Monthly Archives: October 2013

ടോൾ നിരക്ക് അഞ്ചിരട്ടിയാക്കി.


രാപ്പുഴ പാലത്തിലെ ടോൾ അഞ്ചിരട്ടിയാക്കി എന്ന വാർത്ത നല്ലൊരു നടുക്കത്തോടെയാണ് വായിച്ചത്. കാറിലാണ് യാത്രയെങ്കിൽ ഒരു വശത്തേക്ക് 5 രൂപയ്ക്ക് പകരം ഇനി 25 രൂപയും രണ്ടുവശത്തേക്ക് പോകാൻ 7.50 രൂപയ്ക്ക് പകരം 40 രൂപയും കൊടുക്കണം.

ഏതാണ്ട് ചേറ്റുവ പാലത്തിന്റേയും കോട്ടപ്പുറം പാലത്തിന്റേയും അതേ സമയത്ത് തന്നെയുള്ളതാണ് വരാപ്പുഴ പാലം. ചേറ്റുവ കോട്ടപ്പുറം പാലങ്ങളിൽ ടോൾ നിർത്തലാക്കിക്കഴിഞ്ഞിട്ട് വർഷങ്ങളായി. വരാപ്പുഴയിലും ടോൾ നിർത്തണമെന്ന് ജനങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരിക്കുമ്പോഴാണ് ദേശീയപാത വികസന അതോറിറ്റിയുടെ ഈ ഇരുട്ടടി.

വരാപ്പുഴ പാലത്തിന്റേയും ഇടപ്പള്ളി മേൽ‌പ്പാലത്തിന്റേയും സംയുക്ത ടോൾ ആയിട്ടാണത്രേ ഈ വർദ്ധനവ് !! മണിമേടകളിലിരുന്ന് ജനദ്രോഹപരമായ ഇത്തരം ഉത്തരവുകൾ ഇരക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്ന്.

വരാപ്പുഴ പാലം കഴിഞ്ഞ് തെക്കോട്ട് പോകുമ്പോൾ, ഇടത്തോട്ട് കളമശ്ശേരിയിലേക്കും, വലത്തേക്ക് കണ്ടൈനർ ടെർമിനൽ റോഡിലേക്കും തിരിയാനുള്ള സിഗ്നൽ കഴിഞ്ഞ് വീണ്ടും മുന്നോട്ട് ഒരുപാട് നീങ്ങി, വലത്തേക്ക് അമൃത ആശുപത്രിയിലേക്ക് തിരിയാനുള്ള സിഗ്നലും കഴിഞ്ഞശേഷമാണ് പുതുതായി പണിയപ്പെട്ട ഇടപ്പള്ളി മേൽ‌പ്പാലം വരുന്നത്. അതിന്റെ ടോൾ പിരിക്കണമെങ്കിൽ അമൃത സിഗ്നൽ കഴിഞ്ഞതിന് ശേഷമാണ് ചുങ്കപ്പുര ഉണ്ടാക്കേണ്ടത്. അമൃത സിഗ്നൽ കഴിഞ്ഞ ഉടനെ മേൽ‌പ്പാലം തുടങ്ങുന്നതുകൊണ്ട് അവിടെ ചുങ്കപ്പുര ഉണ്ടാക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മറ്റ് സംവിധാനങ്ങൾ ആലോചിക്കണം. ആ ഭാഗത്ത് ചുങ്കം പിരിക്കാൻ ജനങ്ങൾ സമ്മതിക്കാത്ത അവസ്ഥയുള്ളതുകൊണ്ട്, അതിന്റെ ഭാരം കൂടെ വരാപ്പുഴ വഴി കളമശ്ശേരിയിലേക്കും ആലുവയിലേക്കും എറണാകുളത്ത് ഹൈക്കോർട്ടിലേക്കും ദ്വീപുകളിലേക്കും പോകുന്ന മറ്റ് യാത്രക്കാരുടെ മേൽ അടിച്ചേൽ‌പ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

ജനരോഷം കാരണം, എം.എൽ.എ. ശ്രീ. വി.ഡി.സതീശൻ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ഓസ്ക്കാർ ഫെർണാണ്ടസുമായി ബന്ധപ്പെട്ട്, ടോൾ പിരിവ് താൽ‌ക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. ശ്രീ.വി.ഡി. സതീശൻ, ഇങ്ങനെയൊരു അധിക ചുങ്കം പിരിവ് വരാപ്പുഴ പാലത്തിൽ നടപ്പിലാക്കാനുള്ള ശ്രമം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ശ്രമിച്ചാൽ അത് അങ്ങേയ്ക്ക് തന്നെ ഗുണം ചെയ്യും. അല്ലെങ്കിൽ എ.ഐ.സി.സി. സക്രട്ടറി ആയപ്പോൾ മുതൽ കേരളം മുഴുവനും, പ്രത്യേകിച്ച് പറവൂർ മണ്ഡലം മുഴുവൻ നിരത്തിയിരിക്കുന്ന അങ്ങയുടെ ഫ്ലക്സ് ബോർഡുകളിൽ ജനം കാറിത്തുപ്പിയെന്നും കത്തിച്ച് ചാമ്പലാക്കിയെന്നും വരും. ഇലക്ഷനുകളൊക്കെ ഇനിയും വരുമെന്ന കാര്യവും മറക്കരുത്.

വിവിധ പാർട്ടിക്കാർ ഈ വിഷയത്തിൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്. പാർട്ടിയൊന്നും ഇല്ലാത്ത സാധാരണ ജനവും നിരത്തിലിറങ്ങിയെന്ന് വരും, ചുങ്കപ്പുരകൾ കത്തിക്കാൻ. വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടുവെന്ന കാരണത്താൽ ജനങ്ങളെ ചവിട്ടി മെതിക്കാനുള്ള അധികാരമൊന്നും നിങ്ങൾക്കാരും തന്നിട്ടില്ലെന്ന് മനസ്സിലാക്കിയാൽ നന്ന്.