Monthly Archives: August 2009

kartoon

രണ്ട് ആഗ്രഹങ്ങള്‍


പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള ഈയിടെയായിട്ടുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് ഘടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. —————————————————————–

2009 ജൂലായ് 26, ചെറായി ബ്ലോഗേഴ്സ് മീറ്റിന്റെ ഭാഗമായി സജ്ജീവേട്ടന്‍ കാരിക്കേച്ചറുകള്‍ വരയ്ക്കാമെന്ന് ഏറ്റിരിക്കുന്നു. രണ്ട് ദിവസം മുന്നേ സജ്ജീവേട്ടനുമായി ബന്ധപ്പെട്ടു. എത്ര പേപ്പര്‍ വേണം ? എത്ര മാര്‍ക്കര്‍ വേണം ? എന്നൊക്കെ ചോദിച്ചറിഞ്ഞു. പല കടകളിലും 300 gms മാറ്റ് ഫിനിഷ് പേപ്പര്‍ കിട്ടാനില്ല.

“300 gms പേപ്പറാകുമ്പോള്‍ നല്ല കട്ടിയുണ്ടായിരിക്കും. വരക്കപ്പെടുന്നവന് ആ പടം വീട്ടില്‍ കൊണ്ടുപോയി ചുമ്മാ കുത്തി നിര്‍ത്താനാകും. കനം കുറഞ്ഞ പേപ്പറാകുമ്പോള്‍ തളര്‍ന്നൊടിച്ച് കിടക്കും മനോജേ “

കാരിക്കേച്ചര്‍ വരച്ച് കൊടുക്കുന്നതും പോരാഞ്ഞിട്ട് അത് എങ്ങനെ സൌകര്യപ്രദമായി സൂക്ഷിക്കാമെന്ന് വരെയാണ് സജ്ജീവേട്ടന്‍ ചിന്തിക്കുന്നത്. ഫ്രീയായിട്ട് ചിന്ത, ഫ്രീയായിട്ട് കാരിക്കേച്ചര്‍ ‍. വരക്കപ്പെടേണ്ടവര്‍ ചുമ്മാ 2 മിനിറ്റുനേരം നിന്നുകൊടുത്താല്‍ മാത്രം മതി .

നാളിതുവരെ 121 ബ്ലോഗ് പുലികളെ മാത്രം പിടിച്ചിട്ടുള്ള സജ്ജീവേട്ടന്‍ നിന്ന നില്‍പ്പില്‍ 100ല്‍പ്പരം ബ്ലോഗേഴ്സിനെയാണ് 4 മണിക്കൂര്‍ സമയം കൊണ്ട് ചെറായിയില്‍ കാരിക്കേച്ചറാക്കിയത്.

രാവിലെ വഴി തെറ്റി മറ്റൊരു ബീച്ച് റിസോര്‍ട്ടില്‍ ചെന്നുകയറിയ സജ്ജീവേട്ടന്‍ അവിടന്ന് ‘നാട്ടുകാരനെ‘ വിളിച്ച്, പ്രിന്‍സേ എനിക്ക് കാലു്‌ വേദനയുണ്ട്, അധികനേരം നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് എന്നെ വിളിക്കുന്നത്. വഴിയൊക്കെ പറഞ്ഞുകൊടുത്ത് കണ്‍ഫ്യൂഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നില്‍ക്കാതെ നേരിട്ട് ചെന്ന് മീറ്റ് നടക്കുന്ന അമരാവതി റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അങ്ങനെ കാല് വേദന ഉണ്ടെന്ന് പറഞ്ഞ സജ്ജീവേട്ടനാണ് പിന്നെയും മണിക്കൂറുകളോ‍ളം നിന്നനില്‍പ്പില്‍ വരച്ചുകൊണ്ടേയിരുന്നത്.

ഒരുപാട് പുലികള്‍ വരുന്ന സ്ഥലമല്ലേ ?പുലിയൊന്നുമാകാന്‍ പറ്റിയിട്ടില്ലെങ്കിലും കാഴ്ച്ചയില്‍ ഒരു പുലി ലുക്ക് ആയിക്കോട്ടേന്ന് കരുതി, നല്ല പുലി വരയുള്ള ജുബ്ബയൊരെണ്ണം വാടകയ്ക്ക് സംഘടിപ്പിച്ചാണ് ഈയുള്ളവന്‍ മീറ്റിന് ഹാജരായത്.

എന്റെ കാരിക്കേച്ചര്‍ ഊഴമായി. സജ്ജീവേട്ടന്റെ മുന്നില്‍ നിലയുറപ്പിച്ചപ്പോള്‍ കാഴ്ച്ച ചെറുതായൊന്ന് മങ്ങി. എനിക്കങ്ങനെയാണ് നല്ല വിഷമം തോന്നുമ്പോളും സന്തോഷം വരുമ്പോഴും കാഴ്ച്ച മങ്ങും.

പെട്ടെന്ന് കണ്ണടയെടുത്തുമാറ്റാന്‍ സജ്ജീവേട്ടന്‍ പറഞ്ഞു.

“ഇതൊരു മറയാണ് ചേട്ടാ. ഇത് എടുത്ത് മാറ്റിയാല്‍ കണ്ണിലെ നനവ് കൂടെ ചേട്ടന് കാ‍രിക്കേച്ചറില്‍ വരക്കേണ്ടി വരും” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കണ്ണടയെടുത്തുമാറ്റി.

നിമിഷനേരം കൊണ്ട് കാരിക്കേച്ചര്‍ തയ്യാര്‍.


ജീവിതത്തിലാദ്യമായിട്ടായിരിക്കണം സജ്ജീവേട്ടനൊരു നിരക്ഷരന്റെ പടം വരക്കുന്നതെന്നൊക്കെ ചീറ്റിപ്പോയ ഒരു തമാശയൊക്കെ പറഞ്ഞുകൊണ്ട് രംഗം കാലിയാക്കി.

പനമ്പള്ളി നഗറിലുള്ള വീട്ടില്‍ നല്ലൊരു പച്ചക്കറി ഊണിനുള്ള ക്ഷണം തന്നിട്ടാണ് സജ്ജീവേട്ടന്‍ കാറില്‍ക്കയറി യാത്രയായത്.

കുറഞ്ഞ സമയം കൊണ്ട്, ഒന്നോ രണ്ടോ ഫോണ്‍ വിളികളിലൂടെ മനസ്സില്‍ കടന്നുപറ്റിയ ആ വലിയ ശരീരത്തിനകത്ത് അതിനേക്കാള്‍ വലിയ മനസ്സൊരെണ്ണമാണുള്ളതെന്ന് മനസ്സിലാക്കാന്‍ ഏത് നിരക്ഷരനും ഒരു ബുദ്ധിമുട്ടുമില്ല.


രണ്ടാഗ്രഹങ്ങളാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്.

ആഗ്രഹം 1 :- അടുത്ത ജന്മത്തില്‍ സജ്ജീവേട്ടനെപ്പോലെ തടിയുള്ള ഒരാളായി ജീവിച്ചാല്‍ മതി.

ആഗ്രഹം 2:- എന്റെ ആ തടിച്ച ശരീരത്തിനുള്ളില്‍ സജ്ജീവേട്ടന്റെ മനസ്സിന്റെ പത്തിലൊന്നെങ്കിലും വലിപ്പമുള്ള ഒരു മനസ്സുമുണ്ടായിരിക്കണം.

———————————————————
സജീവേട്ടൻ എന്നെ 1 മിനിറ്റ് കൊണ്ട് പടമാക്കി യൂ ട്യൂബിൽ കയറ്റിയത്, ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.