“നല്ല മുഖപരിചയം”
“കണ്ണൂരിൽ എവിടെയാണ് ? “
“പേര് ?”
“പിണറായി വിജയേട്ടനാണോ ?”
“വടകരയിലാണ് “
“കക്കട്ടിൽ”
“അൿബർ”
“അതെ”
പിണറായി വിജയനും, അൿബർ കക്കട്ടിലും ഒരു തീവണ്ടിയാത്രയ്ക്കിടയിൽ ആദ്യമായി നേരിൽ കണ്ടുമുട്ടുന്ന രംഗമാണിത്. ഇന്നത്തേതുപോലെ എഴുത്തുകാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം രൂപങ്ങൾ നാഴികയ്ക്ക് നാലുവട്ടം ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാത്ത കാലഘട്ടത്തിലെ ഒരു പരിചയപ്പെടൽ. ഇത്തരം പല പ്രമുഖന്മാരുമാരേയും ലേഖകൻ പരിചയപ്പെടുന്നത് യാത്രകൾക്കിടയിലാണ്. കുട്ടി അഹമ്മദ് കുട്ടി(എം.എൽ.എ) യെ കണ്ടിട്ടുള്ളത് തീവണ്ടിയിൽ വെച്ച് മാത്രമാണത്രേ!
ഡീ.സി. ബുക്ക്സ് ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ‘കക്കട്ടിൽ യാത്രയിലാണ് ‘ എന്ന പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലും, പുസ്തകത്തിന്റെ പേരിൽ നിന്ന് മനസ്സിലാക്കാവുന്നതുപോലെ, അൿബർ കക്കട്ടിൽ വിവരിക്കുന്നത് യാത്രയ്ക്കിടയിലെ സംഭവങ്ങളും പരിചയപ്പെടലുകളും അനുഭവങ്ങളും തന്നെയാണ്.
യാത്രയാണ് വിഷയം എന്നതുകൊണ്ടായിരിക്കാം പുസ്തകം കൈയ്യിൽക്കിട്ടിയ പാടേ വായിച്ച് തീർത്തു. സാഹിത്യലോകത്തെന്ന പോലെ മറ്റ് പ്രമുഖ മേഖലകളിലും അദ്ദേഹത്തിനുള്ള സുഹൃത്‌വലയം കൂടെ പുസ്തകം കാണിച്ചുതരുന്നുണ്ട്.
രാഷ്ട്രീയക്കാർക്കിടയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഉയർന്ന വായനക്കാരൻ കൂടെയായ സി.എച്ച്.ഹരിദാസ് എന്ന കോൺഗ്രസ്സുകാരനെയാണ് ‘അങ്ങനെ നാം പുറപ്പെടുകയാണ് ‘ എന്ന ആദ്യ അദ്ധ്യായത്തിലൂടെ കക്കട്ടിൽ പരിചയപ്പെടുത്തുന്നത്. ഹരിദാസിന്റെ ആകസ്മിക മരണവും ഒരു യാത്രയായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വ ജനുസ്സെന്ന് കക്കട്ടിൽ പറയുന്ന ഹരിദാസ് ഇന്നുണ്ടായിരുന്നെങ്കിൽ, കേരള രാഷ്ട്രീയത്തിൽ ഏത് സ്ഥാനത്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. വായനയും വിവരവുമൊക്കെ ഉണ്ടായിരുന്ന ആളായതുകൊണ്ട് ഉന്നതനിലയിൽ എത്തുന്നതിന് പകരം, കുതികാൽ വെട്ട് രാഷ്ട്രീയത്തിന്റെ ഇരയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടിക്കാണാനാണ് സാദ്ധ്യതയെന്നാണ് തോന്നിയത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് കക്കട്ടിലിന്റെ കാര്യത്തിലും സത്യമാണെന്ന് ഹരിദാസ് കക്കട്ടിലിനെ ബോദ്ധ്യപ്പെടുത്തുന്നു. സ്വന്തം വീടിനു മുന്നിലുള്ള പൊന്മേനി അമ്പലത്തേക്കുറിച്ച് അറിയാത്ത കക്കട്ടിൽ റഷ്യയിൽ പോകാൻ താൽപ്പര്യം കാണിക്കുമ്പോളാണത്. ‘സ്വന്തം നാട് മാത്രമല്ല വീടകവും പറമ്പും പോലും നേരാംവണ്ണം കാണാത്തവരാണ് നമ്മൾ. വീട്ടിൽ മാറാല പിടിച്ചിരിക്കുന്നു, ഫ്ലഷ് പ്രവർത്തിക്കുന്നില്ല. പറമ്പിൽ തേങ്ങകളും ഓലയുമൊക്കെ വീണുകിടക്കുന്നു എന്നതൊക്കെ ആരെങ്കിലും അതിഥികൾ വന്ന് ചൂണ്ടിക്കാണിക്കുമ്പോളായിരിക്കും നാം ശ്രദ്ധിക്കുക.‘ എന്നുവെച്ച് നമ്മൾ ദേശം വിട്ട് മറുദേശങ്ങളിലേക്കുള്ള യാത്രകൾ മുടക്കരുതെന്നും കക്കട്ടിൽ പറയുന്നു. ഇതൊക്കെ പ്രകൃതി നിയമമായിട്ട് കൂട്ടിയാൽ മതിയെന്ന് പറയുന്ന ഗ്രന്ഥകാരനോട് ഒരു വരികൂടെ ഞാൻ ചേർക്കുന്നു. വീടിനു ചുറ്റുമുള്ള കാഴ്ച്ചകൾ നമുക്ക് വയസ്സാംകാലത്ത് കാണാമല്ലോ? ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് ദൂരെയുള്ള യാത്രകൾ തന്നെ തിരഞ്ഞെടുക്കുക.
‘രാത്രിവണ്ടിയിലെ യാത്രക്കാരി’ എന്ന അദ്ധ്യായത്തിൽ പരാമർശിക്കുന്ന, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്ന പെൺകുട്ടി കക്കട്ടിലിന് ഇന്നും ഒരു സമസ്യയാണ്. എഴുത്തുകാരെയൊക്കെ ഫോട്ടോകൾ വഴി തിരിച്ചറിയാൻ സാദ്ധ്യതയില്ലായിരുന്ന ഒരു കാലത്ത് പരിചയപ്പെടുന്ന ഈ പെൺകുട്ടി അൿബറിനെ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കഥകളെപ്പറ്റിയുള്ള അഭിപ്രായം തുറന്ന് പറയുന്നു. സ്വയം പരിചയപ്പെടുത്തുമ്പോൾ അവൾ പറയുന്ന നിർദ്ദോഷകരമായ ഒരു കള്ളം പിടിക്കാൻ എഴുത്തുകാരന് പറ്റുന്നില്ല. നല്ല വായനാശീലമുള്ള അവളാരാണെന്ന്, പിന്നിടുള്ള തന്റെ രചനകളിലൂടെ അറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും പാഴാകുമ്പോൾ നിരാശനാകുന്നത് വായനക്കാരൻ കൂടെയാണ്.
‘തൊട്ടടുത്ത സീറ്റിലെ അപരിചിതൻ‘ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത് പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുണ്ടായ അനുഭവമാണ്. തീവണ്ടിയിൽ നിന്ന് ഉടലെടുക്കുന്ന ആൺ-പെൺ ബന്ധത്തിന്റെ ആ കഥ ഒറ്റവായനയിൽ അവിശ്വസനീയമായിത്തോന്നാം. ശാരീരികമായ ഒരു ആവശ്യം മാത്രമായി ലൈംഗിക ബന്ധത്തെ കണക്കാക്കി, പ്രാവർത്തികമാക്കി, കുറ്റബോധമേതുമില്ലാതെ പൊടിയും തട്ടി പോകുന്നത് ചെറുപ്പക്കാരനല്ല; മറിച്ച് പെൺകുട്ടിയാണ്. ഇതിനെ ആസ്പദമാക്കിയാണ് അദ്ദേഹം ‘പടിഞ്ഞാറോട്ടുള്ള തീവണ്ടി‘ എന്ന കഥ കലാകൌമുദിയിൽ എഴുതിയത്. വണ്ടി മുമ്പത്തേക്കാൾ വേഗത്തിൽ പടിഞ്ഞാറോട്ട് ഓടിക്കൊണ്ടിരിക്കുകയാണെന്ന്, തീവണ്ടിയിൽ നേരിട്ട് കണ്ടിട്ടുള്ള രംഗങ്ങളിലൂടെ അദ്ദേഹം അടിവരയിടുമ്പോൾ, മറിച്ച് പറയാൻ വായനക്കാരനുമാകില്ല.
കൈക്കൂലി കൊടുക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള ലേഖകന് ഒരു തീവണ്ടിയാത്രയിൽ ഒരിക്കലെങ്കിലും അതിന് വഴങ്ങേണ്ടി വന്നപ്പോൾ, മറുവശത്ത് കൈക്കൂലി വാങ്ങിയ ടി.ടി.ഇ. യ്ക്കും കൈക്കൂലി വാങ്ങിക്കുന്നത് ആദ്യത്തെ അനുഭവമായി മാറുന്നത് രസകരമായ വായനയ്ക്കിട നൽകുന്നു.
യാത്രകൾക്കിടയിൽ പരിചയപ്പെടുന്ന പ്രമുഖരെ എന്നപോലെ വല്ലാതെ അടുപ്പത്തിലാകുന്ന ലത്തീഫിനെപ്പോലുള്ള നന്മയുള്ള സാധാരണക്കാരേയും ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. അന്നത്തേക്ക് മാത്രമുള്ള സൌഹൃദം, കുറേക്കാലം കൊണ്ടുനടന്ന് പിന്നെ കൊഴിഞ്ഞുപോകുന്ന സൌഹൃദങ്ങൾ, ചിരകാല സൌഹൃദങ്ങൾ എന്നിങ്ങനെ പല വിഭാഗത്തിലുള്ള സൌഹൃദങ്ങൾ, ഏതൊരാൾക്കും യാത്രകൾക്കിടയിൽ ഉരുത്തിരിയാനിടയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
കുഞ്ഞിക്ക എന്ന് ലേഖകൻ വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൂടെ യാത്ര ചെയ്ത് ഒരിക്കൽ വെട്ടിലായതും, പിന്നീട് അദ്ദേഹവുമായുള്ള യാത്രകളിൽ സ്വയരക്ഷയ്ക്കായി മുൻകരുതൽ എടുത്തതുമായ വിവരണങ്ങൾ നർമ്മത്തിൽ ചാലിച്ചതാണ്. എം.മുകുന്ദൻ, ലോഹിതദാസ്, മുരളി, മമ്മൂട്ടി, കൈതപ്രം, കുഞ്ഞുണ്ണിമാഷ്, എം.ടി, എം.പി.നാരായണപ്പിള്ള, സക്കറിയ, ഡോ:എം.കെ.പി. നായർ, ജി.കാർത്തികേയൻ, വിനയചന്ദ്രൻ, സത്യൻ അന്തിക്കാട്, എസ്.ഭാസുരചന്ദ്രൻ, പ്രൊഫ:കെ.പി.ശങ്കരൻ, ലത്തീഫ് എന്നിങ്ങനെ സുപരിചിതരും അല്ലാത്തതുമായ ഒട്ടനവധിപേർ കക്കട്ടിലിന്റെ യാത്രയ്ക്കിടയിൽ, രസകരവും തെല്ല് നോവുന്ന അനുഭവമായുമൊക്കെ വായനക്കാരിലേക്കെത്തുന്നു.
‘ക്ഷമിക്കണം ബോധപൂർവ്വമല്ല’ എന്ന ലേഖനം ഒരു ഉപദേശം കൂടെയാണ്. മന്ത്രിമാർ, ഉന്നതാധികാരികൾ, സിനിമാതാരങ്ങൾ എന്നിവരെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേക്കായി ദീർഘയാത്രയൊക്കെ നടത്തി എഴുത്തുകാരൻ പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആ ഉപദേശം. ഇപ്പറഞ്ഞവരൊക്കെ എഴുത്തുകാരന് വലിയ സ്ഥാനം നൽകുമെങ്കിലും അവരുടെ അണികളോ ആരാധകരോ അത് തരണമെന്നില്ല എന്ന അഭിപ്രായം ശരിയാകാനേ തരമുള്ളൂ. ‘കാണാം ബൈ’ എന്ന അവസാന അദ്ധ്യായത്തിൽ, യാത്രകൾക്കിടയിൽ പുകവലി കാരണം ഉണ്ടായിട്ടുള്ള ഗുലുമാലുകളെപ്പറ്റിയാണ് വിവരിക്കുന്നത്. പലപ്പോഴും, അക്ഷരസ്നേഹികൾ ചിലർ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട അനുഭവങ്ങൾ.
മഹത്തായ ഒരു അനുഭവം ഉണ്ടാകാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് ഒരു യാത്രയും നടത്താനാവില്ല. ജീവിതമെന്ന മഹായാത്രയിൽ അനുഭവങ്ങൾ അങ്ങനെ കടന്നുവരും, ഒട്ടും വിചാരിച്ചിരിക്കാതെയെന്ന് ലേഖകൻ. അതെ അത്തരം യാത്രാനുഭവങ്ങൾക്ക് തന്നെയാണ് മാധുര്യവും.
വാൽക്കഷണം:- യാത്രകൾക്കിടയിൽ, ഞാൻ പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള സെലിബ്രിറ്റികളോ പ്രമുഖ വ്യക്തികളോ ആരൊക്കെയാണ് ? ആലോചിച്ച് നോക്കിയപ്പോൾ ഒരു മുഖം മാത്രമാണ് മുന്നിൽ തെളിഞ്ഞത്. അന്തരിച്ചുപോയ സിനിമാനടൻ ജോസ് പല്ലിശ്ശേരി. തീവണ്ടിയുടെ വാതിൽക്കൽ നിന്നിരുന്ന അദ്ദേഹത്തെ എനിക്ക് പെട്ടെന്ന് മനസ്സിലായി. അന്നദ്ദേഹം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. പോയി സംസാരിക്കാൻ തീരുമാനിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിലക്കി. “വേണ്ടടാ, ഞാനെങ്ങും കണ്ടിട്ടില്ല അങ്ങനൊരു നടനെ. പോയി മുട്ടി വെറുതെ ചമ്മാൻ നിൽക്കണ്ട.”