Monthly Archives: February 2011

മദ്യപാനശീലങ്ങൾ മാറേണ്ടതുണ്ട്


ww
യിടെ ഒരു ഓൺലൈൻ പത്രത്തിൽ ഒരേ ദിവസം കണ്ട മൂന്ന് വാർത്തകൾ ഒറ്റനോട്ടത്തിൽ ഒരു വാർത്തയേ അല്ലായിരുന്നെങ്കിലും, പിന്നീട് അതെല്ലാം അല്‍പ്പം ഇരുത്തി ചിന്തിപ്പിച്ചു. വാർത്തകൾ ഇങ്ങനെ പോകുന്നു.

വാർത്ത 1:- മദ്യപിച്ച് കോടതിയിൽ ബഹളം വെച്ച യുവാവിന് ഒരു മാസം തടവ്.

വാർത്ത 2:- അമിതമായി മദ്യം കൊടുക്കാത്തതിന്റെ പേരിൽ എയർ‌ഹോസ്റ്റസ്സിനോട് അപമര്യാദയായി പെരുമാറിയവർ അറസ്റ്റിൽ.

വാർത്ത 3:- രണ്ടുമാസം, വാഴച്ചാലിൽ വനം വകുപ്പിന് ലഭിച്ചത് 6000 കുപ്പികൾ. (കുപ്പികളെന്നാൽ നല്ലൊരു ഭാഗം മദ്യക്കുപ്പികൾ തന്നെ.)

മലയാളിയുടെ മദ്യപാനം കുപ്രസിദ്ധമാണ്. ഓരോ ആഘോഷദിവസം കഴിയുമ്പോഴും, ബിവറേജസ് കോർപ്പറേഷനിലൂടെ മലയാളി കുടിച്ച് വറ്റിച്ച മദ്യത്തിന്റെ കണക്ക് നമ്മൾ അഭിമാനപൂർവ്വം പ്രസിദ്ധീകരിക്കാറുള്ളതും സ്ഥിരമായി ഒന്നാം സമ്മാനം ‘കുടി‘ച്ചെടുക്കുന്ന ചാല‘ക്കുടി‘ക്കാരെ നോക്കി മറ്റ് ജില്ലകളിലെ കുടിയന്മാർ അസൂയാലുക്കളാകുന്നതുമൊക്കെ ഒരു വാർത്തയല്ലാതായി മാറിയിരിക്കുന്നു.

കുടിയന്മാർ സർക്കാരിന്റെ ഖജനാവിലേക്ക് നല്ലൊരു തുക മനസ്സറിഞ്ഞ് കുടിച്ച് നൽകുന്നതുകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കി ഇതിനൊരു അറുതി വരുത്താൻ ഒരു ഭരണകൂടവും തയ്യാറാകില്ലെന്നുള്ളത് സ്പഷ്ടമാണ്. അങ്ങനൊരു സമ്പൂർണ്ണ മദ്യനിരോധനം വരുമെങ്കിൽ, വല്ലപ്പോഴുമൊക്കെ ചെറിയ തോതിൽ മദ്യപിക്കുന്ന ഞാനുണ്ടാകും അതിനെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിൽ. മദ്യനിരോധനമൊന്നും കേരളത്തിൽ നടക്കുന്ന കാര്യമല്ലെന്ന് മാത്രമല്ല, അങ്ങനെ എന്തെങ്കിലും സംഭവിച്ചാലും, മദ്യം ഒരുതരത്തിലും അനുവദിക്കാത്ത ഇസ്ലാമിൿ രാജ്യങ്ങളിൽ, തങ്ങളുടെ ഫ്ലാറ്റുകളിൽ യഥേഷ്ടം വാറ്റി കുടിക്കുന്ന മലയാളിക്ക് അതൊന്നും ഒരു വിഷയവുമല്ല.

എങ്കില്‍പ്പിന്നെ അല്‍പ്പമൊന്ന് മാറി ചിന്തിച്ചുകൂടെ ? മദ്യപിച്ചേ പറ്റൂ എന്നുള്ള മലയാളികളെ, മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകാത്ത രീതിയിൽ മദ്യപിക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ബോധവൽക്കരിച്ചുകൂട ?! ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾക്ക് മുന്നിൽ തികഞ്ഞ അച്ചടക്കത്തോടെയും പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടുകൂടെയും ക്യൂ നിന്ന് മദ്യം വാങ്ങി അകത്താക്കുന്ന മലയാളി, മദ്യപിച്ചുകഴിഞ്ഞാൽ എന്തുകൊണ്ട് ഈ മര്യാദയും പരസ്പരബഹുമാനവുമൊക്കെ മറ്റുള്ള സഹജീവികളോട് കാണിക്കുന്നില്ല, സ്വന്തം കുടുംബത്തോട് കാണിക്കുന്നില്ല ?!

മുകളിൽ 3 വാർത്തകൾ നിരത്തിയത് ഇത്രയുമൊക്കെ ഒന്ന് പറഞ്ഞൊപ്പിച്ചെടുക്കാനായിരുന്നു. മദ്യപിച്ച് കോടതിൽ കയറാമെന്നൊക്കെ പറഞ്ഞാൽ തോന്ന്യാസമല്ലേ ? ഒന്നോ രണ്ടോ ന്യായാധിപന്മാർ കാരണം കോടതിയുടെ അന്തസ്സിന് മാർക്കറ്റിൽ അല്‍പ്പസ്വല്‍പ്പം ഇടിവുണ്ടായിട്ടുണ്ടെങ്കിലും അവിടെച്ചെന്ന് ബഹളമുണ്ടാക്കുക എന്നൊക്കെ വെച്ചാൽ ശുദ്ധ തെമ്മാടിത്തരം കൂടെയല്ലേ ? എന്നിട്ടും കോടതി വിധിച്ചതോ ? സുഖമില്ലാത്ത ആളാണെന്നോ മറ്റോ കരുതി ആയിരിക്കും, ഒരു മാസമാണ് തടവിത്തരാൻ ഏർപ്പാടാക്കിയിരിക്കുന്നത്. കൈയ്യിലോ കാലിലോ വേദന വന്നാൽ സ്വന്തം മക്കളോ ഭാര്യയോ പോലും തിരിഞ്ഞു നോക്കാത്ത ഇക്കാലത്താണ് കോടതിയുടെ ഈ ‘തടവ് ’ എന്നത് സ്മരണ വേണം മദ്യപരേ, സ്മരണ വേണം.

വിമാനത്തിൽ കയറുന്നത് തന്നെ മദ്യപിച്ച് കോൺ തിരിയാനാണെന്നാണ് ചില മലയാളികളുടെ വിചാരം. കേറുന്ന സമയം മുതൽ ഇറങ്ങുന്നതുവരെ തലയ്ക്ക് മുകളിലുള്ള സ്വിച്ച് അമർത്തി എയർഹോസ്റ്റസിനെ വിളിച്ച് പെഗ്ഗ് പെഗ്ഗായി ആവശ്യപ്പെടുന്നത് കാണാറുണ്ട്. വിമാനത്തിലെ സഹോദരിമാരാകട്ടെ, ചത്തുപോകും അടുത്ത പെഗ്ഗ് കിട്ടിയില്ലെങ്കിൽ എന്ന് പറഞ്ഞാൽ പോലും ഒരു പരിധിക്കപ്പുറം ഒഴിച്ച് കൊടുക്കാറുമില്ല.

കാട്ടിലും, മേട്ടിലും, നടുറോഡിലും, ഓഫീസിലും, വാഹനത്തിനകത്ത് വാഹനം ഓടിച്ചും, ബീച്ചിലും, എന്നിങ്ങനെ പറ്റുന്ന എല്ലാ സ്ഥലങ്ങളിലിരുന്നും മദ്യപിക്കുക എന്നത് അത്ര നല്ല ശീലമൊന്നുമല്ല. പ്രത്യേകിച്ചും അതുകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകളും ജീവഹാനി വരെയും ഉണ്ടാകും എന്ന അവസ്ഥ വരുമ്പോൾ. നല്ല ശീലമല്ലെങ്കിൽ പിന്നെന്തുചെയ്യും ? എന്താണ് ‘നല്ല‘ മദ്യപാനശീലങ്ങൾ എന്ന് ആരെങ്കിലും പറഞ്ഞുകൊടുത്താലല്ലേ മനസ്സിലാക്കാൻ പറ്റൂ. എനിക്കറിയുന്ന ചില ‘നല്ല‘ മദ്യപാനശീലങ്ങൾ ഞാൻ പറഞ്ഞുതരാം. അതിനുമുൻപ് ഒരു അറിയിപ്പ്. ജീവിതത്തിൽ ഇന്നേ വരെ മദ്യപിക്കാത്തവർ, പ്രായപൂർത്തി ആകാത്തവർ, മദ്യപിക്കണമെന്ന ആഗ്രഹം ഇതുവരെ മനസ്സിലോ മാനത്തോ പോലും തോന്നാത്തവർ, മദ്യപാനത്തെ എല്ലാത്തരത്തിലും വെറുക്കുന്ന സ്ത്രീകൾ എന്നിവരൊക്കെ ഈ ലേഖനം വായിക്കുന്നത് ഇവിടെ വെച്ച് അവസാനിപ്പിക്കണം. ഇത്, മോശമായ രീതിയിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് മാത്രമായുള്ള മദ്യോപദേശങ്ങളാണ്. ഇത് വായിച്ച് രസം പിടിച്ച് ഇത്രയ്ക്ക് കേമൻ സാധനമാണോ ഇതെന്ന് വെളിപാടുണ്ടായി, മദ്യപാനം തുടങ്ങിക്കളയാമെന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാൽ, ആ കുറ്റത്തിന് ലേഖകനോ പ്രസാധകരോ ഉത്തരവാദികളല്ല. മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ഗുരുദേവന്റെ ആഹ്വാനം വെള്ളാപ്പള്ളി നടേശൻ കേട്ടില്ലെങ്കിലും നിങ്ങൾ ഓരൊരുത്തരും കേൾക്കണം അനുസരിക്കണം.

ഇനി വിഷയത്തിലേക്ക് കടക്കാം. എന്തൊക്കെയാണ് ആവറേജ് മലയാളിയുടെ മദ്യപാന ശീലങ്ങൾ ?

1. നേരവും കാലവും നോക്കാതെ കുടിക്കുക എന്നതാണ് അതിൽ പ്രധാനം. അത് ആദ്യമേ തന്നെ ഉപേക്ഷിക്കുക. ജോലിയെല്ലാം തീർത്തിട്ടുള്ള സമയത്ത് മദ്യപിക്കുക എന്നത് ഒരു പോളിസി ആക്കി മാറ്റുക. ജോലിക്കിടയിൽ മദ്യപിക്കുന്നത് ജോലിയുടെ കൃത്യത നഷ്ടപ്പെടുത്തും. ജോലിയിൽ പിഴവുകൾ സംഭവിക്കും. ജോലി തന്നെ ഇല്ലാതായെന്നും വരും. ‘കുടിച്ചുകൊണ്ടേ ഓഫീസിൽ വരൂ‘ എന്ന ചീത്തപ്പേരൊന്നും പലർക്കും വിഷയമല്ലാത്തതുകൊണ്ട് അക്കാര്യം പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കുന്നില്ല.

2. പൊതുസ്ഥലങ്ങളിൽ ഇരുന്നുള്ള മദ്യപാനം ഒഴിവാക്കുക. പൊതുസ്ഥലങ്ങൾ കുടിയന്മാരെപ്പോലെ കുടിക്കാത്തവർക്കും അവകാശപ്പെട്ടതാണ്. ഇപ്പറയുന്ന കൂട്ടത്തിൽ കോടതി, പാടവരമ്പ്, കലുങ്ക്, ബീച്ച്, തുടങ്ങിയ എല്ലാ സ്ഥലങ്ങളും പെടും.

3. അമിതമായി മദ്യപിക്കാതിരിക്കുക. കഴിക്കുന്ന മദ്യത്തിന്റെ രുചിയും അതിൽ നിന്ന് കിട്ടുന്ന ലഹരിയും ആസ്വദിക്കാൻ പറ്റണമെങ്കിൽ അമിതമദ്യപാനം പാടില്ല. ഒരു ചെറു ലഹരിയും മുഴുവനായി മറയാത്ത ബോധവുമായി കിടന്നുറങ്ങുന്നതിന്റെ സുഖം അബോധാവസ്ഥയിൽ കിട്ടില്ല എന്നുമാത്രമല്ല, അബോധാവസ്ഥയിലേക്ക് കടന്നാൽ പിന്നെ കുടിക്കുന്ന മദ്യത്തിനായി ചിലവാക്കുന്ന ജോർജ്ജൂട്ടി പോലും നഷ്ടക്കണക്കാണ്.

4. വാള് വെക്കുന്ന വരെ കുടിക്കുക എന്ന ശീലം ഒഴിവാക്കുക. കുടിക്കുന്ന മദ്യം ശരീരത്തിന് താങ്ങാവുന്നതിലും അധികമായതുകൊണ്ടാണ് പലരും വാളുവെക്കുന്നത്. വാള് വെച്ച് കളയുന്നതിനും ഭേദം അത്രയും മദ്യം അടുത്ത ദിവസം കുടിക്കുന്നതല്ലേ ? പണം മിച്ചം ലഹരി മെച്ചം ! മാത്രമല്ല വാള് വെച്ച് ബോധമില്ലാതെ ഓടയിലൊക്കെ കിടന്നാൽ അതിന്റെ പടമൊക്കെ വല്ലവന്മാരുമൊക്കെ എടുത്ത് ‘കേരളത്തിലെ വിവിധയിനം പാമ്പുകൾ‘ എന്ന ലേഖന പരമ്പര തുടങ്ങിക്കളയും.

5. ആരെയെങ്കിലും തെറിവിളിക്കാനോ കൈയ്യേറ്റം ചെയ്യാനോ ഉള്ള ധൈര്യം സംഭരിക്കാനാൻ വേണ്ടി കരുതിക്കൂട്ടി ഉറപ്പിച്ചാണ് മദ്യപിക്കുന്നതെങ്കിൽ പോലും അമിതമായി മദ്യപിക്കരുത്. തെറി കേൾക്കുന്നവന് കാര്യം മനസ്സിലാകാൻ പാകത്തിന് അല്‍പ്പം മണം അടിപ്പിക്കുന്ന തരത്തിലുള്ള മദ്യപാനം പാടുള്ളൂ. ബാക്കിയൊക്കെ സ്വല്‍പ്പം അകത്ത് ചെന്നാൽ അഭിനയിപ്പിച്ച് ഫലിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ മിതമായി മദ്യപിച്ച് തെറിവിളികുക, കൈയ്യേറ്റം ചെയ്യുക എന്നതുകൊണ്ട് ഒരു ഗുണമുണ്ട്. കൈയ്യേറ്റം ചെയ്യപ്പെടുന്നവൻ മദ്യപനേക്കാൾ ആരോഗ്യമുള്ളവനാകുകയും കൈയ്യേറ്റം മദ്യപന് നേർക്ക് ആകുകയും ചെയ്താൽ ഓടി രക്ഷപ്പെടാനുള്ള പഴുത് ഉണ്ടായിരിക്കും. കാലുറയ്ക്കുന്നില്ല എങ്കിൽ ഓടാനാവില്ലല്ലോ ?

6. മദ്യപിച്ച് വീട്ടിൽ ചെന്ന് ഭാര്യയേയും മക്കളേയും എടുത്തിട്ട് പൊതിക്കുന്ന ശീലമുണ്ടെങ്കിൽ അതും അവസാനിപ്പിക്കുക. മിതമായ തോതിലാണ് മദ്യപാനമെങ്കിൽ വീട്ടിലിരുന്ന് തന്നെ മദ്യപിക്കാനും ടച്ചിങ്ങ്‌സായി അച്ചാർ, മിക്ച്ചർ, മുട്ട ചിക്കി വറുത്തത് എന്നീ സാധനങ്ങൾ ഭാര്യ തന്നെ അടുക്കളയിൽ ഉണ്ടാക്കിത്തന്നെന്ന് വരും. എത്ര സന്തുഷ്ടമായ മദ്യപാനകുടുംബം അല്ലേ ? ആലോചിച്ചിട്ട് തന്നെ രോമാഞ്ചം വരുന്നില്ലേ ?

7. ഇനി പറയാൻ പോകുന്നത് പലർക്കും തീരെ ദഹിച്ചെന്ന് വരില്ല. എന്നാലും ശ്രമിച്ച് നോക്കൂ. പറ്റുമെങ്കിൽ ഭക്ഷണത്തിനുശേഷം മദ്യപിക്കുക. അതുകൊണ്ട് പലഗുണങ്ങളുണ്ട്. ഭക്ഷണത്തിന് മുന്നേ, അതായത് ഒഴിഞ്ഞ വയറിൽ കുടിക്കുന്നതുകൊണ്ടാണ് പലരും പെട്ടെന്ന് ഓഫായി പോകുന്നത്. നിറഞ്ഞ വയറ്റിൽ അധികം മദ്യപിക്കാൻ പറ്റില്ല എന്നതാണ് ഒരു ഗുണം. മറ്റൊന്ന് വയറ്റിൽ ഭക്ഷണം എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് ഓഫായി പോകില്ല. വീട്ടിലിരുന്ന് മദ്യപിക്കുന്നവരാണെങ്കിൽ, പ്രത്യേകിച്ചും ഒത്തുചേരലുകൾക്കും മറ്റുമായുള്ള മദ്യപാനമാണെങ്കിൽ ഭക്ഷണം കഴിച്ചുള്ള മദ്യപാനം വീട്ടിലുള്ള സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കും. നിങ്ങൾ ആൺപ്രജകൾ ഭക്ഷണം കഴിച്ചിട്ട് വേണമല്ലോ ഭാരത നാരിക്ക് നിങ്ങളുടെ ബാക്കിവന്ന ഭക്ഷണവും കഴിച്ച്, പാത്രവും കഴികിവെച്ച് കിടന്നുറങ്ങാൻ. നിങ്ങൾ ആദ്യമേ ഭക്ഷണം കഴിച്ചാൽ സ്ത്രീകൾക്ക് അങ്ങനെയുള്ള ജോലികൾ ഒക്കെ തീർത്ത് വെടിവട്ടം പറഞ്ഞിരിക്കാനോ കിടന്നുറങ്ങാനോ ആകും. ഇതിനൊക്കെ പുറമേ ഭക്ഷണം എല്ലാവരും കഴിക്കും എന്ന ഗുണവും ഉണ്ട്. ചിലർ മദ്യപിച്ച് ഓഫായി പോകുന്നതുകൊണ്ട് പിന്നെ ഭക്ഷണം കഴിക്കൽ ഉണ്ടാകില്ല. ഭക്ഷണം വേസ്റ്റ് ആകുമെന്ന് മാത്രമല്ല, മദ്യം മാത്രം അകത്താക്കിയുള്ള നിങ്ങളുടെ ഓഫാകൽ ആരോഗ്യത്തിനെ കൂടുതൽ ഹാനികരമാക്കും.

8. എങ്ങിനെ ആസ്വദിച്ച് രുചിയറിഞ്ഞ് മദ്യപിക്കാം എന്നതാണ് ഇനി പറയാൻ പോകുന്നത്. മദ്യപിക്കാൻ തുടങ്ങുന്നതിന് മുന്നായി എന്താണ് കഴിക്കാൻ പോകുന്ന മദ്യം എന്നത് മനസ്സിലാക്കാൻ ശ്രമിക്കുക. ചവർപ്പും രൂക്ഷഗന്ധവും പൊള്ളലുമൊക്കെയുള്ള ഈ സാധനം ലഹരി കിട്ടാൻ വേണ്ടി മാത്രം മൂക്കടച്ചുപിടിച്ച് അകത്താക്കുന്ന രീതി ഉപേക്ഷിക്കുക. ഒരു ചെറിയ കവിൾ എടുത്തതിനുശേഷം വായിലിട്ട് അതിനെ ചെറുതായി വായിലാകെ പടർത്തുക(Rinse). നാവിലെ രസമുകുളങ്ങളിലൂടെയും മോണയിലെ വിടവുകളിലൂടെയുമൊക്കെ അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടട്ടെ. അതിനുശേഷം മെല്ലെ മെല്ലെ കുടിച്ച് തീർക്കാൻ ശ്രമിക്കുക. ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തടിക്കുന്ന സ്ഥിരം ശൈലി അവസാനമായി ക്യാമറയിൽ പകർത്തി യൂ ട്യൂബിൽ ഇട്ട് ഇടയ്ക്കിടയ്ക്ക് ഇരുന്ന് കണ്ട് ആസ്വദിച്ചാൽ മാത്രം മതി. ഇങ്ങനെ റിൻസ് ചെയ്ത് കഴിക്കുന്നതുമൂലം കഴിക്കുന്ന മദ്യത്തിന്റെ രുചി മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിവരും. വ്യാജനാണെന്ന് പോലും മനസ്സിലാക്കാനുള്ള കഴിവ് കിട്ടിയാൽ ജീവൻ തന്നെ രക്ഷിക്കാൻ കുടിയന്മാർക്ക് പറ്റിയെന്ന് വരും.തുടർന്നുള്ള ദിവസങ്ങളിലും മദ്യപിക്കാം എന്നുള്ളത് സന്തോഷമുള്ള കാര്യമല്ലേ ?

9. സ്ഥിരമദ്യപാനികൾ ആണെങ്കിൽ ഒരാഴ്ച്ച മദ്യം കഴിക്കാതെ ഇരുന്ന് നോക്കുക. പറ്റുന്നില്ലെങ്കിൽ രണ്ട് ദിവസമെങ്കിലും ശ്രമിക്കുക. പിന്നീട് മദ്യം കഴിക്കുന്ന ദിവസം നിങ്ങൾക്ക് അതിന്റെ രുചി കൂടുതലായി അനുഭവപ്പെടും. ഈ ശ്രമം വിജയിച്ചാൽ രണ്ടാഴ്ച്ച, ഒരുമാസം എന്ന തോതിൽ ഈ പരീക്ഷണം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുക. മത ആരാധനാപരമായ ഒരു നോമ്പ് പോലുള്ള കാര്യത്തിനാണെന്ന് കരുതി ഒരിക്കലെങ്കിലും ശ്രമിച്ച് നോക്കുക. പലപ്പോഴായി ഇത് ശ്രമിച്ച് വിജയിച്ചാൽ. 6 മാസത്തേക്ക് ഒരു കൊല്ലത്തേക്ക് എന്ന തോതിൽ നിങ്ങൾക്ക് മദ്യപിക്കാതെ ഇരിക്കാൻ പറ്റിയെന്നും വരും. മദ്യപാനം നിറുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹം ഉണ്ടായിട്ടും അതിന് അടിമ ആയിപ്പോയതിന്റെ പേരിൽ മദ്യപാനം നിറുത്താനാകാതെ പോകുന്ന ഒരാൾക്കെങ്കിലും ചിലപ്പോൾ ഈ മാർഗ്ഗം ഫലപ്രദമായെന്ന് വരും. മദ്യപാനം നിറുത്തി പരീക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ മദ്യത്തിന്റെ തോത് കുറച്ച് കുറച്ച് കൊണ്ടുവന്ന് ശ്രമിക്കാം.

10. മദ്യപിക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകാതിരിക്കുകയും സ്വയം അപഹാസ്യനാകുകയും ചെയ്യാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. മദ്യപിച്ചാൽ വയറ്റിൽ കിടക്കണം എന്ന് കേട്ടിട്ടില്ലേ ? മദ്യം അകത്തുചെന്നതുകൊണ്ടുള്ള സ്വഭാവ വ്യതിയാനങ്ങൾ വെളിയിൽ കാണിക്കരുത് എന്നാണ് അതിനർത്ഥം.

11. മദ്യപിച്ചുകൊണ്ട് ഒരിക്കലും വാഹനം ഓടിക്കരുത്. നിങ്ങൾക്ക് മദ്യപിച്ച് ജീവിതം ആസ്വദിക്കാനുള്ള അവകാശം ഉണ്ടെന്നതുപോലെ തന്നെ, അപകടങ്ങളിൽ ഒന്നും പെടാതെ നല്ല രീതിയിൽ ജീവിച്ചുപോകാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട്.

എനിക്കറിയാവുന്ന ചില മദ്യപാനശീലങ്ങൾ മാത്രമാണിത്. ഇക്കൂട്ടത്തിൽ നിങ്ങൾക്കെന്തെങ്കിലും ചേർക്കാനുണ്ടെങ്കിൽ അതുകൂടെ ചേർത്ത് മര്യാദയ്ക്ക് മദ്യപിക്കുന്നത് ഒരു ശീലമാക്കൂ. മദ്യം ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിലും മാന്യനായ ഒരു മദ്യപാനി ആകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നാട്ടുകാർക്കും എല്ലാം ഗുണകരമാകും. അവനവന് ആത്മസുഖത്തിനായ് ചെയ്യുന്നത് അപരന്…. സുഖമൊന്നും ഉണ്ടാക്കിക്കൊടുത്തില്ലെങ്കിലും ശല്യമായി മാറാതെ നോക്കാമല്ലോ ?