Monthly Archives: December 2011

സമരത്തിന്റെ കൂമ്പടച്ച് കളഞ്ഞതിന് അഭിവാദ്യങ്ങൾ!!


മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന പൊതുജന പ്രക്ഷോഭങ്ങൾ കണ്ട് വിരണ്ടിട്ടാണോ, അതോ ഈ നിലയ്ക്ക് പോയാൽ കേരളത്തിലെ പല നേതാക്കന്മാർക്കും തമിഴ്‌നാട്ടിൽ ഉള്ള തോട്ടങ്ങളുടെ കണക്ക് വെളിയിൽ വരുമെന്ന് ഭയന്നിട്ടാണോ അതുമല്ലെങ്കിൽ ഈ വിഷയത്തിൽ ജനങ്ങൾ ഇത്രയ്ക്ക് ശക്തമായി നീങ്ങിയാൽ കേന്ദ്രത്തിൽ തമിഴന്റെ പിന്തുണ നഷ്ടപ്പെടും എന്ന് കണ്ടിട്ടാണോ അതൊന്നുമല്ലെങ്കിൽ ഞങ്ങൾ പൊതുജനം എന്ന കഴുതകൾക്ക് മനസ്സിലാകാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ….. ‘ഇടുക്കി താങ്ങിക്കോളും‘ എന്ന ഒരു ഒറ്റ ന്യായീകരണത്തിലൂടെ ഇക്കണ്ട സമരങ്ങളുടെയൊക്കെ കൂമ്പടച്ച് കളഞ്ഞത് ?

സർവ്വകക്ഷി യോഗം വിളിച്ച് പ്രമേയം പാസ്സാക്കി മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറയുമ്പോൾ, സത്യത്തിൽ ഒറ്റക്കെട്ടായി വളർന്നുവന്നുകൊണ്ടിരുന്ന ഒരു ജനതയെ ചവിട്ടി അരയ്ക്കുകയല്ലേ എല്ലാ കക്ഷികളും കൂടെ ചെയ്തത് ? ചപ്പാത്തിലേയോ, കുമളിയിലേയോ, വണ്ടിപ്പെരിയാറിലേയോ കുറേപ്പേരുടെ സമരം മാത്രമാക്കി മാറ്റിയില്ലേ ഈ ബഹുജനപ്രക്ഷോഭത്തെ ? 5 ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവന് ആപത്ത് എന്ന വാദത്തിന് ഇനി എന്തെങ്കിലും പ്രസക്തിയുണ്ടോ ?

കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കകം 7ൽ അധികം പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയ ഞങ്ങൾ ഓൺലൈൻ കൂട്ടായ്മക്കാർ ഇനിയെന്ത് ചെയ്യണം എന്നാണ് പറയുന്നത് ? എ.ജി.യുടെ വാക്കുകൾ നിരത്തി തമിഴൻ കളിയാക്കുമ്പോൾ അവർക്കെന്ത് മറുപടി കൊടുക്കണമെന്ന് പറഞ്ഞ് തരൂ. കോടതിയിൽ പുതിയ സത്യവാങ്ങ്‌മൂലം കൊടുത്താൽ തീരുന്ന മാനക്കേടാണോ അത് ? മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കിയിലേക്ക് വെള്ളം മാത്രമാണ് വന്ന് നിറയാൻ പോകുന്നത് എന്ന് കരുതുകയും അതിന്റെ കണക്ക് ഹൈക്കോടതിയിൽ വരെ നിരത്തുകയും ചെയ്ത വിദഗ്ദ്ധർക്കൊക്കെ ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഒരു ഉരുൾപൊട്ടലെങ്കിലും നേരിട്ട് കാണുകയോ ഉരുൾപൊട്ടിയ ശേഷം ആ ഭൂമി കാണുകയോ ചെയ്തിട്ടുണ്ടോ ഇപ്പറഞ്ഞ വിദഗ്ദ്ധർ ?

ഇതൊക്കെ പോട്ടെ. മുല്ലപ്പെറിയാറിനും ഇടുക്കിക്കും ഇടയിൽ ഉള്ള ജനങ്ങളുടെ കാര്യത്തിലെങ്കിലും എന്തെങ്കിലും അവസാന വാക്ക് പറഞ്ഞ് തരാമോ ? ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ എങ്ങുമെത്താതെ പോയാൽ, ചപ്പാത്തിലേയും വണ്ടിപ്പെരിയാറിലേയും കുറേ ആയിരങ്ങളുടെ ഞരക്കം മാത്രമായി ഈ സമരമൊക്കെയും പിന്നേയും ഒതുങ്ങും. അതുകൊണ്ടൊന്നും ഇനിയങ്ങോട്ടുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ കഴുതകൾ നിങ്ങൾക്കെല്ലാം വോട്ട് ചെയ്യാതെ മാറിനിൽക്കുകയൊന്നും ഇല്ല. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിച്ചുകൊണ്ടേയിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം ചങ്കിലേക്ക് ഇടിച്ച് കയറുമ്പോഴും വിരലിൽ മഷി പതിപ്പിക്കാൻ കൈകൾ ഞങ്ങൾ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കും. അക്കാര്യത്തിൽ ആശങ്ക വേണ്ട.

പക്ഷെ ഒരു ദുരന്തം ഉണ്ടായാൽ……. പിന്നീട് എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ? ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നവരും, മുല്ലപ്പെരിയാറിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവരും കമ്പത്തും തേനിയിലും മേഘമലയിലുമൊക്കെ ഏക്കറുകണക്കിന് തോട്ടമുള്ളവരുമൊക്കെ, സുകുമാരക്കുറുപ്പ് മുങ്ങിയത് പോലെ കൂട്ടത്തോടെ മുങ്ങിയാൽ മാത്രം മതിയാകും. ജനത്തിന്റെ വികാരത്തിന് വിലപറയുന്നതിനും ഒരു അതിരൊക്കെ വെക്കുന്നത് നല്ലതാണ്.