Monthly Archives: June 2009

മണല്‍ത്തരി


ണ്ണുതുറക്കാന്‍ പറ്റാത്തവിധം മണല്‍ക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മണല്‍ക്കൂമ്പാരത്തില്‍ പുതഞ്ഞുപോയ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ ടയറുകള്‍ ചുട്ടുപഴുത്ത മണലില്‍ മുട്ടുകുത്തിയിരുന്ന് മാന്തിവെളിയിലെടുക്കുമ്പോള്‍ സെയിദിനെക്കുറിച്ചുള്ള ചിന്തകള്‍ എന്റെയുള്ളില്‍ കത്തുകയായിരുന്നു.

സെയിദ്, ആരായിരുന്നു നിനക്കു ഞാന്‍ ? നീയെനിക്ക് ആ‍രായിരുന്നു ? വെറും സഹപ്രവര്‍ത്തരായിരുന്നോ നമ്മള്‍ ? അല്ല. നീയെനിക്ക് മേലുദ്യോഗസ്ഥനായിരുന്നോ ? അതെ. പക്ഷെ വെറുമൊരു മേലുദ്യോഗസ്ഥനായിരുന്നില്ലല്ലോ ? ഉവ്വോ ? അതിനപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ ? ഒരു സുഹൃത്തായിരുന്നു നീ. പക്ഷെ വെറുമൊരു സുഹൃത്തായിരുന്നില്ലല്ലോ ? അതിനപ്പുറമെന്തൊക്കെയോ ആയിരുന്നില്ലേ ?

കള്ളലോഞ്ച് കയറി ഈ മണലാരണ്യത്തിലേക്കെത്തിയ നൂ‍റുകണക്കിന് ഭാഗ്യാന്വേഷികളില്‍ ഒരാള്‍ മാത്രമായിരുന്നില്ലല്ലോ നിനക്ക് ഞാന്‍? സദാ മറവിക്കാരനായിരുന്ന നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല ഓര്‍മ്മയായിരുന്നല്ലോ ? അതെന്തുകൊണ്ടാണെന്ന് എനിക്കൊരിക്കലും ഒരു പിടിയും കിട്ടിയിട്ടില്ല. ഞാന്‍ നിനക്ക് ആരായിരുന്നു ?

കള്ളുകുടിയാണോ നമ്മെ തമ്മില്‍ അടുപ്പിച്ചത് ? അല്ലെന്നും ആണെന്നും പറയാം. എത്രപേരുടെ കൂടെ നീയിരുന്ന് കള്ളുകുടിക്കാറുണ്ട് ? പിന്നെ എനിക്ക് മാത്രമെന്താണ് പ്രത്യേകത ?

ഔദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചോ പത്തോ മിനിറ്റ് വൈകിവന്നാല്‍പ്പോലും മുഖം കറുപ്പിക്കാത്ത നീ, ‘ഹാപ്പി അവര്‍ ‘ കഴിയുന്നതിന് മുന്നേ ബാറില്‍ ഹാജരാകാത്തതിന് എത്ര പ്രാവശ്യം എന്നെ ചീത്തവിളിച്ചിരിക്കുന്നു? എന്നിട്ടാ വിഷമം തീര്‍ക്കാനെന്നും പറഞ്ഞ് എത്ര ബിയര്‍ അധികം കുടിച്ചിരിക്കുന്നു? ബിയര്‍ മാത്രമല്ലേ നീ കുടിക്കൂ. വിലകൂടിയ മറ്റെല്ലാത്തരം മദ്യങ്ങളും ഞാന്‍ കുടിക്കണം. അതുണ്ടാക്കുന്നതുമുതല്‍ കപ്പലുകയറി ബാറുകളില്‍ എത്തുന്നതുവരെയുള്ള ചരിത്രമൊക്കെ പറഞ്ഞുതന്ന് എന്നെ നീയതൊക്കെ കുടിപ്പിച്ചിരുന്നതെന്തിനായിരുന്നു സെയിദ് ? ഒരിക്കല്‍പ്പോലും അതിന്റെ പണം കൊടുക്കാന്‍ എന്നെ അനുവദിക്കാതെ എന്തിനായിരുന്നു നീ അത്രയും മദ്യം എനിക്ക് വാങ്ങിത്തന്നിരുന്നത് ?

‘ഹാപ്പി അവറി‘ല്‍ത്തന്നെ മൊത്തത്തില്‍ കുടിക്കാനുള്ള മദ്യമത്രയും ഓര്‍ഡര്‍ കൊടുക്കുന്ന നിന്നെ കണ്ണുതള്ളി നോക്കുന്ന ബാര്‍ ജീവനക്കാരെ കാണുമ്പോള്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നാറില്ല. നീയെന്നും അങ്ങനെതന്നെ ആയിരുന്നല്ലോ ? കുടിക്കാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് ‘ഹാപ്പി അവറി‘ല്‍ത്തന്നെ ഓര്‍ഡര്‍ ചെയ്താല്‍ ‍, അതുകൊണ്ടുണ്ടാകുന്ന ലാഭം കൊണ്ട് 2 ബിയര്‍ അധികം കുടിക്കാമെന്ന് എന്നെപ്പഠിപ്പിച്ചത് നീയല്ലേ ? ആദ്യത്തെ സിപ്പ് എടുക്കുന്ന മദ്യം കവിളിനകത്തുതന്നെ പിടിച്ചുവെച്ച് മോണയിലും പല്ലുകള്‍ക്കിടയിലും നാക്കിലെ രസമുകുളങ്ങള്‍ക്കിടയിലേക്കുമൊക്കെ കടത്തിവിട്ട് ആ മദ്യത്തുള്ളികളുടെ രുചി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും, ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി, അടുത്തതൊഴിപ്പിച്ച് അതും വലിച്ച് കുടിച്ച് നിലം‌പരിശാകുന്ന മലയാളിയെപ്പോലെ നീയുമാകരുതെന്ന് എന്നോട് മാത്രം പറയാന്‍ ഞാന്‍ നിനക്കാരായിരുന്നു ?

എത്രകുടിച്ചാലും ലക്കുകെട്ട് നിന്നെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നിന്റെ ഒരു നോട്ടം പിഴച്ചിട്ടില്ല. ഒരു കാല് തെന്നിയിട്ടില്ല, നാക്കൊന്ന് കുഴഞ്ഞിട്ടില്ല.

നല്ല ഒന്നാന്തരം തെറിക്കഥകള്‍ നീ പറയാറുള്ളത് കള്ളുകുടിക്കുമ്പോള്‍ മാത്രമല്ലല്ലോ. ഔദ്യോഗികാവശ്യത്തിനായി ഫോണ്‍ ചെയ്യുമ്പോഴും ‘ഹൌ ആര്‍ യു ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ “ ഹൌ ഈസ് യുവര്‍ സെക്സ് ലൈഫ് ? ” എന്നു ചോദിക്കുന്ന എത്ര മേലുദ്യോഗസ്ഥന്മാരുണ്ടാകും ഈ ഭൂലോകത്ത് ? എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം മുതല്‍ക്കേ പെണ്ണിന്റെ ചൂടും ചൂരുമറിഞ്ഞിട്ടുള്ളവനാണ് നീയെന്ന് ഏത് സദസ്സിലും ഉറക്കെ വിളിച്ചുപറയാറുള്ള നിന്നെ ഞാനെന്നും ഒരു അത്ഭുതജീവിയായിട്ടാണ് നോക്കിക്കണ്ടിരുന്നത്. നിന്റെ ഈ തെറിക്കഥകളൊക്കെ ഞാനൊരിക്കല്‍ അച്ചടിച്ചിറക്കുമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആദ്യപ്രതി നിനക്കുതന്നെ തരണമെന്ന് പറയാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാവും ?

നീയെന്നും വ്യത്യസ്ഥനായ ഒരു ബോസ്സായിരുന്നു, സഹപ്രവര്‍ത്തകനായിരുന്നു, സഹമദ്യപാനിയായിരുന്നു, സഹജീവിയായിരുന്നു. എന്നാണ് നിന്നെ ഞാന്‍ അവസാനമായിക്കണ്ടത് ?
എനിക്കോര്‍മ്മയില്ല. എന്റെ കാര്യമായതുകൊണ്ട് നിനക്കോര്‍മ്മ കണ്ടേക്കും.

പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടിപറയാന്‍ നിനക്കിനിയാവില്ലല്ലോ ?

മണല്‍ക്കാറ്റ് ആഞ്ഞുവീശിയ ഇതുപോലൊരു ദിവസം,റോഡ് മുറിച്ച് കടക്കുമ്പോള്‍ നീയെന്തേ ശ്രദ്ധിച്ചില്ല സെയിദ് ? വാരിയെല്ലുകള്‍ നുറുങ്ങി, വലതുകാല്‍ തുടയ്ക്ക് മുകളില്‍ വെച്ച് മുറിച്ചുകളഞ്ഞ നിന്നെ 48 മണിക്കൂറോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ആടിയുലയാന്‍ വിട്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞത് ഞരമ്പുകളില്‍ ചോര കട്ടപിടിക്കാന്‍ പോന്നത്രയും തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു.

നീ പഠിപ്പിച്ചുതന്ന മദ്യപാനരീതികളൊക്കെ അന്ന് ഞാന്‍ കാറ്റില്‍പ്പറത്തി. പല കുപ്പികളുടെ അടിത്തട്ടുകള്‍ ഞാനാ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു. മദ്യലഹരി നാക്കിലും, മോണയിലുമൊക്കെ തങ്ങിനില്‍ക്കാനനുവദിക്കാതെ നേരിട്ട് ഞാനെന്റെ മസ്തിഷ്ക്കത്തിലേക്കെത്തിച്ചു. 48 മണിക്കൂര്‍ സമയം നിന്നെപ്പോലെ ഞാനും ബോധം കെട്ടുകിടക്കുകയായിരുന്നു, നിന്റടുത്തുനിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം.

രാവിലെ എന്റെ കെട്ടിടമാകെ ആടിയുലഞ്ഞു. അമിതമായി മദ്യപിച്ച് കാലുകള്‍ നിലത്തുറയ്ക്കാത്തതുകൊണ്ടോ, സ്വബോധം നഷ്ടപ്പെട്ടതുകൊണ്ടുള്ള തോന്നലോ ആണെന്നാണ് ആദ്യം കരുതിയത്. റിക്‍ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തുന്ന വിധം ഭൂമികുലുങ്ങിയതാണെന്ന് മനസ്സിലാക്കിയത് പത്രവാര്‍ത്തകളിലൂടെയാണ്.

നിന്റെ വാര്‍ത്തകള്‍ പ്രത്യേകിച്ച് ഒന്നും എനിക്കറിയണമെന്നില്ലായിരുന്നു. മരണത്തിനൊന്നും നിന്നെ തോല്‍പ്പിക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ നിന്റെ ആശുപത്രി വിവരമൊന്നും തിരക്കണമെന്ന് എനിക്ക് തോന്നിയതുമില്ല. ഒരുകാലില്ലാതെ ഊന്നുവടിയുടെ സഹായത്താല്‍ നടന്നുവരുന്ന നിന്നെ കാണാതിരിക്കാനായി ഭൂമിയുടെ ഏതെങ്കിലും ആളില്ലാത്ത കോണിലേക്ക് ഓടിപ്പോയി ഒളിവില്‍ ജീവിച്ചാലോ എന്നുമാത്രമാണ് ഞാനാലോചിച്ചിരുന്നത്.

അപ്പോഴാണ് വെള്ളിടി വെട്ടിയത്. ഓഫീസില്‍ നിന്ന് ഫോണ്‍ ‍. നീ പോയെന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും…….

ഞാനിനി എന്താണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് സെയിദ് ? ശൂന്യതയുടെ ഈ തുരുത്തില്‍ മണല്‍ക്കാറ്റടിച്ച് ദിക്കറിയാതെ നില്‍ക്കുന്ന ഞാന്‍ ഏത് ശക്തിയോട് ഏത് ദിശയിലേക്ക് നോക്കിയാണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ?

രാവിലെ ഭൂമികുലുക്കി നീയങ്ങ് കടന്നുപോയി. അതോ നീയെന്നെ മദ്യലഹരിയില്‍ മുങ്ങിയ ഉറക്കത്തില്‍ നിന്ന് കുലുക്കി വിളിക്കുകയായിരുന്നോ ?

“യൂ ബ്ലഡി ടര്‍ക്കി, കം ടു ദ ബാര്‍ ബിഫോര്‍ ദ എന്‍ഡ് ഓഫ് ഹാപ്പി അവര്‍ “ എന്നാണോ നീയപ്പോള്‍ പറഞ്ഞത് ?

എത്ര ശ്രമിച്ചിട്ടും മണലില്‍ പുതഞ്ഞ വാഹനത്തിന്റെ ചക്രങ്ങള്‍ വെളിയിലെടുക്കാനെനിക്കായില്ല. വാഹനവും ചാരി തളര്‍ന്നവശനായി മണലില്‍ ഇരുന്നപ്പോള്‍ ‍, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വലതുകൈയ്യാല്‍ ചൂടുള്ള പൊടിമണല്‍ വാരി കാറ്റിലേക്ക് പറത്തിവിട്ടു.

“കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ? ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ ? അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍”

സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്.