1. ശ്രീലങ്കയിലേക്ക്
—————————————
ശ്രീലങ്കയിലേക്ക് ഒരു യാത്രയെപ്പറ്റി ആലോചിച്ചപ്പോൾ അവശ്യം സന്ദർശിക്കേണ്ടതായി ലിസ്റ്റിൽ കയറിക്കൂടിയ സ്ഥലമാണ് പിന്നവള. തലസ്ഥാനമായ കൊളംബോയിൽ നിന്ന് ലങ്കയുടെ ഒരു പ്രധാന ഹിൽ സ്റ്റേഷനായ കാൻഡിയിലേക്കുള്ള യാത്രാമദ്ധ്യേ അൽപ്പം വഴി മാറി സഞ്ചരിച്ചാൽ പിന്നവളയിൽ എത്താം.
ആനകളാണ് പിന്നവളയെ പ്രസിദ്ധമാക്കുന്നത്. ഓരോ ആനകളുടേയും നടപ്പും തലയെടുപ്പുമൊക്കെ നോക്കി അതിനെ തിരിച്ചറിയുന്ന ആനപ്രേമികളാരെങ്കിലും പിന്നവള വഴി പോയാൽ രണ്ടോ മൂന്നോ ദിവസം തന്നെ അവിടെ തമ്പടിച്ചെന്ന് വരും. ആനകളുടെ അനാഥാലയം (Elephant Orphanage) എന്നാണ് ശ്രീലങ്കക്കാരനായ സഹപ്രവർത്തകൻ കമാൽ ജയാലത്ത് പിന്നവളയെപ്പറ്റി എനിക്ക് തന്നിരുന്ന ആമുഖം. പക്ഷേ എങ്ങനെയാണ് ആനകൾ അനാഥരാകുന്നത് എന്ന ഒരു സംശയം ബാക്കി നിന്നു. ആ സംശയമൊക്കെ പിന്നവളയിൽ ചെന്നപ്പോൾ, അവിടത്തെ അന്തേവാസികളായ ആനകളെപ്പറ്റി അറിയാൻ കഴിഞ്ഞപ്പോൾ ഇല്ലാതാകുകയും ചെയ്തു.
ഉച്ചയൂണിന് ശേഷമാണ് റോട്ടറി ക്ലബ്ബ് അംഗങ്ങൾക്കും കുടുബാഗംങ്ങൾക്കുമൊപ്പം ഞങ്ങൾ പിന്നവളയിലെത്തിയത്. കൊളംബോ-കാൻഡി റൂട്ടിൽ 77 കിലോമീറ്റർ പിന്നിട്ട് കേഗല്ലേ പട്ടണത്തിൽ നിന്ന് റംബുക്കാന റൂട്ടിലേക്ക് തിരിഞ്ഞ് 13 കിലോമീറ്റർ പോയാൽ പിന്നവളയായി. കാൻഡിയിലേക്കെന്ന് പറഞ്ഞ് എയർപ്പോർട്ടിൽ നിന്ന് പിടിച്ച വാഹനം റൂട്ട് മാറ്റി ഓടിക്കാൻ, വാൻ ഡ്രൈവർ 500 ശ്രീലങ്കൻ രൂപ അധികം ഈടാക്കി. റോഡിന് വലതുവശത്തുള്ള ഓർഫനേജ് ആരുടെയും കണ്ണിൽപ്പെടാതിരിക്കില്ല.
എലിഫന്റ് ഓർഫനേജിന്റെ കവാടം |
ശ്രീലങ്കൻ വന്യമൃഗസംരക്ഷണ വകുപ്പ് 1975ലാണ്, 25 ഏക്കറിലധികം സ്ഥലത്തായി ഈ ഓർഫനേജ് പിന്നവളയിൽ കൊണ്ടുവരുന്നത്. പിന്നീട് 1978ൽ നാഷണൽ സുവോളജിക്കൽ ഗാർഡൻസ് വകുപ്പ് അതേറ്റെടുത്തു. ഇന്നത് കാട്ടിൽ നിന്നും മറ്റും അപകടത്തിൽ പെട്ടും കൂട്ടം തെറ്റിയുമൊക്കെ പോകുന്ന ആനകളെ കൊണ്ടുവന്ന് അധിവസിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ്. 1982 മുതൽ ഇവിടെ ആനകളുടെ പ്രജനന പ്രക്രിയയും നടന്നുപോരുന്നു. 25ന് മേൽ ആനകൾ ഇവിടെ പിറന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ കോടനാട് ഇത്തരത്തിലുള്ള ഒരു ആനക്കൊട്ടിൽ ആണെങ്കിലും, പിന്നവളയുമായി തട്ടിച്ച് നോക്കുമ്പോൾ കോടനാട് ഒരു ചെറിയ സംരംഭം മാത്രം.
വാനിൽ നിന്ന് ഇറങ്ങി എല്ലാവരും മതിൽക്കെട്ടിനകത്തേക്ക് കടന്നു. പ്രവേശന ടിക്കറ്റെടുക്കാൻ ക്യൂ നിന്ന ഞാനൊന്ന് ഞെട്ടി. കൊളംബോയിൽ നിന്ന് മാറ്റിയെടുത്ത ഡോളർ മുഴുവൻ ഒറ്റയടിക്ക് തീർന്നുപോയേക്കും എന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ. സാർക്ക് പൌരന്മാർക്ക് 500 ശ്രീലങ്കൻ രൂപ, സാർക്ക് കുട്ടികൾക്ക് 125 രൂപ, മറ്റ് രാജ്യക്കാർക്ക് 2000 രൂപ, ശ്രീലങ്കക്കാർ ആണെങ്കിൽ 50 രൂപ മാത്രം. ടിക്കറ്റെടുത്ത് എല്ലാവരും അകത്തേക്ക് കടന്നു. മൈതാനം പോലെ തുറസ്സായ ഉൾഭാഗത്ത് ആനകളൊന്നും തന്നെയില്ല. ദൂരെയായി ഒരു മേൽക്കൂരയ്ക്ക് കീഴെ ഒരാന നിൽക്കുന്നുണ്ട്. രാജു എന്ന് പേരുള്ള ആ കൊമ്പൻ അന്ധനാണ് ! മനുഷ്യന്റെ ക്രൂരതകൾ കാരണം അവന് നഷ്ടമായത് സ്വന്തം കാഴ്ച്ചയാണ്. വെടിയേറ്റാണ് അവന്റെ കാഴ്ച്ച പോയത്. ഇത്തരം ആനകൾ ഇനിയുമുണ്ട് പിന്നവളയിൽ. കുഴി ബോംബ് പൊട്ടി വലതുവശത്തെ മുൻകാൽ നഷ്ടപ്പെട്ട സാമ എന്ന ആനയും അതിന്റെ ഞൊണ്ടി ഞൊണ്ടിയുള്ള നടത്തവുമൊക്കെ മനസ്സലിയിക്കുന്ന കാഴ്ച്ചകളാണ്.
പിന്നവളയിലെ ആനകൾ |
അൽപ്പം മാറി മറ്റൊരു ഷെഡ്ഡിന്റെ കീഴെ കുറേ ആനകൾ ഉണ്ടെന്ന് മനസ്സിലാക്കി ഞങ്ങൾ അങ്ങോട്ട് നടന്നു. അതൊരു അമ്മത്തൊട്ടിൽ ആയിരുന്നെന്ന് പറയാം. ഈയടുത്ത ദിനങ്ങളിൽ ഭൂജാതരായ കുട്ടിയാനകളും അവരുടെ അമ്മമാരുമൊക്കെയാണ് അവിടെയുള്ളത്. ഫോട്ടോകളെടുക്കുന്ന ഞങ്ങളെ തള്ളയാനകൾ രൂക്ഷമായി നോക്കി. ഇടയ്ക്കിടയ്ക്ക് ചിഹ്നം വിളിച്ചു. കുഞ്ഞാനയുടെ സുരക്ഷയെപ്പറ്റി അവർ ശരിക്കും വ്യാകുലപ്പെടുന്നുണ്ടെന്ന് നിൽപ്പിൽ നിന്ന് തന്നെ മനസ്സിലാക്കാം. വ്യാകുലപ്പെടാതിരിക്കുന്നത് എങ്ങനെയാണ് ? തലേന്ന് രാത്രിയാണ് ഒരു പ്രസവം കഴിഞ്ഞത്. എന്നുവെച്ചാൽ 24 മണിക്കൂർ പോലും പ്രായമായിട്ടില്ല കുഞ്ഞാനയ്ക്ക്. അവൻ എഴുന്നേറ്റ് നിൽക്കുന്നത് തന്നെ വേച്ചുവേച്ചാണ്. പശു പ്രസവിച്ചാൽ ക്ടാവ് എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന കുഞ്ഞിപ്പശു എഴുന്നേറ്റ് നിൽക്കാൻ തുടങ്ങുന്നതിന്റെ ഓരോ ഘട്ടവും ഒരുപാട് നോക്കി നിന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പക്ഷെ ഒരു കുട്ടിയാന ജനിച്ച് വീണ് പിച്ചവെക്കാൻ തുടങ്ങുന്ന ആദ്യമണിക്കൂറുകളിൽത്തന്നെ കാണുന്നത് ആദ്യമായാണ്. അവന്റെ ദേഹത്തെ കറുത്ത തൊലിക്കടിയിലൂടെ ചോരക്കുഞ്ഞ് എന്ന് പറയാൻ പാകത്തിന് ചുവപ്പ് നിറം കാണാം. വേച്ചുവേച്ച് അവൻ തള്ളയാനയുടെ മുൻകാലുകൾക്കടിയിൽ ചെന്നുനിന്ന് തുമ്പി വെച്ച് തപ്പിപ്പിടിച്ച്, വായെത്തിച്ച് അമ്മിഞ്ഞ കുടിക്കുന്നുണ്ട്. കണ്ണ് ശരിക്ക് കാണാൻ പോലും പറ്റുന്നില്ലെങ്കിലും എത്ര കൃത്യമായാണ് ആ കർമ്മം നടക്കുന്നത്. പ്രകൃതി ഒരു മഹാസംഭവം തന്നെ.
ഒരു ദിവസം പോലും പ്രായമാകാത്ത ആനക്കുട്ടി |
ഒരു ദിവസമാകാത്തവനും പിടിയും |
തൊട്ടപ്പുറത്ത് തന്നെ മറ്റൊരു കുട്ടിയാനയും ഉണ്ട്. അവന് ഒരുമാസം പ്രായമായി. അൽപ്പസ്വൽപ്പം ഓടിനടക്കുന്നുമുണ്ട്. അധികം താമസിയാതെ അവൻ ഷെഡ്ഡിൽ നിന്ന് പുറത്തിറങ്ങി. സ്ഥലത്തുണ്ടായിരുന്ന പാപ്പാൻ അവന്റെടുത്ത് നിന്ന് ഫോട്ടോ എടുക്കാനും തൊട്ട് തലോടാനുമൊക്കെ ഞങ്ങളെ അനുവദിച്ചു. അവന്റെ മേലാകെ ആനവാൽ രോമം പോലെ എഴുന്നുനിൽക്കുന്ന കനമുള്ള രോമങ്ങൾ. അത് വെച്ച് അവൻ എല്ലാവരുടേയും മേൽ ഉരക്കുന്നു. കുട്ടികൾക്കൊക്കെ വലിയ സന്തോഷമായി. ഇത്രയും ചെറിയ ആനകളെ അവർ ആദ്യമായാണ് കാണുന്നതും തൊടുന്നതുമൊക്കെ. അപ്പുറത്തുനിന്ന് തള്ളയാന എല്ലാം ഇടം കണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ട്.
ഒരു മാസം പ്രായമായ കുട്ടിയാന |
കുട്ടിയാനയ്ക്കൊപ്പം അൽപ്പനേരം. |
ആനകളുടെ അടുത്ത് നിന്ന് നമ്മൾ ഫോട്ടോ എടുക്കുകയോ മറ്റോ ചെയ്താൽ പാപ്പാന്മാർ സന്തോഷവാന്മാരാണ്. അതിനൊക്കെ അവർ പണം ചോദിച്ച് വാങ്ങുമെന്നതുതന്നെ കാരണം. ചെറിയ തുകയൊന്നും പോരാ അവർക്ക്. കുറഞ്ഞത് 100 രൂപയെങ്കിലും കിട്ടിയേ തീരൂ. അൽപ്പനേരം കൂടെ കഴിഞ്ഞാൽ കുട്ടിയാനകൾക്ക് കുപ്പിപ്പാൽ കൊടുക്കുന്ന ഒരു ചടങ്ങുണ്ടിവിടെ. സന്ദർശകർക്ക് കുപ്പി പിടിച്ച് പാല് കൊടുക്കാം. അതിന്റെ ഫോട്ടോ എടുക്കാം. പാല് കൊടുക്കാൻ ക്യൂ നിൽക്കുന്നവരുടെ തിരക്കാണ് ആ സമയത്ത്. പടമൊക്കെ എടുത്ത് കഴിയുമ്പോൾ പാപ്പാനുള്ള പങ്ക് പണമായി കൊടുക്കണമെന്ന് മാത്രം. 30 ലിറ്റർ പാല് വരെ ഓരോ ദിവസവും കുട്ടിയാനകൾക്ക് കൊടുക്കുന്നുണ്ട്. കാട്ടിൽ നിന്ന് തള്ളയാനയുടെ കൂട്ടം തെറ്റി മനുഷ്യവാസ കേന്ദ്രങ്ങളിൽ വന്നുപെടുന്നതായ കുട്ടിയാനകളും അപകടത്തിൽ പരുക്കേറ്റതുമായ ആനകളെയൊക്കെ പാർപ്പിച്ച് പരിചരിച്ച് കൊണ്ടുപോകുന്നതുകൊണ്ടാണ് പിന്നവളയിലെ ഈ ആന വീട് എലിഫന്റ് ഓർഫനേജ് എന്നറിയപ്പെടുന്നത്.
സമയാസമയത്ത് നീക്കം ചെയ്യാതെ ഗുരുവായൂര്‍ ആനക്കോട്ടയിലെ കുമിഞ്ഞു കൂടുന്ന മാലിന്യം ആനകള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പ്രശ്നമായി മാറുന്നതായി പത്രത്താളുകളിലൂടെയും സുഹൃത്തുക്കള്‍ വഴിയും അറിയാറുണ്ട്. എന്നാല്‍ പിന്നവളയിൽ ഇത്രയധികം ആനകൾ മേയുന്നയിടത്ത് അത്തരമൊരു പ്രശ്നം ഉള്ളതായിട്ട് മനസ്സിലാക്കാനായില്ല. ശുചിത്വത്തിന്റെ കാര്യത്തിൽ അവർ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് തന്നെ വേണം കരുതാൻ.
മതിൽ വളപ്പിനകത്ത് ഇപ്പറഞ്ഞ കുട്ടിയാനകളും അതിന്റെ തള്ളയാനകളും അന്ധനായ രാജുവും അടക്കം 10ൽ താഴെ ആനകൾ മാത്രമേയുള്ളൂ. ബാക്കിയുള്ള ആനകളൊക്കെ റോഡിന് എതിർവശത്തുള്ള‘മാ ഓയ‘ നദിയിൽ നീരാടാൻ പോയിരിക്കുകയാണ്. അൽപ്പനേരം കൂടെ അവിടെ നിന്നതിനുശേഷം റോഡ് മുറിച്ച് കടന്ന് ഞങ്ങൾ പുഴക്കരയിലേക്ക് നടന്നു. പുഴയിലേക്കുള്ള ഇടവഴിയുടെ വശങ്ങളിൽ സന്ദർശകരെ ലക്ഷ്യമിട്ടുകൊണ്ടുള്ള കടകളാണ്. തേക്കിലും മറ്റ് മരങ്ങളിലുമൊക്കെ തീർത്ത ആനകളുടെ വലുതും ചെറുതുമായ രൂപങ്ങൾ അടക്കം എല്ലാ സാധനങ്ങൾക്കും വിദേശികൾക്കായി ഇട്ടിരിക്കുന്ന അമിത വിലതന്നെയാണ്.
പുഴയ്ക്കടുത്തേക്ക് എത്തിയിട്ടും ഒറ്റനോട്ടത്തിൽ ആനകളയൊന്നും കാണാനായില്ല. നദിക്കരയിലേക്ക് കുറേക്കൂടെ അടുത്ത് ചെന്നെപ്പോൽ അത്ഭുതം കൊണ്ട് എന്റെ കണ്ണുതള്ളി. പുഴയിൽ നിറയെ ആനകൾ കളിച്ചുല്ലസിക്കുന്നു, മുട്ടിയുരുമ്മി നിന്ന് ജലകേളികൾ നടത്തുന്നു. ചിലർ പുഴയുടെ മറുകരയിലുള്ള ചെളിമണ്ണിൽ കിടന്നുരുണ്ട് മേലാകെ ചെങ്കല്ല് നിറമാക്കുന്നു. വെള്ളത്തിൽ നിൽക്കുന്ന കക്ഷികളിൽ പലരും ഇതേ കലാപരിപാടി കഴിഞ്ഞുവന്നാണ് നിൽക്കുന്നതെന്ന് ചർമ്മം കണ്ടാൽ മനസ്സിലാക്കാം.
നീരാട്ടിനിറങ്ങിയ ആനക്കൂട്ടം |
ഇടയ്ക്കിടയ്ക്ക് ചില ഉന്തും തള്ളുമൊക്കെ ഉണ്ടാകുന്നുണ്ട്. അറ്റം വളഞ്ഞ തോട്ടിയുമായി രണ്ടേ രണ്ട് പാപ്പാന്മാരാണ് ഇക്കണ്ട ആനകളെയൊക്കെ നിയന്ത്രിക്കുന്നത്. ഇക്കണ്ട ആനകൾ എന്ന് പറഞ്ഞാൽ ഒരു കണക്കൊക്കെ വേണമല്ലോ. ഞാൻ മെല്ലെ ആനത്തലകൾ എണ്ണാൻ തുടങ്ങി. 55 വരെ എണ്ണിയൊപ്പിച്ചു. അതിൽക്കൂടുതൽ ആനകൾ അവിടെയുണ്ടെന്ന് ഉറപ്പാണ്. പക്ഷെ, ഉയർന്ന് കാണുന്ന മസ്തകങ്ങൾ മാത്രമേ എനിക്കെണ്ണാൻ പറ്റുന്നുള്ളൂ. വലിയ ആനകളുടെ ചൂട് പറ്റി കുട്ടിയാനകൾ ഒരുപാടെണ്ണം ഇടയിലൊക്കെ നിൽക്കുന്നുണ്ട്. അവരെയൊന്നും ആർക്കും കാണാനാകില്ല. ആനക്കൂട്ടത്തിൽ കൊമ്പനാനകൾ വളരെക്കുറവാണ്. മോഴകളും പിടികളും കുട്ടിയാനകളുമാണ് കൂടുതൽ.
ആനക്കൂട്ടത്തിന്റെ മറ്റൊരു ദൃശ്യം |
ആദ്യത്തെ ഒരു പകപ്പ് മാറിയപ്പോൾ ഞാൻ ക്യാമറ കൈയ്യിലെടുത്ത് തുരുതുരാ പടങ്ങളെടുത്തു. ജീവിതത്തിൽ ഇന്നുവരെ ഇത്രയും ആനകളെ ഒന്നിച്ച് കണ്ടിട്ടില്ല. വെറും ആനകളല്ല, ചങ്ങലയിൽ ബന്ധിക്കാത്ത ആനകളാണ് ഒക്കെയും എന്നുള്ളതാണ് ഒരു ചെറിയ കാര്യമല്ലല്ലോ.
തോട്ടിയുമായി പാപ്പാൻ ആനകൾക്കരികെ |
കരയിലേക്ക് കൂടുതൽ അടുത്തുനിൽക്കുന്ന ഒരു പാപ്പാൻ ഇതിനിടെ എന്നെ കൈ കാട്ടി വിളിച്ചു. ഒന്നുമാലോചിക്കാതെ ഞാനങ്ങോട്ട് നടന്നെങ്കിലും പെട്ടെന്ന് പിൻവലിയുകയും ചെയ്തു. ഒരു ബന്ധനവും ഇല്ലാത്ത ആനകളാണ് അയാൾക്ക് ചുറ്റും. ചുമ്മാ സ്നേഹം കാണിക്കാനായിട്ടാലും ഒരു തട്ട് കിട്ടിയാൽ അതുമതിയാകും ആയുഷ്‌ക്കാലം മുഴുവൻ കട്ടിലിൽത്തന്നെ കിടക്കാൻ. പാപ്പാൻ വിളിച്ചുകൊണ്ടേയിരുന്നു. റോട്ടറി ക്ലബ്ബ് അംഗങ്ങളിൽ ഒരാളായ അനൂജിനെ ക്യാമറ ഏൽപ്പിച്ച്, ധൈര്യം സംഭരിച്ച് ഞാൻ മെല്ലെ പാപ്പാന്റെ അരുകിലേക്ക് നടന്നു. ആനകൾക്ക് മുന്നിൽ പോസ് ചെയ്ത് പടമെടുത്താൽ പാപ്പാന് പണം കൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. പണം കൊടുത്താലെന്താ; ഇതുപോലുള്ള കാഴ്ച്ചകളും അനുഭവങ്ങളും ചിത്രങ്ങളാക്കി മാറ്റാൻ എപ്പോഴും സാധിക്കില്ലല്ലോ ?
ഒരു ബന്ധനവുമില്ലാത്ത ആനയെ തൊട്ട് തലോടാൻ കിട്ടിയ അവസരം. |
അനൂജും ഞാനും മാറി മാറി യഥേഷ്ടം ഫോട്ടോകളെടുത്തു. പടങ്ങൾ എടുത്തുകൊണ്ടിരുന്നപ്പോൾ അനൂജിന്റെ അടുത്തുനിന്നിരുന്ന ആന സ്നേഹം കാണിക്കാനെന്ന വണ്ണം മസ്തകം വെച്ച് അനൂജിന്റെ ദേഹത്തോട് ചേർന്ന് തള്ളിനിന്നു. ഒന്നൂടെ ആഞ്ഞ് തള്ളിയാൽ എന്തുണ്ടാകുമെന്ന് ആലോചിക്കാൻ പോലും വയ്യ. ഞാനടുത്ത് ചെന്നപ്പോൾ അവൻ തുമ്പിക്കൈ വെച്ച് എന്നെയാകെ പരതി. തിന്നാൻ പറ്റിയത് വല്ലതും ഉണ്ടോയെന്ന് നോക്കിയതാണെന്ന് തോന്നുന്നു.
ആനയുമായി ഗുസ്തിപിടിക്കുന്ന അനൂജ് |
ആനകൾക്ക് കൊടുക്കാനായി പഴം വിൽക്കുന്ന കച്ചവടക്കാർ നിറയെയുണ്ട് പുഴക്കരയിൽ. 20 രൂപ കൊടുത്താൽ ഒരു കൊച്ചുപൊതിയിൽ പഴം കിട്ടും. സന്ദർശകരിൽ നിന്ന് ഇങ്ങനെ സ്ഥിരമായി പഴം തിന്നുന്നതുകൊണ്ടാകണം ആനകളുടെ അടുത്ത് ചെന്നാൽ അവറ്റകൾ തുമ്പിക്കൈ വെച്ച് മേലാകെ തപ്പി നോക്കുന്നുണ്ട്.
പുഴയോട് ചേർന്നുള്ള കെട്ടിടങ്ങളിലുള്ള മുകൾ നിലയിലെ റസ്റ്റോറന്റിൽ ഇരുന്ന് ആനകളുടെ അർമ്മാദിപ്പ് രംഗവും കണ്ട് ഭക്ഷണം കഴിക്കുന്നുണ്ട് കുറേയേറെ സഞ്ചാരികൾ. മൂന്ന് മണിക്കൂറോളം ആനകളെ ഇതുപോലെ നീരാടാൻ വിടും. ദിവസത്തിൽ രണ്ടുപ്രാവശ്യം ഈ നീരാട്ടുണ്ട്. പിന്നെ റോഡ് മുറിച്ച് കടന്ന് എല്ലാവരും പുരയിടത്തിലേക്ക് പോകും. സഞ്ചാരികളുടെ കൈയ്യിൽ നിന്ന് കുപ്പിപ്പാല് കുടിക്കലുമൊക്കെയായി കുറേ നേരം അവിടെ ചിലവഴിക്കും. ആനകൾ പുഴയിലേക്ക് വരുന്ന സമയത്ത് റോഡിനിരുവശത്തുമുള്ള കടകളുടെ ഷട്ടറെല്ലാം ഇടും. അല്ലെങ്കിൽ അവറ്റകൾ കടകളിൽ തൂക്കിയിട്ടിരിക്കുന്ന സാധനങ്ങളിലൊക്കെ കളിച്ച് നേരം കൊന്നെന്ന് വരും. സാധനങ്ങളൊക്കെ നശിപ്പിക്കാനുള്ള സാദ്ധ്യത വിരളമാണ്. പാപ്പാന്മാർ ഒന്ന് ശബ്ദമുയർത്തിയാൽ ആനകൾ വിരണ്ടുനിൽക്കുന്നുണ്ടെന്നുള്ളതുകൊണ്ടാണ് എനിക്കങ്ങനെ തോന്നിയത്. കടകൾക്കിടയിലുള്ള ഇടവഴിയിൽ നിറയെ ആനപ്പിണ്ടം കിടക്കുന്നു. ആനപ്പിണ്ടം പിന്നവളക്കാർക്ക് ഒരു ബുദ്ധിമുട്ടേയല്ല. അത് അതീവ രസകരമായ സംഗതി കൂടെയാണ്.
ആനപ്പിണ്ടത്തിൽ നിന്ന് കടലാസ് – ഒരു പരസ്യം |
ശ്രീലങ്കയിൽ ആനപ്പിണ്ടത്തിൽ നിന്ന് പേപ്പറുണ്ടാക്കുന്നത് വലിയ ഒരു വ്യവസായമാണ്. ആനപ്പിണ്ടം നന്നായി കഴുകി അതിൽ നിന്ന് ഫൈബറൊക്കെ എടുത്ത് മണിക്കൂറുകളോളം പുഴുങ്ങിയാണ് പേപ്പർ ഉണ്ടാക്കുന്നത്. ഇടവഴിയുടെ തുടക്കത്തിൽ കാണുന്ന രണ്ടുമുറിയുള്ള കട, അത്തരം പേപ്പറിൽ നിന്ന് ബുക്കുകളും നോട്ട് പാഡുകളും ലെറ്റർ പാഡുകളുമൊക്കെ ഉണ്ടാക്കുന്ന ഒരു സ്ഥാപനമാണ്. പിന്നവളയുടെ ഓർമ്മയ്ക്കായി, ഒരു സോവനീറായി ആനപ്പിണ്ടം പേപ്പർ കുറച്ച് വാങ്ങണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ എല്ലാത്തിനും വില വളരെക്കൂടുതലാണ്. ഇന്ത്യൻ രൂപ എത്രയാകുമെന്നറിയാൻ 2.3 കൊണ്ട് ഹരിച്ചിട്ടും വിലയുമായി പൊരുത്തപ്പെടാനാകുന്നില്ല. അവസാനം മനസ്സില്ലാ മനസ്സോടെ 700 രൂപയ്ക്ക് ഒരു നോട്ട് പാഡ് വാങ്ങി. എയർ ശ്രീലങ്ക, ബാങ്ക് ഓഫ് കൊളംബോ മുതലായ വലിയ കമ്പനികളൊക്കെ പൂ പേപ്പർ (Poo Paper) ഉപയോഗിക്കുന്നുണ്ട്.
ആനപ്പിണ്ടം പേപ്പർ ഫാൿടറി |
Elephant Dung Paper – പൂ പേപ്പർ ഓർമ്മയ്ക്കായി ഒരു സ്ക്രാച്ച് പാഡ്. |
ആനകൾ ഓരോന്നായി കരയ്ക്ക് കയറാൻ തുടങ്ങുകയായി. കടകളുടെ ഷട്ടറുകൾ വീണുകഴിഞ്ഞിരിക്കുന്നു. ഓർഫനേജിലേക്ക് കയറി കുട്ടിയാനകൾക്ക് പാലൊക്കെ കൊടുത്തിട്ട് പോകാനുള്ള സമയം ഞങ്ങൾക്കില്ല. രണ്ട് പ്രാവശ്യം നദിക്കരയിലും രണ്ട് പ്രാവശ്യം ഓർഫനേജിലും സന്ദർശിക്കാൻ പ്രവേശന ടിക്കറ്റ് ഉപയോഗിക്കാം. അത് പൂർണ്ണമായും ഉപയോഗിക്കാനാവാത്തതിന്റെ സങ്കടം എനിക്കുണ്ട്. പക്ഷെ ഇതിനകം കിട്ടിയ ആനക്കാഴ്ച്ചകളുടെ സന്തോഷത്തിൽ ആ സങ്കടമൊക്കെ ഒന്നുമല്ലാതായി.
പിന്നവളയിലെ ആനകളെപ്പറ്റി കൂടുതൽ മനസ്സിലാക്കണമെന്ന് എനിക്കുണ്ടായിരുന്നു. വഴിവാണിഭക്കാരന്റെ കൈയ്യിൽ നിന്ന് 200 രൂപയ്ക്ക്, ശ്രീലങ്കൻ ആനകളെപ്പറ്റിയുള്ള ഡോക്യുമെന്ററി സീഡി ഒരെണ്ണം വാങ്ങി. നല്ലൊരു ദൃശ്യവിരുന്നായിരുന്നു ആ സീഡി തന്നത്. വലത്തേ മുൻകാൽ നഷ്ടപ്പെട്ട സാമ എന്ന ആനയെ ആ സീഡിയിലൂടെയാണ് ഞാൻ കണ്ടത്. അതിന് കൃത്രിമക്കാൽ വെച്ചുപിടിപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആനയ്ക്കത് സ്വീകാര്യമായിരുന്നില്ല. മൂന്ന് കാലിൽ മുടന്തി മറ്റാനകൾക്കൊപ്പം നീങ്ങുന്ന സാമ ശരിക്കും ഒരു നൊമ്പരം തന്നെയാണ്. ഇടത്തേ മുൻ കാലിൽ ശരീരഭാഗം കൂടുതലായി ഊന്നുന്നതുകൊണ്ട് ആ കാലിന് നല്ലൊരു വളവുണ്ടിപ്പോൾ. നടുവിനും അൽപ്പം വളവുണ്ട്. എന്നിട്ടുമത് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മറ്റാനകൾക്കൊപ്പം ജീവിതത്തോട് പൊരുതി നിൽക്കുന്നു.
പിന്നവളയിൽ പോയതുകൊണ്ട് ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ആനക്കൂട്ടം കാണാനായി. ഒരു മാസം പ്രായമുള്ള ആനയെ കാണാനായി. ഒരു ദിവസം പോലും പ്രായമില്ലാത്ത ആനയേയും കാണാനായി. പക്ഷെ നാളിന്നുവരെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കൊമ്പനാനയെ കണ്ടത് കൊളംബോയിലെ ഗംഗാരാമയ്യ ബുദ്ധക്ഷേത്രത്തിലാണ്. അവന്റെ കൊമ്പുകൾ രണ്ടും നീണ്ട് വളർന്ന് പരസ്പരം മുട്ടുകയും, നിലത്ത് കുത്തുകയും ചെയ്യുന്നുണ്ട്. ചിലപ്പോഴെല്ലാം അവൻ തുമ്പിക്കൈ എടുത്ത് വെക്കുന്നത് ആ നീളൻ കൊമ്പുകളിലാണ്. നമ്മുടെ നാട്ടിൽ ഒരു നിശ്ചിത നീളത്തിലധികം വളർന്നുകഴിഞ്ഞാൽ ആനക്കൊമ്പ് മുറിക്കുന്നത് പതിവാണെങ്കിലും, ശ്രീലങ്കയിൽ ആനക്കൊമ്പ് മുറിക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനൊരു നിയമമുള്ളതുകൊണ്ട് അസാധാരണ വലിപ്പമുള്ള ഒരു കൊമ്പനെ കാണാനായി. തമിഴ്‌നാട്ടുകാരന്‍ സന്തോഷ്, ഒറ്റക്കൊമ്പനായ എറണാകുളം ശിവകുമാർ, ഗുരുവായൂര്‍ ജൂനിയര്‍ മാധവന്‍കുട്ടി തുടങ്ങിയ ആനകളുടെ കൊമ്പിന്റെ നീളത്തെപ്പറ്റി സുഹൃത്തായ എസ്.കുമാറിന്റെ അടുക്കൽ നിന്ന് കേട്ടിട്ടുണ്ടെങ്കിലും അതൊന്നും നിലം മുട്ടുന്ന നീളമുള്ളതാണെന്ന് കേട്ടറിവില്ല.
കേരളത്തിലെന്ന പോലെ പല ശ്രീലങ്കൻ ക്ഷേത്രപരിസരത്തും, അതിനി ബുദ്ധക്ഷേത്രമായാൽപ്പോലും ഒരു ആനയുടെ സാന്നിദ്ധ്യമുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടും. പല ബുദ്ധക്ഷേത്രങ്ങളിലും അതീവ നീളമുള്ള ഇത്തരം ആനക്കൊമ്പുകൾ അലങ്കാര വസ്തുക്കളായി വിന്യസിച്ചിട്ടുമുണ്ട്. രാജ്യമേതായാലും ആനകളെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഗണിതമെന്താണ് ? ചിന്തക്കേണ്ട വിഷയമാണ്.
കൊമ്പരിൽ കൊമ്പൻ – ഗംഗാരാമയ്യ ക്ഷേത്രത്തിലെ ആന |
എന്തൊക്കെയായാലും വിചാരിച്ചതിൽ കൂടുതൽ സമയം പിന്നവളയിൽ ചിലവഴിക്കാൻ എനിക്കായി. ഞങ്ങളുടെ കൂടെ വന്നിരിക്കുന്ന റോട്ടറി ക്ലബ്ബുകാർ കാൻഡിയിലേക്ക് തിരിക്കാൻ തിരക്കുകൂട്ടിത്തുടങ്ങി. അവർ ശ്രീലങ്കയിൽ വന്നിരിക്കുന്നത് റോട്ടറിയുടെ മീറ്റിങ്ങിൽ പങ്കെടുക്കാനാണ്.
“വന്ന കാര്യം നടത്താതെ ആനകളെക്കണ്ട് നിന്നാൽ മതിയോ“ എന്നാരോ ചോദിക്കുന്നതും കേട്ടു.
“ഞാൻ ശ്രീലങ്കയിൽ വന്നത് റോട്ടറി മീറ്റിങ്ങിനല്ല സുഹൃത്തേ. ഈ ആനക്കൂട്ടത്തെ കാണാനും, അവരുടെ കളിയും കുളിയുമൊക്കെ കുറച്ച് നേരമെങ്കിലും കണ്ടാസ്വദിക്കാനും, ആനപ്പിണ്ടത്തിൽ നിന്നുണ്ടാക്കുന്ന കടലാസ് വാങ്ങാനുമൊക്കെയാണ്. “ നാവിൻ തുമ്പത്ത് വന്ന മറുപടി ആത്മഗതമായി ഒതുക്കി ഒരിക്കൽക്കൂടെ ആനക്കൂട്ടത്തെ ഉള്ളിലാവാഹിച്ച് ഞാൻ വാഹനത്തിനടുത്തേക്ക് നടന്നു.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.