Monthly Archives: April 2011

mani-2B-2Bblogana-2B-2B1

മണി ഇപ്പോളും പട്ടിണിയിലാണ്


ഈ ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബ്ലോഗന കോളത്തിൽ പ്രസിദ്ധീകരിച്ചതിന്റെ ഇമേജുകളാണ് താഴെ. ബ്ലോഗന വായിച്ചിട്ടെങ്കിലും ഏതെങ്കിലും സിനിമാക്കാർ വഴി മണിക്ക് സഹായം കിട്ടിയാൽ,  ഈ ലേഖനം ലക്ഷ്യം കണ്ടതായി ഞാൻ സന്തോഷിക്കും.

ണ്ടുദിവസം മുൻപ് ചെതലയത്തുനിന്ന് കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു. പരിചയപ്പെട്ടതിനുശേഷം ഇടയ്ക്കിടയ്ക്ക് കുഞ്ഞഹമ്മദിക്ക വിളിക്കാറുണ്ട്. മിസ്സ്ഡ് കാൾ തന്നാൽ മതിയെന്ന് ഞാനങ്ങോട്ട് പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരു പ്രാവശ്യം അടിച്ച് നിൽക്കുന്ന വിളികൾ മിക്കവാറും കുഞ്ഞഹമ്മദിക്കയുടേത് തന്നെയായിരിക്കും. തിരിച്ച് വിളിച്ചാൽ, അവസാനം സംസാരിച്ച ദിവസം മുതൽ ഇന്നുവരേയ്ക്കുള്ള കാര്യങ്ങൾ, വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ചെതലയത്തേയും ബത്തേരിയിലേയുമൊക്കെ മറ്റുവിശേഷങ്ങൾ, എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞ് കേൾപ്പിക്കും. ആദിവാസികളുടെ കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ആരും തിരിഞ്ഞ് നോക്കാനില്ലാത്തവന്റെ കദനകഥകൾ, അങ്ങനെയങ്ങനെ കേട്ടുനിൽക്കുന്നവന്റെ ഉള്ള് പൊള്ളുന്ന കാര്യങ്ങളായിരിക്കും കൂടുതലും പറയാനുണ്ടാകുക.

ഇപ്രാവശ്യം വിളിച്ചപ്പോൾ പറഞ്ഞത്, 2011 ഏപ്രിൽ 23 ലക്കം മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് വാങ്ങി, അതിൽ മണിയെപ്പറ്റി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് എഴുതിയ ലേഖനം വായിക്കണമെന്നാണ്. ചെതലയത്ത് ചെല്ലുമ്പോളൊക്കെ മണിയുടെ കാര്യം കുഞ്ഞഹമ്മദിക്ക പറയാറുള്ളതാണ്. അതുകൊണ്ട്, ഏത് മണി എന്ന കാര്യത്തിൽ ലവലേശം സംശയം എനിക്കില്ല. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ അഭിനയിച്ച് ബാലനടനുള്ള അവാർഡ് വാങ്ങിയ, താത്തൂർ പണിയ കോളനിക്കാരനായ മണിയുടെ കാര്യം തന്നെയാണ് കുഞ്ഞഹമ്മദിക്ക പറയുന്നത്.

കുഞ്ഞഹമ്മദിക്ക ഫോണിലൂടെ പറഞ്ഞ മണിയുടെ കാര്യങ്ങൾ പങ്കുവെക്കുന്നതിന് മുന്നേ, മനോരമ ആഴ്ച്ചപ്പതിപ്പിൽ രഞ്ജൻ പ്രമോദ് എഴുതിയ ലേഖനത്തിൽ നിന്ന് മനസ്സിൽ തട്ടിയ ചില കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ.

കടപ്പാട് – മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്

ഫോട്ടോ എടുക്കാൻ പോലും സമ്മതിക്കാതെ നിന്നിരുന്ന മണിയെ പറഞ്ഞ് സമ്മതിപ്പിച്ച് സിനിമയിൽ അഭിനയിപ്പിക്കാനായി കൊണ്ടുപോകുമ്പോൾ, കുറെ നല്ല ഉടുപ്പുകളും മറ്റും രഞ്ജൻ വാങ്ങിക്കൊടുക്കുന്നുണ്ട്. ചായ കുടിക്കാൻ കയറിയപ്പോൾ ഒരു സമൂസ തിന്നതിനുശേഷം ഒരെണ്ണം കൂടെ കിട്ടുമോ എന്ന് മണി രഞ്ജനോട് ചോദിക്കുന്നു; ആവശ്യത്തിന് എടുത്ത് കഴിച്ചോളാൻ രഞ്ജൻ പറയുന്നു. കൂട്ടത്തിൽ, “ഉച്ചയ്ക്കെന്ത് കഴിച്ചു, രാവിലെ എന്ത് കഴിച്ചു? ” എന്നൊക്കെ ചോദിച്ചപ്പോളാണ് നടുക്കുന്ന ആ സത്യം രഞ്ജൻ മനസ്സിലാക്കുന്നത്. പള്ള നിറയെ പച്ചവെള്ളം കുടിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, മണി ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി.

തുടർന്നുള്ള ദിവസങ്ങളിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലും താമസിക്കുന്ന ഹോട്ടൽ മുറിയിലുമൊക്കെയായി വയറുനിറച്ച് ഭക്ഷണം മണിക്ക് കിട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. താരങ്ങളും സംവിധായകനും ഒക്കെ താമസിക്കുന്ന ഹോട്ടലിൽത്തന്നെ മണിക്ക് താമസിക്കാനുള്ള മുറി നൽകാനും അഭിനയിച്ചതിന്റെ പ്രതിഫലം കിട്ടിയെന്ന് ഉറപ്പുവരുത്താനുമൊക്കെ രഞ്ജൻ ശ്രദ്ധിക്കുന്നുണ്ട്. ഹോട്ടൽ മുറിയിലുള്ള ടീവി മണിക്കൊരു അത്ഭുതവും ദൗർബല്യവുമായിരുന്നു എന്ന് രഞ്ജൻ പറയുമ്പോൾ എനിക്കൊട്ടും അത്ഭുതമില്ല. അവൻ മുൻപൊരിക്കലും ടീവി കണ്ടിരിക്കാൻ വഴിയില്ല, ഉണ്ടെങ്കിൽത്തന്നെ അത് സ്വന്തം ഇഷ്ടത്തിന് പ്രവർത്തിപ്പിക്കാൻ അവന് അവസരം ഉണ്ടായിട്ടുണ്ടാകില്ല. പതുപതുത്ത മെത്തയിലെ ഉറക്കവും, നല്ല ഭക്ഷണവും, ടീവിയുമൊക്കെ, സിനിമാ ഷൂട്ടിങ്ങ് കഴിയുന്നതോടെ തീരുമെന്ന് അവനുറപ്പായതുകൊണ്ട്, കിട്ടിയ സമയം മുഴുവൻ അവനതൊക്കെ ആസ്വദിച്ചുകാണുമെന്നതിൽ തർക്കമില്ല.

സിനിമ റിലീസായി. മണിക്ക് മികച്ച ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു. അവാർഡിന് ശേഷം തിരുവനന്തപുരത്തുവെച്ച് ശിശുക്ഷേമസമിതി മണിയെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് മന്ത്രിമാർക്കും മറ്റ് പ്രഗത്ഭർക്കും പത്രക്കാർക്കുമൊക്കെ ഇടയിലാണ് അവസാനമായി മണിയെ കണ്ടതെന്ന് രഞ്ജൻ പറയുന്നു. പിന്നെ മണിയെപ്പറ്റി, 2 ഏപ്രിൽ 2011ന് മനോരമ ആഴ്ച്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിലൂടെയാണ് മണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ രഞ്ജൻ അറിയുന്നത്.

മണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ തന്നെയാണ് ഫോണിലൂടെ കുഞ്ഞഹമ്മദിക്ക എന്നോടും പറഞ്ഞത്. രഞ്ജൻ പ്രമോദിനെ കണ്ടുമുട്ടുന്നതിന് മുൻപ്, എവിടെ നിന്നിരുന്നോ അതേ അവസ്ഥയിൽ തന്നെയാണ് മണി ഇപ്പോളും നിൽക്കുന്നത്. അച്ഛന്റെ അമ്മയുടെ വീട്ടിൽ, രണ്ടാനമ്മയും അച്ഛനുമടങ്ങുന്ന മൂന്ന് കുടുംബങ്ങളോടൊപ്പമാണ് താമസം. അച്ഛന് നേരേ ചൊവ്വേ പണി ഒന്നുമില്ലാത്തതുകൊണ്ട് പലപ്പോഴും മുഴുപ്പട്ടിണി തന്നെ. ചേനാട് സ്ക്കൂളിലെ പഠനം പാതി ഉപേക്ഷിച്ച മട്ടിലാണ്.  പ്രായം വെച്ച് നോക്കിയാൽ അടുത്ത അദ്ധ്യയന വർഷം മണി പത്താം ക്ലാസ്സുകാരനാണ്. പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളും വണ്ടിക്കൂലിയുമൊക്കെ കൊടുക്കാമെന്ന് ഇല്ലായ്മയുടെ നടുവിൽ നിന്നുകൊണ്ട് കുഞ്ഞഹമ്മദിക്ക ഏറ്റിട്ടുണ്ട്.  വിശപ്പിന്റെ വിളി ഒന്നടക്കാൻ പറ്റിയാൽ അവൻ ചിലപ്പോൾ പരീക്ഷ എഴുതിയെന്ന് വരും. മഴനനയാത്ത ഒരു കൂരയില്ലെങ്കിൽ, മികച്ച ബാല നടനുള്ള  അവാർഡിന്റെ കീർത്തിപത്രം കീറിപ്പറിഞ്ഞ് പോയതുപോലെ, നാശമാക്കിക്കളയാൻ മാത്രമായി ഒരു എസ്.എസ്.എൽ.സി. പുസ്തകം സമ്പാദിച്ചിട്ടെന്ത് കാര്യം ?

ആദിവാസികൾ കിടക്കുന്ന കൂര കാണാത്തവർ ഉണ്ടെങ്കിൽ കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ സ്വന്തം ആർഭാടങ്ങളോടുള്ള ലജ്ജയും പേറി ശിഷ്ടകാലം ജീവിക്കേണ്ടി വരും. പാമ്പിനോ പഴുതാരയ്ക്കോ അട്ടയ്ക്കോ ഒരു തടസ്സവുമില്ലാതെ ഇഴഞ്ഞുകേറാൻ പാകത്തിന് മുളക്കമ്പുകൊണ്ടുള്ള ചുമരും, മെഴുകാത്ത തിണ്ണയും, നമ്മുടെയൊക്കെ കക്കൂസിന്റെ വലിപ്പവുമുള്ള ചെറ്റപ്പുരകളാണൊക്കെയും. മണിയുടെ കൂരയുടെ അവസ്ഥയും ശോചനീയമാണ്.

“എന്തുചെയ്യാൻ പറ്റും നമുക്ക് ? “ എന്നാണ് കുഞ്ഞഹമ്മദിക്കയുടെ ചോദ്യം. നമുക്കൊരുപാട് കാര്യങ്ങൾ ചെയ്യാനാവും. അതിന് സന്മനസ്സുള്ളവർ നമുക്കിടയിലുണ്ടെന്ന് നമ്മൾ പലവട്ടം തെളിയിച്ച് കഴിഞ്ഞതുമാണ്. പക്ഷേ, ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ഒരു ആദിവാസി ബാലനുവേണ്ടി സർക്കാർ എന്തൊക്കെ ചെയ്തു ? തിരുവനന്തപുരത്തെ ആദരിക്കലിന് അപ്പുറം ശിശുക്ഷേമസമിതി എന്തൊക്കെ ചെയ്തു ? സിനിമാക്കാർ എന്തൊക്കെ ചെയ്തു ? ലേഖനങ്ങൾ പടച്ചുണ്ടാക്കി കോളങ്ങൾ കൊഴുപ്പിച്ച പത്രമാദ്ധ്യമങ്ങൾ എന്തൊക്കെ ചെയ്തു ? എല്ലാവരും ഒരു ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കും.

രഞ്ജൻ പ്രമോദിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.

“ഒരു കാര്യത്തിൽ വേദനയുണ്ട്. വനത്തിൽ അദിവാസി ഊരിനുള്ളിൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു മണിയെ ഞങ്ങൾ കണ്ടെത്തി. ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് ക്യാമറയ്ക്ക് മുൻപിൽ കൊണ്ടുവന്ന് നടനാക്കി. സംസ്ഥാന അവാർഡും അവന് ലഭിച്ചു. പക്ഷേ ആ പ്രതിഭയുടെ നാളം അണയാതെ സൂക്ഷിക്കാൻ ഒരു കൈപ്പടം നീട്ടി സംരക്ഷിച്ചുപിടിക്കാൻ എങ്കിലും ആരും പിന്നെ മുന്നോട്ടു വന്നില്ല. അല്ലെങ്കിലും ആദിവാസി ക്ഷേമവും സംരക്ഷണവും പ്രസംഗങ്ങളിൽ മാത്രമാണല്ലോ.“

കടപ്പാട് – മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്

രഞ്ജനുശേഷം വീണ്ടും ചിലരൊക്കെ മണിയെ ക്യാമറയുടെ മുന്നിലെത്തിച്ചിട്ടുണ്ട്.  സീരിയലുകാരായിരുന്നു അവർ. പക്ഷെ, അഭിനയം കഴിഞ്ഞപ്പോൾ പറഞ്ഞതുപോലെ പണമൊന്നും കൊടുത്തില്ല. ആദിവാസികളാകുമ്പോൾ സംഘം ചേർന്ന് ബഹളമുണ്ടാക്കി കുത്തിനുപിടിച്ച് കാശ് വാങ്ങാനൊന്നും വരില്ലെന്ന് മനസ്സിലാക്കി മുതലെടുത്ത് പോയ സീരിയലുകാരുടെ നെറികേടിനെപ്പറ്റി കൂടുതലെന്തുപറയാൻ! ഇക്കാര്യങ്ങളൊക്കെ ഏപ്രിൽ 2ന്റെ മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ വന്ന ലേഖനത്തിൽ രഞ്ജനും വായിച്ച് കാണുമല്ലോ?

ശ്രീ.രഞ്ജൻ പ്രമോദ്, ഒരു സിനിമയിൽ അഭിനയിപ്പിച്ച് അതിന്റെ പ്രതിഫലവും നൽകി, നടനാക്കി, അവാർഡിന് അർഹനാക്കിയതോടെ രഞ്ജന്റെ ഉത്തരവാദിത്വം കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മനോരമയിലൂടെ വായിച്ചറിഞ്ഞ മണിയുടെ കാര്യങ്ങളിൽ അനുകമ്പ തോന്നുന്നുണ്ടെങ്കിൽ, മണിക്ക് വേണ്ടി ഇനിയും പല കാര്യങ്ങൾ ചെയ്യാൻ രഞ്ജന് സാധിക്കും. സിനിമാക്കാരുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് മണിക്ക് ദിവസം ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ തക്കവണ്ണം എന്തെങ്കിലും, നേടിക്കൊടുക്കാനാവില്ലേ ? രഞ്ജന് അത് സാധിക്കില്ലെങ്കിൽ ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മണിക്കൊപ്പം അഭിനയിച്ച മോഹൻലാൽ എന്ന നടൻ വിചാരിച്ചാൽ അത് സാധിക്കില്ലേ ? അദ്ദേഹവുമായി ബന്ധപ്പെടാൻ ഞങ്ങൾ സിനിമാക്കാരല്ലാത്തവരേക്കാൾ താങ്കളെപ്പോലുള്ളവർക്കല്ലേ എളുപ്പം.

ശ്രീ.മോഹൻലാൽ, താങ്കളുടെ ഒപ്പം സിനിമയിൽ അഭിനയിച്ച് അവാർഡ് കരസ്ഥമാക്കിയ ഒരു ബാലന്റെ ഗതികേട് കണ്ടില്ലേ ? കിട്ടിയ അവാർഡുകളൊക്കെ താങ്കളെപ്പോലുള്ളവരൊക്കെ വീട്ടിനകത്ത് പ്രത്യേകം ഷോ കേസുകളോ, മുറികളോ തന്നെ നിർമ്മിച്ച് പ്രദർശിപ്പിക്കുമ്പോൾ, മണിക്കത് മഴനനയാതെ വെച്ച് ചുരുണ്ടുകൂടാൻ നേരെ ചെവ്വേ ഒരു കൂരപോലുമില്ല. കഴിക്കാൻ ഭക്ഷണം കിട്ടാത്തതുകൊണ്ട് കാട്ടിലും മേട്ടിലും പൊന്തകളിലുമൊക്കെ കാണുന്ന ഞണ്ടും ഞവണിയുമൊക്കെ പിടിച്ചുതിന്ന് വിശപ്പടക്കി, ആദിവാസികൾക്കുണ്ടാകുന്ന അരിവാൾ രോഗം തന്നെ ഇവനേയും കാർന്നുതിന്ന് അല്‍പ്പായുസ്സാക്കിയതിനുശേഷം, ഇവന്റെ പേരിൽ ഫിലിം ഫെസ്റ്റിവൽ നടത്തിയിട്ടോ അവാർഡുകൾ വിതരണം ചെയ്തിട്ടോ എന്ത് പ്രയോജനം? മണിയെപ്പോലെ ഒരുപാട് പട്ടിണിപ്പാവങ്ങൾ, ബാല്യങ്ങൾ കേരളത്തിലെ ആദിവാസി സമൂഹങ്ങളിലുണ്ട്. അവരെയെല്ലാം ഉദ്ധരിക്കണമെന്നല്ല പറയുന്നത്. ഒരു സിനിമാക്കാരൻ എന്ന പരിഗണന നൽകി, മണിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കാൻ താങ്കൾക്കാവില്ലേ, സിനിമാക്കാർക്കാവില്ലേ ? ഞങ്ങളെപ്പോലുള്ളവർ ഒരുപാട് ദിവസം, ഒരുപാട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാൽ കിട്ടുന്നതിനേക്കാളൊക്കെ പ്രയോജനം താങ്കളെപ്പോലുള്ള ഒരു വ്യക്തി ഒന്ന് മുരടനക്കിയാൽ ഞൊടിയിടയിൽ ഉണ്ടാകും.

എന്തെങ്കിലുമൊന്ന് ചെയ്ത് നിങ്ങളുടെ കൂട്ടത്തിലെ തന്നെ ഒരു കലാകാരനെ, ഒരു പട്ടിണിക്കാരൻ ബാലനെ രക്ഷിക്കാനാവില്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ. ഇല്ലാത്ത പൊട്ടും പൊടിയുമൊക്കെ പെറുക്കിക്കൊടുത്ത് സംരക്ഷിക്കാൻ കൂലിപ്പണിക്കാരനായ കുഞ്ഞഹമ്മദിക്കയുണ്ടാകും, കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും.

———————————————————–
ഈ വിഷയത്തിന്റെ തുടർച്ചയായി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 2011 മെയ് 15 ലക്കത്തിൽ, ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ (മുളന്തുരുത്തി) എഴുതിയ കത്ത് താഴെ കാണാം.