Yearly Archives: 2014

മേരാ തേരാ റൺ


ട്ടവുമായി ബന്ധപ്പെട്ടത് എല്ലാം പങ്കുവെക്കുകയും, നന്നായി ഓടുകയും, ഓടാൻ പ്രേരിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, വ്യത്യസ്ത പ്രായക്കാരാണെങ്കിലും ഒരേ മനസ്സുള്ള നല്ലൊരു കൂട്ടം ഓട്ടക്കാരുടെ സംഘമാണ് ‘സോൾസ് ഓഫ് കൊച്ചിൻ‘. ഈ മാസം 1ന് ആണ് ഞാൻ സോൾസ് ഓഫ് കൊച്ചിന്റെ ഒപ്പം കൂ‍ടുന്നത്. രാവിലെ മൂന്നോ നാലോ കിലോമീറ്റർ ഓടുമായിരുന്ന എന്റെ ഓട്ടങ്ങളുടെ ദൈർഘ്യം അനായാസമായി 10കിലോമീറ്ററിലേക്കും 21 കിലോമീറ്ററിലേക്കും കടക്കാൻ സഹായിച്ചത് സോൾസിന്റെ ഒപ്പമുള്ള ഓട്ടമാണ്. രാജ്യമൊട്ടുക്കും ലോകത്തെമ്പാടുമുള്ള മാരത്തോണും അല്ലാതെയുമുള്ള ഓട്ടങ്ങളെപ്പറ്റി കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞതും സോൾസിനൊപ്പം കൂടിയതുകൊണ്ട് മാത്രമാണ്. നന്ദി സോൾസ്.

2

പറഞ്ഞുവരുന്നത് മറ്റൊന്നാണ്. 2014 ഡിസംബർ 19ന് സോൾസിന്റെ സഹകരണത്തോടെ കൊച്ചിയിൽ നടന്ന ഒരു ഹാഫ് മാരത്തോണിനെപ്പറ്റിയാണത്. ബാംഗ്ലൂര് നിന്ന് ശ്രീ.ജഗ്‌ദീഷ് ഡമാനിയയുടെ നേതൃത്വത്തിൽ 8 പേരുള്ള ഒരു സംഘം കൊച്ചിയിലെത്തുകയും സോൾസിന്റെ ഓട്ടക്കാർക്കൊപ്പം ഹാഫ് മാരത്തോൺ ഓടുകയും ചെയ്തു. തുടർച്ചയായ 13 ദിവസങ്ങളിൽ, ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ ഹാഫ് മാരത്തോണുകൾ ഓടുക എന്നതാണ് മേരാ തേരാ റൺ (Mera Terah RRRun) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പരിപാടിയുടെ ഉദ്ദേശം.

cropped-mtrrr-unit-for-fb

ഡിസംബർ 18ന് (1)ബാംഗ്ലൂർ ഓടിയശേഷം തീവണ്ടി കയറിയാണ് 12 പേരോളം വരുന്ന സംഘം 19ന് (2)കൊച്ചിയിലെത്തിയത്. കൊച്ചിയിലെ ഓട്ടത്തിന് ശേഷം അന്നുതന്നെ (3)ചെന്നൈയിലേക്ക് തിരിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ (4)ഹൈദരാബാദ്, (5)ഭോപ്പാൽ, (6)ഡൽഹി, (7)അമൃത്‌സർ, (8)ജമ്മു, (9)ഹരിദ്വാർ, (10)ജയ്‌പൂർ, (11)അഹമ്മദാബാദ്, (12)മുംബൈ, (13)ഗോവ എന്നിവിടങ്ങളിൽ ഓട്ടം തുടരുന്നു.

മനോഹരമായ ഒരു ഭാരതപര്യടനം കൂടെയുണ്ട് ഇതിൽ. കൊച്ചിയിൽ, മരടിൽ നിന്ന് ഓട്ടം ആരംഭിച്ച് വെല്ലിങ്ങ്ടൺ ദ്വീപ്, വഴി മറൈൻ ഡ്രൈവിലെത്തി, തേവര വഴി മടങ്ങി മരടിൽത്തന്നെ എത്തിയ ടീം മറ്റൊരു ദിവസം ജമ്മുവിലെത്തി താവി നദിക്കരയിലൂടെയും ഡൽഹിയിലെ രാജവീഥികളിലൂടെയും ഗോവയിലെ കോൾവാ ബീച്ചിലൂടെയും ഓടുന്നത് ഒന്ന് സങ്കൽ‌പ്പിച്ചു നോക്കൂ.  എത്ര മനോഹരമായ 13 ദിവങ്ങളായിരിക്കുമത് !!

767

433

33

ഈ ഓട്ടം കൊണ്ട് ഓടുന്നവർക്കല്ലാതെ മറ്റുള്ളവർക്കെന്ത് കാര്യം എന്നൊരു ചോദ്യം ഉയർന്നേക്കാം. ചോദ്യം ന്യായമാണ്. ഉത്തരം കേൾക്കുന്നതോടെ ആ സംശയവും തീരും. മേരാ തേരാ റണ്ണിന്റെ മാഹാത്മ്യം കൂടുതൽ വ്യക്തമാകുകയും ചെയ്യും.

റെജുവനേറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ (RIM) എന്നൊരു എൻ.ജി.ഓ.യുടെ ഭാഗമാണ് ഈ ഓട്ടങ്ങൾ. ‘സമാജ് ശിൽ‌പ്പി’ എന്നൊരു കാഴ്ച്ചപ്പാടിനെ ആധാരമാക്കിയാണ് RIM പ്രവർത്തിക്കുന്നത്. സമൂഹത്തിലെ പരിശീലനം സിദ്ധിച്ച ഒരു വ്യക്തിയായിരിക്കും സമാജ് ശിൽ‌പ്പി. ശൌചാലയങ്ങൾ, സ്ക്കൂൾ, ലൈബ്രറി, കുടിവെള്ളം, പാർപ്പിടം എന്നിങ്ങനെ പൊതുസമൂഹത്തിലെ പലതരത്തിലുള്ള പ്രശ്നങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെക്കൂ‍ടെ ഭാഗഭാ‍ക്കായി പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയാണ് പരിശീലനം സിദ്ധിച്ച വ്യക്തിയും സന്നദ്ധസേവകനുമായ സമാജ് ശിൽ‌പ്പിയുടെ കർത്തവ്യം. സർക്കാരിന്റെ വിവിധ സ്ക്കീമുകളെപ്പറ്റി സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുകയും കൂടുതൽ സന്നദ്ധ സേവകരെ സംഘടിപ്പിച്ച് കെട്ടുറപ്പുള്ള പ്രവർത്തനം കാഴ്ച്ചവെക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി കൂടെയാണ് സമാജ് ശിൽ‌പ്പി. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അതിലേക്ക് പൊതുജനപങ്കാളിത്തം കൂടുതലായി സമന്വയിപ്പിക്കുകയും ചെയ്യുന്നു RIM.

2013-2014 വർഷത്തിൽ സമാജ് ശിൽ‌പ്പികളെല്ലാം ചേർന്ന് 5.74 കോടി രൂപയുടെ പദ്ധതികളും അതിന്റെ ഗുണങ്ങളും ജനങ്ങൾക്ക് സ്വായത്തമാക്കിക്കൊടുത്തു. അതിനായി 28.7 ലക്ഷം രൂപ മാത്രമാണ് ചിലവ് വന്നത്. അതായത് RIM ചിലവാക്കിയ ഓരോ രൂപയ്ക്കും പകരമായി 20 രൂപ സർക്കാർ പദ്ധതികളിൽ നിന്ന് നേടിയെടുക്കാനായി.

1176

23

ജനസേവനം ഒരു തൊഴിലാക്കി മാറ്റിയ പാർട്ടിക്കാരെ മാത്രം കണ്ട് പരിചയിച്ചിട്ടുള്ള നമുക്ക്, സമാജ് ശിൽ‌പ്പികൾ ഒരു പുതിയ വാർത്തയോ കാഴ്ച്ചയോ തന്നെയാണ്. ഇത്തരം പദ്ധതികളുടെ പ്രചരണമാണ് മേരാ തേരാ റൺ പോലുള്ള മാരത്തോണുകളിലൂടെ നിർവ്വഹിക്കപ്പെടുന്നത്. 13 ദിവസങ്ങൾ, 13 തീവണ്ടികൾ, 13 പതിമൂന്ന് മൈൽ ഓട്ടങ്ങൾ, 13 സംസ്ഥാനങ്ങൾ, ഒരൊറ്റ ലക്ഷ്യം.  ഉദാരമനസ്ക്കർക്ക് മേരാ തേരാ റണ്ണിലേക്ക് സംഭാവന നൽകാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ജോലി ദിവസമായിരുന്നതുകൊണ്ടും അൽ‌പ്പസ്വൽ‌പ്പം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതുകൊണ്ടും 10.5 കിലോമീറ്റർ മാത്രമേ മേരാ തേരാ ഓട്ടക്കാർക്കൊപ്പം ഓടാൻ എനിക്കായുള്ളൂ. എന്നിരുന്നാലും അതിലെ ഓരോ കിലോമീറ്ററും രാജ്യത്തിന്റേയും താഴേക്കിടയിലുള്ള ജനങ്ങളുടേയും ഉന്നതിക്ക് വേണ്ടിയായിരുന്നെന്ന് ഓരോ സോൾസ് ഓട്ടക്കാരെപ്പോലെ ഞാനും അഭിമാനിക്കുന്നു.

സാധാരണ മാരത്തോണുകളിൽ ഇടയ്ക്കിടയ്ക്ക് വെള്ളം നൽകാനുള്ള സ്റ്റേഷനുകൾ ഉണ്ടാകുമെങ്കിലും 30 ൽ ത്താഴെ മാത്രം ഓട്ടക്കാർ പങ്കെടുത്ത ഈ ഓട്ടത്തിൽപ്പോലും അത്തരമൊരു കാര്യം നടപ്പിലാക്കാൻ സോൾസ് ഓഫ് കൊച്ചിന് കഴിഞ്ഞു. രണ്ട് കാറുകളിൽ, വെള്ളവും ഗ്ലൂക്കോസും പഴവുമൊക്കെയായി ഓട്ടക്കാരെ അനുഗമിച്ചുകൊണ്ടേയിരുന്നു സോൾസിന്റെ സന്നദ്ധസേവകർ.

മരടിൽ നിന്ന് തുടങ്ങി 21 കിലോമീറ്റർ താണ്ടി മരടിൽത്തന്നെ ഓട്ടം അവസാനിപ്പിച്ചപ്പോഴേക്കും അന്നാദ്യമായി കണ്ടുമുട്ടിയ അത്രയും പേർ ഓരോരുത്തരും സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. സമൂഹത്തിൽ നന്മയുടെ പ്രകാശം പരത്താൻ പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മനസ്സുകൾക്ക് അങ്ങനെയല്ലാതെ പിന്നെന്താണ് ആകാൻ കഴിയുക ?

വാൽക്കഷണം:- ക്ഷമിക്കണം, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ‘കാര്യമായ വാർത്ത‘യൊന്നും ഇല്ലാത്തതുകൊണ്ട്, മലയാളം മാദ്ധ്യമങ്ങളിലൊന്നിലും ഇതേപ്പറ്റിയുള്ള വിശേഷങ്ങളൊന്നും ആരും പ്രതീക്ഷിക്കരുത്.
————————————————————
ചിത്രങ്ങൾ:- തേരാ മേരാ റൺ, സീമ പിള്ള & വികാസ് നായർ