Monthly Archives: September 2013

പൊതുജനം എന്ന കഴുത


4

ജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഇണ്ടാസ് ഒരെണ്ണം വന്നുകിടക്കുന്നു. അണ്ടർ വാല്യുവേഷൻ കേസുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ‘റിബേറ്റ്’ തുകയായ 1000 ഉലുവ അടച്ചാൽ റവന്യൂ റിക്കവറി ഒഴിവാക്കാം പോലും !! 10 ലക്ഷം പേർക്കെങ്കിലും ഇതേ ഇണ്ടാസ് അയച്ച വകയിൽ ഖജനാവിലേക്ക് ചെന്ന് കുമിയാൻ പോകുന്നത് കോടികളാണ്, കോടികൾ.

വൈദ്യുതി വകുപ്പിൽ നിന്നും വന്നിട്ടുണ്ട് അഡീഷണലായി കെട്ടിവെക്കേണ്ട തുകയെന്ന് പറഞ്ഞ് ഒരു ലൌ ലെറ്റർ. ഇതൊക്കെ വാങ്ങീട്ട് കൊല്ലത്തിൽ നേരാംവണ്ണം എത്ര ദിവസം വൈദ്യുതി കൊടുത്ത് ധന്യരാക്കാറുണ്ട് പ്രകാശം പരത്തുന്ന ജനത്തിനെ ?

റോഡ് ടാക്സിന്റെ കാര്യം പറയാതിരിക്കുന്നതാവും ഭേദം. വാഹനം വാങ്ങുന്നവരൊക്കെ 15 കൊല്ലത്തെ റോഡ് ടാക്സ് മുൻ‌കൂർ അടച്ചിട്ടും ഇക്കൊല്ലത്തേക്ക് വണ്ടി ഓടിക്കാനുള്ള റോഡ് പോലും എങ്ങും കാണാനില്ല. ശാസ്ത്രീയമായ രീതിയിൽ റോഡ് പണിയാൻ അറിയാത്ത പൊതുജനത്തിനേം സിനിമാ നടന്മാരേം വെടിവെച്ച് കൊല്ലാനുള്ള ഓർഡർ താമസിയാതെ പുറപ്പെടുവിച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ല.

ഗ്യാസിന്റെ സബ്സിഡി ഇപ്പ കിട്ടുമെന്ന് പറഞ്ഞ് വഴിയാധാർ കാർഡും തയ്യാറാക്കി ബാങ്കും തുറന്ന് വെച്ച് ഇരുന്നോ ? ഖജനാവ് കാലിയാണെന്ന് പറഞ്ഞ്, സബ്സിഡി ഒന്നോ രണ്ടോ കൊല്ലത്തേക്ക് കുടിശ്ശിക ആക്കിയാൽ, ആ വകയിലും കോടികൾ കുമിയും കൈയ്യിട്ട് വാരാൻ.

ഇന്ധന ഉപയോഗം നിയന്ത്രിക്കാൻ രാത്രികാലങ്ങളിൽ ഗ്യാസ് സ്റ്റേഷനുകൾ അടച്ചിടും പോലും ! നിതോപയോഗ സാധനങ്ങളുടേം ആഹാരസാധനങ്ങളുടേം വിലവർദ്ധന തടയാൻ റേഷൻ കട അടക്കമുള്ള എല്ലാ പലചരക്ക് കടകളും സൂപ്പർ മാർക്കറ്റുകളും അടച്ചിട്ട് തീർക്കാവുന്ന പ്രശ്നമേയുള്ളൂ.

എല്ലാ ആഴ്ച്ചയും അയ്യഞ്ച് രൂപ വീതം ഇന്ധന വില കൂട്ടി വേദനയില്ലാതെ മരണം കൈവരിക്കാൻ സഹായിക്കുമെന്ന്. തലവഴി ഒഴിച്ച് തീപ്പെട്ടി ഉരച്ച് ഒറ്റയടിക്ക് തീർക്കാൻ വേണ്ടി, ഒരു ലിറ്റർ പെട്രോളെങ്കിലും ആദായ വിലയ്ക്ക് കൊടുക്കാൻ ഉത്തരവാകണം.

ഇങ്ങനെ അധികസമാഹരണം നടത്തിയ തുകയൊക്കെ വെച്ച്, പ്രകൃതിയെന്ന അമൂല്യ സമ്പത്തിനെപ്പോലും വെട്ടി വെടുപ്പാക്കി വികസനപ്രവർത്തനങ്ങൾ എന്ന പേരിൽ പദ്ധതികൾ കൊണ്ടുവന്ന് അതിന്റെ പത്തും പതിനഞ്ചുമൊക്കെ ശതമാനം കമ്മീഷൻ ഇനത്തിൽ പോക്കറ്റിലാക്കിയതും പോരാഞ്ഞിട്ട്, കോടികൾ പിന്നേം കട്ടുമുടിച്ച് സ്വിസ്സ്ബാങ്കുകളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന രാഷ്ട്രീയക്കാരെന്ന അപരനാമക്കാരായ പാർട്ടി പുംഗവന്മാരേ, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഓരോരുത്തരും ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും. ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ എല്ലാക്കാലവും വിഡ്ഢികളാക്കി ഭരിച്ച് ഞെളിഞ്ഞ് നടക്കാമെന്ന് വ്യാമോഹിക്കരുത്.

രാജ്യം കണ്ടതിൽ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രഞ്ജൻ … ത്ഫൂ..(രാത്രി കഴിച്ച ഭക്ഷണം പല്ലിനിടയിൽ കുടുങ്ങിയത് തുപ്പിക്കളഞ്ഞതാ.) ഭരിച്ചിട്ടാണ് ഇങ്ങനെ.

പൊതുജനം എന്ന കഴുതകളേ, ചൂണ്ടാണി വിരൽ വൃത്തിയാക്കി നഖത്തിനടിയിലെ ചേറൊക്കെ കളഞ്ഞ് തയ്യാറായി ഇരുന്നോ. മഷി പുരട്ടാനുള്ള സമയം ആയിക്കൊണ്ടിരിക്കുന്നു. പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ക്യൂ നിന്ന്, കുത്തി ജയിപ്പിച്ചുവിട്ട് നിർവൃതി അടയണ്ടായോ ?