അൻപതോളം ആനകൾ നദിയിലും നദിക്കരയിലുമായി കളിച്ചുമദിച്ച് ഉല്ലസിക്കുന്നു. നീളമുള്ളൊരു വടിയുമായി രണ്ട് പാപ്പാന്മാർ മാത്രമാണ് അത്രയും ആനകളെ നിയന്ത്രിക്കുന്നത്. ആനകൾക്ക് അടുത്തേക്ക് ചെന്നോളാൻ പാപ്പാന്മാർ ആഗ്യം കാണിച്ചു. ക്യാമറയുമായി ഞാനവർക്കടുത്തേക്ക് ചെന്നു, മതിയാവോളം പടങ്ങളെടുത്തു, അതിലൊരുത്തന്നെ തൊട്ടുതലോടി. തിന്നാൽ പറ്റിയത് വല്ലതും എന്റെ കൈയ്യിൽ ഉണ്ടോ എന്ന്, തുമ്പി വെച്ച് അവൻ എന്നെയാകെ പരതി നോക്കി.
മറ്റെല്ലാ മലയാളികളേയും പോലെ, നിറയെ ആനകളെക്കണ്ടും ആനക്കഥകൾ കേട്ടുമൊക്കെത്തന്നെ വളർന്ന ഒരാളാണ് ഞാനും. പക്ഷെ അൻപതോളം വരുന്ന ആനക്കൂട്ടത്തെ, അതും കാലിൽ ചങ്ങലയില്ലാത്ത ആനകളെ, കൈയ്യെത്തും ദൂരത്തിൽ തൊട്ടുതന്നെ കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്ന്.
ശ്രീലങ്കയിലെ പിന്നവള (Pinnawala) എന്ന സ്ഥലത്തെ എലിഫന്റ് ഓർഫനേജിൽ(Elephant Orphanage) നിന്ന് ഒരു കാണാക്കാഴ്ച്ച.