Monthly Archives: July 2014

എഫ്.എം.റേഡിയോ


1

ബാംഗ്‌‌‌ളൂർ ജീവിതകാലത്ത് WorldSpace ആണ് പാട്ട് കേൾക്കാൻ ഉപയോഗിച്ചിരുന്നത്. ആന്റിനയും വാർഷിക തുകയും ഒക്കെ വേണമായിരുന്നെങ്കിലും അതൊരു മനോഹരമായ സംവിധാനമായിരുന്നു. പരസ്യങ്ങൾ ഇല്ലാതെ വിവിധ ഭാഷയിൽ വിവിധ സമയങ്ങളിലെ മൂഡുകൾക്ക് പറ്റിയ പാട്ടുകൾ കേൾക്കാം. രാത്രി കിടക്കുമ്പോൾ പോലും ഞങ്ങളത് ഓഫ് ചെയ്യാറില്ലായിരുന്നു. രാത്രി യാമങ്ങൾക്ക് യോജിച്ച പാട്ടുകൾ കേട്ട് ഉറങ്ങി, പ്രഭാതഗാനങ്ങൾ കേട്ട് ഉണരുമായിരുന്നു. നിർഭാഗ്യവശാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ്, വാർഷിക സംഖ്യ അടച്ച് ഒരു മാസം തികയുന്നതിന് മുൻപ് WorldSpace പൂട്ടിപ്പോയി. പണം പോയതിനേക്കാൾ ദുഃഖം ആ സേവനം ഇല്ലാതായതിൽ ആയിരുന്നു.

അപ്പോഴേക്കും നിറയെ എഫ്.എം. റേഡിയോകൾ രാജ്യമെമ്പാടും പ്രത്യക്ഷപ്പെട്ടു. ഒരു വേൾഡ് റിസീവർ വാങ്ങി അതിലൂടെയായി പിന്നീട് പാട്ട് കേൾക്കൽ. പരസ്യങ്ങളും ജോക്കിമാരുടെ വളവളാന്നുള്ള വാചകമടിയുമൊക്കെ പാട്ടുകൾക്ക് വേണ്ടി കുറേയൊക്കെ സഹിച്ചു.

പക്ഷേ ഈയിടെയായി ജോക്കികളുടെ ഇടപെടൽ സഹിക്കവയ്യാതായി. റേഡിയോ ചോക്കിമാരുടെ സംസാരം അബദ്ധവശാൽ കേൾക്കുന്ന ദിവസം ചെവി ഡെറ്റോളിട്ട് കഴുകിക്കളയണമെന്ന അവസ്ഥയായി. ശബ്ദവും സംസാരവുമൊക്കെ മുഖ്യഘടകമായി വരുന്ന ജോലിക്ക് ആളെ എടുക്കുമ്പോൾ ഓഡിഷൻ ടെസ്റ്റുകൾ ഒന്നും നടത്താറില്ലേ എന്നുവരെ ആലോചിച്ചുപോയിട്ടുണ്ട്. ഇവരെയൊക്കെ എടുത്തശേഷം മാനേജ്‌മെന്റ് ഇക്കൂട്ടരുടെ സംസാരമൊന്നും കേൾക്കുന്നില്ലേ എന്നും ചിന്തിക്കാറുണ്ട്.

പലപ്പോഴും പാട്ട് കേട്ടിട്ടായിരിക്കും ഫ്രീക്വൻസി ട്യൂണിങ്ങ് അവസാനിപ്പിക്കുക. പാട്ട് കഴിയുമ്പോഴാകും റേഡിയോ ഏതാണെന്ന് മനസ്സിലാക്കുക. അപ്പോഴേക്കും ജോക്കിമാരുടെ വളിപ്പുകളും ‘ലോകവിവരവും’ മനശാസ്ത്ര ഉപദേശവുമൊക്കെ കുറേയെങ്കിലും കേട്ടുകഴിഞ്ഞിരിക്കും. ചിലവരുടെയൊക്കെ ശീൽക്കാരങ്ങളും വോയ്‌സ് മോഡുലേഷനുമൊക്കെ കേട്ടാൽ ഓക്കാനം വരും. അത്തരം ശീൽക്കാരങ്ങൾ ആസ്വദിക്കുന്ന കുറച്ചെങ്കിലും ഫാൻസ് അവർക്കുള്ളതുകൊണ്ടാകാം ഒരു മാറ്റം ആ ഭാഗത്തുനിന്ന് ഉണ്ടാകാത്തത്.സഹിക്കാൻ പറ്റാതായപ്പോൾ വേൾഡ് റിസീവർ തുറക്കാതായി. പാട്ടുകൾ കേൾക്കുന്നത് കമ്പ്യൂട്ടറിലുള്ള പാട്ടുകളിലേക്ക് ഒതുങ്ങി. അതോടെ പുതിയ പാട്ടുകളെപ്പറ്റി ധാരണയൊന്നും ഇല്ലാതായി. ബിഗ് ബിയുടേയും മുരുകന്റേയും വളച്ചോടിച്ച വാർത്തകൾ എന്ന ഇഷ്ടപരിപാടി പോലും ഇതേ കാരണം കൊണ്ട് കേൾക്കാൻ പറ്റാതായി.

പക്ഷേ, പാട്ടുകളോടുള്ള കമ്പം കാരണം പാട്ടിനിടയ്ക്ക് ജോക്കികളുടെ ശബ്ദം റേഡിയോയിൽ വരുന്ന സമയത്ത് ഓട്ടോമാറ്റിക്കായി ഫ്രീക്വൻസ് ഷിഫ്റ്റ് ചെയ്യുന്ന തരത്തിൽ ഒരു സോഫ്റ്റ്‌വെയറോ ആപ്പോ തന്നെ ഉണ്ടാക്കാൻ കൊട്ടേഷൻ കൊടുത്താലോ എന്ന് വരെ ചിന്തിച്ചു.

ഇത്രയുമൊക്കെ പറഞ്ഞത്, മലയാളത്തിലെ പ്രൈവറ്റ് എഫ്.എം. റേഡിയോകളിലെ ജോക്കികളുടെ ‘വെർബർ ഡയേറിയ’ സഹിക്കാൻ പറ്റാത്തതുകൊണ്ടു തന്നെയാണ്.  ആരും ചിലപ്പോൾ ഇത്തരത്തിൽ ഒരു ഫീഡ്‌ബാക്ക് കൊടുക്കാത്തതുകൊണ്ടുമാകാം നിങ്ങളിങ്ങനെ നാൾക്കുനാൾ മോശമായിപ്പോകുന്നത്.

എന്തായാലും ഒരു ആസ്വാദകന് പാട്ടുകൾ ഉപേക്ഷിക്കാൻ ആവില്ലല്ലോ ? കുറേ നാളുകൾക്ക് മുൻപ് സ്വന്തം ബ്‌ളോഗുകളിൽ ഒന്നിൽ ചേർത്തിരുന്ന വിഡ്ജെറ്റിനെപ്പറ്റി അപ്പോളാണ് ഓർമ്മ വന്നത്. ദുബായിയിൽ നിന്നുള്ള ‘ഹിറ്റ് 96.7 എഫ്.എം’ ന്റെ വിഡ്ജെറ്റ് ആണത്. റിസീവർ ഓഫാക്കി കമ്പ്യൂട്ടറിലൂടെ ഹിറ്റ് എഫ്.എം. കേൾക്കാൻ തുടങ്ങി. അതിന്റെ വിഡ്‌ജറ്റ് കോഡ് വേണമെന്നുള്ളവർക്ക് വേണ്ടി താഴെ കൊടുക്കുന്നു. സ്വന്തം ബ്‌‌ളോഗിലോ സൈറ്റിലോ ചേർക്കാം.

2

<iframe src=”http://player.streamtheworld.com/liveplayer.php?CALLSIGN=HIT” border=”no” scrolling=”no” frameborder=”0″ style=”width: 205px; height: 266px”></iframe>

ദുബായ് ഹിറ്റ് എഫ്.എം.ൽ ജോക്കികളുടെ ഇടപെടൽ കേരളത്തിലേതിനേക്കാൾ ഒരുപാട് ഒരുപാട് മെച്ചം. സത്യത്തിൽ കുഴപ്പമൊന്നും പറയാനേയില്ല. ആ ലിങ്ക് തുറന്ന് വെച്ചാൽ ദുബായിയിലെ വിശേഷങ്ങൾ കേൾക്കാം. ദുബായിൽ എവിടെയൊക്കെ ട്രാഫിക്‌ ജാം ഉണ്ടെന്ന് മനസ്സിലാക്കാം. അന്നാട്ടിലെ റോഡുകളുടേയും സ്ഥാപനങ്ങളുടേയും പേരുകൾ കേൾക്കാം. ഏതൊക്കെ സിനിമകൾ അവിടെ റിലീസ് ആകുന്നുണ്ടെന്ന് മനസ്സിലാക്കാം. മറ്റൊരു നാട്ടിലെ വിശേഷങ്ങൾ ഇവിടിരുന്ന് സ്ഥിരമായി അറിയുന്നതും ഒരു സുഖമല്ലേ ?

എല്ലാം നിങ്ങൾ ഇന്നാട്ടിലെ റേഡിയോ ജോക്കികൾ കാരണമാണ്. അതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഒരുപാട് നന്ദിയുണ്ട് കൂട്ടരേ.

വാൽക്കഷണം:- എന്നാലും ഇടയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ കയറുമ്പോൾ നിങ്ങൾടെ വളിപ്പ് കേറിവരുന്നുണ്ട്. ഒന്ന് നന്നായിക്കൂടെ മുണ്ടക്കൽ ശേഖരന്മാരേ ?