Monthly Archives: December 2012

5

ആരോഹണം


ഷാജി ടി.യു. നിർദ്ദേശിച്ചതനുസരിച്ച് ‘Post Tenebras Lux’ എന്ന സിനിമ കാണാനാണ് കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ വേദികളിൽ ഒന്നായ ശ്രീധറിലേക്ക് തിരിച്ചത്. പോകുന്ന വഴിക്ക്, സിനിമയുടെ സമയം ഉറപ്പാക്കാൻ വേണ്ടി സവിതയിലേക്ക് കയറി. അപ്പോളാണ്, ഒരുപാട് നാളുകൾക്ക് ശേഷം സംവിധായകൻ Uday Ananthan നെ കണ്ടത്. കൂടെ മെഡിമിക്സിന്റെ ഉടമയായ ശ്രീ.അനൂപും ഒരു വനിതയും ഉണ്ട്. അനൂപ് നിർമ്മിച്ച ഒരു തമിഴ് സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി സവിതയിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ‌പ്പിന്നെ അത് തന്നെ കണ്ടേക്കാമെന്ന് വെച്ചു. സിനിമയുടെ പേരുപോലും അറിയാതെ തീയറ്ററിനകത്തേക്ക് കടക്കുന്നത് ഇത് ജീവിതത്തിൽ ആദ്യം.

ഒരു സാധാരണ സിനിമ പോലെ തുടക്കം. ഒരു സ്ത്രീ അപകടത്തിൽ പെടുന്നു. പാതിരാത്രിയായിട്ടും അവരെ കാണാതെ വിഷമിക്കുന്ന മകനും മകളും. അങ്ങനങ്ങ് പോകുന്നു കഥ. ഇടവേള ആയപ്പോഴേക്കും ഇനിയെന്തൊക്കെയോ കാര്യമായ സംഭവങ്ങൾ വരാനുണ്ടെന്ന തോന്നൽ സിനിമ തന്നിരുന്നു, ഇത്ര പെട്ടെന്ന് ഇടവേള ആയോ എന്ന തോന്നൽ വേറെയും. സിനിമ മുന്നോട്ട് നീങ്ങുന്തോറും, വെള്ളിത്തിരയിൽ തെളിയുന്ന രംഗങ്ങൾക്ക് മുന്നേ, കഥയിലൂടെ മനസ്സ് പായിക്കാൻ ശ്രമിക്കുന്ന ഒരു പ്രേക്ഷകൻ എന്റെയുള്ളിൽ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒരു ക്ലബ്ബ് ഡാൻസുണ്ട് സിനിമയിൽ. പാട്ടിന് വേണ്ടി പാട്ട് തിരുകിക്കയറ്റാത്ത ഒന്നാണത്. സിനിമയുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നത്. അതില്ലെങ്കിൽ ആരോഹണം എന്ന സിനിമയും ഇല്ല. സ്വാഭാവികത മുറ്റിനിൽക്കുന്ന കഥാപാത്രങ്ങൾ. കഥാന്ത്യത്തിൽ അസാധാരണമായ ഒരു തലത്തിലേക്ക്, അഥവാ ചരിത്രത്തിലേക്ക് ചൂണ്ടിയുള്ള ഒരു യാഥാർത്ഥ്യത്തിലേക്കാണ് സിനിമ ചെന്നെത്തുന്നത്. ബൈപോളാർ വ്യക്തിത്വങ്ങളിൽ ഊന്നി മനോഹരമായ ഒരു സിനിമ. നസറുദ്ദീൻ ഷായേയും വിദ്യാ ബാലനേയും വെച്ച് ഇതേ സംവിധായികയെക്കൊണ്ട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഓഫർ വന്നിട്ടുണ്ടെങ്കിൽ എന്തിനതിശയിക്കണം !!

സിനിമ കഴിഞ്ഞപ്പോൾ, പ്രൊഡ്യൂസർ ശ്രീ.അനൂപിനെ അഭിനന്ദിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് കുലുക്കുമ്പോളാണ് സിനിമ തുടങ്ങുന്നതിന് മുന്നേ അദ്ദേഹത്തിനൊപ്പം കണ്ട വനിതയെ ശ്രദ്ധിച്ചത്. തൊട്ടുമുൻപ് എങ്ങോ കണ്ടുമറഞ്ഞ മുഖം. മറ്റാരുമല്ല,… സിനിമയിലെ നായിക തന്നെ !!!! അവരേയും കൈകൾ കുലുക്കി അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ? നായികാ പ്രാധാന്യമുള്ള സിനിമയിലെ നാഷണൽ അവാർഡ് സാദ്ധ്യതയുള്ള അഭിനയമായിരുന്നു അത്. ആളെ പറഞ്ഞാൽ എല്ലാവരും അറിയും. നടി സരിതയുടെ അനുജത്തി വിജി ചന്ദ്രശേഖർ. സരിതയുടെ സഹോദരിയാനെന്നത് ആ കണ്ണുകളിൽ നിന്നും മുഖത്തുനിന്നും വായിച്ചെടുക്കാം.

നാളെ ചെന്നൈ ഫിലിം ഫെസ്റ്റിവൽ കഴിയുമ്പോൾ ചിലപ്പോൾ ഈ സിനിമയെപ്പറ്റി കൂടുതൽ കേട്ടെന്ന് വരും. തമിഴ്‌നാട്ടിൽ ഇത് നിറഞ്ഞ സദസ്സുകളിൽ ഓടി മുക്തകണ്ഠപ്രശംസ പിടിച്ച് പറ്റിക്കഴിഞ്ഞിരിക്കുന്നു. നിർമ്മാതാവ് മാത്രമല്ല സംവിധായിക ലക്ഷ്മി രാമകൃഷ്ണനും മലയാളികൾ തന്നെ. ഈ വിഷയത്തിൽ ഊന്നി ഒരു ഡോക്യുമെന്ററിക്ക് പണം മുടക്കാമോ എന്ന് ചോദിച്ച സംവിധായികയോട്, കുറേക്കൂടെ വലിയ സ്കെയിലിൽ ഒരു കൊമേർഷ്യൽ സിനിമ തന്നെ ചെയ്യാമെങ്കിൽ പടം നിർമ്മിക്കാം എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച ശ്രീ.അനൂപിന് ഒരു സല്യൂട്ട്. 25 ലക്ഷം ബഡ്ജറ്റ് ഇട്ട് 23.5 ലക്ഷത്തിൽ സിനിമ പിടിച്ചതിന് ഒരു സല്യൂട്ട് വേറെയുമുണ്ട്.

തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ എന്തായാലും പ്രദർശിപ്പിക്കും എന്ന്, സിബി മലയിലും ബീനാ പോളുമൊക്കെ ഉറപ്പിച്ച് പറഞ്ഞിട്ടും പ്രദർശിപ്പിക്കാതെ പോയതിന്റെ നഷ്ടം തിരുവനന്തപുരത്തുകാർക്ക് മാത്രമാണ്. കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ആരോഹണം, കണ്ടില്ലെങ്കിൽ നഷ്മാണെന്ന് പറയാൻ ഒരു സങ്കോചവും ആവശ്യമില്ലാത്ത സിനിമ.