Yearly Archives: 2010

sap3600

പുൽക്കൂട്ടിലെ പ്രതിമകൾ


യൽ‌‌വാസിയായ പത്രോസ് മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന് പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട് ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്.

സ്കൂള്‍ വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നായതുകൊണ്ട് അവര് പുൽ‌ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങൾക്ക് കാര്യം പിടികിട്ടും. ഇനിയുള്ള രണ്ടാഴ്ച്ച അവരെ ആരേയും ഒന്നിനും കൂട്ടുകിട്ടില്ല.

അവർ ഏഴുപേർക്കിടയിൽ അന്യരെപ്പോലെ കുറേ നേരം പുൽക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീർപ്പിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. വൈക്കോൽ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോൾ ബാക്കിവരുന്ന നേർത്ത ചീളുകളിൽ (ഞങ്ങളതിനെ അളി എന്ന് പറയും) ചേർത്തുവെച്ച് പുൽക്കൂടിന്റെ മേൽക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയിൽ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുൽക്കൂട്ടിൽ അവിടവിടെയായി പറിച്ചുനടാൻ പാകത്തിന് തയ്യാറാക്കി, അലങ്കാര ബൾബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുൽക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.

കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുൽക്കൂട്ടിൽ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകൾ സ്ഥാനം പിടിച്ചുതുടങ്ങും. ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകൾക്ക് പുറമേ പുൽക്കൂടിന്റെ മുകളിൽ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാൻ തുടങ്ങും. കുട്ടികൾക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുൽക്കൂട്ടിൽ തിരുപ്പിറവി കഴിഞ്ഞിരിക്കും.

പുൽക്കൂടൊരുക്കി കൃസ്തുമസ്സ് ആഘോഷിക്കുന്ന ആ അവസരത്തിൽ വേണ്ടവണ്ണം പങ്കുചേരാൻ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നിൽക്കും.  ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുൽക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോൾ ഞങ്ങൾക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതിൽ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്.

അവരുടെ വീട്ടിലെ 7 പേർക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുൽക്കൂട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയൽക്കാരായ ഞങ്ങൾക്ക്. അതിന്റെ വിഷമം തീർക്കാൻ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു.

ഞങ്ങളുടെ വീട്ടിലും ഒരു പുൽക്കൂടുണ്ടാക്കുക. പത്രോസ് മാപ്പിളയുടെ വീട്ടിലെ പുൽക്കൂടിനേക്കാൾ കേമമായതുതന്നെ ഒരെണ്ണം. നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളർ പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന ഏർപ്പാട് വീട്ടിൽ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുൽക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.

വീട്ടിൽ പുൽക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോസ് മാപ്പിളയുടെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ തന്നപ്പോൾ ഞങ്ങൾക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോൾ ഒരു പുൽക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള പ്രതിമകൾ ഞങ്ങൾക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളിൽ ഒരിടത്തും ഈ പ്രതിമകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പുൽക്കൂട് പൂർണ്ണമാക്കാമായിരുന്നു.

അടുത്ത ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയിൽ ഞാനതുകണ്ടു. അങ്ങാടിയിൽ കോയാസ്സന്റെ കടയിൽ ഒരു പുൽക്കൂടിന്റെ മുഴുവൻ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. അല്‍പ്പം സങ്കോചത്തോടെ ചെന്ന് വില ചോദിച്ചു.

മെസിഡീസിന്റേയോ, ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമിൽ കൈലിയുടുത്ത് ഒരുത്തൻ ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സൻ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണിൽ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി.

ഒരിക്കൽക്കൂടെ ആ പ്രതിമകളിൽ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുൽക്കൂട്ടിൽ വന്ന് കയറിയാലുള്ള ചിത്രം മനസ്സിൽ സങ്കൽപ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി. ഇനിയാ പ്രതിമകൾ കിട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കുക.

വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സർക്കാർ ശമ്പളത്തിൽ ഒതുങ്ങാൻ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ. അച്ഛൻ നല്ല മൂഡിലിരിക്കുമ്പോൾ പതുക്കെ ചെന്ന് കാര്യം തന്ത്രപൂർവ്വം അവതരിപ്പിച്ചു. ഞങ്ങൾ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോൾ മാത്രം ഞങ്ങൾക്ക് അവരെപ്പോലെ ആഘോഷിക്കാൻ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈൻഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണിൽ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.

നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടെങ്കിലും പ്രതിമകൾ കിട്ടിയില്ലെങ്കിൽ  പുൽക്കൂടുണ്ടാക്കാൻ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങൾ‍.

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാൻ പോകുന്ന ആ പുൽക്കൂ‍ട് ഒരിക്കൽക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തിൽ‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീർ ആരും കണ്ടുകാണാ‍ൻ വഴിയില്ല.

വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിനം പുലർന്നു. രാവിലെ ഉമ്മറത്തെ പടിയിൽ  വന്നിരുന്ന് വൈക്കോൽക്കൂനയിൽ കോഴികൾ ചികയുന്നത് നോക്കിയിരുന്നപ്പോൾ പുൽക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.

ഞെട്ടിപ്പോയി !!

ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുൽക്കൂടിപ്പോൾ‍. ആകെ മാറിമറിഞ്ഞിരിക്കുന്നു! കോയാസ്സന്റെ കടയിൽ ഞാൻ കണ്ട പ്രതിമകളിപ്പോൾ ഞങ്ങളുടെ പുൽക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖമാരും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാൻ മനസ്സിൽക്കണ്ട അതേ സ്ഥാനത്തു തന്നെ.

അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുൽക്കൂടിനെ മോടി പിടിപ്പിച്ച് നിൽക്കുന്നു. ദൈവപുത്രൻ അങ്ങനെ ഞങ്ങളുടെ പുൽക്കൂട്ടിലും പിറന്നിരിക്കുന്നു.
ആർത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല.

ചേച്ചിമാരെ വിവരമറിയിക്കാൻ അകത്തേക്കോടാൻ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ വടക്കേ അറ്റത്ത് അച്ഛനിരിക്കുന്നത് ഞാൻ കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തിൽ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണിൽ ഞാനപ്പോൾ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.