കണക്കുകളായിരുന്നു അതില്‍ മുഖ്യം.

സ്വിസ്സര്‍ലാന്‍ഡില്‍ പലയിടത്തും പോയെങ്കിലും ജനീവയില്‍ പോകാന്‍ പറ്റിയിട്ടില്ല. നാലുദിവസം കൊണ്ട് പോകാന്‍ പറ്റാവുന്നതിന്റെ പരമാവധിയാണിത്. എന്നാലും ജനീ‍വ ഒരു നഷ്ടമായി ബാക്കി നില്‍ക്കുന്നു. ലൂസേണിലെ സ്വിസ്സ് ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയം വളരെ പേരുകേട്ടതാണ്. അവിടെപ്പോകാന്‍ പറ്റിയിട്ടില്ല. ചോക്കളേറ്റ് ഫാക്ടറികളില്‍ ഏതെങ്കിലും ഒന്നില്‍ പോകണമെന്ന ആഗ്രഹവും നടന്നില്ല. തനതായ സ്വിസ്സ് ഭക്ഷണം കൂടുതല്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല. തദ്ദേശവാസികളോട് കൂടുതല്‍ ഇടപഴകി അവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനൊന്നും പറ്റിയിട്ടില്ല. പലയിടത്തും വഴിപോലും ചോദിച്ച് മനസ്സിലാക്കേണ്ട ആവശ്യം വരാഞ്ഞതുകൊണ്ടാണ് അത്തരം ഇടപഴകലുകല്‍ ഒഴിവായിപ്പോയത്.

ഇതിനൊക്കെപ്പുറമേ 7 വയസ്സുകാരി മകള്‍ നേഹ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നില്ലെന്നുള്ളത് ഒരു വലിയ വിഷമമായി ബാക്കിനില്‍ക്കുന്നു. മുഴങ്ങോടിക്കാരി നല്ലപാതി അക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍, ഞാനാ വിഷമം ഉള്ളിലൊതുക്കുകയാണുണ്ടായത്. കൂടെയുള്ള ദിവസങ്ങളില്‍, അര മണിക്കൂര്‍ നേരത്തേക്ക് പുറത്തെവിടെയെങ്കിലും പോയി മടങ്ങിവന്നാല്‍പ്പോലും “എനിക്കൊന്നും കൊണ്ടുവന്നില്ലേ ?” എന്ന് ചോദിക്കുന്ന കുട്ടിക്കുവേണ്ടി വിലപിടിച്ച ആ തെരുവിലെ വലിയൊരു ടോയ് ഷോപ്പില്‍ നിന്നൊരു സമ്മാനം വാങ്ങിയിട്ടും ആ വിഷമം പൂര്‍ണ്ണമായും മാറിയിരുന്നില്ല.

തെരുവില്‍ അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യമൊന്നുമില്ലാതെ പിന്നേയും കറങ്ങിനടന്നു, അവശേഷിക്കുന്ന ഓരോ നിമിഷവും വസൂലാക്കാനെന്നപോലെ. ബാക്കിയുള്ള കാഴ്ച്ചകളും സ്ഥലങ്ങളുമൊക്കെ കാണാന്‍, ഇനിയൊരിക്കല്‍ക്കൂ‍ടെ വരാന്‍ പറ്റുമോ ഈ മനോഹരമായ ഭൂമിയിലേക്ക് ? ആര്‍ക്കറിയാം, ചിലപ്പോള്‍ വയസ്സുകാലത്ത് മകളുടെ കെയറോഫില്‍ ഒരു സ്വിസ്സ് യാത്രകൂടെ തരമാകില്ലാ എന്ന് !!

അത്യാ‍ഗ്രഹമായിരിക്കാം. എന്നാലും ആഗ്രഹിക്കുക, മലയോളം ആഗ്രഹിക്കുക. എന്നാലേ കുന്നോളമെങ്കിലും കിട്ടൂ എന്നാണല്ലോ!

18:07 ന്റെ തീവണ്ടിയിലേക്ക് കയറി യു.കെ.യിലേക്കുള്ള രാത്രി വിമാനം പിടിക്കാനായി, സൂറിക്ക് എയര്‍പ്പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഓഫീസുകള്‍ വിട്ട് ജനങ്ങള്‍ മടങ്ങുന്ന സമയമായതുകൊണ്ടായിരിക്കണം തീവണ്ടിയിലും, തെരുവിലുമൊക്കെ പതിവില്‍ക്കവിഞ്ഞ തിരക്കനുഭവപ്പെട്ടു.

മനസ്സിലും തിരക്കുതന്നെ, ആഴത്തില്‍ പതിഞ്ഞ മനോഹരമായ കാഴ്ച്ചകളുടേയും അനുഭവങ്ങളുടേയും തിരക്ക്, അസുലഭം എന്നു വിശേഷിപ്പിക്കാവുന്ന സുന്ദരമായ ഒരു യാത്ര സമ്മാനിച്ച അവാച്യമായ അനുഭൂതിയുടെ തിരക്ക്, ആഹ്ലാദത്തിന്റെ തിക്കിത്തിരക്ക്.

—–അവസാനിച്ചു——