Monthly Archives: May 2009

keerippaara

കീരിപ്പാറയില്‍ ഒരു രാത്രി


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

വാനിപ്പുഴയുടെ തീരത്തിലൂടെ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്
—————————————————————————

ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി എന്ന പേരില്‍ ഒരു എക്കോ ടൂറിസം സംവിധാനം മുക്കാളി ഫോറസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നടക്കുന്നുണ്ട്. തദ്ദേശീയരായ ആദിവാസികളേയും, അഭ്യസ്ഥവിദ്യരായ നാട്ടുകാരേയും ഒക്കെ ചേര്‍ത്ത് നടത്തുന്ന ഈ സംരംഭത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും പ്രധാന പങ്കാളിയാണ്.


കാട് സംരക്ഷിക്കുക, കാട്ടുതീ പോലുള്ള വിപത്തുകള്‍ തടയുക, കുടിയേറ്റങ്ങള്‍ നേരിടുക, അതോടൊപ്പം തന്നെ കാടുകാണാനെത്തുന്ന പ്രകൃതിസ്നേഹികള്‍ക്ക് സുരക്ഷിതമായി കാട്ടിനകത്ത് കറങ്ങിനടന്ന് മൃഗങ്ങളേയും പക്ഷികളേയുമൊക്കെ കാണാനുമൊക്കെയുള്ള സൌകര്യമൊരുക്കുക എന്നതൊക്കെയാണ് എക്കോ ടൂറിസം മാതൃകയാക്കി മുന്നോട്ട് പോ‍കുന്ന ഏജന്‍സിയുടെ ലക്ഷ്യം. സന്ദര്‍ശകരില്‍ നിന്ന് പിരിഞ്ഞ് കിട്ടുന്ന പണം ഈ സംരംഭത്തില്‍ പങ്കാളികളാകുന്ന ആദിവാസികള്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും, കാടിന്റെ സംരക്ഷണത്തിനായുമൊക്കെ വിനിയോഗിക്കപ്പെടുന്നു. സൈലന്റ് വാലിയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ കാടുകളിലും ഇത്തരം ഏജന്‍സികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന പക്ഷക്കാരനാണ് ഞാന്‍.


നടന്നുപോയാല്‍ 5 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കീരിപ്പാറയിലേക്ക്. പക്ഷെ സമയം സന്ധ്യയാകാന്‍ പോകുന്നതുകൊണ്ട് നടന്ന് കാട്ടിലൂടെയുള്ള യാത്ര അഭികാമ്യമല്ല. ഞങ്ങള്‍ വന്നിരിക്കുന്ന കാറിന് പോകാന്‍ പറ്റിയ വഴിയുമല്ല അങ്ങോട്ട്. അതുകൊണ്ടാണ് ജീപ്പ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ജീപ്പിലാകുമ്പോള്‍ മുക്കാളി കവലയില്‍ നിന്ന് വലത്തുവശത്തേക്ക് തിരിഞ്ഞ്, മുകളിലേക്കുള്ള കാട്ടുപാതയില്‍ കടന്ന് 10 കിലോമീറ്ററോളം പോകണം. സന്ദര്‍ശകര്‍ക്കായുള്ള കീരിപ്പാറ യാത്ര 3 മണിക്ക് ശേഷം മാത്രമേ തുടങ്ങുകയുള്ളൂ. രാത്രി അവിടെ തങ്ങാനാണ് മിക്കവാറും എല്ലാവരും പോകുന്നത്.

ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഒരു ജീവനക്കാരനും കൂടെ ജീപ്പിലുണ്ട്. കുറച്ച് മുന്നോട്ട് ചെന്നാല്‍ അതിക്രമിച്ച് കടക്കുന്ന വാഹനങ്ങളെ ഒഴിവാക്കാനായി ഒരു ആളില്ലാത്തെ ചെക്ക് പോസ്റ്റ് ഉണ്ട്. അതിന്റെ ഗേറ്റ് തുറന്ന് തരാനാണ് അയാള്‍‍ കൂടെ വരുന്നത്.

ഇടുങ്ങിയ പാതയുടെ ഇടതു വശത്ത് ഇറക്കവും, വലതുവശത്ത് മലയുമാണ് മിക്കവാറുമിടങ്ങളിൽ. ഭാഗ്യമുണ്ടെങ്കില്‍ ഈ വഴിയിലും ആനയെക്കാണാന്‍ പറ്റിയെന്ന് വരും. ജീപ്പ് കാട്ടിലേക്ക് കടന്ന് വളവുതിരിവുകളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ പടിഞ്ഞാറ് വൃക്ഷങ്ങള്‍ക്കിടയിലൂടെ താഴേക്കിറങ്ങി അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന കതിരോനെ കാണാനായി.


അധികം താമസിയാതെ കാടിന് നടുവിലുള്ള ഫോറസ്റ്റ് വാച്ച് ടവറിലെത്തി. ഞങ്ങളെ അവിടെക്കൊണ്ടാക്കി ജീപ്പ് മുക്കാളിയിലേക്ക് മടങ്ങി. നാളെ ഇവിടന്നുള്ള മടക്കയാത്ര കാട്ടിനുള്ളിലെ 4 കിലോമീറ്ററോളം വരുന്ന മറ്റൊരു വഴിയിലൂടെ നടന്നായതുകൊണ്ട് ജീപ്പിന്റെ ആവശ്യമില്ല.

രണ്ടുനിലയുള്ള ഒരു കെട്ടിടമാണ് വാച്ച് ടവര്‍. മുകളിലെ നിലയില്‍ നാലോ അഞ്ചോ പേര്‍ക്ക് തറയില്‍ നിരന്നുകിടക്കാന്‍ പാകത്തില്‍ ഒരൊറ്റ മുറി. താഴെ മറ്റൊരു മുറി, അടുക്കള, കുളിമുറി, കക്കൂസ് എന്നീ സൌകര്യങ്ങളെല്ലാം കാടിനുള്ളില്‍ കിട്ടാവുന്നതില്‍ ഭേദപ്പെട്ടതു തന്നെ.


വാച്ച് ടവറിന്റെ വടക്കുഭാഗത്തുകാണുന്ന ഒരു മലയ്ക്ക് കീരിയുടെ ആകൃതിയുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് കീരിപ്പാറ എന്ന പേരുകിട്ടിയതെന്ന സോമന്റെ വിശദീകരണം മാത്രം എനിക്കത്ര സംതൃപ്തി നല്‍കിയില്ല. പാറയുടെ ആകൃതിയും കീരിയുടെ രൂപവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ ഞാന്‍ പരാജയപ്പെടുകയാണുണ്ടായത്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ കാടിന്റെ മക്കള്‍ അഞ്ചുപേര്‍ അവിടുണ്ടായിരുന്നു.വെള്ളി, കക്കി, പളണി, മല്ലന്‍, കാടന്‍ എന്നിവരായിരുന്നു ആ 5 ആദിവാസി സഹോദരങ്ങള്‍. കാ‍ട്ടില്‍ ഫയര്‍ ലൈനിന്റെ ജോലി ചെയ്യുന്നവരാണ് അവര്‍. ജോലിക്ക് ശേഷം അന്തിയുറങ്ങുന്നത് വാച്ച് ടവറിലാണ്. കാട്ടിനുള്ളില്‍ വേറെ എവിടെയെങ്കിലും തങ്ങുന്നത് ആത്മഹത്യാപരമാണ്.


വാച്ച് ടവറിന് ചുറ്റും കരിങ്കല്ലുവെച്ചു കെട്ടിയ കിടങ്ങിന് വെളിയിലായി പലയിടത്തും ആനപ്പിണ്ടം കാണാം. ആനയോ മറ്റോ അധവാ കിടങ്ങ് മുറിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ കിടങ്ങില്‍ നിന്ന് കരകയറാന്‍ പറ്റാത്ത തരത്തിലാണ് അതിന്റെ നിര്‍മ്മിതി. ചില ഭാഗങ്ങളൊക്കെ ഇടിച്ചുനിരത്താന്‍ കരിവീരന്മാര്‍ ശ്രമങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ കാണാനുണ്ട്.

രാത്രിയായത് പെട്ടെന്നായിരുന്നു. പകല്‍‌സമയം ഭവാനിപ്പുഴക്കരികിലൂടെ നടത്തിയ ട്രെക്കിങ്ങ് കാരണമായിരിക്കണം നല്ല വിശപ്പുണ്ടായിരുന്നു. പാഴ്‌സല്‍ കൊണ്ടുവന്നിരുന്ന പൊറോട്ടയും ബീഫ് കറിക്കുമൊപ്പം ആദിവാസി സഹോദരങ്ങള്‍ കൊണ്ടുവന്നുതന്ന ഉണക്ക മാന്തല്‍ വറുത്തതുകൂടെയായപ്പോള്‍ കാട്ടിനുള്ളിലെ ഡിന്നര്‍ കുശാലായി.


ഇരുട്ടിന് കനം വെച്ചതിനൊപ്പം ചെറുതായി തണുപ്പടിക്കാനും തുടങ്ങി. വിറക് കൂട്ടിയിട്ട് കത്തിച്ച് അതിനുചുറ്റുമിരുന്നുള്ള വെടിവട്ടം രാവേറുവോളം നീണ്ടുപോയി. വനം കൊള്ള, കഞ്ചാവ് വേട്ട, കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ പേടിപ്പെടുത്തുന്ന വിവരണങ്ങള്‍ എന്നിങ്ങനെ കാട്ടിലെ കഥകള്‍ തന്നെയായിരുന്നു പ്രധാനവിഷയങ്ങള്‍. അതിനിടയില്‍ കാട്ടുമൃഗങ്ങളുടെ വിട്ടുവിട്ടുള്ള അലര്‍ച്ചയും വിളികളും, പക്ഷികളുടെ ചിറകടി ശബ്ദവുമൊക്കെ കേട്ടുകൊണ്ടിരുന്നു. നേരം വെളുത്താല്‍ ഏതെങ്കിലുമൊക്കെ മൃഗങ്ങളെ കാണാന്‍ പറ്റുമെന്ന് സോമന്‍ ഉറപ്പുതന്നു.

വേണുവിന്റെ കയ്യില്‍ സ്ലീപ്പിങ്ങ് ബാഗുകളുണ്ട്. മുകളിലെ മുറിയിലെ തറയില്‍ വിരിച്ച സ്ലീപ്പിങ്ങ് ബാഗില്‍ കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.

“ചേട്ടാ ആന, ആന, ബേഗം എഴുന്നേക്ക് “

അതിരാവിലെ ‘കിങ്ങ് ‘ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കക്കി ഒച്ചയിട്ട് വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്.


നേരം പരപരാന്ന് വെളുത്ത് വരുന്നതേയുള്ളൂ. ഉറക്കം ശരിക്ക് തീര്‍ന്നിട്ടുമുണ്ടായിരുന്നില്ല. പക്ഷെ പുലര്‍കാല സൂര്യന്റെ വെളിച്ചത്തില്‍ വാച്ച് ടവറിന് ചുറ്റുമുള്ള കാട്ടിലെ കാഴ്ച്ച കണ്ടപ്പോള്‍ ഉറക്കമെല്ലാം ഓടി മറഞ്ഞു.


പടിഞ്ഞാറുഭാഗത്തായി രണ്ടാനകള്‍. ഒന്ന് കുട്ടിയാന, മറ്റേതതിന്റെ തള്ളയാന. രണ്ടുപേരും നോക്കുന്നത് വാച്ച് ടവറിലേക്കുതന്നെയാണ്. കുറേയധികം നേരം അങ്ങനെ നോക്കി നിന്നിട്ട് ആനകള്‍ രണ്ടും കാടിനുള്ളിലേക്ക് വലിഞ്ഞു.


വടക്കുകിഴക്കുഭാഗത്തായി കൂട്ടമായി നാലഞ്ച് ആനകള്‍ വേറെയുമുണ്ട്. സുരക്ഷിതമായ ദൂരത്തിലാണ് ആനക്കൂട്ടമെല്ലാം. ക്യാമറയിലെ സൂം പരമാവധി വലിച്ചുനീട്ടി ഒന്നുരണ്ട് ചിത്രങ്ങളൊക്കെ വേണുവും ഞാനും എടുത്തുകഴിഞ്ഞപ്പോഴേക്കും, ആനകളൊക്കെ കാടിനുള്ളിലേക്ക് മടങ്ങി. രാത്രിമുഴുവന്‍ ഈ കാട്ടുമൃഗങ്ങളൊക്കെ ഞങ്ങളിട്ട ക്യാമ്പ് ഫയര്‍ കണ്ട് ആ ഭാഗത്തൊക്കെ ചുറ്റിപ്പറ്റി നിന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.


പ്രഭാതകൃത്യങ്ങളൊക്കെ നടത്തി ഓരോ കട്ടന്‍ ചായയൊക്കെ കുടിച്ച് ബാഗെല്ലാമെടുത്ത് ആദിവാസി സുഹൃത്തുക്കളോട് യാത്രപറഞ്ഞ് കാട്ടിലേക്കിറങ്ങി. വാച്ച് ടവറിന് ചുറ്റും നിറയെ ആനപ്പിണ്ഡം കിടക്കുന്നുണ്ട്. ആനകള്‍ യഥേഷ്ടം വിഹരിക്കുന്ന ഇടമാണതെന്ന് ഉറപ്പ്.


ചോടപ്പുല്ലുകള്‍ നിറഞ്ഞ പരിസരത്തുനിന്ന് അല്‍പ്പം താഴേക്കിറങ്ങി ഒരു ചെറിയ ചോല കുറുകെ ചാടിക്കടന്ന് കാടിനുള്ളിലേക്ക് കടന്നു. അല്‍പ്പം മുന്‍പ് കണ്ട തള്ളയാനയും കുഞ്ഞാനയും ആ വഴിയാണ് പോയതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ആവിപറക്കുന്ന ആനപ്പിണ്ഡം ആ ചോലയുടെ പരിസരത്തൊക്കെ കണ്ടു.

അതൊന്നും നോക്കി നിന്നിട്ട് കാര്യമില്ല. മുന്നോട്ട് നടക്കുക, ആന വന്നാല്‍ മുന്നോട്ട് ഓടുക, മുന്നിലൂടെ ആന വന്നാല്‍ പിന്നോട്ട് തിരിഞ്ഞോടുക, വല്ല മരത്തിലുമൊക്കെ വലിഞ്ഞുകയറുക. ആനയെപ്പേടിച്ച് മരത്തില്‍ കയറുകയാണെങ്കില്‍ വണ്ണമുള്ള മരത്തില്‍ കയറണമെന്നും, കരടിയെപ്പേടിച്ച് മരത്തില്‍ കയറുകയാണെങ്കില്‍ വണ്ണം കുറഞ്ഞ മരത്തില്‍ കയറണമെന്നും കേട്ടിട്ടുണ്ട്. വണ്ണമില്ലാത്ത മരമാണെങ്കില്‍ ആനയ്ക്ക് അത് പിടിച്ച് കുലുക്കി ശത്രുവിനെ താഴെ വീഴ്ത്താനാകും. കരടിയുടെ കാര്യത്തിലാണെങ്കില്‍ നേരെ മറിച്ചാണ്. വണ്ണമുള്ള മരത്തില്‍ കരടിക്ക് പൊത്തിപ്പിടിച്ച് കയറാന്‍ പറ്റും. അതുകൊണ്ട് കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വണ്ണം കുറഞ്ഞ മരത്തില്‍ കയറണം. ആനയും കരടിയും ഒരുമിച്ച് വന്നാലോ എന്നൊന്നും ആലോചിക്കാനേ പോകരുത്.

കാടിന്റെ ഉള്ളിലേക്ക് കടന്നതോടെ സൈലന്റ് വാലിക്ക് ആ പേര് വീഴാനുള്ള കാരണമെന്താണെന്ന് മനസ്സിലാക്കിയിരുന്നത് പരമാര്‍ത്ഥമാണെന്ന് മനസ്സിലായി. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദമില്ലാത്ത ഏത് കാടാണുള്ളത് ? പക്ഷെ സൈലന്റ് വാലിയില്‍ ചീവീടുകള്‍ ഇല്ല. നിശബ്ദതയുടെ താഴ്വര തന്നെയാണിത്.

ഐതിഹ്യങ്ങള്‍ പറയുന്നതുപ്രകാരം സൈലന്റ് വാലിക്ക് സൈരന്ധ്രിവനം എന്നൊരു പേരുകൂടെയുണ്ട്. വനവാസകാലത്ത് പാണ്ഡവരും, പാഞ്ചാലിയുമൊക്കെ (സൈരന്ധ്രി)ഈ കാടുകളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ടത്രേ ? കാടിനകത്തുള്ള കുന്തിപ്പുഴയ്ക്ക് ആ പേര്‍ വീണതും ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടായിരിക്കാം. സൈരന്ധ്രിവനം എന്ന പേര് ആംഗലീകരിക്കപ്പെട്ടപ്പോള്‍ സൈലന്റ് വാലി എന്നായിപ്പോയി എന്നും പരാമര്‍ശമുണ്ട്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, മക്കാക സൈലെനസ്(Macaca silenus)എന്ന ശാസ്ത്രീയ നാമമുള്ള സിംഹവാലന്‍ കുരങ്ങുകള്‍ ഈ കാടുകളില്‍ ഉള്ളതുകൊണ്ട്, കുരങ്ങന്റെ പേരില്‍ നിന്നാണ് സൈലന്റ് വാലി എന്ന നാമം ഉണ്ടായതെന്നാണ് മറ്റൊരു അനുമാനം.


പേര് വീ‍ണത് എങ്ങിനെയായാലും നിശബ്ദത ഈ കാടിന്റെ ഒരു പ്രത്യേകത തന്നെയാണ്. കാട്ടിലൂടെ നടക്കുമ്പോള്‍ കരിയിലകള്‍ കാലുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്ന ശബ്ദത്തിന് നല്ല ഒന്നാന്തരം ഡോള്‍ബി സിസ്റ്റത്തിലൂടെ കേള്‍ക്കുന്നതിന്റെ ഇഫക്‍റ്റുണ്ട്. കാടിന്റെ സൌന്ദര്യം നന്നായി ആസ്വദിച്ച്, കാട്ടുമൃഗങ്ങളെയൊക്കെ കണ്ട് നടക്കണമെങ്കില്‍, ശബ്ദമുണ്ടാക്കാതെ സംസാരിക്കാതെ കാട്ടിലൂടെ നീങ്ങണമെന്നാണ് കാട്ടുയാത്രകളിലെ (അ)ലിഖിത നിയമം.

എങ്ങനെയൊക്കെ നിശബ്ദമായി നടന്നാലും, 20 മൃഗങ്ങളെങ്കിലും നമ്മെ കണ്ടുകഴിയുമ്പോഴേ, നമ്മള്‍ ഒരു മൃഗത്തിനെയെങ്കിലും കണ്ടിട്ടുണ്ടാകൂ എന്നൊരു പറച്ചിലുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കാടിനുള്ളിലൂടെ നടക്കുമ്പോള്‍ കണ്ണും കാതും മൂക്കുമൊക്കെ കൂര്‍പ്പിച്ച് വേണം നടക്കാന്‍.

പുള്ളിമാന്‍, സിംഹം, മയില്‍ എന്നിവയൊഴികെ മറ്റെല്ലാ മൃഗങ്ങളും പക്ഷികളും ഇവിടുണ്ടെന്നാണ് കണക്ക്. പുള്ളിമാന്‍ ഏതെങ്കിലും കാട്ടില്‍ ഉണ്ടെങ്കില്‍ ആ കാട്ടില്‍ അടിക്കാടുകള്‍ കുറവായിരിക്കും. പുള്ളിമാന് നിറയെ ശത്രുക്കളുണ്ട്. അല്‍പ്പദൂരം ഓടിയതിനുശേഷം നിന്ന് കിതയ്ക്കുന്ന കൂട്ടത്തിലാണ് പുള്ളിമാന്‍. അങ്ങനെ ഓടിക്കഴിഞ്ഞ ശേഷം, നിന്ന് കിതയ്ക്കാന്‍ പാകത്തില്‍ മരങ്ങളില്ലാത്ത ഒഴിഞ്ഞ ഇടമുള്ള കാടൊന്നുമല്ല സൈലന്റ് വാലി. ശത്രു ഏത് ഭാഗത്തും ഒളിഞ്ഞിരിപ്പുണ്ടാകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.മയിലിന് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ അതിന്റെ നീളമുള്ള വാല് ഒരു തടസ്സമാണ്. നിറയെ മരങ്ങളും അടിക്കാടുമൊക്കെ തിങ്ങിനിറഞ്ഞ സൈലന്റ് വാലിയില്‍ അതുകൊണ്ടുതന്നെ മയിലിനെ കാണാറില്ല.


കാടിനുള്ളിലേക്ക് കടന്നപ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പിന്നിട്ടുപോന്ന വാച്ച് ടവര്‍ കാണാനാകുന്നുണ്ട്. നല്ലൊരു ദൂരം ഇതിനകം കാട്ടിനുള്ളിലേക്ക് കടന്നിരിക്കുന്നു. ദൂരെയായി മരങ്ങള്‍ക്ക് മുകളില്‍ മഴപ്പുള്ളുകള്‍ പറന്നുനടക്കുന്നുണ്ട്. മഴപ്പുള്ളുകള്‍ വളരെ താഴ്ന്ന് പറന്നാല്‍ മഴ പെയ്യുമെന്നാണ് സോമന്‍ പറയുന്നത്. ആനപ്പിണ്ഡത്തിനു പുറമേ വഴിയില്‍ അവിടവിടെയായി പലപല മൃഗങ്ങളുടെ കാട്ടങ്ങളും കണ്ടു. അതിലൊന്ന് കടുവക്കാട്ടമാണെന്നാണ് സോമന്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്ന് കിടുങ്ങാതിരുന്നില്ല.


കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ താണ്ടി, മലയുടെ ചരുവിലൂടെ തെന്നിവീഴാതെ ചപ്പുചവറുകള്‍ ചവിട്ടിമെതിച്ച് നടന്ന്, വലിഞ്ഞ് കയറാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ നീളമുള്ള വടികള്‍ കുത്തിപ്പിടിച്ച് യാത്ര പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടയ്ക്ക് കാട്ടുവള്ളികളില്‍ ഇത്തിരി വിശ്രമവും, അലപ്പസ്വല്‍പ്പം പടം പിടിക്കലുമൊക്കെ അതിനിടയില്‍ സംഭവിക്കുന്നുണ്ടായിരുന്നു.



സോമന്‍ കുറച്ച് മുന്നിലാണ് നടക്കുന്നത്. ഭവാനിപ്പുഴയുടെ തീരത്തെ കാടിലുള്ളതുപോലെ അല്‍പ്പമെങ്കിലും തെളിച്ചമുള്ള ഒരു വഴിയെന്ന് പറയാവുന്ന ഭൂപ്രകൃതി ഈ കാടിനുള്ളില്‍ ഉള്ളതായി കണ്ടില്ല. പലയിടത്തും സൂര്യപ്രകാശം നിലത്തുവീഴുന്നുപോലുമില്ല. തലങ്ങും വിലങ്ങുമൊക്കെ നടന്ന്, സോമന്‍ പോകുന്നതുകണ്ടാല്‍ കാട്ടില്‍ വഴിയറിയാതെ പെട്ടുപോയ ഒരാള്‍ പരിഭ്രാന്തനായി നടക്കുന്നതുപോലെ തോന്നും.

നിറയെ അപ്പൂപ്പന്‍ താടികള്‍ പറന്നുനടക്കുന്ന ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ മൊബൈല്‍ സിഗ്നല്‍ കിട്ടിയതുകൊണ്ട് മടക്കയാത്രയ്ക്കുള്ള ജീപ്പ് അയക്കാന്‍ മുക്കാളിയിലേക്ക് വിളിച്ച് പറഞ്ഞു സോമന്‍. ഇനി ഒരു കിലോമീറ്റര്‍ കൂടെ നടന്നാല്‍ മെയിന്‍ റോഡില്‍ എത്തും. അതിനുമുന്‍പായി ചിത്രശലഭങ്ങള്‍ കൂട്ടമായി കാണാന്‍ സാദ്ധ്യതയുള്ള ഒരിടം ആ ഭാഗത്തെവിടെയോ ഉണ്ടെന്നും അങ്ങോട്ട് അല്‍പ്പം മാറി നടക്കണമെന്നും പറഞ്ഞ് സോമന്‍ മറ്റൊരു ദിശയിലേക്ക് നടന്നു.


കുറേ അലഞ്ഞുതിരിഞ്ഞപ്പോള്‍ ‘ബ്ലൂ ടൈഗര്‍‘ ഇനത്തിലുള്ള മൂന്നുനാല് ചിത്രശലഭങ്ങളെ കണ്ടു, അതിന്റെയൊക്കെ പടമെടുക്കുകയും ചെയ്തു. പക്ഷെ ഇതിലും കൂടുതല്‍ ചിത്രശലഭങ്ങള്‍ ഉള്ളയൊരിടം ഉണ്ടെന്നാണ് സോമന്‍ പറയുന്നത്.

പെട്ടെന്ന് സോമന്‍ വീണ്ടും മറ്റൊരു ദിശയിലേക്ക് അടിക്കാടിനിടയിലൂടെ നീങ്ങി. ശബ്ദമുണ്ടാക്കാതെ കടന്നുവരാന്‍ ഞങ്ങളോട് ആംഗ്യം കാണിക്കുകയും ചെയ്തു.

അവിടെക്കണ്ട കാഴ്ച്ച അതിമനോഹരം. ഉയരമുള്ള ഒരു തടിയന്‍ മരത്തിന്റെ ശാഖകളിലൊക്കെ ഇലകളെന്നപോലെ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഒട്ടനേകം ശലഭങ്ങള്‍ പറന്നുനടക്കുന്നുമുണ്ട്. ‘എല്ലാം ബ്ലൂ‘ ടൈഗര്‍ തന്നെ.


ശബ്ദമുണ്ടാ‍ക്കാതെ ആ കാഴ്ച്ചയും നോക്കി കണ്‍കുളിര്‍ക്കെ കുറേനേരം നിന്നു. ആവശ്യത്തിന് പടങ്ങളുമെടുത്തു. പെട്ടെന്ന് ഒരു ചെറിയ കാറ്റടിച്ചു. മരച്ചില്ലകളൊന്നുലഞ്ഞു , ശലഭങ്ങള്‍ പറന്നുപൊങ്ങി. ഒരു വസന്തം പൊട്ടിപ്പുറപ്പെട്ടപോലെ എണ്ണമറ്റ ചിത്രശലഭങ്ങള്‍ക്കിടയില്‍ ഞങ്ങള്‍. സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു സ്വപ്നരംഗം സൃഷ്ടിച്ചുകൊണ്ട് കുറേനേരം അവിടെയൊക്കെ പറന്നുനടന്നതിനുശേഷം അവയെല്ലാം വീണ്ടും മരച്ചില്ലകളില്‍ പറ്റിപ്പിടിച്ചിരുന്നു.


അവിടന്ന് മുന്നോട്ട് നീങ്ങാന്‍ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ നല്ല വിശപ്പ് തുടങ്ങിയിരിക്കുന്നു എന്നുമാത്രമല്ല ഞങ്ങളേയും കാത്ത് ജീപ്പ് വഴിയരുകില്‍ കിടക്കുന്നുമുണ്ടാകാം. അഞ്ചുമിനിറ്റ് കൂടെ നടന്നപ്പോള്‍ ടാറിട്ട റോഡില്‍ ചെന്നുകയറി. ജീപ്പ് കാത്തുകിടക്കുന്നുണ്ട്.


അതില്‍ക്കയറി മുക്കാളി ഫോറസ്റ്റ് ഓഫീസിലേക്ക് പോകുന്ന വഴിക്കുള്ള കവലയില്‍ ഇറങ്ങി. ഒന്നുരണ്ട് ചെറിയ റസ്റ്റോറന്റുകളുണ്ടവിടെ. അതിലൊന്നില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ഫോറസ്റ്റ് ഓഫീസിലെത്തി ഫോറസ്റ്റ് ഓഫീസര്‍ ശിവദാസന്‍(I.F.S.) സാറിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.

ഇതിപ്പോള്‍ സൈലന്റ് വാലി ബഫ്ഫര്‍ സോണുകളേ കണ്ടാസ്വദിക്കാന്‍ പറ്റിയിട്ടുള്ളൂ. കോര്‍ സോണിലേക്ക് പോകാന്‍ വേണ്ടി ഇനിയും രണ്ടോ മൂന്നോ പ്രാവശ്യം സൈലന്റ് വാലിയില്‍ വരേണ്ടിവരുമെന്ന് എനിക്കുറപ്പാണ്. അത്തറുപൂശി കാഞ്ചീപുരം പട്ടുസാരികള്‍ ചുറ്റിയ മലയാളിമങ്കമാരില്ലാത്ത ദിവസം നോക്കി, തിരക്കില്ലാത്ത സമയം നോക്കി വരണം. പറ്റുമെങ്കില്‍ പ്രവൃര്‍ത്തി ദിവസങ്ങളില്‍ത്തന്നെ. സോമനോട് ഇനിയും കാണുമെന്ന് പറഞ്ഞുതന്നെയാണ് പിരിഞ്ഞത്. എല്ലാ സഹായങ്ങളും സോമന്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.

വൈകുന്നേരമാകാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. മലിനപ്പെട്ടുകിടക്കുന്ന നഗരത്തിലേക്ക് ഇപ്പോള്‍ത്തന്നെ മടങ്ങിയിട്ട് എന്ത് പുണ്യം കിട്ടാനാണ് ? ഫോറസ്റ്റ് ഓഫീസിനു പിന്നിലൂടെ വീണ്ടും ഭവാനിപ്പുഴയുടെ തീരത്തേക്ക് നടന്നു. പുഴയിലെ തെളി‍വെള്ളം കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല. ഉച്ചഭക്ഷണം കഴിഞ്ഞിട്ട് അധികസമയം ആയിട്ടില്ല. ഉണ്ട് കുളിച്ചവനെ കണ്ടാല്‍ക്കുളിക്കണമെന്നൊക്കെയാണ് വെപ്പ്. കാണുന്നവരെല്ലാം കുളിക്കട്ടെ. ഞങ്ങള്‍ക്കതൊന്നും അറിയേണ്ട കാര്യമില്ല. ഇന്നലെത്തന്നെ തോന്നിയതാണ് പുഴയിലിറങ്ങി കുറേനേരം കിടക്കണമെന്ന്. ഇന്നും അത് ചെയ്യാതെ പോയാല്‍ ഈ യാത്ര അപൂര്‍ണ്ണമായിപ്പോകും. കയ്യിലുള്ള തോര്‍ത്തുകള്‍ ചുറ്റി ഞാനും വേണുവും വെള്ളത്തിലേക്കിറങ്ങി. മുട്ടൊപ്പം കാല് വെള്ളത്തിലേക്കിട്ട് നികിത പുഴക്കരയിലിരുന്നു.

കുറേയധികം നേരം വെള്ളത്തിലങ്ങനെ നിശ്ചലമായി കിടന്നു. ഞങ്ങളുടെ മനസ്സും ശരീരവും തഴുകിത്തണുപ്പിച്ച് ശുദ്ധീകരിച്ച് കളകളാരവത്തോടെ ഭവാനിപ്പുഴ കിഴക്കോട്ട് ഒഴുകിക്കൊണ്ടേയിരുന്നു.
————————————————————————-
ചിത്രശലഭങ്ങളുടേതടക്കമുള്ള നല്ല ചിത്രങ്ങള്‍ക്ക് കടപ്പാട് വേണുവിനോട്.