Yearly Archives: 2013

333

ശ്രീ.ഋഷിരാജ് സിംഗിന് ഒരു പരാതി


ഹുമാനപ്പെട്ട ഋഷിരാജ് സിംഗ്

താങ്കളാണ്, താങ്കൾ തന്നെയാണ് സൂപ്പർ താരമെന്ന് വെള്ളിത്തിരയിലെ താരമായ ശ്രീ.മോഹൻലാൽ പറഞ്ഞതിനോട് യോജിക്കുന്നവർ തന്നെയാണ് എല്ലാ മലയാളികളും. കുറ്റവാളികൾക്ക് യോജിക്കാൻ പറ്റില്ലായിരിക്കാം. പോലീസുകാരുടെ ഉത്തരവാദിത്വപരമായ പ്രവർത്തികളോട് കുറ്റവാളികൾ യോജിക്കണമെന്ന് ആർക്കാണ് നിർബന്ധം ?!

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ നിന്ന്…

ഏത് പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാലത്തിനിടയ്ക്ക് ആരാധകവൃന്ദം ഉണ്ടായിട്ടുള്ളത് ? ആർക്കുമില്ല. സ്വന്തം ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തി, പരാതികൾ അതിൽ നേരിട്ട് വിളിച്ചറിയിക്കാൻ പൊതുജനത്തിന് സമ്മതം നൽകിയിട്ടുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മലയാളി സമൂഹം ഇതിന് മുൻപ് കണ്ടിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എല്ലാ അർത്ഥത്തിലും താങ്കൾ തന്നെയാണ് സൂപ്പർതാരം. ഒരു തർക്കവുമില്ല.

ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ നിർബന്ധമാക്കൽ, വേഗപ്പൂട്ട് ഘടിപ്പിക്കൽ എന്നുതുടങ്ങി, ഗതാഗത വകുപ്പിൽ താങ്കൾ നടത്തി വരുന്ന ‘നിയമസംരക്ഷണ‘ നീക്കങ്ങളെല്ലാം എന്തുകൊണ്ടും പ്രശംസയർഹിക്കുന്നവ തന്നെയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് പരിക്കൊന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.

ഇതൊക്കെയാണെങ്കിലും താങ്കൾ മറന്നുകിടക്കുന്നതോ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയതോ ആയ ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ‌പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

1. രാത്രികാലങ്ങളിൽ നിരത്തിലുള്ള വാഹനങ്ങൾ ദയവായി ശ്രദ്ധിക്കുക. നല്ലൊരു പങ്ക് വാഹനങ്ങൾക്കും ഹെഡ് ലൈറ്റ് ഉണ്ടാകാറില്ല. മിക്കവാറും ഒരു ലൈറ്റ് കാണില്ല. ചിലപ്പോൾ രണ്ടും കാണില്ല. ചെറിയ വാഹനങ്ങളേക്കാൾ അധികമായി ഹെവി ലൈസൻസ് ഉള്ള വാഹനങ്ങൾ, പ്രത്യേകിച്ച് ബസ്സുകളും നാഷണൽ പെർമിറ്റ് ഉള്ള ലോറികളും മറ്റുമാണ് ഇക്കാര്യത്തിൽ മുൻ‌പന്തിയിൽ നിൽക്കുന്നത്. എറണാകുളത്തെ കണ്ടൈനർ ടെർമിനൽ റോഡിൽ മാത്രം ഒരു മിന്നൽ പരിശോധന നടത്തിയാൽ ഇത്തരത്തിൽ ഡസൺ കണക്കിന് വാഹനങ്ങളെ ഒരു ദിവസം പിടികൂടാനാവും. 40 അടി നീളമുള്ള കണ്ടൈനറുകളുമായി നീങ്ങുന്ന ഇത്തരം വാഹനങ്ങൾക്ക് നേരാംവണ്ണം ഹെഡ് ലൈറ്റ് ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ താങ്കൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇരുട്ടുവീണശേഷം എല്ലാ ദിവസവും അതുവഴി ഈ പ്രശ്നം അനുഭവിച്ച് വാഹനം ഓടിക്കുന്ന ഒരാളെന്ന നിലയ്ക്ക് കൂടെയാണ് ഇതൊരു പരാതി രൂപത്തിലോ, അപേക്ഷ രൂപത്തിലോ അവതരിപ്പിക്കുന്നത്.

ഹെഡ് ലൈറ്റ് മാത്രമല്ല, ബ്രേക്ക് ലൈറ്റും നിരത്തിലുള്ള വാഹനങ്ങളിൽ പലതിലും അപൂർവ്വ കാഴ്ച്ചയാണ്. ബ്രേക്ക് ലൈറ്റുകൾ ഇല്ലെങ്കിൽ അപകട സാദ്ധ്യത പകൽ സമയത്തും രാത്രി സമയത്തും ഒരുപോലെയാണ്. പബ്ലിക്ക് ക്യാരിയർ ലൈസൻസുള്ള വാഹനങ്ങൾ, ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ ബ്രേക്ക് ലൈറ്റുകൾ വേർപെടുത്തി ബാറ്ററി കാലാവധി നീട്ടാൻ ശ്രമിക്കുന്നത് ഇന്നാട്ടിലെല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വേഗപ്പൂട്ട് മുറിച്ചുമാറ്റിയ ബസ്സുകളിൽ ഒരെണ്ണത്തിനെ കലൂർ ബസ്സ് സ്റ്റാന്റിൽ നിന്ന് താങ്കൾ പിടികൂടിയ വാർത്ത, ചിത്രസഹിതം പത്രങ്ങളിലൂടെ പൊതുജനം വായിച്ചറിഞ്ഞതാണ്. രണ്ടാം ദിവസം വേഗപൂട്ട് വിടീക്കാൻ പറ്റുന്നവർക്ക് ബ്രേക്ക് ലൈറ്റ് മുറിച്ച് മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ?

വേഗപ്പൂട്ട് പരിശോധന നേരിട്ട് നടത്തിയതിന്റെ വാർത്ത.

രാത്രികാലങ്ങളിൽ പക്ഷേ, നിരത്തുകളിലൊന്നും പൊലീസ് ചെക്കിങ്ങ് കാണാറില്ല എന്നതാണ് സത്യം. 8 മണി ആകുന്നതോടെ സിഗ്നലുകൾ മിക്കവാറും എല്ലാം ഓട്ടോമാറ്റിക്ക് ആക്കി ഡ്യൂട്ടിയിലുള്ള പൊലീസ് ഓഫീസർ‌മാർ സ്ഥലം കാലിയാക്കുന്നു. ഹൈവേകളിൽ മാത്രം ചുരുക്കം ചില ഹൈവേ പട്രോൾ പൊലീസ് വാഹനങ്ങൾ കാണപ്പെടാറുണ്ടെങ്കിലും ഹൈഡ് ലൈറ്റും ബ്രേക്ക് ലൈറ്റും ഇല്ലാത്തവരെ പിടികൂടി നടപടി എടുക്കുന്നതായി കണ്ടിട്ടില്ല. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാതെ വാഹനം ഓടിക്കുന്ന ഒരാൾ സ്വന്തം ജീവൻ മാത്രമാണ് അപകടത്തിൽ പെടുത്തുന്നതെങ്കിൽ, ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവർ നിരത്തിലുള്ള ഓരോ വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടയാത്രക്കാരുടെ പോലും ജീവനുകൾക്കാണ് വിലപറയുന്നത്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് ഒരു വലിയ കുറ്റമായി കണ്ട് നടപടിയെടുക്കുന്നില്ല എന്ന് മനസ്സിലാക്കാനാവുന്നില്ല. ലൈസൻസ് റദ്ദാക്കലും പെർമിറ്റ് ക്യാൻസൽ ചെയ്യലുമടക്കമുള്ള നടപടികൾ ഈ വിഷയത്തിലും ഉണ്ടാകണമെന്നാണ് അപേക്ഷ.

2. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്നിരിക്കെ, പലപ്പോഴും നിയമം പാലിക്കേണ്ടവർ തന്നെയാണ് അത് ആദ്യം ലംഘിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് കേരള ഹൈക്കോടതിയുടെ പരിസരത്ത് താമസിക്കുന്ന ഒരാളെന്ന നിലയ്ക്ക് സ്ഥിരമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു നിയമലംഘനം ചൂണ്ടിക്കാണിക്കാൻ ആഹ്രഹിക്കുന്നു.

ഹൈക്കോടതിയുടെ തെക്ക് പടിഞ്ഞാറേ ഗേറ്റിന് എതിർവശത്ത് നോ പാർക്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോർഡിനടിയിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച്ചയും അനുഭവവുമാണ്. വക്കീലന്മാരുടെ വാഹനങ്ങളാണ് അതിൽ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്. എറണാകുളം നഗരത്തിൽ എവിടെയെങ്കിലും നോ പാർക്കിങ്ങ് ബോർഡിനടിയിൽ വാഹനം പാർക്ക് ചെയ്താൽ അധികം താമസിയാതെ അതിൽ മഞ്ഞ സ്റ്റിക്കറൊട്ടിച്ച് പിഴയൊടുപ്പിക്കാൻ ശുഷ്ക്കാന്തി കാണിക്കുന്ന പൊലീസ് ഓഫീസർ‌മാർ പക്ഷേ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. കിഴക്ക് വടക്കേ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന കോടതിയും ഇത് കാണുന്നില്ല. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ഹൈക്കോടതിയുടെ നേരെ കിഴക്കുവശത്തുള്ള ക്യാമ്പസിലാണ്. എന്നിട്ടും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർ ആരും ഈ നിയമലംഘനം കണ്ടതായി നടിക്കുന്നു പോലുമില്ല. വക്കീലന്മാരെ പേടിച്ചിട്ടാണോ അതോ തെളിവൊന്നും ഹാജരാക്കാൻ ആരും തയ്യാറാക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊരു അനാസ്ഥ ? തെളിവുകളാണ് വേണ്ടതെങ്കിൽ ഞാനെടുത്ത് വെച്ചിട്ടുള്ള ചില ചിത്രങ്ങൾ ഇതോടൊപ്പം താഴെ ഹാജരാക്കുന്നു. കോടതി കൂടിയതിന് ശേഷമുള്ള സമയത്ത് നാല് ദിവസം അതുവഴി പോയി നോക്കിയാൽ താങ്കൾക്ക് നേരിട്ട് ബോദ്ധ്യപ്പെടാവുന്ന കാര്യം മാത്രമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ പീഠത്തിന്റെ മൂക്കിന് കീഴെ ഒരു ദിവസം പോലും ഒഴിയാതെ നടക്കുന്ന ഈ നിയമലംഘനവും അതിന്റെ പേരിൽ ഉണ്ടാകുന്ന ട്രാഫിക്ക് തടസ്സങ്ങളും സമ്പൂർണ്ണ സാക്ഷരരായ മലയാളികൾക്ക് അപമാനമാണ്. ഈ വിഷയത്തിലും മുഖം നോക്കാതെ നടപടിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 1)
ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 2)
ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 3)
ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 4)

നമ്മുടെ നാട്ടിലെ നോ പാർക്കിങ്ങ് ബോർഡുകൾക്ക് ഒരു സാങ്കേതിക പിശക് കൂടെ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ. നോ പാർക്കിങ്ങ് ബോർഡ് കണ്ടാൽ, അതിനടിയിൽ വാഹനം ഇടാൻ പാടില്ലെന്ന് മാത്രമാണ് ജനം മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട് ബോർഡുകളിൽ എത്ര ദൂരത്തേക്കാണ് പാർക്കിങ്ങ് വിലക്കിയിരിക്കുന്നതെന്ന് കൂടെ വിശദമാക്കേണ്ടതല്ലേ ?

ഇങ്ങനെ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത് താങ്കളിൽ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ഒരിക്കലും ധരിക്കരുത്. മറിച്ച്, താങ്കളോട് പറഞ്ഞാൽ ഇതിനൊക്കെ പരിഹാരം ഉണ്ടാകും, താങ്കൾക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ഇനി മറ്റാർക്കും പരിഹരിക്കാനാവില്ല എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനൊരു കാര്യം അപേക്ഷിക്കുന്നത്. ഇത് താങ്കളിലേക്കെത്തുമോ ഇല്ലയോ എന്നൊന്നും വലിയ നിശ്ചയമില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു പ്രാവശ്യം താങ്കൾക്ക് മൊബൈൽ സന്ദേശം അയച്ചിരുന്നു. അത് താങ്കൾ കണ്ടോ വായിച്ചോ എന്നൊന്നും ഒരുറപ്പുമില്ല. അതുകൊണ്ട് എനിക്കറിയുന്ന മറ്റൊരു മാർഗ്ഗം കൂടെ അവലംബിക്കുന്നു എന്ന് മാത്രം. നടപടിയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടുകൂടെ.

താങ്കളാണ് സൂപ്പർ താരമെന്ന് ശ്രീ. മോഹൻലാൽ പറഞ്ഞത് ഒന്നുകൂടെ അടിവരയിട്ട് പറഞ്ഞുകൊണ്ട് നിറുത്തുന്നു.

എന്ന് വിനീത വിധേയൻ

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ ഇട്ട കമന്റ്…