Monthly Archives: August 2010

onam_leaf

പിന്നാമ്പുറ ജീവിതങ്ങള്‍


കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബ്ലോഗിലൊക്കെ വരുന്നതിനും ഒരുപാട് മുന്‍പ്….മലയാളത്തില്‍ ഒരു ലേഖനം വായിക്കാനിടയായിട്ടുണ്ട്. കൃഷ്ണ പൂജപ്പുര എന്ന വ്യക്തി ദീപിക ഓണ്‍ലൈനില്‍ എഴുതിയ ആ ലേഖനത്തിന്റെ തലക്കെട്ട് ‘മാവേലി അകലെയാണ് ‘ എന്നായിരുന്നു.

ഒരു ഇടത്തരം ഹോട്ടലില്‍ ഓണസദ്യ കഴിക്കാന്‍ പോയ ലേഖകന്റെ മനസ്സലിയിക്കുന്ന അനുഭവമായിരുന്നു അതില്‍. ഓണസദ്യയൊക്കെ കഴിച്ച് കൈ കഴുകാന്‍ പോയപ്പോള്‍ ആ ഭാഗത്തെവിടെയോ ക്ഷീണിച്ച് അവശനായി നിന്നിരുന്ന അടുക്ക പിന്നാമ്പുറത്തുള്ള ഒരു പാവപ്പെട്ട ജോലിക്കാരന്റെ ആത്മരോദനമായിരുന്നു ആ ലേഖനത്തിന്റെ കാതല്‍.

“ ഓണമായാലും പെരുന്നാളായാലും എന്ത് നാശം പിടിച്ച ആഘോഷമായാലും നടുവൊടിയുന്നത് ഞങ്ങളെപ്പോലുള്ളവരുടേതാണ് സാറേ. നേരെ ചൊവ്വേ ഒന്നുറങ്ങിയിട്ട് ദിവസമെത്രയായെന്ന് അറിയോ? ഈ പാത്രങ്ങളൊക്കെ മോറിവെച്ച് ഒന്ന് നടുനിവര്‍ത്താമെന്ന് കരുതുമ്പോഴേക്കും നേരം വെളുക്കും. പിന്നെ അടുത്ത ദിവസത്തെ കഷ്ടപ്പാടുകള്‍ തുടങ്ങുകയായി. അതിനിടയില്‍ ഒന്ന് ശ്വാസം വിടാന്‍ ഇതുപോലെ എങ്ങോട്ടെങ്കിലും ഒന്ന് മാറി നിന്നാല്‍ ഉടന്‍ മുതലാളിയുടേയോ മാനേജറുടേയോ തെറി അഭിഷേകമായി. ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതിയായിരുന്നു ഈ പണ്ടാറം ആഘോഷമൊക്കെ. ”

മദ്രാസില്‍ ജീവിക്കുന്ന കാലത്ത് ഒരിക്കല്‍ ഹോട്ടലില്‍ ഓണസദ്യ കഴിക്കാന്‍ ഞാനും പോയിട്ടുണ്ട്. അന്ന് ഈ പിന്നാമ്പുറ ജീവിതങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ല. പിന്നീടാണ് മേല്‍പ്പറഞ്ഞ ലേഖനം വായിക്കുന്നത്. അതിനുശേഷം ആഘോഷ ദിവങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ പോയിട്ടില്ല. ഇനി അഥവാ പോകേണ്ടതായി വന്നാല്‍…. ആ പിന്നാമ്പുറത്തുക്കാരെ കാണാതെ ‘ഗൌനിക്കാതെ’ മടങ്ങുകയുമില്ല.

മുന്തിയ ഹോട്ടലുകളില്‍ ഓണസദ്യ കഴിക്കാന്‍ പോകുന്ന മലയാളി സുഹൃത്തുക്കളേ…

ഉരുട്ടി ഉരുട്ടി അകത്താക്കുന്ന ഓണസദ്യയ്ക്കിടയില്‍ ഈ രോദനം കേള്‍ക്കാതെ പോകരുതേ. പറ്റുമെങ്കില്‍ …. വെയ്‌റ്റര്‍ക്ക് കൊടുക്കുന്നതിനൊപ്പം മോശമല്ലാത്ത ഒരു ടിപ്പ് ആ അടുക്കള പിന്നാമ്പുറത്തെ ഒന്നോ രണ്ടോ പാത്രം കഴുകലുകാര്‍ക്കും കൊടുത്തിട്ടേ മടങ്ങാവൂ. എന്നാലേ ഓരോ ഓണസദ്യയും പൂര്‍ണ്ണമാകൂ. ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാകൂ, ഓണം നന്നാകൂ.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.