Monthly Archives: June 2014

വാർത്തേം കമന്റും – പരമ്പര 7


1111

വാർത്ത 1:- വിയ്യൂർ സെൻ‌ട്രൽ ജയിലിലെ ക്യാമറ പ്രവർത്തിക്കുന്നില്ല. വിയ്യൂർ സെൻ‌ട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
കമന്റ് 1:- കണ്ടെടുത്ത മൊബൈലിലെ ക്യാമറ നല്ല ഭംഗിയായി പ്രവർത്തിക്കുന്നുണ്ടാകുമല്ലോ? ജയിലീന്നുള്ള പടങ്ങൾ ഫേസ്ബുക്കിൽ ജനം കാണാറുള്ളതല്ലേ ?

വാർത്ത 2:- നിർബന്ധിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് സുരേഷ് ഗോപി.
കമന്റ് 2:- ആരെക്കൊണ്ട് വേണമെങ്കിലും നിർബന്ധിപ്പിക്കാം. അണ്ണനൊന്ന് സമ്മതിച്ചാൽ മാത്രം മതി. നോക്കുകുത്തികളായിട്ടാണെങ്കിലും എത്ര കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്ന ഒരു സംസ്ഥാനമായിരുന്നു. അതുകൊണ്ടാ.

വാർത്ത 3:- ഫയലുകൾ അടുക്കി വെക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു.
കമന്റ് 3:- അൽ‌പ്പം മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റിയ സ്ഥലം വില്ലേജ് ഓഫീസിലെ ഫയൽക്കൂമ്പാരമായിരുന്നു. അവിടേം സമ്മതിക്കില്ലാന്ന് വെച്ചാൽ പിന്നെ കടിക്കാതെ എന്തു ചെയ്യും ?

വാർത്ത 4:- ഇന്ത്യൻ ഓയൽ കോർപ്പറേഷന്റെ പമ്പുകളിൽ പെട്രോൾ ക്ഷാമം.
കമന്റ് 4:- റിലയൻസിന്റെ പമ്പിൽ പോയി നോക്കൂ. ആവശ്യത്തിലധികം ഉണ്ടാകും.

വാർത്ത 5:- കടലാക്രമണം തടയാൻ 49 കോടിയുടെ പണികൾ ഉടനെന്ന് മുഖ്യമന്ത്രി.
കമന്റ് 5:- കടലിൽ കായം കലക്കാൻ എളുപ്പമാണല്ലോ ?

വാർത്ത 6:- ഉറവിട മാലിന്യ സംസ്ക്കരണത്തിന് ശുചിത്വമിഷന്റെ തീവ്ര വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസര ശുചിത്വ റാലികൾ, ശുചിത്വ പ്രതിജ്ഞകൾ, ഉറവിട മാലിന്യ സംസ്ക്കരണത്തെ പ്രോത്സാഹിപ്പിക്കൽ എന്നതൊക്കെയാണ് പരിപാടികൾ.
കമന്റ് 6:- സിദ്ധിക്ക് ലാലിന്റേയും റാഫി മെർക്കാട്ടിന്റേയും തുളസീദാസിന്റേയുമൊക്കെ കോമഡി സിനിമകൾ പഴയതുപോലെ ഇറങ്ങാത്തതുകൊണ്ട് ജനങ്ങൾക്ക് ചിരിക്കാനുള്ള അവസരം ഇല്ലാതാകരുതെന്ന് ശുചിത്വമിഷന് നിർബന്ധമുണ്ട്.

വാർത്ത 7:- പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പശ്ചിമഘട്ടത്തിൽ ജനവാസം തുടരാൻ സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി.
കമന്റ് 7:- കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കണം എന്നല്ലേ ?

വാർത്ത 8:- ടോൾ നിരക്ക് വർദ്ധിപ്പിച്ചു, ഇന്ധനവില വർദ്ധിപ്പിച്ചു, പാചകവാതക വില വർദ്ധിപ്പിച്ചു, തീവണ്ടി നിരക്കുകൾ വർദ്ധിപ്പിച്ചു.
കമന്റ് 8:- എല്ലാം വർദ്ധിപ്പിച്ച് വർദ്ധിപ്പിച്ച് ഇതിനിടയ്ക്ക് അബദ്ധവശാൽ നെല്ലിന്റെ താങ്ങുവിലയും വർദ്ധിപ്പിച്ചു.

വാർത്ത 9:- ഏയ്ഡ്സിനെതിരെ കോണ്ടമല്ല മൂല്യമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി ഹർഷവർദ്ധൻ.
കമന്റ് 9 :- അധികമുള്ള മൂല്യം ശോഷിച്ച് പോകാതിരിക്കാൻ വേണമെങ്കിൽ കോണ്ടം ഉപയോഗിക്കാമെന്ന് മന്ത്രിയുടെ എതിരാളികൾ.

വാർത്ത 10:- സിനിമാപ്രതിസന്ധി ഒഴിവാക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി തിരുവഞ്ചിയൂർ രാധാകൃഷ്ണൻ.
കമന്റ് 10:- സിനിമാ നിർമ്മാണം ഒഴികെ ബാക്കിയെല്ലാ നിർമ്മാണവും നടക്കുമെന്ന അവസ്ഥ ഉണ്ടാകാതിരുന്നാൽ മത്യായിരുന്നു.

.