‘കൊച്ചി മുതല്‍ ഗോവ വരെ യാത്ര ഭാഗങ്ങള്‍ ’ 1, 2, 3, 4, 5, 6. ——————————————————————————–
തലശ്ശേരിയില്‍ നിന്നും കണ്ണൂരേക്കുള്ള റോഡിലൂടെ കാറോടിക്കുമ്പോള്‍ ഞാന്‍ പെട്ടെന്നൊരു പതിനെട്ടുകാരനായി മാറി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഞ്ചിനീയറിങ്ങ് പഠനത്തിനായി കണ്ണൂരിലേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ ,മലബാര്‍ തീരെ കണ്ടിട്ടില്ലാത്തതുകൊണ്ടാകണം, കണ്ണൂര്‍ സെന്‍ട്രന്‍ ജയിലേക്ക് പോകേണ്ടി വന്ന ഒരു ജീവപരന്ത്യം തടവുകാരന്റെ മനോവേദനയാണുണ്ടായിരുന്നതെങ്കില്‍ പഠനമൊക്കെ കഴിഞ്ഞ് മടങ്ങാറായപ്പോഴേക്കും ജീവിതത്തിലെ ഏറ്റവും നല്ല ചില വര്‍ഷങ്ങള്‍ ചിലവഴിച്ച ഒരു നല്ല നാടിനെപ്പിരിയുന്നതിന്റെ വേദനയായി അത് മാറിയിരുന്നു.
സിലബസ്സിലുള്ളതും ഇല്ലാത്തതുമൊക്കെയായ എത്രയെത്ര പാഠങ്ങള്‍ പ്രാക്‍ടിക്കലടക്കം പഠിപ്പിച്ചുതന്ന ചുവന്ന നഗരമേ ഞാനിതാ നിന്നെക്കാണാന്‍ കുടുംബസമേതം വരുന്നു. എന്റെ യൌവ്വനം, എന്റെ ദൌര്‍ബല്യങ്ങൾ, എന്റെ മോഹങ്ങൾ, മോഹഭംഗങ്ങൾ, സ്വപ്നങ്ങൾ, തല്ലുകൊള്ളിത്തരങ്ങൾ, വിവരക്കേടുകൾ… എല്ലാത്തിനും നല്ലൊരളവോളം സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമേ, എന്തെല്ലാം കുറവുകള്‍ ഉണ്ടെന്ന് ആരൊക്കെ പറഞ്ഞാലും നീയെനിക്കെന്നും പ്രിയപ്പെട്ടതുതന്നെ.
കണ്ണൂര്‍ പട്ടണത്തില്‍ മുഴുവനും വാഹനത്തില്‍ കറങ്ങി നടന്നു. ഓരോ മുക്കും മൂലയും മുഴങ്ങോടിക്കാരിക്ക് കാണിച്ചുകൊടുത്തു. ബര്‍ണ്ണശ്ശേരി, താവക്കര, കളക്‍ടറേറ്റ് പരിസരങ്ങൾ, തളാപ്പ്, താണ എന്നീവിടങ്ങളിലൊക്കെ കറങ്ങി നടക്കുമ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്നേ സംഭവിച്ച കാര്യങ്ങളോരോന്നും വള്ളിപുള്ളി വിടാതെ മനസ്സിലൂടെ മിന്നിമാഞ്ഞു. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത് !
ടൌണ്‍ ഹൈസ്ക്കൂള്‍ കാമ്പസ്സില്‍ ഞങ്ങളുടെ ക്ലാസ്സ് മുറികളും, ഓഫീസ് കെട്ടിടവും, ക്രിക്കറ്റ് കളിച്ചിരുന്ന ഗ്രൌണ്ടുമൊക്കെ അതുപോലെ തന്നെ ഇപ്പോഴുമുണ്ട്. കോളേജില്‍ നിന്ന് അല്‍പ്പം വിട്ടുമാറി എസ്സ്. എൻ. പാര്‍ക്കില്‍ നിന്ന് നോക്കിയാല്‍ കാണുന്ന വളരെപ്പഴക്കമുള്ള സംഗീത സിനിമാ തീയറ്ററിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ പരിസരത്തൊക്കെ പടുകൂറ്റന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊങ്ങി വന്നിരിക്കുന്നു. ഞങ്ങള്‍ രാത്രി തങ്ങാന്‍ മുറി ബുക്ക് ചെയ്തിരിക്കുന്ന ബ്ലൂ നൈല്‍ എന്ന ഹോട്ടലും സംഗീത തീയറ്ററിനടുത്തുതന്നെയാണ്.
പയ്യാമ്പലത്ത് ചെന്നപ്പോള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹോസ്റ്റല്‍ കെട്ടിടമാകെ കാട് പിടിച്ച് കിടക്കുന്ന കാഴ്ച്ചയാണ് എതിരേറ്റത്. വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിയടക്കമുള്ള വിനോദങ്ങള്‍ക്ക് ഇടം തന്നിരുന്ന ക്ലിഫ് ഹോട്ടലിന്റെ ഗൌണ്ട്, തൊട്ടടുത്തുള്ള ബതാനിയ കോണ്‍വെന്റിലേക്ക് ഉയരമുള്ള മതില്‍ കെട്ടി ചേര്‍ത്തടച്ചിരിക്കുന്നു. ഉള്ളിലെവിടെയോ ആരോ ഒന്ന് കൊളുത്തിവലിച്ചതുപോലെ തോന്നി.
പഴയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഗേറ്റിന് തൊട്ടടുത്ത് കാണുന്ന എന്റെ 207-)o നമ്പര്‍ മുറിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരവും കാലവുമൊന്നുമില്ലാതെ എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമായിരുന്ന ചില പഴയ ആരവങ്ങളുടെ ഇനിയും കെട്ടടങ്ങാത്ത ഏതെങ്കിലും പ്രതിധ്വനികള്‍ക്കായി ഞാന്‍ കാത് കൂര്‍പ്പിച്ചു. ആ കെട്ടിടത്തില്‍ ഇപ്പോള്‍ ആള്‍ത്താമസമൊന്നും ഇല്ല. കോളേജിന്റെ സ്വന്തം കെട്ടിടവും ഹോസ്റ്റലുമൊക്കെ പറശ്ശിനിക്കടവിലേക്ക് പോകുന്ന വഴിക്കുള്ള ധര്‍മ്മശാല എന്ന സ്ഥലത്താണ്.
ഇരുട്ട് വീഴാന്‍ തുടങ്ങിയെങ്കിലും പയ്യാമ്പലം ബീച്ചില്‍ അല്‍പ്പം നേരം ചിലവഴിക്കാതിരിക്കാന്‍ മനസ്സുവന്നില്ല. എത്രയെത്ര വൈകുന്നേരങ്ങള്‍ ഈ ബീച്ചില്‍ കൈലിയും മാടിക്കുത്തി അങ്ങോട്ടുമിങ്ങോട്ടും കൂട്ടുകാര്‍ക്കൊപ്പം നടന്നിരിക്കുന്നു! അന്ന് ബീച്ച് കുറേക്കൂടെ തുറന്ന് കിടക്കുകയായിരുന്നു. ഇപ്പോള്‍ ബീച്ചിന് മുന്നില്‍ ഒരു ഉദ്യാനമൊക്കെ വന്നിരിക്കുന്നു. അതിനെച്ചുറ്റിവന്ന് വണ്ടി പാര്‍ക്ക് ചെയ്ത് ബീച്ചിലേക്കിറങ്ങി. നേഹയ്ക്ക് സന്തോഷമായി. ഗോവയിലേക്കുള്ള ഈ യാത്രയില്‍ നേഹയുടെ ഏറ്റവും വലിയ സന്തോഷം ബീച്ചിലെ കളികളും വെള്ളത്തിലിറങ്ങി നനയലുമൊക്കെയാണെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. ആ ആഹ്ലാദം തുടങ്ങുന്നത്, അവളുടെ അച്ഛന്‍ കൊല്ലങ്ങള്‍ക്ക് മുന്‍പ് അര്‍മ്മാദിച്ച് നടന്ന പയ്യാമ്പലം ബീച്ചില്‍ നിന്ന് തന്നെയാണെന്നോര്‍ത്തപ്പോള്‍ എനിക്കും അതിയായ സന്തോഷം തോന്നി.
ഇരുട്ടുവീണതോടെ ബീച്ചില്‍ നിന്ന് വാഹനത്തിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ ഷേയ്ക്ക് പരീദിന്റെ നമ്പറിലേക്ക് വിളിച്ചു. അദ്ദേഹം ഫോണെടുത്തു. ഞങ്ങള്‍ ഉടനെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്താമെന്ന് ഏറ്റു.
ഗോവയ്ക്ക് യാത്ര തിരിക്കുമ്പോള്‍ത്തന്നെ മനസ്സില്‍ ഉറപ്പിച്ചിരുന്നതാണ് കണ്ണൂരെത്തുമ്പോള്‍ ഷേയ്ക്ക് പരീദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് കാണണമെന്ന്. കണ്ണൂരിലൊരു ഷേയ്ക്കോ ? ‘അതാരാണപ്പാ‘ എന്ന് അത്ഭുതപ്പെടേണ്ട. ഷേയ്ക്ക് എന്ന് പറഞ്ഞാല്‍ വലിയ ധനവാനായ ഒരു അറബി രാജകുടുംബാംഗം എന്ന് മാത്രമാണല്ലോ നമ്മള്‍ക്കറിയുന്നത്. കണ്ണൂരിലെ ഷേയ്ക്ക് പരീദിന്റെ ധനം അദ്ദേഹത്തിന്റെ വിശാലമായ മനസ്സാണ്. സഹജീവികള്‍ക്ക് അദ്ദേഹം പകര്‍ന്ന് കൊടുക്കുന്ന ആശ്വാസമാണ്, അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ്.
വീടിന്റെ ടെറസ്സില്‍ നിന്ന് താഴേക്ക് വീണ് അരയ്ക്ക് താഴേക്ക് തളര്‍ന്ന അവസ്ഥയിലാണ് ഷേയ്ക്ക് പരീദ്. പക്ഷെ അദ്ദേഹത്തിന്റെ പകുതി ശരീരത്തിന് ബാധിച്ച തളര്‍ച്ച ആ മനസ്സിനെ അല്‍പ്പം പോലും ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആശുപത്രിക്കിടക്കയിലോ വീട്ടിലെ തന്നെ ഏതെങ്കിലും ഒരു കട്ടിലിലോ ഒതുങ്ങുവാന്‍ അദ്ദേഹം തയ്യാറുമല്ല. ഏതെങ്കിലും തരത്തില്‍ തളര്‍ച്ച ബാധിച്ച് കിടക്കുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള മറ്റ് സഹജീവികളെ അദ്ദേഹം തേടിപ്പിടിച്ച് കണ്ടെത്തുന്നു. അവര്‍ക്ക് മനോബലം പകര്‍ന്ന് നല്‍കുന്നു. ചികിത്സയ്ക്കും മറ്റുമായി ധനസഹായം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കുന്നു. ശരീരം തളര്‍ന്ന് പോയവര്‍ക്കായി ലോകത്തെവിടെയെങ്കിലും എന്തെങ്കിലും ചികിത്സ ഉണ്ടെന്നറിഞ്ഞാല്‍ അതിനെപ്പറ്റി അദ്ദേഹം പഠിക്കുന്നു. ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നു. അവരില്‍ പലരേയും ഒരു വാഹനത്തിലില്‍ക്കയറി നേരിട്ടു ചെന്ന് സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഷേയ്ക്ക് പരീദ് എന്നല്ല അദ്ദേഹത്തിന്റെ ശരിയായ പേര്. ആ പേര് ശ്രീ ബാബു ഭരദ്വാജ് മാധ്യമം വാരികയില്‍ എഴുതിയ ‘പ്രവാസിയുടെ വഴിയമ്പലങ്ങള്‍ ‘ എന്ന ലേഖനത്തിലൂടെ കൊടുത്ത പേരാണ്. ഹാറൂണ്‍ എന്ന് പേരുള്ള അദ്ദേഹം ഒരു നുറുങ്ങ് എന്ന പേരില്‍ മലയാളം ബ്ലോഗുലകത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഇപ്പോള്‍ താന്‍ കടന്നുപോകുന്ന ഒരു ഘട്ടം വിധിയാണ് എന്നുപറഞ്ഞ് ഒറ്റയടിക്ക് തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുമുണ്ട്. കട്ടിലില്‍ കൈകള്‍ കുത്തി നിരങ്ങിനീങ്ങി, എഴുന്നേറ്റ് നിന്ന് പ്രത്യേകമായി ഉണ്ടാക്കിയ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന കമ്പ്യൂട്ടറിലൂടെ അദ്ദേഹം ഈ ലോകവുമായി സംവദിക്കുന്നു. അങ്ങനെയുണ്ടാകുന്ന സൌഹൃദങ്ങളിലൂടെ ഒട്ടനവധി പുതിയ സുഹൃത്തുക്കളെ അദ്ദേഹം സൃഷ്ടിക്കുന്നു. അക്കൂട്ടത്തില്‍ ഒരാളാകാനായത് എന്റെ ഭാഗ്യം.
കണ്ണൂര്‍ ‘സിറ്റി‘യിലാണ് ഹാറോണ്‍ ചേട്ടന്റെ(ഞാനങ്ങനെയാണ് അദ്ദേഹത്തെ വിളിക്കാറ്) വീട്. അങ്ങോട്ട് പോകുന്ന വഴിക്ക് തന്നെ അറക്കല്‍ കെട്ടും മ്യൂസിയവുമൊക്കെ കാണാം. ഞാനൊരിക്കല്‍ വിശദമായി അറയ്ക്കലില്‍ കയറി ഇറങ്ങിയിട്ടുള്ളതാണ്. മങ്ങിയ വെളിച്ചത്തില്‍ അറയ്ക്കല്‍ കെട്ടിനരുകിലൂടെ ഞങ്ങള്‍ ഷേക്ക് പരീദിന്റെ വീട്ടിലേക്ക് നീങ്ങി.
ഹാറോണ്‍ ചേട്ടന്റെ അടുത്തുചെന്നിരുന്നാല്‍ നമുക്കനുഭവപ്പെടുന്നത് അരയ്ക്ക് താഴേക്ക് തളര്‍ന്ന ഒരാളുടെ ദയനീയതയല്ല. മറിച്ച്, രണ്ട് കാലില്‍ ഓടിനടക്കുന്ന എനിക്കുള്ളതിനേക്കാള്‍ പോസിറ്റീവ് എനര്‍ജിയാണ് അദ്ദേഹത്തിന്റെ സാമീപ്യം പകര്‍ന്നുതരിക. നരച്ച മുടികള്‍ക്കും താടിരോമത്തിനുമൊക്കെ ഇടയിലൂടെ കാണുന്ന മുഖത്ത് തേജസ്സ് നിറഞ്ഞുനില്‍ക്കുന്നു.
അദ്ദേഹത്തെ പരിചയപ്പെടാനായത് ഒരു വലിയ കാര്യമായിത്തന്നെയാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഉഴിച്ചില്‍ ചികിത്സയുടെ ഭാഗമായി മലപ്പുറത്തുള്ള ഒരു സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആദ്യമായി ഞാനദ്ദേഹത്തെ കാണുന്നത്. അന്നത്തതിനേക്കാള്‍ പ്രസരിപ്പുണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്. അധികം വൈകാതെ തന്നെ പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ അദ്ദേഹത്തിനാകുമെന്ന് എനിക്ക് തോന്നി. സര്‍വ്വശക്തന്‍ അനുഗ്രഹിച്ച് അതങ്ങനെ തന്നെ സംഭവിക്കുമാറാകട്ടെ.
അല്‍പ്പനേരം അദ്ദേഹവുമായി സംസാരിച്ചിരുന്ന്, അത്താഴം കഴിക്കാനുള്ള സ്നേഹപൂര്‍വ്വമുള്ള അദ്ദേഹത്തിന്റെ ക്ഷണം എല്ലാ ആദവോടും കൂടെ നിരസിച്ച് ഞങ്ങള്‍ മടങ്ങി. ഹോട്ടലില്‍ ചെന്നാല്‍ കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നതിന് മുന്നേ അന്നെടുത്ത ഫോട്ടോകള്‍ ഡൌണ്‍ലോഡ് ചെയ്യണം, ക്യാമറകള്‍ ചാര്‍ജ്ജിലിടണം, ഡയറിയില്‍ എന്തെങ്കിലും കുത്തിക്കുറിക്കണം, അങ്ങനെ പ്രാധാന്യമുള്ള ജോലികള്‍ ഒരുപാടുണ്ട്. രാത്രി അധികം വൈകുന്നതിന് മുന്നേ കിടന്നുറങ്ങിയേ പറ്റൂ. ഇനിയുള്ള ദിവസങ്ങളില്‍ നേരം തെറ്റി ഉറങ്ങിയാൽ, അടുത്ത ദിവസം വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തപ്പെടാം. മാളിയേക്കലും , മറിയുമ്മയും, കണ്ണൂര്‍ നഗരത്തിന്റെ പഴയ ഓര്‍മ്മകളുമൊക്കെയായി സംഭവബഹുലമായ ഒരു ദിവസം കൂടെ അങ്ങനെ പൊഴിഞ്ഞുവീണു.
അടുത്ത ദിവസം രാവിലെ ഹോട്ടലില്‍ ചെക്ക് ഔട്ട് ചെയ്ത് നേരേ പോയത് കണ്ണൂര്‍ കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന സെന്റ് ആഞ്ചലോസ് കോട്ടയിലേക്കാണ്. ഗോവയിലേക്കുള്ള യാത്രാമദ്ധ്യേ സമയക്കുറവ് കാരണം തലശ്ശേരി കോട്ടയില്‍ കയറാന്‍ ഞങ്ങള്‍ക്കായില്ലെങ്കിലും ആയക്കോട്ടയ്ക്കും, കോട്ടപ്പുറം കോട്ടയ്ക്കും ശേഷം ഞങ്ങള്‍ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ കോട്ടയാണ് കണ്ണൂര്‍ കോട്ട.
കന്റോണ്‍മെന്റ് ഭാഗത്തുകൂടെയാണ് കോട്ടയിലേക്ക് ചെന്ന് കയറുന്നത്. തണല്‍ വീണ വഴിയിലൂടെ ഞങ്ങള്‍ കോട്ടമതിലിനകത്തേക്ക് കടക്കുമ്പോള്‍ ജവാന്മാര്‍ കോട്ടയുടെ വടക്കേവശത്തുള്ള ക്യാമ്പ് പരിസരങ്ങളിലെ ചപ്പും ചവറുമൊക്കെ തൂത്ത് വൃത്തിയാക്കുന്നുണ്ട്. കോട്ടയുടെ മതില്‍ക്കെട്ടിനകത്ത് കാറ് പാര്‍ക്ക് ചെയ്തപ്പോഴേക്കും മൊബൈല്‍ ഫോണ്‍ ചിലച്ചു. ഹാറോണ്‍ ചേട്ടനാണ് വിളിക്കുന്നത്. ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് അദ്ദേഹം അറിയിച്ചത്.
“മനോജേ ഇന്നലെ വൈകീട്ട്, അറയ്ക്കല്‍ കെട്ടിലെ തമ്പുരാട്ടി വിളക്ക് കളവുപോയി. രാവിലെ അതവിടെ ഉണ്ടായിരുന്നത്രേ ! വൈകീട്ടാണ് കാണാനില്ലെന്ന് മനസ്സിലാക്കിയത്. മനോജിന് അതിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാവുന്ന ഒരാളായതുകൊണ്ട് പെട്ടെന്ന് വിളിച്ചറിയിക്കണമെന്ന് തോന്നി. പൊലീസില്‍ പരാതി പോയിട്ടുണ്ട്. കണ്ടുകിട്ടുമെന്ന് പ്രതീക്ഷിക്കാം. “
ഒരു വെള്ളിടി വെട്ടിയതുപോലെ തോന്നി എനിക്ക്. കേരള ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ആ വിളക്ക് അണഞ്ഞാല്‍ ലോകാവസാനമാണെന്ന് വിശ്വസിച്ചുപോന്നിരുന്നു ഒരുകാലത്ത്. വിളക്ക് അണഞ്ഞിട്ട് കാലം കുറേ ആയെന്ന് മാത്രമല്ല, ഇന്നിപ്പോള്‍ അത് മോഷ്ടിക്കപ്പെട്ടിരിക്കുന്നു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതുകൊണ്ടാകാം അത് കളവ് പോയത്. അറയ്ക്കല്‍ കെട്ടിന്റെ ഭാഗമായ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തിനകത്തെ ഒരു പഴയ കസേരയുടെ കീഴെ വെച്ചിരിക്കുന്ന വിളക്ക് കൈവശപ്പെടുത്താന്‍ മോഷ്ടാവിന് അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിക്കാണില്ല. തമ്പുരാട്ടി വിളക്ക് അതിന്റെ കഥയോടൊപ്പം ചരിത്രത്തിലേക്ക് മറഞ്ഞിരിക്കുന്നു. ഇനിയത് ചിലപ്പോള്‍ പൊതുജനത്തിന് കാണാന്‍ തന്നെ പറ്റിയെന്ന് വരില്ല. ഞാന്‍ കണ്ണൂര്‍ കോട്ടയ്ക്കകത്തേക്ക് നടന്നത് സ്വന്തം വീട്ടിലെ ഒരു ഉരുപ്പിടി കളവുപോയ മനോവിഷമത്തോടെയാണ്.
കേരള ചരിത്രത്തില്‍ ഒരുപാട് പ്രാധാന്യമുള്ള കണ്ണൂര്‍ കോട്ടയുടെ കഥകള്‍ വളരെ ചുരുക്കിപ്പറയണമെങ്കില്‍പ്പോലും ഒരുപാടുണ്ട്. അത്രയ്ക്ക് സംഭവബഹുലമാണ് കോട്ടയുടെ ചരിത്രം. പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, അറയ്ക്കല്‍ രാജവംശവും, ബ്രിട്ടീഷുകാരുമൊക്കെ കോട്ടയുടെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിദ്ധ്യങ്ങളാണ്. കറുത്ത പൊന്നിന് വേണ്ടി യൂറോപ്യര്‍ കേരളത്തില്‍ നടത്തിയ പടയോട്ടത്തിന്റേയും, ആയിരക്കണക്കിന് നായര്‍ പടയാളികളുടേയും മുസ്ലീം പടയാളികളുടേയുമൊക്കെ ചോരവീണ് ചുവന്ന ചരിത്രത്താളുകളുമൊക്കെ കോട്ടയുടെ കഥകളുടെ ഭാഗമാണ്.
പോര്‍ച്ചുഗീസുകാരുടെ വരവോടെ കണ്ണൂര്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായി വളര്‍ന്നുവന്നു. കേരളത്തിലെ മറ്റ് പല കോട്ടകളേയുമെന്നപോലെ പോര്‍ച്ചുഗീസുകാര്‍ തന്നെയാണ് സെന്റ് ആഞ്ചലോസ് കോട്ടയും നിര്‍മ്മിച്ചത്. A.D 16 – 18 നൂറ്റാണ്ടുകളില്‍ കേരളത്തിലെ ഒരു പ്രധാന സൈനികകേന്ദ്രമായിരുന്നു കണ്ണൂര്‍ കോട്ട. അക്കാലത്തെ രാഷ്ട്രീയ പരിതസ്ഥിതികളാലും അറബിക്കടലിന്റെ സാമീപ്യം കൊണ്ടും വളരെ തന്ത്രപ്രധാനമായ ഒരു കോട്ടയാണിത്.
പോര്‍ച്ചുഗീസുകാരുമായി വ്യാപരബന്ധത്തിലേര്‍പ്പെടാന്‍ സന്നദ്ധനായിരുന്ന കോലത്തിരി രാജാവ് അവരെ കണ്ണൂരിലേക്ക് ക്ഷണിക്കുകയും, ഒരു പാണ്ടകശാല പണിയാന്‍ അവര്‍ക്കനുമതി നല്‍കുകയും ചെയ്തു. പോര്‍ച്ചുഗീസ് നാവികനായിരുന്ന പെഡ്രോ അല്‍വാരിസ് കാബ്രാല്‍ A.D 1500ല്‍ പാണ്ടകശാലയ്ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. തുടര്‍ന്ന് ജോദി നോവ എന്ന പോര്‍ച്ചുഗീസുകാരന്‍ 1501 ല്‍ ഒരു ചെറിയ ഫാക്‍ടറി കണ്ണൂരില്‍ സ്ഥാപിച്ചതിനുശേഷം സ്വരാജ്യത്തേക്ക് മടങ്ങി. 1502 – ല്‍ വാസ്ക്കോഡ ഗാമയുടെ രണ്ടാം വരവോടെ പറങ്കികളുമായുള്ള കോലത്തിരിയുടെ വ്യാപാരബന്ധം കുറേക്കൂടെ ദൃഢമായി. കോലത്തിരിയുടെ അനുവാദത്തോടെ വാസ്‌ക്കോഡ ഗാമ പാണ്ടകശാലയ്ക്ക് ചുറ്റും ഒരു സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും അവിടെ 200 പോര്‍ച്ചുഗീസ് ഭടന്മാരെ കാവലിന് ഏര്‍പ്പെടുത്തുകയും ചെയ്തതിന് ശേഷം പോര്‍ച്ചുഗീസിലേക്ക് മടങ്ങി.
A.D 1505 ല്‍ ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയിയായ ഫ്രാന്‍സിസ്ക്കോ ഡ അല്‍മേഡ കണ്ണൂരിലെത്തുകയും പാണ്ടികശ്ശാല ഉണ്ടായിരുന്നയിടത്ത് ഒരു കോട്ടപണിയാന്‍ ആരംഭിക്കുകയും ചെയ്തു. വലിയ ചെങ്കല്ലില്‍ തൃകോണാകൃതിയിലാണ് കോട്ട പണികഴിപ്പിച്ചിരിക്കുന്നത്. കടല്‍ത്തീരത്തെ വലിയ ചെങ്കല്‍പ്പാറയ്ക്ക് മുകളിലാണ് കോട്ട നിലകൊള്ളുന്നത്.
മരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വലിയ കോട്ടവാതിലൂടെ തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നോക്കിയാല്‍ കാണുന്നത് മാപ്പിള ബേ എന്നറിയപ്പെടുന്ന തുറമുഖമാണ്. മത്സ്യബന്ധനബോട്ടുകള്‍ നിരനിരയായി കിടക്കുന്ന മാപ്പിള ബേയ്ക്ക് പുറകിലായി തീരത്ത് കാണുന്നത് അറയ്ക്കല്‍ കെട്ടും പരിസരങ്ങളുമാണ്.
1507 ല്‍ കോട്ട പണി പൂര്‍ത്തിയായപ്പോള്‍ അതിന് സെന്റ് ആഞ്ചലോസ് കോട്ട എന്ന് നാമകരണം നടത്തി. കോട്ടയുടെ വരവോടെ, കണ്ണൂര്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഒരു പ്രധാന സൈനികകേന്ദ്രമായി മാറി. പോര്‍ച്ചുഗീസുകാര്‍ക്കുശേഷം ഡച്ചുകാരും ബ്രിട്ടീഷുകാരും കോട്ടയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചു. 1663 ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ കോട്ട പിടിച്ചടക്കുകയും ചില നവീകരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുമുണ്ടായി.
1772 ല്‍ ഡച്ചുകാര്‍ ഈ കോട്ട 1 ലക്ഷം രൂപയ്ക്ക് അറയ്ക്കല്‍ രാജവംശത്തിന് കൈമാറിയെങ്കിലും 1790 ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചടക്കുകയും കൂറേക്കൂടെ വികസിപ്പിച്ച് മലബാറിലെ ഏറ്റവും വലിയ സൈനികത്താവളമാക്കുകയും ചെയ്തു. പലപ്പോഴായി പറങ്കികളും ലന്തക്കാരും ഇംഗ്ലീഷുകാരുമൊക്കെ കോട്ടയെ വികസിപ്പിച്ചിട്ടുണ്ട്. കോട്ടയിലെ ഓഫീസുകളും ജയിലുമൊക്കെ നിര്‍മ്മിച്ചത് പറങ്കികളാണെങ്കിലും കുതിരലായവും വെടിമരുന്ന് ശാലയുമൊക്കെ നിര്‍മ്മിച്ചത് ലന്തക്കാരാണ്. കരയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിനായി മാപ്പിള ഉള്‍ക്കടലിനേയും അറബിക്കടലിനേയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള കിടങ്ങ്, കിഴക്ക് പടിഞ്ഞാറ് ദിശയിലായി നിര്‍മ്മിച്ചത് പോര്‍ച്ചുഗീസുകാരാണ്. എല്ലാം കൊണ്ടും പോര്‍ച്ചുഗീസ്- ഡച്ച്-ബ്രിട്ടീഷ് വാസ്തുശില്‍പ്പകലകളുടെ ഉത്തമോദാഹരണമാണ് സെന്റ് ആഞ്ചലോസ് കോട്ട.
അതിവിജയമായി മാറിയ തന്റെ രണ്ടാം വരവിന് ശേഷം പോര്‍ച്ചുഗലിലേക്ക് വാസ്ക്കോഡ ഗാമ മടങ്ങുന്നത് 1502 ഡിസംബര്‍ 28നാണ്. കോലത്തിരിയില്‍ നിന്നും അല്‍പ്പം സ്ഥലം ചോദിച്ചുവാങ്ങി അവിടെ കുഴിയെടുത്ത് തന്റെ കൈവശം അപ്പോള്‍ ബാക്കിയുണ്ടായിരുന്ന വെടിമരുന്നും ആയുധങ്ങളും ഗാമ അതില്‍ കുഴിച്ചിട്ടു. ആ സ്ഥലത്തിന് ചുറ്റും മതില്‍ കെട്ടിപ്പൂട്ടി ഭദ്രമാക്കി കാവലേര്‍പ്പെടുത്തി താക്കോല്‍ കോലത്തിരിയെ ഏല്‍പ്പിക്കുകയും ചെയ്തു. 3 വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍മേഡ കോട്ട പണിതത് ഇതേ സ്ഥലത്താകാം എന്നൊരു വ്യാഖ്യാനം കൂടെ ചരിത്രകാരന്മാര്‍ക്കിടയില്‍ ഉണ്ട്. ഈ അനുമാനം ശരിയാണെങ്കില്‍ കോട്ടയ്ക്ക് തറക്കല്ലിട്ടിരിക്കുന്നത് സാക്ഷാല്‍ വാസ്‌ക്കോഡ ഗാമ തന്നെയാണ്.
കൊച്ചിയിലെ ഡച്ച് ഗവര്‍ണ്ണരായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം കുതിരലായത്തിനോട് മുകളിലുള്ള കോട്ടയുടെ വടക്കേ ചുമരില്‍ ഇപ്പോഴും കാണാം. ഫലകത്തില്‍ സൂസന്നയുടെ പ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുമ്പോള്‍ അവര്‍ക്ക് പ്രായം മധുരപ്പതിനേഴ്. 17 വയസ്സ് 7 മാസം 16 ദിവസം. വയനാട്ടിലെ മാനന്തവാടിയിലെ എരുമത്തെരുവിലുള്ള ഇംഗ്ലീഷ് സെമിത്തേരിയില്‍ കണ്ടിട്ടുള്ള ചില ശവക്കല്ലറകള്‍ പെട്ടെന്നെന്റെ മനസ്സിലേക്ക് കടന്നുവന്നു. മലമ്പനിയും കോളറയുമൊക്കെ പിടിപെട്ട് മരിച്ച്, വയനാട്ടിലെ മണ്ണില്‍ വിശ്രമിക്കുന്ന ആ വിദേശികളില്‍ പലരും ഇതുപോലെ ടീനേജേര്‍സ് തന്നെയായിരുന്നു.
യൂറോപ്യന്‍ അധിനിവേശത്തിന്റെ സ്മാരകങ്ങളായി അറബിക്കടലിലേക്ക് നോക്കി നില്‍ക്കുന്ന പീരങ്കികൾ. കൂട്ടം തെറ്റിയതെന്ന് തോന്നിക്കുന്ന ഒരു പീരങ്കി കരമാര്‍ഗ്ഗം കോട്ടവാതില്‍ കടന്ന് വരുന്ന ശത്രുക്കളെ നേരിടാനെന്ന വണ്ണമാണ് ഉറപ്പിച്ചിരിക്കുന്നത്.
എത്രയെത്ര മനുഷ്യന്മാരുടെ രക്തവും മാസവും ചീന്തപ്പെട്ടിരിക്കുന്നു ഈ കോട്ടയ്ക്കകത്ത് ! പലപല കൊടികള്‍ കയറിയിറങ്ങിയ ആ കൊടിമരം എന്തെല്ലാം കാഴ്ച്ചകള്‍ക്ക് ദൃക്‍സാക്ഷിയായിരിക്കുന്നു. ആ പീരങ്കികള്‍ക്കുള്ളില്‍ നിന്ന് കത്തിയിറങ്ങിയ തീയുണ്ടകള്‍ എത്രയെത്ര പടയാളികളുടെ നെഞ്ചകം പിളര്‍ന്നുകാണും ! എത്രയെത്ര കപ്പലുകളെ അത് അറബിക്കടലില്‍ മുക്കിക്കാണും!?
കോളേജ് പഠനകാലത്ത് ഒരിക്കല്‍ മാത്രമേ കോട്ടയില്‍ വരാനെനിക്ക് കഴിഞ്ഞിട്ടുള്ളൂ. കോട്ടയില്‍ പോകാന്‍ പലര്‍ക്കും പേടിയായിരുന്നത് അവിടെ നടന്നിട്ടുള്ള ചില അനിഷ്ടസംഭവങ്ങള്‍ കാരണമായിരിക്കാം. പക്ഷെ ഇന്നിപ്പോള്‍ കോട്ടയ്ക്കകത്ത് ഒരു പൊലീസ് എയ്ഡ് പോസ്റ്റൊക്കെയുണ്ട്. മാത്രമല്ല പോര്‍ച്ചുഗീസുകാരും ഡച്ചുകാരും അറയ്ക്കല്‍ രാജവംശവും ഇംഗ്ലീഷുകാരുമൊക്കെ വളരുന്നതും തളരുന്നതുമൊക്കെ കണ്ടിട്ടുള്ള ഈ കോട്ടയുടെ ഓരോ ചെങ്കല്ലുകളിലും കാലം ഏല്‍പ്പിച്ച പരിക്കുകളൊക്കെ മുറിവെച്ചുകെട്ടിയുണക്കി ആര്‍ക്കിയോളജിക്കാര്‍ കോട്ടയെ നന്നായി സംരക്ഷിച്ചുപോരുന്നുണ്ട് ഇപ്പോൾ.
കുതിരലായങ്ങള്‍ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഇന്‍സ്പെക്‍ടര്‍ ബല്‍റാം എന്ന മമ്മൂട്ടിച്ചിത്രത്തിലെ ക്ലൈമാക്സ് രംഗമാണ്. വില്ലന്റെ കഥ നായകന്‍ അവസാനിപ്പിക്കുന്നത് മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുതിരലായത്തിനകത്തുവെച്ചാണ്.
കോട്ടയ്ക്ക് ഉള്ളില്‍ ഒരു തുരങ്കമുണ്ടെന്നും അത് 21 കിലോമീറ്റര്‍ തെക്കുള്ള തലശ്ശേരിക്കോട്ട വരെ നീളുന്നുണ്ടെന്നുമൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും ഒരു തുരങ്കത്തിന്റെ മുഖഭാഗം പോലും കാണാന്‍ എനിക്കായില്ല. ആയക്കോട്ടയിലും ഒരു തുരങ്കത്തിന്റെ കഥയുണ്ടെങ്കിലും സമുദ്രാന്തര്‍ഭാഗത്തുകൂടെ ഇത്തരം തുരങ്കങ്ങള്‍ ഇവിടെ രണ്ടിടത്തും ഉള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മേല്‍മൂടി നഷ്ടപ്പെട്ട പള്ളി, പീരങ്കിയുണ്ടകൾ, കുതിരലായങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ച്ചകള്‍ക്ക് ശേഷം കോട്ടമതിലിലേക്ക് കെട്ടിയിട്ടുള്ള കൈവരികള്‍ ഒന്നുമില്ലാത്ത പടികളിലൂടെ മുകളിലേക്ക് കയറി കുറേ നേരം കടല്‍ക്കാറ്റേറ്റ് നിന്നു.
തൊട്ടടുത്തുള്ള കന്റോണ്‍മെന്റ് പരിസരത്തിന്റെ നല്ലൊരു കടലോരവീക്ഷണം കോട്ടയ്ക്കകത്തുനിന്ന് കിട്ടും. പട്ടാളക്കാര്‍ പ്രഭാതജോലികള്‍ തീര്‍ത്ത് അവിടവിടെയായി വിശ്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രഭാതസൂര്യന്റെ തഴുകലേറ്റ് കുറേ നേരം കൂടെ അവിടങ്ങനെ നിന്ന്‍ പതിനെട്ടാം വയസ്സിലെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടെ അയവിറക്കണമെന്ന് എനിക്കുണ്ട്. പക്ഷെ ഒരു ചെറിയ പ്രശ്നം. രാവിലെ എഴുന്നേറ്റിട്ട് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. മാത്രമല്ല യാത്ര തുടങ്ങിയിട്ടേയുള്ളൂ. കണ്ണൂരിലെ ചില പ്രധാന സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചതിനുശേഷം വൈകീട്ട് മംഗലാപുരത്ത് എത്തേണ്ടതാണ്.
കോട്ടയില്‍ നിന്നിറങ്ങി കാറില്‍ക്കയറി ഫോര്‍ട്ട് റോഡിലേക്ക് കടന്നു. ഫോര്‍ട്ട് റോഡിലെ കോഫി ഹൌസുകളായിരുന്നു പഠനകാലത്തെ ചില സ്ഥിരം സങ്കേതങ്ങൾ. അവിടുള്ള ചില കസേരകള്‍ക്ക് ഇന്നും ചിലപ്പോള്‍ എന്നെ തിരിച്ചറിയാന്‍ പറ്റിയെന്ന് വരും. രാവിലെ ആയതുകൊണ്ട് റോഡില്‍ വലിയ തിരക്കൊന്നുമില്ല. കാറ് റോഡരുകില്‍ത്തന്നെ പാര്‍ക്ക് ചെയ്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഞങ്ങള്‍ കോഫി ഹൌസിലേക്ക് കയറി.
……തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……


















