Monthly Archives: February 2010

Kodungallur-temple

മാര്‍ത്തോമ്മാലയം


കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ ഭാഗം 5 ആണിത്.
മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക 1, 2, 3, 4
—————————————————————————-
കൊടുങ്ങലൂരിലെ പ്രസിദ്ധമായ മറ്റൊരു ദേവാലയമാണ്, ചേരമാന്‍ പള്ളിയില്‍ നിന്ന് ഗുരുവായൂര്‍ റൂട്ടില്‍ 2 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രസിദ്ധമായ കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രം. കാവുതീണ്ടലും, കോഴിക്കല്ല് മൂടലും, ഭരണിപ്പാട്ട് അഥവാ തെറിപ്പാട്ടുമൊക്കെയായി കേരളത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള കുരുംബ ഭഗവതി ക്ഷേത്രം എന്ന കൊടുങ്ങലൂരമ്പലത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ നിരവധിയാണ്.

കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രം – ചിത്രത്തിനു്‌ കടപ്പാട് വിക്കിപ്പീഡിയ

പത്തനിക്കടവുള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണകിയെ പ്രതിഷ്ഠിച്ച് ഈ ക്ഷേത്രമുണ്ടാക്കിയത് ചേരന്‍ ചെങ്കുട്ടുവന്‍ എന്ന രാജാവാണ്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് സംഘകാലത്തുണ്ടാക്കിയ ഈ ഭഗവതിക്ഷേത്രം കരുതപ്പെടുന്നത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നു എന്നും ഒരു കേള്‍വിയുണ്ട്. എനിക്കേറ്റവും കൌതുകകരമായിത്തോന്നിയിട്ടുള്ള ഒരു ഭാഷ്യം അതാണ്. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതി ക്ഷേത്രമായി മാറിയെന്ന് പറയുന്നത്, പെരുമ്പാവൂരിനടുത്തുള്ള മറ്റൊരു ജൈനക്ഷേത്രമായ കല്ലില്‍ ഭഗവതി ക്ഷേത്രത്തിന്റെ ആവിര്‍ഭാവമൊക്കെ കണക്കിലെടുത്ത് നോക്കിയാല്‍ നിഷേധിക്കാന്‍ പറ്റാത്ത കാര്യങ്ങളായി കണക്കാക്കേണ്ടി വരും. ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഓരോ വഴികളാണു്‌ തെറിപ്പാട്ടും കാവുതീണ്ടലുമൊക്കെയെന്നുള്ള പറച്ചിലുകള്‍ എത്രത്തോളം വാസ്തവമാണെന്ന് ഉറപ്പൊന്നുമില്ല. കേട്ടുകേള്‍വികള്‍ക്കും ഐതിഹ്യങ്ങള്‍ക്കും നാട്ടുകഥകള്‍ക്കുമിടയില്‍ ഇങ്ങനൊരു കഥ അധികം ആരും കേട്ടിട്ടുണ്ടാവില്ലെന്നുള്ളതാണ് വാസ്തവം.

സമയക്കുറവുകൊണ്ടും രാവിലെ മുതല്‍ മത്സ്യമാംസാദികള്‍ കഴിച്ചിരുന്നതുകൊണ്ടും കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര ഞങ്ങള്‍ ഒഴിവാക്കി.

ഭാരതത്തിലെ ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടില്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മാര്‍ത്തോമ്മാലായത്തിലേക്കായിരുന്നു അടുത്ത യാത്ര. ചേരമാന്‍ മസ്ജിദില്‍ നിന്ന് അഴീക്കോട് ലക്ഷ്യമാക്കി 5 കിലോമീറ്ററോളം യാത്ര ചെയ്താല്‍ മാര്‍ത്തോമ്മാ നഗറില്‍ എത്താം.

മാര്‍ത്തോമ്മാലയം

ഇന്ത്യയിലെ ഇസ്ലാമിന്റെ ആദ്യത്തെ പള്ളി കൊടുങ്ങലൂര്‍ സ്ഥാപിതമായപ്പോള്‍,അതിനുമൊക്കെ മുന്‍പേതന്നെ യേശുവിന്റെ ശിഷ്യരില്‍ ഒരാളായ തോമസ്ലീഹ വന്നിറങ്ങിയതും ഇവിടെത്തന്നെയാണെന്നുള്ളത്, ചരിത്രം മുസരീസിനു്‌ സമ്മാനിച്ച യാദൃശ്ചികതകളില്‍ ഒന്നുമാത്രമായിരിക്കാം.

തോമാശ്ലീഹ – ഒരു രേഖാചിത്രം

ക്രിസ്തുവിന്റെ സന്ദേശവുമായി തോമാശ്ലീഹ കൊടുങ്ങലൂരിലെത്തിയത് എ.ഡി. 52 നവംബര്‍ 21നാണെന്നാണു്‌ കണക്കാക്കപ്പെടുന്നത്. 12 ശിഷ്യന്മാരില്‍ പത്രോസ് , യോഹന്നാന്‍ എന്നിവര്‍ കഴിഞ്ഞാല്‍ തോമശ്ലീഹയുടേതാണു്‌ ഏറ്റവും വിശിഷ്ട വ്യക്തിത്ത്വം എന്നാണു്‌ സുവിശേഷങ്ങളില്‍ . മുസരീസിലാണു്‌ തോമസ്ലീഹ കപ്പലിറങ്ങിയതെന്നും മദ്രാസിലെ മൈലാപ്പൂരില്‍ വെച്ചാണു്‌ തോമസ്ലീഹ മരണമടഞ്ഞതെന്നുമാണു്‌‌ വിശ്വാസം.

തോമാസ്ലീഹയുടെ കടല്‍ യാത്രകളുടെ മാപ്പ്

മുസരീസില്‍ വന്നിറങ്ങുന്ന തോമസ്ലീഹ

കേരളത്തില്‍ തോമാശ്ലീഹ ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചതിന്റെ ഫലമായി ഏഴു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ സമൂഹങ്ങള്‍ ഉണ്ടായി എന്നാണു്‌ വിശ്വസിക്കപ്പെടുന്നത്. ക്രൈസ്തവസഭകള്‍ രൂപം കൊണ്ട 7 സ്ഥലങ്ങളില്‍ ഒന്ന് എന്ന നിലയിലല്ലാതെ, മാര്‍ത്തോമ്മാലയം അടക്കമുള്ള ദേവാലയങ്ങള്‍ തോമാസ്ലീഹ പണികഴിപ്പിച്ചു എന്ന് കണക്കാക്കപ്പെടുന്നില്ല. എന്തായാലും ആ 7 ദേവാലയങ്ങളില്‍ ഒന്ന് കൊടുങ്ങലൂരെ ഈ പള്ളിതന്നെയാണ് എന്നുള്ളതാണ് ഇതിന്റെ പ്രാധാന്യം. പാലയൂര്‍ , കോട്ടക്കാവ്(പറവൂര്‍ ) , കോക്കമംഗലം(ചേര്‍ത്തല), നിരണം(തൃപ്പാലേശ്വരം), കൊല്ലം, നിലയ്ക്കല്‍ , ദേവാലയങ്ങളാണ് മറ്റുള്ള 6 ദേവാലയങ്ങള്‍ .

പള്ളിക്കകത്തുള്ള തോമാസ്ലീഹയുടെ പ്രതിമ

എന്റെ വീട്ടില്‍ നിന്ന് കഷ്ടി 15 മിനിറ്റ് പോയാല്‍ എത്തിച്ചേരാവുന്ന ഇത്രയും പ്രാധാന്യമുള്ളതും പുരാതനവുമായ മാര്‍‍ത്തോമ്മാലയത്തില്‍ എനിക്ക് വരാന്‍ യോഗമുണ്ടായത് ഇന്നുമാത്രം. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ പോകാനുണ്ടായ അവസരം അത്ര വലിയ സംഭവമൊന്നുമല്ല എന്ന തോന്നലാണ് മാര്‍ത്തോമ്മാനഗറില്‍ നില്‍ക്കുമ്പോള്‍ എനിക്കുണ്ടായത്. അതിന് കാരണം മാര്‍ത്തോമ്മാലായത്തിന്റെ മറ്റൊരു സവിശേഷതകൂടെയാണു്‌.

ഇന്ത്യയിലേക്ക് തിരിക്കുന്നതിനു്‌ മുന്‍പ് ഗലീലി തീരത്ത് തോമാസ്ലീഹ

മൈലാപ്പൂരില്‍ വെച്ച് അന്ത്യം സംഭവിച്ച തോമാസ്ലീഹയുടെ അസ്ഥികള്‍ മൂന്നാം നൂറ്റാണ്ടില്‍ ഏദാസായിലേക്ക് കൊണ്ടുപോയെന്ന് കണക്കാക്കപ്പെടുന്നു. മദ്ധ്യശതകത്തില്‍ കുരിശുയുദ്ധം നടക്കുന്നതിനിടയില്‍ തോമാസ്ലീഹയുടെ അസ്ഥികള്‍ ഇറ്റലിയിലേക്കും അവിടെനിന്ന് ഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ‘ഒര്‍ത്തോണ’പട്ടണത്തിലേക്കും കൊണ്ടുപോകപ്പെട്ടു. ആ ദേവാലയത്തില്‍ നിന്ന് 1953ല്‍ കര്‍ദ്ദിനാള്‍ ടിസ്സറങ്ങ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കേരളസന്ദര്‍ശന സമയത്ത് ആ തിരുശേഷിപ്പിന്റെ ഒരു ഭാഗം, അഥവാ തോമാസ്ലീഹയുടെ വലതുകരത്തിന്റെ അസ്ഥി ഇവിടെ കൊണ്ടുവന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാര്‍ത്തോമ്മാലയം തോമാസ്ലീഹയുടെ കേരളത്തിലെ ഖബറിടം കൂടെയാണ്.

അള്‍ത്താരയും അതിനകത്ത് തോമാസ്ലീഹയുടെ അസ്ഥി സൂക്ഷിക്കുന്ന പേടകവും

തോമാസ്ലീഹയുടെ വലതുകരത്തിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അസ്ഥി ഈ ദേവാലയത്തിലുണ്ടെന്ന് ഇത്രയും നാള്‍ എനിക്കറിയില്ലായിരുന്നു. ചേരമാന്‍ മ്യൂസിയത്തിലെ ജോലിക്കാരനാണ് ആ വിവരം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത്. ദേവാലയത്തിന്റെ അള്‍ത്താരയില്‍ ചില്ലുകൊണ്ടുള്ള ഒരു വലിയ ചുമരാണ് കാണുന്നത്. അതിനകത്തെവിടെയെങ്കിലുമായിരിക്കും അസ്ഥി സൂക്ഷിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നി. പുറത്ത് സോവനീര്‍ ഷോപ്പിലെ സ്ത്രീയോട് അതിനെപ്പറ്റി തിരക്കി. അവര്‍ തന്നെയാണ് ആ അള്‍ത്താരയുടെ സൂക്ഷിപ്പുകാരി എന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. കാത്തുനിന്നിരുന്ന കന്യാസ്ത്രീകള്‍ അടക്കമുള്ള 20ല്‍ ത്താഴെ വരുന്ന വിശ്വാസികള്‍ക്കായി അവര്‍ ആ അള്‍ത്താരയുടെ ചില്ല് തുറക്കുകയും ഫോട്ടോഗ്രാഫി അനുവദനീയമല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊണ്ട് അതിനകത്തേക്ക് എല്ലാവരേയും കടക്കാന്‍ അനുവദിക്കുകയും ചെയ്തു. നിരനിരയായി നിന്ന് എല്ലാവരും ആ തിരുശേഷിപ്പിനെ വണങ്ങി. ചിലര്‍ ആ അസ്ഥി ഇട്ടുവെച്ചിരിക്കുന്ന കൊച്ച് ചില്ലുകൂടിനെ കൈതൊട്ട് മുത്തി.

മാര്‍ത്തോമ്മാലയത്തിന്റെ ഉള്‍വശം

മാര്‍ത്തോമ്മാ നഗറില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മറുകര മുനമ്പമാണ്. മുനമ്പം ബീച്ചില്‍ നിന്ന് തുടങ്ങി അഴിമുഖത്തൂടെയൊക്കെ നീങ്ങി കായലിന്റേയും കടലിന്റേയുമൊക്കെ ഭംഗി സഞ്ചാരികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ബോട്ട് സര്‍വ്വീസുകള്‍ വിപുലമായി നടക്കുന്നുണ്ടിപ്പോള്‍ ഇവിടെ.

കായലിലൂടെ വിനോദയാത്ര നടത്തുന്ന ബോട്ടുകളിലൊന്നു്‌

കുറേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ബോട്ടില്‍ വന്നിറങ്ങി, ഒപ്പം രണ്ട് ബസ്സ് നിറയെ നേപ്പാളില്‍ നിന്നുള്ള സഞ്ചാരികളും. മുസരീസ് പദ്ധതി ആവിഷ്ക്കരിക്കപ്പെടുന്നതിന് മുന്നേ തന്നെ തീര്‍ത്ഥാടകരുടെ ബാഹുല്യമാണ് കാണാന്‍ കഴിയുന്നത്. ജലപാതകളിലൂടെ പള്ളിപ്പുറം കോട്ട(ആയക്കോട്ട), കോട്ടപ്പുറം കോട്ട, കോട്ടയില്‍ കോവിലകം, മാര്‍ത്തോമ്മാലയം എന്നീയിടങ്ങളിലേക്ക് യാത്രാസൌകര്യമൊരുക്കിയാല്‍ കാലക്രമേണ മുസരീസിലേക്ക് അല്ലെങ്കില്‍ ക്രാങ്കനൂരെന്ന കൊടുങ്ങലൂരേക്ക് സഞ്ചാരികളുടെ ഒരു വലിയ തള്ളിച്ചതന്നെ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ‘മുസരീസ് ഹെറിറ്റേജ് ‘ എന്ന പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശമാക്കുന്നതും അതുതന്നെയാണ്.

മുസരീസിലെ ഈ യാത്രയ്ക്കായി സ്ഥലകാല ചരിത്രമൊക്കെ ചികയുന്നതിനിടയില്‍ ചെറുപ്പം മുതലേ കൊണ്ടുനടക്കുന്ന ഒരു ചോദ്യത്തിനുത്തരം എനിക്ക് വീണുകിട്ടി. കുട്ടിക്കാലത്ത്‌ സ്ഥിരമായി ഇടപഴകിയിരുന്ന മുഹമ്മദുണ്ണി മാപ്പിളയും , പത്രോസ് മാപ്പിളയും എന്തുകൊണ്ട് മാപ്പിള എന്ന് ചേര്‍ത്ത് വിളിക്കപ്പെടുന്നു? ഒരാള്‍ മുസ്ലീമും മറ്റൊരാള്‍ കൃസ്ത്യാനിയുമാണല്ലോ ? ഒന്നിലധികം കാരണങ്ങള്‍ മനസ്സിലാക്കാനായെങ്കിലും എനിക്കതില്‍ രസകരവും വിശ്വാസയോഗ്യവുമായി തോന്നിയ വിശദീകരണം ഇപ്രകാരമാണു്‌.

ദ്രാവിഡസംസ്ക്കാര കാലത്ത്, ബുദ്ധമതം സ്വീകരിക്കുന്നതിനെ ബുദ്ധമാര്‍ഗ്ഗം ചേരുക അഥവാ ധര്‍മ്മമാര്‍ഗ്ഗം ചേരുക എന്നാണു്‌ പറഞ്ഞിരുന്നത്. പിന്നീട് എല്ലാ മതപരിവര്‍ത്തനങ്ങളും മാര്‍ഗ്ഗം കൂടുക എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അങ്ങിനെ മതം മാറുന്നവരെ മാര്‍ഗ്ഗപ്പിള്ള എന്നും പറയാന്‍ തുടങ്ങി. മാര്‍ഗ്ഗപ്പിള്ള ലോപിച്ച് മാപ്പിള എന്നു്‌ പറയപ്പെടാന്‍ തുടങ്ങിയെന്നാണു്‌ കരുതുന്നത്. കൃസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും ഒരേപോലെ മതപരിവര്‍ത്തനം നടന്നിരുന്ന ഇടമായതുകൊണ്ടാകാം മുസരീസ് ഭാഗത്ത് രണ്ട് തരത്തിലുള്ള മാപ്പിളമാരേയും ധാരാളമായി കാണാന്‍ കഴിയുന്നതെങ്കിലും തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും വടക്കന്‍ ജില്ലകളില്‍ മുസ്ലീങ്ങളുമാണു്‌‌ മാപ്പിള എന്ന പേരില്‍ കൂടുതലായും അറിയപ്പെടുന്നത്. ഇപ്പറഞ്ഞതൊക്കെ കഴിഞ്ഞ കഥകള്‍, അല്ലെങ്കില്‍ മറവിയുടെ താളുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കഥകളാണു്‌. ഈ തലമുറയില്‍ ഇത്തരം വിളികള്‍ തന്നെ ഇല്ലെന്ന് മാത്രമല്ല അതിന്റെ പിന്നിലുള്ള ചരിത്രവും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്‌.

അസ്തമിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കതിരോന്‍ പടിഞ്ഞാറേച്ചക്രവാളത്തില്‍ നിറക്കൂട്ടുകള്‍ വാരിത്തേക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്ക് മുനമ്പത്തുള്ള തറവാട്ടുവീട്ടിലേക്ക് മടങ്ങാനുള്ള സമയമാകുന്നു. അഴീക്കോടുനിന്ന് ‘തുറമുഖം’ മുറിച്ചുകടക്കുന്ന ജങ്കാറില്‍ വാഹനങ്ങള്‍ മുനമ്പത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമുണ്ടിപ്പോള്‍ . മുസരീസിലെ കാഴ്ച്ചകള്‍ തീര്‍ന്നിട്ടില്ല എന്നെനിക്കറിയാം . പക്ഷെ ഒരു ദിവസം ഇത്രയൊക്കെയേ കണ്ടുതീര്‍ക്കാനാവൂ. ചേന്ദമംഗലത്തെ പാലിയം കൊട്ടാരം , പറവൂരിലെ ജ്യൂതപ്പള്ളി എന്നിങ്ങനെ ചരിത്രപ്രാധാന്യമുള്ള ഒരുപാട് വഴികളിലൂടെ ഇനിയും പോകാനുണ്ട്. അധികം വൈകാതെ തന്നെ മുസരീസിലെ ബാക്കിയുള്ള കാഴ്ച്ചകള്‍ ഒന്നൊഴിയാതെ കണ്ടുതീര്‍ക്കണമെന്നും മനസ്സിലാക്കണമെന്നും ഞാന്‍ ഉറപ്പിച്ചിട്ടുള്ളതുതന്നെയാണു്‌.

ചക്രവാളത്തിലെ നിറങ്ങള്‍ നിശയുടെ കറുത്ത തിരശ്ശീലയ്ക്കു പിന്നില്‍ പോയൊളിക്കുന്നതിനു മുന്‍പേ വീടണയണം, അത്താഴത്തിനുശേഷം പെട്ടെന്നുതന്നെ നിദ്രപൂകണം. രണ്ടാം ദിവസമായ നാളെ, തീരദേശപാതയിലൂടെ(N.H.17)വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര അല്‍പ്പം ദൈര്‍ഘ്യമുള്ളതാണ്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.