“ നമുക്ക് ശാന്തിവനത്തിന്റെ കാര്യത്തിൽ എന്തെങ്കിലുമൊന്ന് ചെയ്യണ്ടേ? “ രാവിലെ തന്നെ വേണുവിന്റെ ഫോൺ.
ഏത് ശാന്തിവനം എന്ന് തിരിച്ച് ചോദിക്കേണ്ടി വന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാതൃഭൂമി ഓൺലൈനിൽ ‘ശാന്തിവനം അശാന്തിയിലേക്ക് ‘ എന്ന ലേഖനം വായിച്ചിരുന്നു.
21 ആഗസ്റ്റ് – മാതൃഭൂമി ഓൺലൈൻ ലേഖനം. |
ഉച്ചയോടെ വേണുവിനൊപ്പം വഴിക്കുളങ്ങരയിലെത്തി. തൊട്ടടുത്തുള്ള ശാന്തമഠം ദാഹശമനിയുടെ ഫാൿറ്ററി എല്ലാവർക്കുമറിയാം. ശാന്തിവനം അറിയുന്നത് ചുരുക്കം ചിലർക്ക് മാത്രം. കാടും കാട്ടിലേക്കുള്ള വഴിയും കാട് തരുന്ന നന്മകളും അതിലുള്ള ജീവികളേയുമൊക്കെ അറിയാതെ പോകുന്നത് തന്നെയാണ് നമ്മുടെയൊക്കെ ശാപം.
ദിവംഗതനായ രവിയേട്ടന്റേയും അദ്ദേഹത്തിന്റെ മകൾ മീനയുടെയും ശാന്തിവനത്തെപ്പറ്റി ഞാനായിട്ട് കൂടുതൽ വർണ്ണിക്കുന്നില്ല. മാതൃഭൂമിയുടെ ലിങ്കിലൂടെ വായിച്ചതിന്റെ ബാക്കി ഇന്ന് ഹിന്ദുവിൽ വന്ന ലേഖനത്തിൽ വായിക്കാം.
03 സെപ്റ്റംബർ 2013 – ‘ദ ഹിന്ദു‘ വാർത്ത. |
കാവുകൾ സംരക്ഷിക്കാൻ കാര്യമായ നിയമങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു. ദൈവീകത പരിഗണിക്കപ്പെട്ടാലും ഇല്ലെങ്കിലും, നൂറ് കണക്കിന് ജീവജാലങ്ങൾക്ക് ആശ്രയമാകുന്ന, ഒരുപാട് ദേശാടനപ്പക്ഷികൾക്കും പാമ്പുകൾക്കും തണലേകുന്ന, ജൈവവൈവിദ്ധ്യത്തിന് ഉത്തമോദാഹരണമായ ഒരു കാട് ഇല്ലാതാക്കപ്പെടാൻ പോകുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കാൻ ഏതൊരു പ്രകൃതി സ്നേഹിക്കും അൽപ്പം ബുദ്ധിമുട്ടുണ്ടാകും. പത്രവാർത്ത വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നിയതുകൊണ്ടാണ് ഒട്ടും വൈകിക്കാതെ ഇറങ്ങിപ്പുറപ്പെട്ടതെന്ന് വേണു പറയുന്നു.
ഒരു കാട് നട്ടുവളർത്തി ഉണ്ടാക്കിയെടുക്കാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ദയാൽ സാറിനോട് ചോദിച്ചാൽ പറഞ്ഞ് തരും. വെച്ച് പിടിപ്പിച്ചതായാലും സ്വാഭാവിക വനമായാലും വെട്ടി നിരത്താൻ മണിക്കൂറുകൾ മാത്രം മതി മനുഷ്യനെന്ന ക്രൂരജന്മത്തിന്.
പരാതികൾ വൈദ്യുതി വകുപ്പിലേക്കും കളൿടർക്കുമൊക്കെ പോയിട്ടുണ്ട്. സമീപത്തുള്ള മറ്റ് ജനവാസകേന്ദ്രങ്ങളിലൂടെ 110 കെ.വി.വൈദ്യുതിക്കമ്പികൾ വലിക്കുന്നതിനെതിരെ ജനകീയ സമര സമിതി സംഘടിപ്പിച്ച സ്റ്റേ ഓർഡർ നിലവിലുണ്ട്. അതേപ്പറ്റി തീരുമാനമെടുക്കാൻ കമ്മീഷന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്. എന്തൊക്കെ നടപടികൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞാലും, ആരൊക്കെ അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞാലും, ശാന്തിവനം ക്യാമ്പസിന് മേലുള്ള ഭീഷണി അൽപ്പം പോലും ഒഴിവാക്കപ്പെട്ടിട്ടില്ല. വികസിപ്പിച്ചല്ലേ അടങ്ങൂ പ്രകൃതി സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്തവന്മാർ.
കഴിഞ്ഞ വാരം, കോട്ടയം പട്ടണത്തിലെ ഒരു കൂറ്റൻ തണൽവൃക്ഷം വികസനത്തിന്റെ പേരിൽ വെട്ടിനിരത്തിയത് ഇരുട്ടിന്റെ മറവിലായിരുന്നു. നൂറുകണക്കിന് ഇരണ്ടപ്പക്ഷികൾക്കാണ് ആ അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഭീരുവായ ശത്രു പകൽവെളിച്ചത്തിൽ ആക്രമിക്കില്ലല്ലോ. പതുങ്ങിയിരുന്ന് ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത ശാന്തിവനത്തിനുമുണ്ട്.
200 വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ശാന്തിവനം സംരക്ഷിക്കാനുള്ള മീനയുടെ പോരാട്ടത്തിൽ പ്രകൃതിസ്നേഹികളായ നമുക്കോരോരുത്തർക്കും പങ്കാളികളാകേണ്ടി വന്നേക്കാം. എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വക്കീലന്മാരോട് വേണു അന്വേഷണം നടത്തുന്നുണ്ട്. ഒരു സഹായഹസ്തം നീട്ടേണ്ടിവന്നാൽ എല്ലാവരും ഉണ്ടാകുമല്ലോ മീനയ്ക്കൊപ്പം. എന്തൊക്കെ സംഭവിച്ചാലും ശാന്തിവനം അശാന്തമാകാൻ അനുവദിച്ചുകൂട.
ചിത്രം:- വേണു ഗോപാലകൃഷ്ണൻ |