Monthly Archives: March 2013

big1000

കള്ളനോട്ടും ബാങ്കുകളും.


ള്ളനോട്ടുകൾ മറ്റ് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നെനിക്കറിയില്ല. പക്ഷെ എനിക്കീ സാധനം ഒരുപാട് പ്രാവശ്യം സ്വര്യക്കേട് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് കണ്ടൈനർ വഴി കൊച്ചിയിൽ ഇറങ്ങിയ കള്ളനോട്ടുകൾ ഇപ്പോളും വിതരണം ചെയ്ത് തീർന്നിട്ടില്ലെന്നാണ് വാർത്തകൾ. അതിന് ശേഷം പല പല വഴികളിലൂടെ വന്നിറങ്ങിയ കള്ളനോട്ടുകൾ വേറെയും. ബാങ്കുകളുടെ ATM വഴി പോലും കള്ളനോട്ടുകൾ ഇടപാടുകാരന്റെ കൈയ്യിലെത്തുന്നത് സർവ്വസാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇതൊക്കെത്തന്നെ ധാരാളമല്ലേ ?

അഞ്ചെട്ട് മാസങ്ങൾക്ക് മുൻപാണ് കള്ളനോട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ എനിക്കനുഭപ്പെടാൻ തുടങ്ങിയത്. ഒരു MRI സ്ക്കാനിങ്ങ് കേന്ദ്രത്തിൽ കൊടുത്ത പണത്തിൽ നിന്ന് 1000 രൂപയുടെ ഒരു നോട്ട് മാറ്റിക്കൊടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കള്ളനോട്ടാണെന്നൊന്നും സൂചിപ്പിക്കാതെ വളരെ മാന്യമായാണ് അവരത് അവതരിപ്പിച്ചത്.

“മാറ്റിത്തരുന്നത് എന്തിനാണ്, കീറിയിട്ടൊന്നും ഇല്ലല്ലോ, കള്ളനോട്ടും അല്ലല്ലോ” എന്നായി ഞാൻ.

“മാനേജ്മെന്റിന്റെ നിർദ്ദേശമാണ്, ഞങ്ങളത് അനുസരിക്കുന്നെന്ന് മാത്രം” 

“എങ്കിൽ‌പ്പിന്നെ ഇപ്പറഞ്ഞ ആവശ്യം കടലാസിൽ എഴുതിത്തരൂ, ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം“ 

അവരാകെ ധർമ്മസങ്കടത്തിലായി.

“ഇത് കള്ളനോട്ട് തന്നെയാണ്. പക്ഷെ ബാങ്കുകൾ അടക്കം പലയിടത്തും യാതൊരു പ്രശ്നവും ഇല്ലാതെ ഇത് വിനിമയം ചെയ്യപ്പെടുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് എടുക്കാൻ നിവൃത്തിയില്ല. കടലാസിൽ എഴുതിത്തരണമെന്ന് പറഞ്ഞ് ഞങ്ങളെ കുഴയ്ക്കരുത്. ഞങ്ങൾ വെറും ശമ്പളക്കാർ മാത്രമാണ്“ 

നോട്ട് മാറിക്കൊടുത്ത് ഞാൻ സ്ഥലം വിട്ടു. എനിക്ക് ആ നോട്ട് തന്നയാളെ സമീപിച്ച് അയാളുടെ പക്കൽ നിന്ന് നോട്ടുകൾ മാറിയെടുക്കാനായി അൽ‌പ്പം നടക്കേണ്ടി വന്നെങ്കിലും ഞാനതിൽ നിന്നും തല ഊരിയെടുത്തു. 

അതിനുശേഷം രണ്ട് പ്രാവശ്യം കൂടെ ഇത്തരം നോട്ടുകളുടെ പ്രശ്നം അനുഭവിക്കേണ്ടി വന്നു. പഴയ കാറ് വിട്ട് കിട്ടിയ പണം പുതിയ കാറിന് അഡ്വാൻസായിട്ട് കൊടുത്തപ്പോളും, പിന്നൊരിക്കൽ ICICI ബാങ്കിൽ കുറച്ച് പണം നിക്ഷേപിക്കാനായി ചെന്നപ്പോളുമാണത്. അശ്രദ്ധ കാരണം അത്തരം നോട്ടുകൾ വീണ്ടും കൈയ്യിൽ എത്തിച്ചേർന്നതിൽ എനിക്ക് വല്ലാത്ത കുറ്റബോധമുണ്ടായി. ICICI ബാങ്കിൽ ‘KNOW YOUR BANKNOTE‘ എന്നുള്ള ഒരു ലഘുലേഖ ചുമരിൽ പതിപ്പിച്ചിട്ടുണ്ട്.

ചിത്രം 1:- ബാങ്കുകൾ പ്രദർശിപ്പിക്കുന്ന നോട്ടീസ്.

അതിലുള്ളത് പ്രകാരം താഴെക്കാണുന്ന ചിത്രത്തിലുള്ള നോട്ട് കള്ളനോട്ടാണ്. എന്റെ കൈയ്യിൽ കയറി വന്ന് പ്രശ്നമുണ്ടാക്കിയ അത്തരം ഒരു നോട്ടാണ് ചിത്രം 2ൽ.

ചിത്രം 2. (റിസർവ്വ് ബാങ്ക് പരസ്യപ്രകാരം ഇത് കള്ളനോട്ടാണ്. )

വെളുത്ത വൃത്തത്തിന് സമീപം 1000 എന്ന് കാണിക്കേണ്ടയിടത്ത് ഒരു താമരയുടെ പടമാണ് ഈ നോട്ടിൽ കാണിക്കുക. നോട്ട് മറിച്ചുപിടിച്ച് നോക്കിയാൽ അക്കങ്ങൾ ഉള്ള ഭാഗത്തൊക്കെ കൂടുതലായി ഒരു ചുവപ്പ് നിറം കാണാനുമാകും. ഈ കള്ളനോട്ടിലുള്ള മറ്റ് കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലും മേൽ‌പ്പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നോട്ടുകൾ അകം‌പുറം തിരിച്ച് പിടിച്ച് എണ്ണിയാലോ പരിശോധിച്ചാലോ നിറവ്യത്യാസത്തിലൂടെ എളുപ്പം ഈ നോട്ടുകളെ തിരിച്ചറിയാനുമാകും.

ശരിക്കുള്ള 1000 ൂപനോട്ടിന്റെ അടയാളങ്ങൾ.

ഇന്നലെ (2013 മാർച്ച് 23)യുണ്ടായ ഒരു സംഭവമാണ് സത്യത്തിൽ ഈ കുറിപ്പെഴുതാൻ കാരണം. പറവൂരുള്ള SBT യുടെ ഒരു ശാഖയിൽ ചെന്ന്, ട്രഷറിയിൽ നിന്ന് കിട്ടിയ ഒരു ചെക്ക് മാറിയപ്പോൾ കിട്ടിയ പണത്തിൽ 1000 രൂപയുടെ ഒരു പ്രശ്നക്കാരൻ നോട്ട് !!! ഉടനെ തന്നെ കാര്യം കൌണ്ടറിൽ ബോധിപ്പിച്ചു. ദാ ആ സാറിനോട് പറയൂ എന്നായിരുന്നു മറുപടി. ആ സാറ് മറ്റൊരു സാറിനെ കാണിച്ചുതന്നു.

“ഇത് പഴയ സീരീസ് നോട്ടാണ് കുഴപ്പമൊന്നും ഇല്ല.“
സാറിന്റെ മറുപടി.

“പക്ഷേ, സാറേ ഞാൻ ഈ നോട്ട് എറണാകുളത്ത് പല ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൊടുത്തപ്പോൾ പ്രശ്നം ഉണ്ടായിട്ടുണ്ട്”

“ഏതൊക്കെ ബാങ്കിലാണ് കൊടുത്തിട്ടുള്ളത്? ”

“ICICI ബാങ്കിൽ കൊടുത്തിട്ടുണ്ട്.”

“ICICI ബാങ്ക് പെട്ടിക്കടയല്ലേ. അക്കാര്യം ഇവിടെ പറയണ്ട.”

“എങ്കിൽ‌പ്പിന്നെ എനിക്ക് കൂടുതലൊന്നും പറയാനില്ല. നിങ്ങൾ ബാങ്കുകാർ പറയുന്ന ഈ ‘പഴയ സീരീസ്‘ ന്യായീകരണം, ഞങ്ങൾ ഇടപാടുകാർ ബാങ്കിനോട് പറഞ്ഞാൽ ഏൽക്കില്ല സാറേ. അപ്പോഴേക്കും കള്ളനോട്ടാണെന്ന് പറഞ്ഞ് നിങ്ങളത് കണ്ടുകെട്ടിയിരിക്കും.”

ഞാൻ ബാങ്കിൽ നിന്ന് വെളിയിലേക്ക് കടന്നു. പടികൾ ഇറങ്ങുമ്പോളാണ് ശ്രദ്ധിച്ചത്, ICICI ബാങ്കിൽ മുൻപ് കണ്ട അതേ നോട്ടീസ് (ചിത്രം:-1) ഇവിടെയും പതിപ്പിച്ചിരിക്കുന്നു. അത്തരം നോട്ടീസ് പ്രദർശിപ്പിച്ചിട്ട് ജനങ്ങളെ ബോധവാന്മാരാക്കിയ ശേഷമാണ് അതേ നോട്ട് ബാങ്കിൽ നിന്ന് ഇവർ വിതരണം ചെയ്യുന്നത്. എങ്കിൽ‌പ്പിന്നെ അത്ര എളുപ്പം സ്ഥലം വിട്ടാൽ ശരിയാകില്ല. മാനേജരെ വിവരം അറിയിച്ചിട്ട് മടങ്ങിയേക്കാം എന്ന് തീരുമാനിച്ചു. മാനേജരുടെ ക്യാബിന് മുന്നിൽ നിൽക്കുമ്പോൾ പഴയൊരു പരിചയക്കാരൻ അടുത്തേക്ക് വന്ന് കാര്യം തിരക്കി. കള്ളനോട്ട് എടുത്ത് കാണിച്ചപ്പോൾ, അപ്പോൾ ബാങ്കിൽ നിന്ന് കിട്ടിയ നോട്ടുകൾ അദ്ദേഹവും പരിശോധിച്ചു. അക്കൂട്ടത്തിലുമുണ്ട് പ്രശ്നക്കാരൻ നോട്ട് നാലെണ്ണം. മാനേജരെ കാണാനൊന്നും നിൽക്കണ്ട. ആ നോട്ട് എനിക്ക് തന്നേക്കൂ. ഞാനിവിടത്തെ സ്ഥിരം കസ്റ്റമറാണ്. ഞാൻ മാറിയെടുത്തോളാമെന്നായി കക്ഷി.

ഒരു നോട്ട് മാറി വാങ്ങുന്നതല്ല ഇപ്പോൾ വിഷയം. അത്തരം നോട്ടുകൾ കള്ളനോട്ടുകളാണെന്ന് നോട്ടീസ് പതിപ്പിച്ച് വെച്ചിട്ട് അതേ നോട്ടുകൾ ബാങ്കിൽ നിന്നുതന്നെ വിതരണം ചെയ്യുന്നത് എന്തൊരു ഉത്തരവാദിത്വമില്ലായ്മയാണ്. അത് ചോദ്യം ചെയ്തപ്പോൾ മറ്റ് ബാങ്കുകളെ തരം താഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത് എത്ര മോശം സമീപനമാണ്. സുഹൃത്തിനെ ബാങ്കിന്റെ പടികൾക്ക് സമീപമുള്ള ചുമരിലെ നോട്ടീസ് ഞാൻ കാണിച്ചുകൊടുത്തു. അതോടെ സുഹൃത്തും ഉഷാറായി, എന്നോടൊപ്പം മാനേജരുടെ ക്യാബിനിലേക്ക് കയറി. ഇതിനകം ആദ്യം ഞാൻ സംസാരിച്ച സാറ് അവിചാരിതമായി മാനേജറുടെ ക്യാബിനിൽ എത്തിയിരുന്നു.

മാനേജറോട് കാര്യം അവതരിപ്പിച്ചപ്പോൾ, ആദ്യത്തെ സാറ് കയറി ഇടപെട്ടു.

“ഇയാൾക്ക് ആ നോട്ടൊരെണ്ണം മാറിത്തന്നാൽ പ്രശ്നം തീർന്നില്ലേ ? ”

“രണ്ട് മിനിറ്റ് മുൻപ് ഞാൻ സാറിനെ സമീപിച്ചപ്പോൾ നോട്ട് മാറിത്തന്നാൽ പ്രശ്നം തീരുമായിരുന്നു. അപ്പോൾ സാറ് മറ്റ് ബാങ്കുകളെ അധിക്ഷേപിക്കാനാണല്ലോ താൽ‌പ്പര്യം കാണിച്ചത്. ഇത് പഴയ സീരീസിലുള്ള നോട്ടാണെന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ബാങ്കിന് വെളിയിൽ ഒട്ടിച്ചിരിക്കുന്ന നോട്ടീസ് ഞാൻ കണ്ടത്. അങ്ങനൊരു നോട്ടീസ് ഒട്ടിച്ചുവെച്ചിട്ട്, കള്ളനോട്ട് തന്നെ ഇവിടന്ന് വിതരണം ചെയ്യുന്നതാണ് ഇപ്പോളത്തെ പ്രശ്നം. അതിനൊക്കെ ഉപരി ഇടപാടുകാരോടുള്ള നിങ്ങളുടെയൊക്കെ സമീപനമാണ് പ്രശ്നം.”

“നോട്ടീസോ ? ഏത് നോട്ടീസ് ? എവിടെ ഒട്ടിച്ചിരിക്കുന്നു. ?” എന്നായി മാനേജർ.

“ഓഹോ, അപ്പോൾ സാറിന് അങ്ങനൊരു നോട്ടീസിനെപ്പറ്റി അറിയില്ലല്ലേ? അപ്പോൾപ്പിന്നെ കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല.”

“ആ നോട്ടീസങ്ങ് കീറിക്കളഞ്ഞേക്ക്.“ മാനേജരുടെ വക ഉത്തരവ് ഉദ്യോഗസ്ഥനോട്.

കാര്യങ്ങൾക്കൊക്കെ എളുപ്പം തീരുമാനമായിക്കഴിഞ്ഞു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ വെളിയിലേക്ക് നടന്നു.

സത്യത്തിൽ ഈ കുറിപ്പ് ഒരു സംശയ നിവാരണത്തിന് കൂടെ വേണ്ടിയാണ് ഇട്ടിരിക്കുന്നത്. ചിത്രം 2ൽ കാണിക്കുന്ന നോട്ട് ശരിക്കും കള്ളനോട്ട് അല്ലേ ? ആണെങ്കിൽ, ബാങ്കുകളടക്കം പലയിടത്തും ഇപ്പോഴും അത് സുലഭമായി വിനിമയം നടത്തപ്പെടുന്നത് എന്തുകൊണ്ട് ? അതിനി ശരിക്കും ‘പഴയ സീരീസ്‘ നോട്ടുകൾ ആണെങ്കിൽ എന്തുകൊണ്ട് അത് കള്ളനോട്ടാണെന്ന് കാണിച്ച് ബാങ്കുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നു ? മറ്റ് പല സ്ഥാപനങ്ങളും ബാങ്കുകളും എന്തുകൊണ്ട് ആ നോട്ട് സ്വീകരിക്കുന്നില്ല ?

വാൽക്കഷണം:- ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ ഉത്തരവാദിത്വം ഇല്ലാത്ത പെരുമാറ്റങ്ങളും പ്രവർത്തികളും ഇതാദ്യമായിട്ടല്ല കാണുന്നത്. കറൻസി നോട്ടുകൾക്ക് മുകളിൽ എഴുതാൻ പാടില്ലെന്ന് നിയമം നിലവിലുള്ളപ്പോൾത്തന്നെ, നോട്ടുകളിൽ ഏറ്റവും കൂടുതൽ എഴുതുന്നത് ബാങ്ക് ഉദ്യോഗസ്ഥർ തന്നെയാണ്. വേലി തന്നെ വിളവു തിന്നുന്ന ഇന്നാട്ടിൽ, ഇങ്ങനെ കിടന്ന് ബഹളമുണ്ടാക്കിയിട്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും പലപ്പോഴും കൈയ്യും കെട്ടി കണ്ടുനിൽക്കാനാവുന്നില്ല.