Monthly Archives: January 2012

DSC03840

ആംസ്റ്റർഡാം കനാലുകളിലൂടെ


നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗം ‘ലന്തക്കാരുടെ നാട്ടിലേക്ക് ‘.
———————————————————

പുറത്ത് മഴ ചന്നം പിന്നം ചാറുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം സമയം രാവിലെ എട്ടര മണി ആയിട്ടും തെരുവുകളെല്ലാം വിജനമാണ്. പുറത്തിറങ്ങണമെന്ന് വെച്ചാൽ, ഞങ്ങളുടെ കൈവശം കുടയോ മഴക്കോട്ടോ ഒന്നും തന്നെയില്ല. തുലാവർഷത്തിൽ കടപുഴകാത്തവരെ ചാറ്റൽ മഴ കാണിച്ച് പേടിപ്പിക്കുന്നോ ?!  ഞങ്ങൾ മഴ വകവെക്കാതെ വെളിയിലിറങ്ങി. മഴ മാത്രമല്ല, അതുമൂലം തണുപ്പിന്റെ വെല്ലുവിളിയും അധികരിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങിയപ്പോളാണ് തിരിച്ചറിഞ്ഞത്.

ആദ്യം കണ്ട ഫ്രഞ്ച് കോഫീ ഹൌസിലേക്ക് കയറി ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റും സ്‌ട്രോബറി പാൻ കേക്കും ഓർഡർ ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരൻ ഒരാൾ റോഡ് മുറിച്ചുകടന്ന് എതിർവശത്തുള്ള പഴക്കടയിൽ നിന്ന് സ്‌ട്രോബറി വാങ്ങി മടങ്ങി വന്നു. അൽ‌പ്പം താമസമുണ്ടായെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഭംഗിയായി.

10 മണിക്ക് മുൻപേ ആംസ്റ്റർഡാം സെൻ‌ട്രൽ റെയിൽ വേ സ്റ്റേഷനിൽ എത്തണം. അവിടെ നിന്നാണ് ഈ ദിവസത്തെ ഞങ്ങളുടെ നഗരപ്രദക്ഷിണം ആരംഭിക്കുന്നത്. ഇത്തവണ അൽ‌പ്പം പുതുമയുള്ള ചുറ്റിക്കറങ്ങലാണ്. ആംസ്റ്റർഡാം മുഴുവൻ കറങ്ങിക്കാണാൻ ഏറ്റവും നല്ല മാർഗ്ഗം ഹോപ് ഓൺ ഹോപ് ഓഫ് (ഹോഹോ)കനാൽ ബസ്സുകളാണ്.

ജെട്ടിയിൽ കനാൽ ബസ്സ് കാത്തുനിൽക്കുന്ന സഞ്ചാരികൾ.

ഇംഗ്ലണ്ടിലും സ്പെയിനിലുമൊക്കെ ‘ഹോഹോ‘ ബസ്സുകളിൽ കയറിയിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ‘ഹോഹോ‘ ബോട്ടുകളിൽ സഞ്ചരിക്കാൻ പോകുന്നത്. സംഗതി ബോട്ട് ആണെങ്കിലും അവരതിനെ വിളിക്കുന്നത് കനാൽ ബസ്സ് എന്നാണ്. ഒരുപാട് കമ്പനികളുടെ കനാൽ ബസ്സുകൾ ആംസ്റ്റർഡാമിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

കനാൽ ബസ്സ് സർവ്വീസ് ഒരു ദൃശ്യം.

റൂട്ട് മാപ്പ് നോക്കി മനസ്സിലാക്കി പോകാനുള്ള സ്ഥലങ്ങളിലേക്കുള്ള പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ബോട്ടുകളിൽ മാറിമാറിക്കയറി ജലസവാരി നടത്താം. 100 കിലോമീറ്ററിലധികം കനാൽ റൂട്ടുകൾ ആംസ്റ്റർഡാമിൽ മാത്രമുണ്ട് എന്നു പറയുമ്പോൾ ജലഗതാഗതത്തിന് ഈ നഗരത്തിലുള്ള പ്രാധാന്യം എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

കനാൽ ബസ്സിന്റെ റൂട്ട് മാപ്പ്.

പച്ചയും ചുവപ്പും റൂട്ടുകളിൽ ഒരു പ്രാവശ്യം കറങ്ങിവരാൻ കനാൽ ബസ്സുകൾ ഒന്നര മണിക്കൂർ എടുക്കുമ്പോൾ നീല റൂട്ടിൽ ഒന്നേകാൽ മണിക്കൂറുകൊണ്ട് കറക്കം പൂർത്തിയാകും. ഇപ്പറഞ്ഞത് ബോട്ട് പോയിവരാനുള്ള സമയം മാത്രമാണ്. അതിനിടയ്ക്കുള്ള കാഴ്ച്ചകൾ മുഴുവനും ഓരോ ജട്ടിയിലും ഇറങ്ങി കണ്ട് ആസ്വദിച്ച് വരണമെങ്കിലും ദിവസങ്ങൾ തന്നെ എടുക്കും. ഞങ്ങൾക്ക് കൈയ്യിലുള്ള സമയം കൊണ്ട് കാണാൻ പറ്റുന്ന സ്ഥലങ്ങളെപ്പറ്റി ഒരു ധാരണ ഉണ്ടാക്കിവെച്ചിട്ടുണ്ട്. വാൻ ഗോഗ് മ്യൂസിയം, നെമോ, സീ പാലസ്, പാസഞ്ചർ ടെർമിനൽ, സീ പാലസ്, ഗാസൺ ഡയമണ്ട്സ്, ആൻ ഫ്രാങ്ക് ഭവനം എന്നിങ്ങനെ ചുരുക്കം ചിലത് മാത്രമാണത്.

കനാൽ ബസ്സിന്റെ ഉൾഭാഗം.

പച്ചനിറത്തിലുള്ള റൂട്ടിൽ നിന്ന് ബോട്ട് യാത്ര ആരംഭിച്ചു. ഉയരം കുറഞ്ഞതാണെങ്കിലും നല്ല നീളവും വീതിയുമുള്ള ബോട്ടുകളാണ് എല്ലാം. ഒന്നാന്തരം സീറ്റുകൾ, വൃത്തിയുള്ള ഉൾഭാഗം, കാഴ്ച്ചകൾക്ക് ഒരു തടസ്സവും നേരിടാതിരിക്കാനായി വശങ്ങളിലും മുകൾഭാഗത്തുമൊക്കെ ചില്ലുജാലകങ്ങൾ നിറയെയുണ്ട്. ഒന്നിടവിട്ടുള്ള സീറ്റുകൾക്കിടയിൽ സീറ്റിനൊപ്പം നീളത്തിലുള്ള മേശ. രാത്രി സമയത്ത് മെഴുകുതിരി വെളിച്ചത്തിൽ അത്താഴം വിളമ്പിക്കൊണ്ടുള്ള സവാരികളും കനാൽ ബസ്സുകൾ നൽകുന്നുണ്ട്. ബോട്ട് ഓടിക്കുന്നതും കരയിലേക്ക് അടുക്കുമ്പോൾ ജെട്ടിയിൽ ബോട്ട് കെട്ടിയിടുന്നതുമെല്ലാം ഡ്രൈവർ എന്ന ഏകാംഗ ജോലിക്കാരൻ തന്നെ. വളരെ സൂക്ഷമതയോടെയും കൃത്യതയുമോടെയാണ് ബോട്ട് അടുപ്പിക്കുന്നത്. പാലത്തിൽ ഇടിച്ച് ഇളക്കമോ അനക്കമോ ഒന്നും ഉണ്ടാകുന്നതേയില്ല. കടന്നുപോകുന്ന സ്ഥലങ്ങളെപ്പറ്റിയും കാണുന്ന ഓരോ കെട്ടിടങ്ങളെപ്പറ്റിയും പാലങ്ങളെപ്പറ്റിയുമുള്ള വിവരണങ്ങൾ ബോട്ടിനകത്തെ സ്പീക്കറിലൂടെ ഒഴുകി വരുന്നു.

കനാൽ സവാരി പുരോഗമിക്കുമ്പോൾ ശ്രദ്ധയിൽ‌പ്പെടുന്നത് കനാലിന് അരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന രീതിയാണ്. വണ്ടികൾ വെള്ളത്തിലേക്ക് വീഴാതെ തടുത്ത് നിർത്തിയിരിക്കുന്നത് ഒരടിയോളം ഉയരത്തിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ലോഹക്കമ്പികളാണ്. മുൻ‌വശത്തെ ടയറുകൾ ഈ കമ്പികളിൽ മുട്ടുമ്പോൾ വാഹനം പാർക്ക് ചെയ്ത് പോകാം.

വാഹനങ്ങൾ കനാലിലേക്ക് വീഴാതിരിക്കാനുള്ള സംവിധാനം.

ഈ സംവിധാനം വരുന്നതിന് മുന്നേ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനിടയ്ക്ക് വെള്ളത്തിലേക്ക് വീഴുന്നത് നിത്യസംഭവമായിരുന്നു. ഇൻഷൂറൻസ് കമ്പനികളായിരുന്നു അതിന്റെ കഷ്ടനഷ്ടങ്ങൾ സഹിച്ചു പോന്നിരുന്നത്. വെള്ളത്തിൽ നിന്ന് വാഹനം പൊക്കിയെടുക്കാനുള്ള ചിലവ് താങ്ങാനാവാതെ വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടുപിടിച്ച് നടപ്പിലാക്കേണ്ടത് അത്യാവശ്യമായി മാറി. വാഹനങ്ങൾ കായലിൽ നിന്ന് പൊക്കിയെടുക്കാൻ ചിലവായ തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് പരിഹാരം പ്രാവർത്തികമാക്കുകയും ചെയ്തു.

കനാൽ ബസ്സുകളാണ് തോടുകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടുകളിൽ അധികവും. സ്വകാര്യ ബോട്ടുകളും മേൽക്കൂരയില്ലാത്ത കൊച്ചുബോട്ടുകളും കനാൽ ബൈക്കുകൾ എന്ന് വിളിക്കുന്ന മുകൾഭാഗമില്ലാത്ത ബോട്ടുകളുമൊക്കെ യഥേഷ്ടം ലഭ്യമാണിവിടെ. ഇതിനൊക്കെ പുറമെ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതുപോലെ കനാലുകളുടെ വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന നിരവധി ഹൌസ് ബോട്ടുകളും സ്ഥിരം കാഴ്ച്ച തന്നെ.

കനാൽ ബൈക്ക്, ഹൌസ് ബോട്ട് ഇത്യാദി നൌകകൾ.

ഹൌസ് ബോട്ടുകൾ എന്നാൽ കേരളത്തിലേത് പോലെ വിരളിൽ എണ്ണാവുന്ന ദിവസങ്ങളിലേക്ക് വാടകയ്ക്ക് ലഭിക്കുന്ന സൌകര്യമല്ല ഇവിടെ. മറിച്ച്  ജനങ്ങൾ സ്ഥിരമായി ജീവിക്കുന്ന ബോട്ടുകളാണ് അതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. താമസക്കാരന്റെ സൈക്കിൾ, വളർത്ത് നായകൾ, അടുക്കളത്തോട്ടം എന്നുതുടങ്ങി ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ വരെ അതിന്റെ തെളിവുകളാണ്. കരയിലുള്ള വീടുകൾ പോലെ തന്നെ കരമടച്ച് കാലങ്ങളോളം അവർ ഇതിനകത്ത് സ്വാഭാവിക ജീവിതം നയിക്കുന്നു. ആംസ്റ്റർഡാമിൽ മാത്രം 2500 ൽ അധികം ഹൌസ് ബോട്ടുകളാണ് ഉള്ളത്. ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതാണ് ഇവിടത്തെ ഹൌസ് ബോട്ടുകൾ.

റംബ്രൻഡ് സ്ക്വയർ ഒരു ദൃശ്യം.

ഞങ്ങൾ ആദ്യമിറങ്ങിയത് റംബ്രൻഡ് സ്ക്വയറിലെ (Rembrandt Square) ജട്ടിയിലാണ്. ആദ്യകാലത്ത് ഇതൊരു ബട്ടർ മാർക്കറ്റ് ആയിരുന്നു. പിന്നീട് ഹോട്ടലുകളും കഫേകളും കാസിനോകളും ഡിസ്‌ക്കോത്തിക്കുകളും നൈറ്റ് ക്ലബ്ബുകളും ഒക്കെ വളർന്നുവന്ന് ആംസ്റ്റർഡാം നിശാജീവിതത്തിന്റെ മുഖമുദ്രയായി മാറിയ ഈ സ്ക്വയർ അറിയപ്പെടുന്നത് വിഖ്യാത ഡച്ച് ചിത്രകാരനായ Rembrandt Van Rijn ന്റെ പേരിലാണ്. സ്ക്വയറിന് നടുക്ക് തന്നെ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. റംബ്രൻഡിന്റെ വീടും  തൊട്ടടുത്ത് തന്നയാണുള്ളത്.

Rembrandt Van Rijn ന്റെ പ്രതിമ

ഞങ്ങൾ നടന്ന് നടന്ന് അൽ‌പ്പം മാറിയുള്ള ഫ്ലവർ മാർക്കറ്റിൽ എത്തി. ഈ മാർക്കറ്റിന് ഒരു പ്രത്യേകതയുണ്ട്. ഇതൊരു ഒഴുകുന്ന മാർക്കറ്റ് (Floating Market) ആണ്. തെരുവിലൂടെ കടന്ന് വന്നാൽ ഒരു വശം മുഴുവൻ പൂക്കടകൾ കാണാം. വൈവിദ്ധ്യമാർന്ന പൂച്ചെടികൾ, പൂക്കൾ, ഉണങ്ങിയ പൂക്കൾ, അതിന്റെയൊക്കെ വിത്തുകൾ, ചിത്രങ്ങൾ, ചെടിച്ചട്ടികൾ, തൂക്കിയിടുന്ന ചെടികളും പാത്രങ്ങളും, സോവനീറുകൾ എന്നുവേണ്ട കണ്ണഞ്ചിപ്പിക്കുന്ന ശേഖരം തന്നെ ഇവിടെയുണ്ട്. മുട്ടിമുട്ടി നിൽക്കുന്ന ആ കടകളിൽ പ്രവേശിച്ചാലോ അടുത്ത് നിന്ന് നോക്കിയാലോ അതൊരു ഫ്ലോട്ടിങ്ങ് മാർക്കറ്റ് ആണെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. തെരുവിൽ നിന്ന് വെളിയിൽ വന്ന് തൊട്ടടുത്തുള്ള പാലത്തിൽ കയറി നോക്കിയാലാണ് ചിത്രം വ്യക്തമാകുക.

ഇടതുവശത്ത് നിരന്ന് കാണുന്നതാണ് ഫ്ലോട്ടിങ്ങ് ഫ്ലവർ മാർക്കറ്റ്

തെരുവിന്റെ ഒരു വശം കനാലാണ്. കനാലിന്റെ കരയോട് ചേർന്ന് നങ്കൂരമിട്ട്, തൊട്ടുതൊട്ടെന്ന മട്ടിൽ നിൽക്കുകയാണ് ഇക്കണ്ട പൂക്കടകളെല്ലാം. കരയിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഡച്ചുകാർ തോടുകളിലും ചെയ്യുന്നു, അത്രേയുള്ളൂ.

മഴ ഇടയ്ക്കിടയ്ക്ക് തനിസ്വരൂപം കാണിക്കാൻ തുടങ്ങി. പനിയോ മറ്റോ പിടിച്ച് തുടർന്നുള്ള ദിവസങ്ങളിലെ യാത്രകൾ അലങ്കോലമാകരുതെന്ന ഒറ്റക്കാരണത്താൽ ഒരു റെയിൻ കോട്ട് വാങ്ങാൻ ഞാൻ നിർബന്ധിതനായി. മുഴങ്ങോടിക്കാരി ജാക്കറ്റിന്റെ ഹുഡ് ഉപയോഗിച്ച് മഴയെ പ്രതിരോധിച്ചു. മഴക്കോട്ട് വാങ്ങിയ സിറിയക്കാരന്റെ കടയിൽ നിന്ന് തന്നെ പ്രസിദ്ധമായ ആംസ്റ്റർഡാം വിൻഡ് മില്ലുകളുടെ രൂപത്തിലുള്ള ഒരു സോവനീറും ഞങ്ങൾ കരസ്ഥമാക്കി.

ഫ്ലോട്ടിങ്ങ് ഫ്ലവർ മാർക്കറ്റിന് മുന്നിൽ മഴക്കോട്ടിൽ പൊതിഞ്ഞ്.

സമയം 12 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ പച്ച റൂട്ടിലെ സവാരി അവസാനിപ്പിച്ച് നീല റൂട്ടിലേക്ക് കടന്നു. ആംസ്റ്റർഡാമിലെ ഏറ്റവും വലിയ സയൻസ് സെന്ററായ നെമോ ആണ് ആദ്യലക്ഷ്യം. കപ്പലിന്റെ ആകൃതിയിലുള്ള ഒരു ബഹുനിലക്കെട്ടിടമാണ് നെമോ.

പച്ചനിറത്തിൽ നോമോ.

നെമോയുടെ തൊട്ടടുത്ത് തന്നെയാണ് മാരിടൈം മ്യൂസിയം. നെമോ കെട്ടിടത്തിനോട് ചേർന്ന് വെള്ളത്തിൽ കിടക്കുന്ന ‘ആംസ്റ്റർഡാം’ എന്ന് പേരുള്ള പായക്കപ്പലിന് പറയാൻ കഥകൾ ഒരുപാടുണ്ട്. 18-)ം  നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപയോഗിച്ചിരുന്ന ചരക്ക് കപ്പലാണ് ‘ആംസ്റ്റർഡാം’. 1748 നവംബറിൽ കന്നിയാത്ര ആരംഭിച്ച കപ്പൽ 1749 ജനുവരി ആയപ്പോഴേക്കും കരയ്ക്ക് ഉറയ്ക്കുകയും മുങ്ങിത്താഴുകയും ചെയ്തു. 20-)ം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിന്റെ അതേ മാതൃകയിൽ മറ്റൊരു കപ്പൽ ഉണ്ടാക്കി മാരിടൈം മ്യൂസിയത്തിന് സമീപം പ്രദർശിപ്പിക്കാൻ തുടങ്ങി. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ. 18-)ം നൂറ്റാണ്ടിൽ ഈ കപ്പൽ ഉണ്ടാക്കാൻ എടുത്തത് 6 മാസമാണെങ്കിൽ സാങ്കേതികവിദ്യകളൊക്കെ പുരോഗമിച്ച പുത്തൻ കാലഘട്ടത്തിൽ കപ്പലിന്റെ റപ്ലിക്ക ഉണ്ടാക്കാൻ 6.5 കൊല്ലമെടുത്തു.

‘ആംസ്റ്റർഡാം‘ മാതൃകയിലെ പുതിയ പായക്കപ്പൽ.

കനാൽ ബസ്സിലിരുന്നാൽ മാരിടൈം മ്യൂസിയത്തിന്റേയും, ‘ആംസ്റ്റർഡാമി’ന്റേയും, നെമോയുടെയുമെല്ലാം വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ സാദ്ധ്യമാകുന്നു. ഞങ്ങൾ പാസഞ്ചർ ടെർമിനൽ ജെട്ടിയിലേക്ക് നീങ്ങി. ആംസ്റ്റർഡാം സീ പോർട്ട് ആണ് അവിടെയുള്ളത്. സീ പോർട്ടുകൾ പലതും മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരു നൂതന എയർപ്പോർട്ടിന്റേത് പോലെ ഭംഗിയുള്ള സീ പോർട്ട് ഞാനാദ്യമായിട്ടാണ് കാണുന്നത്. ‘കോസ്റ്റ ലൂമിനോസ‘ എന്ന കൂറ്റൻ യാത്രാക്കപ്പൽ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്നുണ്ട്. ഒരു കപ്പിത്താന്റെ മകളായതുകൊണ്ടാകണം ബോട്ട് പോർട്ടിന് അടുത്തേക്ക് എത്തുന്തോറും മുഴങ്ങോടിക്കാരി ആവേശഭരിതയായിക്കൊണ്ടിരുന്നു.

ആംസ്റ്റർഡാം പാസഞ്ചർ ടെർമിനൽ കവാടം.

മടങ്ങിച്ചെല്ലുമ്പോൾ പിതാശ്രീക്ക് നൽകാനായി എന്തെങ്കിലും സമ്മാനം വാങ്ങണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. പോർട്ടിന് അകത്തേക്ക് കടക്കാതെ എന്തെങ്കിലും വാങ്ങാൻ പറ്റുന്ന ലക്ഷണമില്ല. യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കപ്പലിലേക്ക് കയറാനായി  സഞ്ചാരികൾ ടാക്സിയിൽ വന്നിറങ്ങുകയും ബാഗൊക്കെ എടുത്ത് അകത്തേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. കവാടത്തിൽ ആരും ടിക്കറ്റ് പരിശോധിക്കുന്നതായി കണ്ടില്ല. ഇന്നാട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ സ്റ്റാമ്പ് പോലും പാസ്പ്പോർട്ടിൽ കുത്തിയിട്ടില്ല. ഈ രാജ്യത്ത് ഇത്തരം കാര്യങ്ങളൊന്നും വലിയ പ്രശ്നമല്ലായിരിക്കാം. ഞങ്ങൾ ധൈര്യം സംഭരിച്ച് പെട്ടെന്ന് അകത്തേക്ക് കടന്നു. ഒന്നും സംഭവിച്ചില്ല, ആരും ശ്രദ്ധിക്കുന്നുപോലുമില്ല. പോർട്ടിന്റെ താഴത്തെ നിലയിലും മുകളിലെ നിലയിലുമൊക്കെ യാത്രക്കാരെന്ന വ്യാജേന ഞങ്ങൾ കറങ്ങി നടന്നു. വീട്ടിലുള്ള ക്യാപ്റ്റന് നൽകാനുള്ള സമ്മാനം കപ്പലിന്റെ മാതൃകയിലുള്ളത് തന്നെ വാങ്ങുകയും ചെയ്തു.

പോർട്ടിനകത്ത് നിന്ന് നോക്കിയാൽ കപ്പലിന്റെ ഒരു ഭാഗം മാത്രം കാണാം. ഒരു ബഹുനിലക്കെട്ടിടമാണ് അതെന്നേ തോന്നൂ. പള്ളയിലേക്ക് നീണ്ടുചെല്ലുന്ന പാലത്തിലൂടെ സഞ്ചാരികൾ ആ കൂറ്റൻ നൌകയ്ക്ക് ഉള്ളിൽ കടന്നുകൊണ്ടിരിക്കുന്നു. പോർട്ടിന് വെളിയിൽക്കടന്ന് കപ്പലിന്റെ ഒരു മുഴുവൻ ചിത്രമെടുക്കുന്ന കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. ഫ്രെയിമിൽ ഒതുക്കാനാവാത്ത വലിപ്പമാണതിന്.

നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ കാഴ്ച്ച സീ പോർട്ടിന് അകത്തുനിന്ന്.
യാത്രാക്കപ്പലിന് മുൻപിൽ മുഴങ്ങോടിക്കാരിക്കൊപ്പം.
ടെർമിനലിന്റെ മുന്നിലുള്ള മനൊഹരമായ ഒരു പാലം.

ടെർമിനലിന്റെ മുന്നിലുള്ള ബോട്ട് ജട്ടിയിൽ നിന്ന് കനാൽ ബസ്സിൽ കയറുന്നതിന് പകരം റോഡ് മുറിച്ചുകടന്ന് ഞങ്ങൾ നീമോയിലേക്ക് നടന്നു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ലക്ഷ്യം. സീ പാലസ് എന്ന ചൈനീസ് ഫ്ലോട്ടിങ്ങ് റസ്റ്റോറന്റാണ് നിമോ ജട്ടിയിലെ പ്രധാന ആകർഷണം. ആംസ്റ്റർഡാമിൽ ഫ്ലോട്ട് ചെയ്യാത്തതായി ഒന്നുമില്ല എന്ന് വേണം കരുതാൻ. പഗോഡ മാതൃകയിലുള്ള ഈ ഭോജനശാലയാണ് യൂറോപ്പിലെ തന്നെ ആദ്യത്തെ ഫ്ലോട്ടിങ്ങ് റസ്റ്റോറന്റ്.

സീ പാലസ് – ഫ്ലോട്ടിങ്ങ് ചൈനീസ് റസ്റ്റോറന്റ്

ബോട്ട് വരാൻ ഇനിയും സമയമുണ്ട്. ഭൂപടം പ്രകാരം, അടുത്ത ഡെസ്റ്റിനേഷനായ ഗാസൺ ഡയമണ്ടിലേക്ക് നടന്ന് പോകാനുള്ള ദൂരമേയുള്ളൂ. ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു. ഉച്ച സമയമാണെങ്കിലും തുറമുഖത്തുനിന്ന് നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്.

400 കൊല്ലത്തിലധികമുള്ള ഡയമണ്ട് വ്യവസായ ചരിത്രമുണ്ട് ആംസ്റ്റർഡാമിന്. ‘കരിക്കട്ട’കണ്ടെടുക്കുന്നത് മുതൽ അതിനെ ചെത്തിച്ചീകി മിനുക്കി, മോഹിപ്പിക്കുന്ന തരത്തിലുള്ള ചെറുതും വലുതുമായ തിളക്കമുള്ള കല്ലുകളാക്കി മാറ്റുന്ന പ്രക്രിയകളെല്ലാം ഗാസൺ ഡയമണ്ട് ഫാൿറ്ററിയിൽ ചെന്നാൽ വിശദമായിത്തന്നെ കാണാൻ സാധിക്കും. എല്ലാം കണ്ട് ബോധിച്ചതിനുശേഷം ഡയമണ്ടുകൾ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഒരു ഡയമണ്ട് ഫാൿറ്ററിയിൽ ഇതിനു മുൻപ് കയറിയിട്ടില്ല. അതുകൊണ്ടുതന്നെ ഗാസൺ ഫാൿറ്ററിയും ഷോ റൂമും സന്ദർശിക്കണമെന്നുണ്ട്.

സംഭവമെല്ലാം കൊള്ളാം. പക്ഷെ, ‘Diamonds are a girl‘s best friend‘ എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നമ്മുടെ കാരണവന്മാർ ചൊല്ലിയിരിക്കുന്നത് ‘കന്നിനെ കയം കാണിക്കരുത് ‘ എന്നാണ്. ചൊല്ലുകളെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഞാനിപ്പോൾ ഇതാ ഗുരുകാരണവന്മാരെയെല്ലാം ധിക്കരിക്കാൻ പോകുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞതുപോലെ. പിതൃക്കളേ പൊറുക്കണേ.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.