Monthly Archives: September 2010

varthamanam-2B-2Bweekly-2B-2Bkunjahammadikka

ഒറ്റയാള്‍പ്പട്ടാളം കുഞ്ഞഹമ്മദിക്ക


വർത്തമാനം ആഴ്ച്ചപ്പതിപ്പിൽ ഈ ലേഖനം വന്നപ്പോൾ…

കോളേജ് കാലം മുതല്‍ക്കേ എന്റെയൊരു ഇഷ്ടസങ്കേതമാണ് വയനാട്. 1986 മുതല്‍ കുറേയധികം പ്രാവശ്യം വയനാട്ടില്‍ ചുറ്റിത്തിരിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നിട്ടും കുഞ്ഞഹമ്മദിക്കയെ കാണുന്നതും അറിയുന്നതും ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് മാത്രമാണ്. എങ്ങനാണിപ്പോള്‍ ഈ മനുഷ്യനെ ഒന്ന് അവതരിപ്പിക്കുക എന്ന് പോലും നിശ്ചയമില്ല. വാക്കുകള്‍ തികയാതെ വരും, അക്ഷരങ്ങള്‍ക്കായി ഞാന്‍ വീണ്ടും തപ്പിത്തടയും, നിരക്ഷരത്വത്തിന് ആക്കം കൂടും. എന്നാലും ഒന്ന് ശ്രമിക്കുന്നു; അത്രതന്നെ.

കുഞ്ഞഹമ്മദിക്ക

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെതലയം എന്ന സ്ഥലത്താണ് കുഞ്ഞഹമ്മദിക്കയുടെ വീട്. ഭാര്യയും രണ്ട് പെണ്‍മക്കളും വിവാഹമോചിതയായി നില്‍ക്കുന്ന മൂത്തമകളുടെ കുട്ടിയും അടങ്ങുന്ന 5 അംഗ കുടുംബമാണ് അദ്ദേഹത്തിന്റേതെന്ന് വേണമെങ്കില്‍ ഒറ്റവാചകത്തില്‍ പറഞ്ഞൊതുക്കാം. പക്ഷെ അങ്ങനല്ല കാര്യങ്ങളുടെ കിടപ്പ്; അതല്ല സത്യാവസ്ഥ. ആ ഭാഗത്ത് ചെന്നെത്താന്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളൊക്കെയും കുഞ്ഞഹമ്മദിക്കയുടെ കുടുംബം തന്നെ. അവര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന ഒരാളെ, കൈയ്യില്‍ കിട്ടുന്ന റേഷനരിയടക്കം എല്ലാം അവര്‍ക്ക് വേണ്ടി ചിലവാക്കുന്ന ഒരാളെ പിന്നെങ്ങനാണ് പരിചയപ്പെടുത്തേണ്ടത് !?

റേഷനരിയുടെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍ത്തത്. റേഷന്‍ കാര്‍ഡ് അദ്ദേഹത്തിന്റെ ഭാര്യ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. കുഞ്ഞഹമ്മദിക്ക കാര്‍ഡില്ലാതെ, റേഷന്‍ കടയില്‍ ചെന്നാല്‍ സാധനങ്ങള്‍ കൊടുക്കരുതെന്നും അവര്‍ ശട്ടം കെട്ടിയിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല; ഇങ്ങനൊക്കെ ചെയ്തില്ലെങ്കില്‍ അവരുടെ അടുപ്പില്‍ തീ പുകയില്ല. വീട്ടിലെത്തുന്നതിന് മുന്നേ ഏതെങ്കിലും ആദിവാസി കൂരയിലെ ഒട്ടിയ വയറിന്റെ വിശപ്പടക്കാന്‍ ആ റേഷന്‍ കൊണ്ടുപോയിക്കൊടുത്തെന്ന് വരും കഥാനായകന്‍. പട്ടിണിയായിപ്പോകാതിരിക്കാന്‍ മാത്രം കുഞ്ഞഹമ്മദിക്കയുടെ ബീവിക്ക് റേഷന്‍ കാര്‍ഡ് ഒളിപ്പിച്ച് വെക്കേണ്ടിവരുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാം പൂര്‍ണ്ണപിന്തുണയാണവര്‍ നല്‍കുന്നത്. ഏയ്ഡ്‌സിനെപ്പറ്റിയുള്ള അജ്ഞത കാരണം, ഏയ്‌ഡ് ബാധിച്ച് മരിച്ച ഒരു ആദിവാസിയുടെ ശരീരം മറവുചെയ്ത് കുഞ്ഞഹമ്മദിക്ക മടങ്ങിവന്നപ്പോള്‍, അപ്പോള്‍ മാത്രമാണ്, അവര്‍ കുഞ്ഞഹമ്മദിക്കയുമായി കുറച്ച് ദിവസത്തേക്ക് ഇടഞ്ഞത്. ആദിവാസികള്‍ക്ക് എങ്ങിനെ ഏയ്‌ഡ്സ് വന്നു എന്ന വിഷയം മറ്റൊരിക്കല്‍ പ്രതിപാദിക്കുന്നതാവും അഭികാമ്യം. അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും തീരില്ല.

ആഴ്ച്ചയില്‍ 9 കിലോ അരി റേഷന്‍ കിട്ടും. അതുവാങ്ങാന്‍ 2 ദിവസം മാത്രമേ കുഞ്ഞഹമ്മദിക്ക ജോലി ചെയ്യാറുള്ളൂ. ബാക്കി ദിവസങ്ങളെല്ലാം ആദിവാസികുടുംബങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്. അക്കമിട്ട് നിരത്തിപ്പറഞ്ഞാല്‍ തീരാത്ത അത്രയുമുണ്ട് ആ പ്രവര്‍ത്തനങ്ങള്‍. ഞാന്‍ മനസ്സിലാക്കിയത് അതില്‍ ചിലത് മാത്രം. സുനില്‍ കോടതി ഫൈസല്‍ എന്ന ബ്ലോഗ് സുഹൃത്ത് കാണിച്ചുതന്ന കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുകള്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം അരദിവസമെങ്കിലും വേണം.

റേഷന്‍ കാര്‍ഡ് കൈയ്യിലുണ്ടെങ്കിലേ ആദിവാസികള്‍ക്കായാലും അല്ലാത്തവര്‍ക്കായാലും സൌജന്യ അരിയും ഓണം കിറ്റുമൊക്കെ കിട്ടൂ. റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള എഴുത്തുകുത്തുകളും കടലാസ് ജോലികളും ചെയ്യാന്‍ ആദിവാസികളില്‍ പലര്‍ക്കും അറിയില്ല; അവര്‍ മെനക്കെടാറുമില്ല. കാര്‍ഡുണ്ടാക്കാന്‍ സഹായിക്കുന്നത് കുഞ്ഞഹമ്മദിക്കതന്നെയാണെന്ന് മനസ്സിലാക്കിയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ നേതാക്കന്മാരും രാഷ്ട്രീയക്കാരുമൊക്കെ എവിടാണെന്ന് അത്ഭുതപ്പെടാതെ വയ്യ.

നമ്മളൊക്കെ പറയാറില്ലേ ഇലക്ഷനാകുമ്പോള്‍ വോട്ട് ചോദിക്കാന്‍ ഇപ്പറഞ്ഞവര്‍ ഒക്കെ എല്ലായിടത്തും കയറിയിറങ്ങുമെന്ന് ? പക്ഷെ ഇവിടെ അങ്ങനൊരു കീഴ്‌വഴക്കവും ഇല്ലത്രേ! പഞ്ചായത്ത് ഇലക്ഷന്, അതായത് 4 അല്ലെങ്കില്‍ 5 വോട്ടുകള്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മറിയാന്‍ സാദ്ധ്യതയുള്ള സീറ്റുകള്‍ വരുമ്പോള്‍ മാത്രമേ ഈ ആദിവാസി കുടികളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും പോകാറുള്ളൂ. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ആണല്ലോ ജയിച്ച് കയറിപ്പോകുന്നത്. അങ്ങനാകുമ്പോള്‍ അട്ടകടിയും കൊണ്ട്, ആനയും കടുവയുമൊക്കെ ഇറങ്ങുന്ന കാട്ടിലൂടെ ഇവരുടെ കുടീലൊക്കെ കയറി ഇറങ്ങാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കുണ്ടോ സമയം ?! ആ സ്ഥാനത്താണ് കുഞ്ഞഹമ്മദിക്ക പ്രവര്‍ത്തകനാകുന്നത്, രക്ഷകനാകുന്നത്, ഒറ്റയാള്‍ പട്ടാളമാകുന്നത്. ഇക്കഴിഞ്ഞ ഓണത്തിനും റേഷന്‍‌ കാര്‍ഡില്ലാത്തതുകൊണ്ട് ഓണക്കിറ്റ് കിട്ടാതെ പോയവര്‍ക്ക് ഓണക്കിറ്റ് എത്തിച്ചത് കുഞ്ഞഹമ്മദ് എന്ന വയനാടന്‍ മാവേലിതന്നെയാണ്.

തന്റെ പേരക്കുട്ടിയുടെ പഴയ ഒരു ഉടുപ്പ് ഒരു ആദിവാസി കുട്ടിക്ക് കൊണ്ടുക്കൊടുത്തിട്ട് പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ചെല്ലുമ്പോഴും ആ കുട്ടിക്ക് അതല്ലാതെ മറ്റ് കുപ്പായം ഒന്നുമില്ല എന്ന് കുഞ്ഞഹമ്മദിക്ക വഴി മനസ്സിലാക്കിയതുകൊണ്ടുകൂടെയാണ് മൈന ഉമൈബാനും ഭര്‍ത്താവ് സുനില്‍ കോടതി ഫൈസലും, ആഷ്‌ലിയും(ക്യാപ്റ്റന്‍ ഹാഡോക്ക്) മറ്റ് ബൂലോകരുമൊക്കെ ചേര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് വയനാട്ടില്‍ കുറച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ബത്തേരിയിലെ ആദിവാസി കോളനികളിലെ ആള്‍ക്കാരുടെ പേരും വയസ്സും മറ്റ് വിവരവും കൃത്യവും വ്യക്തവുമായി കുഞ്ഞഹമ്മദിക്കയുടെ ഇടുപ്പിലെ ഡയറിയില്‍ ഉള്ളതുപോലെ മറ്റേതെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ പോലും ഉണ്ടോയെന്ന് കണ്ടുതന്നെ അറിയണം.

ആദിവാസികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അത്തരം യാത്രകള്‍ക്കിടയില്‍ ചമ്പല്‍ക്കാടില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ 2 മുറിമാത്രമുള്ള അദ്ദേഹത്തിന്റെ കൊച്ചുവീടിന്റെ ചുമരില്‍ തൂങ്ങുന്നു. ആദിവാസികള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തീരുന്നില്ല കുഞ്ഞഹമ്മദിക്കയുടെ ജീവിതം.

തന്റെ നാടിന്റെ സദ്‌ഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇക്കഴിഞ്ഞ ഓണത്തിന് തൊട്ടടുത്തുള്ള സ്കൂളിന്റെ പരിസരത്തുനിന്ന് മാത്രം കിട്ടിയ പ്ലാസ്റ്റിക്ക് മദ്യക്കുപ്പികളും വെള്ളക്കുപ്പികളും തൂത്ത് പെറുക്കി കൂട്ടിക്കെട്ടി ഒരു കൂമ്പാരമാക്കി സ്കൂളിന്റെ മുന്നില്‍ത്തന്നെ ഇട്ടിട്ടുണ്ട് അദ്ദേഹം. പ്ലാസ്റ്റിക്കിനെതിരേയും മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവത്വത്തിനെതിരേയുമാണ് ഈ പ്രവൃത്തിയിലൂടെ കുഞ്ഞഹമ്മദിക്കയുടെ ശബ്ദം ഉയരുന്നത്.

ഇക്കഴിഞ്ഞ ഓണാഘോഷത്തിന്റെ ബാക്കിപത്രവുമായി കുഞ്ഞഹമ്മദിക്ക

മുന്‍പ് ഒരിക്കല്‍ ഇതുപോലെ ഹാന്‍സ് അല്ലെങ്കില്‍ മറ്റ് പുകയില ലഹരിവസ്തുക്കള്‍ വരുന്ന പാക്കറ്റുക്കള്‍ പെറുക്കിക്കൂട്ടി, അതെല്ലാം ചേര്‍ത്ത് കുത്തിക്കെട്ടി കുപ്പായമുണ്ടാക്കി അതുമണിഞ്ഞ് കളക്‍ടറേറ്റിന് മുന്നില്‍ ചെന്ന് തന്റെ പ്രതിഷേധ സമരം നടത്തിയിട്ടുണ്ട്. സ്വന്തം വീടിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പ് അടിച്ച് വൃത്തിയാക്കിയിടുന്നത് കുഞ്ഞഹമ്മദിക്ക തന്നെ ആയതുകൊണ്ട് ഹാന്‍സ് പാക്കറ്റുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും കാണില്ലല്ലോ !

പരിസരപ്രദേശത്താകെ പ്രാണിശല്യം. നാട്ടുകാര്‍ക്ക് ആര്‍ക്കും കിടക്കപ്പൊറുതിയില്ല. സര്‍ക്കാറില്‍ നിന്ന് ഒരു നടപടി, ഒരു മരുന്നടി; അതില്‍ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷെ യാതൊരു നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. കുഞ്ഞഹമ്മദിക്ക കുറേയധികം ചാകാത്ത പ്രാണികളെ ഒരു പ്ലാസ്റ്റിക്ക് കൂടയില്‍ ശേഖരിച്ച് കളക്‍ടറേറ്റിലേക്ക് കയറിച്ചെന്നു. കളക്‍ടറെ കാണാനുള്ള അപ്പോയന്റ്മെന്റ് ഇല്ലാത്തതുകൊണ്ട് കയറ്റിവിടില്ലെന്ന് കളക്‍ടറേറ്റുകാര്‍. ഏമ്മാനെ കാണാതെ പോകില്ലെന്ന് കുഞ്ഞഹമ്മദിക്ക. അവസാനം കണ്ടു. ഇപ്പോ ഈ നിമിഷം നടപടിയെടുത്തില്ലെങ്കില്‍ ജീവനുള്ള ഈ പ്രാണികളെയൊക്കെ കളക്‍ടറുടെ ചേമ്പറില്‍ തുറന്ന് വിടുമെന്ന ഭീഷണിക്ക് മുന്നില്‍ കളക്‍ടര്‍ വിരണ്ടു. ഉടന്‍ മരുന്നടിക്കാനുള്ള നിര്‍ദ്ദേശം വന്നു. പ്രാണിശല്യം അവസാനിച്ചു. ഇങ്ങനൊക്കെയുള്ള കാര്യങ്ങള്‍ കക്ഷിരാഷ്ട്രീയ-ഉദ്യോഗസ്ഥ ഭേദമെന്യേ നടപ്പിലാക്കുന്നതുകൊണ്ട് കണ്ടമാനം ശത്രുക്കളേയും കുഞ്ഞഹമ്മദിക്ക സമ്പാദിച്ചുവെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ അദ്ദേഹമുണ്ടോ കാര്യമാക്കുന്നു. ഇടം വലം നോക്കാതെ പോക്കറ്റിന്റെ കനം കുറയുന്നത് നോക്കി ബേജാറാവാതെ കുഞ്ഞഹമ്മദിക്ക തന്റെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കളക്‍ടറേറ്റിന് മുന്നില്‍ എന്തെങ്കിലുമൊക്കെ സമരമുറകളുമായി ഒറ്റയാന്‍ കുഞ്ഞഹമ്മദിക്ക പലവട്ടം നിറഞ്ഞുനിന്നിട്ടുണ്ട്. അതിന്റെയൊക്കെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിട്ടുമുണ്ട്. വാര്‍ത്തകള്‍ പലതും ലോക്കല്‍ എഡിഷനിലായി ഒതുങ്ങിയതുകൊണ്ട്, കുഞ്ഞഹമ്മദിക്ക എന്ന നിര്‍ദ്ധനനായ സാമൂഹ്യപ്രവര്‍ത്തകന്റെ വിവരം വയനാടന്‍ ചുരത്തിനപ്പുറമുള്ള മറ്റ് മലയാളികളിലേക്കെത്താതെ പോകുന്നു. തദ്ദേശത്തെ പല മാദ്ധ്യമങ്ങളും കുഞ്ഞഹമ്മദിക്കയെ ഒരു ആയുധമായി അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ എന്ന രീതിയില്‍ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഉണ്ടായ ഒരു കൊച്ചുസംഭവത്തെ വിരോധാഭാസം എന്നേ പറയാന്‍ പറ്റൂ. ടീവി ചാനലുകള്‍ പലതും പേ ചാനലാക്കി മാറ്റിയതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പ്രതികരിക്കാനാണ് കുഞ്ഞഹമ്മദിക്കയോട് പ്രസ്തുത മാദ്ധ്യമം ആവശ്യപ്പെട്ടത്. സ്വന്തമായിട്ട് ടീവി ഇല്ലാത്ത, ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും കാണാന്‍ പോലും മിനക്കെടാതെ മുഴുവന്‍ സമയം നാടിനുവേണ്ടി അലയുന്ന കുഞ്ഞഹമ്മദിക്കയെ അല്‍പ്പമെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മാദ്ധ്യമക്കാര്‍ അങ്ങനെ പറയില്ലായിരുന്നു.

കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് റേഷന്‍ അരിക്കുള്ളതൊഴിച്ച് ബാക്കിയെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കുന്നതിനിടയില്‍ സ്വന്തം കുടുംബത്തിന്റെ ഉന്നതി അദ്ദേഹം സൌകര്യാര്‍ത്ഥം വിസ്മരിക്കുന്നു. ഭാര്യയും രണ്ടാമത്തെ മകളും ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നുണ്ട്. തുന്നല്‍ ജോലിക്ക് പോകുന്ന മകള്‍ക്ക് സ്വന്തമായി, 3000 രൂപയ്ക്ക് കിട്ടുന്ന ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അത്രയും പണവും കൈയ്യില്‍ വെച്ച് അദ്ദേഹം തുന്നല്‍ മെഷീന്‍ വില്‍ക്കുന്ന കട വരെ എത്തീട്ട് വേണ്ടേ ? അതിനുമുന്നേ ആ പണമൊക്കെയും ഏതെങ്കിലും ആദിവാസി കുടിയിലെ കഞ്ഞിയായി വേവും. അതൊക്കെ വിസ്മരിക്കാം… രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി, ഇപ്പോള്‍ അന്തിയുറങ്ങുന്ന കൊച്ചുവീടും 3 സെന്റ് സ്ഥലവും വില്‍ക്കേണ്ട അവസ്ഥയിലാണ് ഈ മനുഷ്യസ്നേഹി.

ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞഹമ്മദിക്കയുടെ മുന്നില്‍ ചെന്ന് നിന്നപ്പോളും അങ്ങനെ തന്നെയാണ് തോന്നിയത്. അതൊരു മഹാമേരു തന്നെ. അതിന്റെ അടിയിലെവിടെയോ വളരുന്ന പാഴ്ച്ചെടികള്‍ മാത്രമാണ് നമ്മളൊക്കെ. മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ.