Monthly Archives: June 2013

WP_20130617_001

പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്


 ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പ്രൊഫ:കെ.വി.തോമസ്

താങ്കളോട് ഒരു പരാതി ബോധിപ്പിക്കാൻ ഓൺലൈനിലെ ബ്ലോഗ് എന്ന ഈ സംവിധാനം ഞാൻ ഉപയോഗിക്കുകയാണ്. ഈ പരാതി താങ്കളിലേക്ക് എത്തുമോ നടപടി ഉണ്ടാകുമോ എന്നൊന്നും അറിയില്ലെങ്കിലും, എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടുന്നു. മുഖവുര കൂടുതൽ നീട്ടാതെ പരാതിയിലേക്ക് കടക്കട്ടെ.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് താങ്കളുടെ പേരിലാണെന്ന് ജില്ലയിലെ ഫ്ലക്സ് ബോർഡുകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കാനാവും. മെട്രോ റെയിലിന് അനുമതി ആയപ്പോൾ താങ്കളുടെ പേരിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കണ്ടു. ഇപ്പോൾ ദാ മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ വീണ്ടും താങ്കളുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ വന്നിരിക്കുന്നു! ഇനി മൂന്ന് വർഷം കഴിഞ്ഞ് മെട്രോ ഉത്ഘാടനം ചെയ്യുമ്പോളും താങ്കളുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ ഉണ്ടാകുമോ ?

ചില ബോർഡുകളിൽ മേമ്പൊടിക്ക് സ്ഥലം MLA ശ്രീ.ഹൈബി ഈടന്റേയും സംസ്ഥാനമുഖ്യമന്ത്രിയുടേയുമൊക്കെ തലകളും കാണാറുണ്ടെങ്കിലും ബോർഡിലെ പ്രഥമൻ താങ്കൾ തന്നെയാണ്. ഒരു വർഷം മുൻപ്, പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി ബസിലിക്കയായി ഉയർത്തുന്നതിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ താങ്കൾ പങ്കെടുക്കാൻ വരുന്നത് കാണിച്ചുകൊണ്ടുള്ള പൂർണ്ണകായ ഫ്ലക്സ് ബോർഡുകൾ, തിങ്ങിഞെരുങ്ങി വാഹനങ്ങൾ കടന്നുപോകുന്ന ആ ദ്വീപിൽ ഓരോ 100 മീറ്ററിലും സ്ഥാപിച്ചത് സത്യത്തിൽ വല്ലാത്ത ശ്വാസം മുട്ടലാണുണ്ടാക്കിയത്. അതേപ്പറ്റി അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്, സ്ഥലത്തെ കോൺഗ്രസ്സുകാർക്കൊന്നും ആ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ പങ്കില്ലെന്നും, രാത്രിക്ക് രാത്രി കൊച്ചിയിൽ നിന്ന് ലോറിക്ക് കൊണ്ടുവന്ന് സ്ഥാപിച്ച ബോർഡുകളാണ് അതെന്നുമാണ്. ആ വിവരം ശരിയാണെങ്കിൽ താങ്കളുടെ ഫ്ല്ക്സ് ബോർഡുകൾ സ്ഥാപിക്കാൻ മാത്രമായി ഒരു ടീം തന്നെ ജില്ലയിലുണ്ട്. അത് താങ്കളുടെ അറിവോടെയുള്ള കാര്യമാണെന്ന് തന്നെ മനസ്സിലാക്കുന്നതിൽ തെറ്റുണ്ടോ ?

സത്യത്തിൽ ഈ മെട്രോ റെയിൽ എന്ന് പറഞ്ഞ സംഭവം താങ്കൾ ഒരാളുടെ മാത്രം ശുഷ്ക്കാന്തി കൊണ്ട് സാദ്ധ്യമായതാണോ ? ഒരുപാട് പേർ പലപല കടമ്പകൾ കടന്ന് നേടിയെടുത്ത ആ പദ്ധതിയെങ്ങനെ താങ്കളുടെ മാത്രം നേട്ടങ്ങളുടെ അക്കൌണ്ടിലേക്ക് ചേർക്കാനാവും? ഇനി അഥവാ അത് താങ്കളുടെ ശ്രമഫലമായി കൈവന്നതാണെങ്കിൽത്തന്നെ, താങ്കളുടെ എല്ലാ പ്രവർത്തനങ്ങളുടേയും കണക്കുകൾ ഫ്ലക്സ് ബോർഡ് രൂപത്തിലുള്ള അഭിനന്ദനപ്രവാഹമായി താങ്ങാനും മാത്രം നിരത്തുകൾ ജില്ലയിൽ ഇല്ലെന്നുള്ള കാര്യം താങ്കൾക്ക് അറിയില്ലെന്നാണോ ?

തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തിലേക്കും നിയമസഭയിലേക്കും പാർലിമെന്റിലേക്കുമെല്ലാം പോകുന്നവരുടെ കടമ മാത്രമാണ് ജനങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികൾ നടപ്പിലാക്കുക എന്നത്. അത് ജനപ്രതിനിധികളുടെ ആരുടേയും പോക്കറ്റിൽ നിന്നുള്ള പണമെടുത്ത് നടത്തുന്ന പദ്ധതികളല്ല, മറിച്ച് പൊതുജനത്തിന്റെ നികുതിപ്പണമാണെന്നുള്ളത് ആർക്കാണ് അറിയാത്തത് ?! പക്ഷെ, ഫ്ലക്സ് ബോർഡുകൾ കണ്ടാൽത്തോന്നും ജനപ്രതിനിധികൾ സ്വന്തം തറവാട്ടിൽ നിന്ന് കൊണ്ടുവന്ന്, പൊതുജനം എന്ന കഴുതകൾക്ക് നൽകുന്ന ഔദാര്യമാണ് ഈ പദ്ധതികളൊക്കെയും എന്ന്.

ഗോശ്രീ പാലത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന (മുകളിലെ ചിത്രം കാണുക) ഈ കൂറ്റൻ ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത് പ്രകാരം ഇത് സ്ഥാപിച്ചിരിക്കുന്നത് കൊച്ചിൻ പൌരസമിതിയാണ്. താങ്കൾക്കറിയുമോ ഈ പൌരസമിതിയുടെ ഭാരവാഹികൾ ആരൊക്കെയാണെന്ന് ? അറിയുമെങ്കിൽ അവരുടെ മേൽ‌വിലാസം ഒന്ന് പങ്കുവെക്കാമോ ? അവരെ നേരിക്കണ്ട് ചില കാര്യങ്ങൾ ബോധിപ്പിക്കാൻ വേണ്ടിയാണ് വിലാസം ആവശ്യപ്പെടുന്നത്. അവർ ആരൊക്കെയായാലും കൊച്ചിയിലെ പൌരന്മാരോട് യാതൊരുതരത്തിലുമുള്ള അനുകമ്പവും ഇല്ലാത്തവരാണെന്നതാണ് സത്യം. അവർ സ്ഥാപിച്ചുപോകുന്ന ഈ ഫ്ലക്സ് ബോർഡുകൾ എത്ര കാലത്തേക്കാണ് ഇങ്ങനെ നിരത്തിൽ തൂങ്ങി നിൽക്കുന്നതെന്ന് എപ്പോഴെങ്കിലും താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ? കാറ്റും മഴയും വെയിലുമൊക്കെ ഏറ്റ് മാസങ്ങളോളം തൂങ്ങി നിന്നതിന് ശേഷം അത് ഒടിഞ്ഞ് മടങ്ങി റോഡിലേക്ക് വീഴുകയാണ് പതിവ്. പിന്നെ ചീഞ്ഞളിഞ്ഞ് പോലും പോകാതെ അവിടെത്തന്നെ ചുരുണ്ടുകൂടി കിടക്കും. ഇത്തരം ഒരു ഫ്ലക്സ് ബോർഡിന് ഉപയോഗിക്കുന്ന ഷീറ്റ് ഉണ്ടെങ്കിൽ വയനാട്ടിലെ രണ്ട് ആദിവാസി കൂരകൾ ചോർന്നൊലിക്കാതെ വെച്ചുകെട്ടാൻ പറ്റുമെന്ന് എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ? താങ്കൾക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള ഫ്ലക്സ് വെക്കണമെന്ന് നിർബന്ധമാണെങ്കിൽ, അതിനൊരു നിശ്ചിത കാലയളവ് തീരുമാനിച്ച് അത് കഴിയുമ്പോൾ ഫ്ലക്സ് ഷീറ്റെല്ലാം ചുരുട്ടിയെടുത്ത് എന്നെ ഏൽ‌പ്പിച്ചാൽ വയനാട്ടിലുള്ള പട്ടിണിപ്പാവങ്ങൾക്ക് കൂര മേയാൻ എത്തിച്ചുകൊടുക്കുന്ന കാര്യം എന്റെ ചിലവിൽ ചെയ്തോളാം. നവകൊച്ചിയുടെ നായകൻ എന്നുള്ള താങ്കളുടെ പേര് അങ്ങനെ വയനാട്ടിലും പ്രചരിക്കാൻ ഇടയാകുകയും ചെയ്യും. അതൊരു സന്തോഷമുള്ള കാര്യമല്ലേ ?

സത്യത്തിൽ വികസനം എന്നതിന്റെ നിർവ്വചനം, മെട്രോ റെയിലുകളും ഷോപ്പിങ്ങ് മാളുകളും മേൽ‌പ്പാലങ്ങളും മാത്രമാണോ ? ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കരണവും, കുണ്ടും കുഴിയുമില്ലാത്ത റോഡുകളും, സാധാരണക്കാരന്റെ ദുരിതങ്ങൾ ഇല്ലായ്മ ചെയ്യലും, മാറാരോഗങ്ങൾ ഇല്ലായ്മ ചെയ്യലുമൊക്കെ വികസനമായി കണക്കാക്കില്ലേ ? ഉണ്ടെങ്കിൽ, അങ്ങനെയെന്തെങ്കിലും ഈ ജില്ലയിൽ വികസനം എന്ന ലേബലിൽ നടക്കുന്നുണ്ടോ ? ബ്രഹ്മപുരത്ത്, ഈ നഗരത്തിലുള്ള മാലിന്യമെല്ലാം പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അന്നന്ന് തന്നെ സംസ്ക്കരിക്കപ്പെടുന്നുണ്ടോ ? ഇപ്പോൾ പെയ്യുന്ന ഈ മഴയിൽ പൊട്ടിപ്പൊളിയാത്ത എത്ര റോഡുകൾ ഉണ്ട് ജില്ലയിൽ ? എല്ലാ മഴക്കാലത്തും വരുന്ന മാറാരോഗങ്ങളും പകർച്ചവ്യാധികളുമൊക്കെ ഇല്ലാതാക്കാൻ ‘കൊച്ചിയുടെ വികസന നായകനായ‘ താങ്കൾ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ?

താങ്കൾ ദയവുചെയ്ത് ഒരു പാർട്ടിക്കാരൻ, അല്ലെങ്കിൽ ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ നിന്ന് മാറി, ഒരു കോളേജ് പ്രൊഫസർ എന്ന നിലയ്ക്ക് ചിന്തിക്കണമെന്നാണ് അപേക്ഷിക്കാനുള്ളത്. നഗരത്തിൽ ഓരോ ഇഞ്ചിലും സ്ഥാപിച്ചിരിക്കുന്ന താങ്കളുടേതടക്കമുള്ള കാലഹരണപ്പെട്ടതും അല്ലാത്തതുമായ ഫ്ലക്സ് ബോർഡുകൾ വരുത്തിവെക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഒരു പാർട്ടിക്കാരനേക്കാൾ നന്നായി ഒരു രസതന്ത്രം അദ്ധ്യാപകന് സാധിച്ചെന്ന് വരും. താങ്കളുടെ പാർട്ടി പ്രസിഡന്റ് നടത്തിയ കേരളയാത്ര കഴിഞ്ഞ്, അതിന്റെ ചുവട് പിടിച്ചുണ്ടായ  കസേരയ്ക്ക് വേണ്ടിയുള്ള പിടിവലിയും കോലാഹലങ്ങളും ഒരിടത്തുമെത്തിയില്ലെങ്കിലും, കേരളയാത്രയുടെ ഫ്ലക്സ് ബോർഡുകൾ ഇപ്പോഴും ഖദറിട്ട് വെളുക്കെ ചിരിച്ചുകൊണ്ട് നഗരത്തിൽ തൂങ്ങിനിൽക്കുന്നുണ്ട്. അതൊക്കെ ഇനി എന്നാണാവോ നഗരത്തിൽ നിന്ന് നീക്കം ചെയ്യുക ? ഈ നഗരത്തിലെ മറ്റ് അന്തേവാസികൾക്ക് കൂടെ സ്വച്ഛന്തമായി യാത്ര ചെയ്യാനുള്ള നിരത്തുകളിലാണ്, കെ.പി.സി.സി. പ്രസിഡന്റിന്റെ കേരളയാത്രയുടെ ഫ്ലക്സ് ബോർഡുകൾ വഴി മുടക്കി നിൽക്കുന്നത്. നിങ്ങൾക്കൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിടുന്നു എന്നതല്ലാതെ മറ്റെന്ത് കുറ്റമാണ് ജനങ്ങൾ നിങ്ങളോട് ചെയിതിട്ടുള്ളത് ?

കേരളമൊട്ടുക്ക് ഫ്ലക്സ് ബോർഡുകളാണിപ്പോൾ. ഗ്രാമങ്ങളിൽ‌പ്പോലും തൊട്ടപ്പുറത്തുള്ള പുരയിടം കാണാൻ ഫ്ലക്സ് ബോർഡുകൾ തടസ്സമാകുന്നു. നഗരങ്ങളിലെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ! വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, വ്യക്തിഗതതാൽ‌പ്പര്യക്കാർ, ടീവി സീരിയലുകാർ, സിനിമാപ്പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ, എന്നിങ്ങനെ എല്ലാ തുറയിലുമുള്ളവർ മത്സരിച്ചാണ് ഫ്ലക്സ് ബോർഡുകൾ നിരത്തി ഈ കൊച്ചുകേരളം നിറച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പാർട്ടിക്കാർ തന്നെയാണ്. അതിൽ, എറണാകുളത്ത് താങ്കൾക്കാണ് ഒന്നാം സ്ഥാനം. അതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് താങ്കൾക്കെഴുതുന്നത്. ഫ്ലക്സ് ബോർഡുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും ഉണ്ടാക്കാൻ പോകുന്നതുമായ ദൂരവ്യാപകമായ പ്രശ്നങ്ങൾ മനസ്സിലാക്കി ഇതിന്റെ മായാവലയത്തിൽ നിന്ന് പുറത്തുവന്ന് മാതൃക കാണിക്കേണ്ടത് താങ്കളെപ്പോലുള്ള പാർട്ടിക്കാർ തന്നെയാണ്.

ഒരു അദ്ധ്യാപകന്റെ സ്ഥാനത്തുനിന്ന് മനസ്സിലാക്കി, സ്വന്തം ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും പാർട്ടി പ്രസിഡന്റ് അടക്കമുള്ള താങ്കളുടെ പാർട്ടിക്കാരുടെ (പ്രത്യേകിച്ച്, ഫ്ലക്സ് ബോർഡുകളുടെ കാര്യത്തിൽ, എറണാകുളം ജില്ലയിൽ താങ്കൾക്കൊപ്പം നിൽക്കുന്ന എം.എൽ.എ. ശ്രീ.ഹൈബി ഈടന്റേത്) ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും മുൻ‌കൈ എടുക്കണമെന്നാണ് ഈ നഗരത്തിലെ ഒരു സാധാരണ പൌരനെന്ന നിലയ്ക്ക് അപേക്ഷിക്കാനുള്ളത്. നിങ്ങൾ പാർട്ടിക്കാരും മന്ത്രിമാരുമൊക്കെ നടത്തുന്ന ‘വികസന’പരിപാടികൾ ഫ്ലക്സ് ബോർഡുകളായി നിരത്തിൽ തൂക്കുന്നത് വഴി, വരുംകാലങ്ങളിൽ നിങ്ങൾക്കാർക്കെങ്കിലും ചെയ്യാൻ അല്ലെങ്കിൽ കിട്ടാൻ സാദ്ധ്യതയുള്ള വോട്ടുകൾ ഇല്ലാതായിപ്പോയേക്കാം എന്നൊരു വസ്തുത കൂടെ മനസ്സിലാക്കുന്നത് ഭാവിപരിപാടികൾക്ക് ഉപകരിച്ചേക്കാൻ സാദ്ധ്യതയുണ്ട്. വേണ്ടതുപോലെ ചെയ്യുമെന്ന പ്രത്യാശയോടെ….

ഒരു കൊച്ചി നരഗവാസി

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോളും)