Monthly Archives: July 2014

വാർത്തേം കമന്റും – പരമ്പര 8


1111

വാർത്ത 1:- അരുൺകുമാറിനെതിരെ കേസെടുക്കണമെങ്കിൽ കൂടുതൽ തെളിവുകൾ വേണമെന്ന് വിജിലൻസ് ഡയറക്‌ടർ.
കമന്റ് 1:- ഒരു സാധാരണക്കാരന് എതിരെയാണെങ്കിൽ നാല് കേസെടുക്കാൻ ഇത്രേം തെളിവുകൾ അധികമല്ലേ ഡയറക്‌ടറേ ?

വാർത്ത 2:- പോളണ്ടിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം.
കമന്റ് 2:- പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് എത്ര പറഞ്ഞാലും മനസ്സിലാകില്ല.

വാർത്ത 3:- നെയ്‌മറുടെ ചികിത്സ, മന്ത്രിസഭായോഗം ചർച്ച ചെയ്യും.
കമന്റ് 3:- ഏഴ് ഗോൾ വാങ്ങിച്ചുകൂട്ടാനുണ്ടായ സാഹചര്യവും ചർച്ച ചെയ്യണം.

വാർത്ത 4 :- അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം, 31 മരണം.
കമന്റ് 4:- ഇതിലിപ്പോൾ എന്തോന്നാണ് വാർത്ത ?

വാർത്ത 5:- വളർച്ചാ നിരക്ക് ലക്ഷ്യമിട്ട് സാമ്പത്തിക സർവ്വേ.
കമന്റ് 5:- സർവ്വേ നടത്തിയാൽ വളർച്ചാ നിരക്ക് കൂടുമെങ്കിൽ അതങ്ങ് ദിവസവും നടത്തിക്കൂടെ ?

വാർത്ത 6 :- അനക്കോണ്ടയെ പ്രദർശന കൂട്ടിലേക്ക് മാറ്റാൻ വാവ സുരേഷിനെ ക്ഷണിച്ച ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്.
കമന്റ് 6 :- പ്രോട്ടോക്കോൾ തെറ്റിച്ചാൽ കൃത്യമായി നടപടി എടുക്കുന്ന നാടാണെന്ന് അറിയില്ലേ ഡോക്‌ടറേ ?

വാർത്ത 7:- റഷ്യയിൽ വെച്ച് നടക്കുന്ന 2018 ലോകകപ്പ്, ബ്രസീൽ കൊണ്ടുപോകുമെന്ന് പെലെയുടെ ട്വീറ്റ്.
കമന്റ് 7:- എന്തിന് അടുത്ത ലോകകപ്പ് വരെ കാത്തിരിക്കണം. കപ്പ് ആരും കൊണ്ടുപോകാതെ ബ്രസീലിൽത്തന്നെ പിടിച്ചുവെച്ചാൽപ്പോരേ ?

വാർത്ത 8:- ലൂസേർസ് ഫൈനലിൽ ജർമ്മനി ബ്രസീലിനെ പിന്തുണയ്ക്കുമെന്ന് ജര്‍മ്മന്‍കാരനായ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്.
കമന്റ് 8:- കാര്യം മനസ്സിലായല്ലോ ? ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണേ !!

വാർത്ത 9:- അനർട്ട് പദ്ധതിയിൽ ക്രമക്കേട്.
കമന്റ് 9:- ക്രമക്കേട് ഇല്ലാതെ നടപ്പിലാക്കിയ ഒരു പദ്ധതി പറയാമോ ?

വാർത്ത 10:- കേരളത്തിലെ ബസ്സുകളിൽ കർണ്ണാടക ചട്ടപ്രകാരം സുരക്ഷാ വാതിലുകൾ.
കമന്റ് 10:-  കേരളത്തിലെ ബസ്സുകളിൽ കേരള ചട്ടപ്രകാരം  ന്യുമാറ്റിക്ക് വാതിലുകൾ പിടിപ്പിക്കുന്ന കാര്യം എന്തായാവോ ?

.