Yearly Archives: 2012

222

ബിയനാലെ ഇന്ന് തുടങ്ങുന്നു.


ന്ന് 12.12.12. അതായത് രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പന്ത്രണ്ട്. വ്യത്യസ്തമായ ഒരു ദിവസം തന്നെ. ഇനി അടുത്ത നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 2112 ഡിസംബർ 12ന് മാത്രമേ ഇങ്ങനൊരു ഒരുമ, തീയതിയുടെ കാര്യത്തിൽ ഈ അക്കങ്ങൾ തമ്മിൽ ഉണ്ടാകൂ.

ചിലർക്ക് ഇന്ന് ലോകാവസാനദിനമാണ്. ചിലർക്ക് ഇടപ്പള്ളിയിൽ ലുലു സൂപ്പർമാർക്കറ്റ് ഉത്ഘാടന ദിനമാണ്. എനിക്ക് പക്ഷേ ഇത് ബിയനാലെ ദിനമാണ്. മൂന്നുമാസക്കാലം (12.12.12 – 13.03.13) നീണ്ടുനിൽക്കാൻ പോകുന്നതും രണ്ട് വർഷത്തിൽ ഒരിക്കൽ ആവർത്തിച്ച് സംഭവിക്കാൻ പോകുന്നതുമായ ബിയനാലെ ഇന്ത്യയിൽ ആദ്യമായി കൊച്ചി-മുസരീസ് പ്രദേശങ്ങളിലായി അരങ്ങേറാൻ പോകുകയാണ് ഇന്ന്.

എന്താണ് ബിയനാലെ എന്ന് അതേപ്പറ്റി കാര്യമായിട്ട് അറിയാത്തവർക്കായി അൽ‌പ്പം ലളിതമായി ഒരു കുറിപ്പ് എഴുതിയിട്ടിരിക്കുന്നത് ഇവിടെ വായിക്കാം. Biennale എന്ന പദം ഉച്ചരിക്കേണ്ടത് ബിയനാലെ എന്നാണോ അതോ ബിനാലെ ആണോ എന്നതിലുള്ള സംശയം തീർക്കാൻ അത് കേട്ട് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സമകാലിക കലയുടെ സമ്മേളനമാണ് ബിയനാലെ. കായികപ്രേമികൾക്ക് ഒളിമ്പിൿസ് എന്നതുപോലെയാണ് കലാകാരന്മാർക്ക് ബിയനാലെ. 1895 ൽ വെനീസ്സിലായിരുന്നു ആദ്യത്തെ ബിയനാലെ സംഘടിപ്പിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിയനാലെകൾ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിയനാലെ വരുന്നത്. അതും നമ്മുടെ കൊച്ചു കേരളത്തിൽ. വിദേശരാജ്യങ്ങളിൽ പോയി ഒരു ബിയനാലെ കാണാൻ സാഹചര്യമുണ്ടായാൽ‌പ്പോലും വളരെയധികം ദിവസങ്ങൾ അവിടെ തങ്ങി വിശദമായി എല്ലാ കലാ സൃഷ്ടികളും കണ്ടുതീർക്കാൻ ജോലിയും കുടുംബവുമൊക്കെയുള്ള ഒരാൾക്ക് അത്ര എളുപ്പമല്ല. മൂന്ന് മാസം നീളുന്ന ബിയനാലെയിലെ എല്ലാ കലാസൃഷ്ടികളും മനസ്സിരുത്തി വിശദമായി കണ്ട് തീർക്കാനും, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുമായുള്ള സംവാദങ്ങളിലൊക്കെ സാന്നിദ്ധ്യമാകാനും 25 ദിവസമെങ്കിലും ഒരാൾ ചിലവഴിക്കേണ്ടി വരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ഒരു ബിയനാലെ വരുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒട്ടനവധിയാണ്. കലാകാരന്മാർക്ക് സ്ഥിരം വേദിയും കേരളത്തിന് സ്ഥിരം വരുമാനവുമാണ് ബിനാലെ ലക്ഷ്യമാക്കുന്നതെങ്കിലും, കലയുടെ പേരിൽ കൊച്ചിക്ക് കിട്ടുന്ന പുതിയ മേൽ‌വിലാസത്തിലൂടെ കൂടുതൽ സഞ്ചാരികൾ ഇന്നാട്ടിലേക്ക് എത്താനുള്ള വലിയൊരു സാദ്ധ്യത കൂടെ ഇതിനൊപ്പമുണ്ട്. അതായത് ഇപ്പോൾ ഉള്ള ടൂറിസത്തിന് ഉപരി കലയുടെ പേരിൽ കൂടുതൽ ടൂറിസം വരുമാനം. കേരളത്തിലെ കലാകാരന്മാർക്കും കലാപ്രേമികൾക്കും വീട്ടുമുറ്റത്ത് തന്നെ രാജ്യാന്തര നിലവാരത്തിലുള്ള കലാസൃഷ്ടികൾ ആസ്വദിക്കാനുള്ള സൌഭാഗ്യം ചില്ലറക്കാര്യമൊന്നുമല്ല.

ബിയനാലെയുടെ പ്രധാനവേദി കൊച്ചിയിലെ പുരാതനമായ ആസ്‌പിൻ വാൾ കെട്ടിടമാണ്. അത് കൂടാതെ പെപ്പർ ഹൌസ്, ഡേവിഡ് ഹാൾ, കൊച്ചിൻ ക്ലബ്ബ്, എന്നീ സ്ഥലങ്ങളിലും രണ്ടരക്കോടിക്ക് മേൽ ചിലവാക്കി ലോകനിലവാരത്തിൽ താപമാനനിയന്ത്രണത്തോടെ പുതുക്കിപ്പണിത ദർബാർ ഹാൾ ഗാലറിയിലുമൊക്കെയായി കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടുന്നു. മറ്റ് കലാ സാംസ്ക്കാരിക പരിപാടികൾ കൊച്ചിയിലും മുസരീസിന്റെ പ്രാന്തപ്രദേശമായ കൊടുങ്ങല്ലൂർ, വടക്കൻ പറവൂർ, മതിലകം, ഗോതുരുത്ത് എന്നിവിടങ്ങളിലും നടത്തപ്പെടും.

40ൽ‌പ്പരം രാജ്യങ്ങളിൽ നിന്ന് 84ൽ‌പ്പരം കലാകാരന്മാർ ബിയനാലെയിൽ അവരുടെ സൃഷ്ടികൾ അണിയിച്ചൊരുക്കുന്നുണ്ട്. അതിൽ 22 പേർ മലയാളി കലാകാരന്മാരാണ്. സൃഷ്ടികൾ എന്ന് പറയുമ്പോൾ ചിത്രകലയും ശില്പകലയും മാത്രമാണെന്ന് ധരിക്കരുത്. ഇത് സമകാലിക കലയുടെ (Contemporary Art) മേളമാണ്. പെയിന്റിങ്ങുകൾ, ശിൽ‌പ്പങ്ങൾ, സിനിമാ പ്രദർശനങ്ങൾ, ശബ്ദം, പ്രകാശം, മണം, എന്നിവ ഉപയോഗിച്ചുള്ള സൃഷ്ടികൾ, തീയറ്റർ പ്രകടനങ്ങൾ, ഇൻസ്റ്റലേഷൻസ്, എന്നിങ്ങനെ പുതിയ കാലഘട്ടത്തിന്റെ കലകൾ എന്തൊക്കെയാണോ അതെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെടാൻ പോകുന്നു.

ബിയനാലെയുടെ പിന്നണിയിലുള്ള ഒരുക്കങ്ങൾ ഔദ്യോഗികമായി 2010 മുതൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ കുന്നുമ്പുറത്തെ ബിയനാലെ ഫൌണ്ടേഷന്റെ ഓഫീസിലും  മേൽ‌പ്പറഞ്ഞ ഇടങ്ങളിലുമൊക്കെ സന്ദർശിച്ച് കുറേയൊക്കെ ഒരുക്കങ്ങൾ കണ്ട് മനസ്സിലാക്കാൻ രണ്ടാഴ്ച്ച മുന്നേ എനിക്ക് അവസരം ലഭിക്കുകയുണ്ടായി.

10,000 ചതുരശ്ര അടിയോളം വരുന്ന ഇടങ്ങളിലാണ് പല കലാകാരന്മാരും സൃഷ്ടികൾ അവതരിപ്പിക്കുന്നത്. ആസ്‌പിൻ വാളിലെ അതിവിശാലമായ ഒരു പരീക്ഷണശാലയിലാണ് മുംബൈ കലാകാരനായ അതുൽ ദോദിയ കഴിഞ്ഞ 60 വർഷത്തെ ഇന്ത്യൻ സമകാലിക കലയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനം ഒരുക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരത്തിൽ മേലോടുകൾക്കുള്ള സ്ഥാനം എന്താണ്, അതിന്റെ രസകരമായ ചരിത്രമെന്തൊക്കെയാണ് എന്ന് മനസ്സിലാക്കാനും ആസ്വദിക്കാനും എൽ.എൻ.തല്ലൂർ എന്ന കലാകാരൻ അവസരമൊരുക്കുന്നു. ചില ഉദാഹരണങ്ങൾ മാത്രമാണ് സൂചിപ്പിച്ചത്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നതിൽ എന്തുരസം!!  വിവാൻ സുന്ദരം, വിവേക് വിലാസിനി, കെ.പി.രജി, അനിത ദുബേ എന്നിങ്ങനെ നിരവധി ഇന്ത്യൻ കലാകാരന്മാർക്കും കലാകാരികൾക്കുമൊപ്പം കേരളത്തിൽ തമ്പടിച്ച് മാസങ്ങളും ആഴ്ച്ചകളുമായി വിദേശകലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ അണിയിച്ചൊരുക്കുന്നു. മറ്റ് പല കലാസൃഷ്ടികളും കടൽ കടന്ന് കൊച്ചിയിലെത്തി പ്രദർശനത്തിന് തയ്യാറെടുത്ത് നിൽക്കുന്നു. ആരൊക്കെയാണ് പങ്കെടുക്കുന്ന കലാകാരന്മാരെന്നും എന്തൊക്കെയാണ് സൃഷ്ടികൾ എന്നതും പൂർണ്ണമായി അനാവരണം ചെയ്യപ്പെടുന്നത് ബിയനാലെ തുടങ്ങി മുന്നോട്ട് നീങ്ങുന്നതിനോടൊപ്പമായിരിക്കും. അങ്ങനെയൊരു ജിജ്ഞാസ എല്ലാ ബിയനാലെകളുടേയും ഭാഗമാണെന്ന് സംഘാടകർ പറയുന്നു. എന്നിരുന്നാലും ചില കലാകാർന്മാരെയും അവരുടെ പ്രദർശനങ്ങളെയും പറ്റി മനസ്സിലാക്കാൻ ബിയനാലെയുടെ സൈറ്റ് സന്ദർശിക്കാം. എല്ലാ ദിവസത്തേയും പരിപാടികൾ മനസ്സിലാക്കാനും ഈ സൈറ്റ് തന്നെ ഉപകരിക്കും. കൂടാതെ ബിയനാലെയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും കൂടുതൽ വിവരങ്ങളും പുതിയ ചിത്രങ്ങളും അപ്പപ്പോൾ ലഭ്യമാകുന്നതാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ ബിയനാലെ ഗാലറികളും തുറക്കപ്പെടും. 05:30 ന് പരേഡ് മൈതാനത്തെ പഞ്ചവാദ്യത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 06:30ന് ബിയനാലെ ഉത്ഘാടനം ചെയ്യും. തുടർന്ന് 08:30ന് സ്ലം ഡോഗ് മില്ല്യനയർ സിനിമയിലടക്കം സഹകരിച്ചിട്ടുള്ള കലാകാരി MIA(മാതംഗി അരുൾപ്രഗസം)യ ആദ്യമായി ഇന്ത്യയിലെ ഒരു സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു.

നാലുവയസ്സുള്ളപ്പോൾ മുതൽ എറണാകുളത്തേക്കും ഫോർട്ട് കൊച്ചിയിലേക്കുമൊക്കെയുള്ള ഫെറിയിൽ ഇരുന്ന് കാണുന്നതാണ് ആസ്‌പിൻ വാൾ എന്ന പഴഞ്ചൻ കെട്ടിടം. എന്താണതിനകത്തെന്നുള്ള ജിജ്ഞാന രണ്ടാഴ്ച്ച മുന്നേ വരെ ഒപ്പമുണ്ടായിരുന്നു. ഇനി ആ ജിഞ്ജാസയില്ല. ഇന്നുമുതൽ പലവട്ടം കയറിയിറങ്ങാനാവും ആസ്‌പിൻ‌വാൾ അടക്കമുള്ള ഫോർട്ട് കൊച്ചിയിലെ പുരാതനമായ കെട്ടിടങ്ങളിലൊക്കെ. സ്വന്തം നഗരത്തിന്റെ പഴങ്കഥകൾ പെറുക്കിക്കൂട്ടാൻ നടക്കുന്ന എനിക്ക് ഇതൊക്കെത്തന്നെ വലിയൊരു കാര്യമാണ്. ബിനാലെ വന്നില്ലായിരുന്നെങ്കിൽ അങ്ങനെ ഒത്തിരി കാര്യങ്ങൾ എനിക്ക് അന്യമായിപ്പോയേനെ.

ബിയനാലെയെപ്പറ്റി വിവാദങ്ങൾ ഒരുപാടുണ്ടാകാം. അതിനെയൊക്കെ മൂന്ന് മാസത്തേക്ക് കൂടെ മാറ്റി നിർത്തി, ബിയനാലെ കാണേണ്ടതും അനുഭവിച്ചറിയേണ്ടതും ഓരോ മലയാളിയുടേയും ഇന്ത്യക്കാരന്റേയും എല്ലാ കലാകാരന്മാരുടേയും അവകാശമാണ്. കാരണം, വിവാദങ്ങളിൽ പറയുന്നത് പോലെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനായി ചിലവഴിക്കാൻ സർക്കാർ നൽകിയ കോടികൾ നമ്മൾ ഓരോരുത്തരുടേയും നികുതിപ്പണം തന്നെയാണ്. അതിലെ ഓരോ രൂപയ്ക്കും പകരമായി നല്ലൊരു കലാവിരുന്ന് ഒരുക്കിയിട്ടുണ്ടെങ്കിൽ അത് പോയി കണ്ട് മുതലാക്കേണ്ടത് നമ്മുടെ അധികാരവും ധർമ്മവുമാണ്.

ബിയനാലെ കാണാതെ മാറി നിന്ന് വിമർശനങ്ങളും വിവാദങ്ങളും മാത്രം കൊഴുപ്പിക്കുന്നവർ കലാകാരന്മാരല്ല, കലാസ്നേഹികളുമല്ല.

ആസ്‌പിൻ വാളിൽ സംഘാടകർക്കും ഓൺലൈൻ എഴുത്തുകാർക്കും ഒപ്പം.