Monthly Archives: August 2014

മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ


d
444ട് മാസികയുടെ 2014 ആഗസ്റ്റ് ലക്കത്തിൽ ‘മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ’ എന്ന തലക്കെട്ടിൽ ഈയുള്ളവന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നു. വിഷയം മാലിന്യസംസ്ക്കരണവും, പല പ്രാവശ്യം പറഞ്ഞുകഴിഞ്ഞ കൊടുങ്ങല്ലൂർ മോഡൽ പ്‌ളാന്റും തന്നെ. പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കൂട് പോലുള്ള ഒരു നല്ല മാസികയിൽ ഒരു ലേഖനം അച്ചടിച്ച് വന്നതിൽ അതിയായ സന്തോഷമുണ്ട്. പക്ഷേ, പറഞ്ഞുവരുന്നത് അതിനേക്കാൾ സന്തോഷമുള്ള മറ്റൊരു വിശേഷമാണ്.

w
മെയ് 21 മുതൽ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെ പലതരം കടുംപിടുത്തങ്ങൾ കാരണം ചപ്പോറയിലുള്ള മാലിന്യസംസ്ക്കരണ പ്‌ളാന്റ് അടഞ്ഞുകിടക്കുകയായിരുന്നു എന്ന് മാത്രമല്ല സ്ഥിരമായ ഒരു അടച്ചുപൂട്ടൽ ഭീഷണിയും പ്‌ളാന്റിനുണ്ടായിരുന്നു. അക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് രേഖകൾ അടക്കം എഴുതിയിട്ടിരുന്ന ‘കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കരണ പ്‌ളാന്റ് അടച്ചുപൂട്ടുന്നു’ എന്ന ലേഖനം ഈ ലിങ്കിൽ ക്‌ളിക്ക് ചെയ്ത് വായിക്കാം.

ee
ഇതുവരെയുള്ള കാര്യങ്ങൾ എന്തൊക്കെയായാലും, ഇന്ന് മുൻസിപ്പാലിറ്റിയിൽ നടന്ന സർവ്വകക്ഷി ചർച്ചകൾക്ക് ശേഷം പ്‌ളാന്റ് സ്ഥാപിച്ച് നടത്തിപ്പോന്നിരുന്ന ശ്രീ.ജോയിയുടെ നിബന്ധനകൾ എല്ലാം അംഗീകരിച്ചുകൊണ്ട് നാളെ മുതൽ പ്‌ളാന്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായിരിക്കുന്നു.

ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിനായി മുൻസിപ്പാലിറ്റിയിൽ കയറി ഇറങ്ങി മടുത്തെന്നും ഇനിയതിനാവില്ലെന്നുമായിരുന്നു ജോയിയുടെ നിലപാട്. മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുത്തിരുന്ന പ്‌ളാസ്റ്റിക്കിൽ നിന്ന് ഇന്ധനം ഉൽപ്പാദിപ്പിക്കാനുള്ള ജോയിയുടെ നീക്കത്തിനും മുൻസിപ്പാലിറ്റി എതിരു് നിൽക്കുകയായിർന്നു ഇതുവരെ.

ഈ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾക്കും തീരുമാനമായിരിക്കുന്നു. ജോലിക്കാർക്കുള്ള ശമ്പളം ഇനിയവർക്ക് നേരിട്ട് മുൻസിപ്പാലിറ്റിയിൽ നിന്ന് കൈപ്പറ്റാം. ജോയിക്ക് പ്‌ളാസ്റ്റിക്കിൽ നിന്ന് ഇന്ധനം ഉൽപ്പാദിപിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാം. ഉദ്യോഗസ്ഥന്മാരുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കും നിലപാടുകൾക്കും കൂട്ടുനിന്ന പാർട്ടിക്കാർ ഇപ്പോഴെങ്കിലും കാര്യങ്ങൾ നല്ല നിലയ്ക്ക് മനസ്സിലാക്കി തീരുമാനമെടുത്തത് അഭിനന്ദനാർഹമായ കാര്യം തന്നെയാണ്.

പ്‌ളാന്റിൽ ഇപ്പോൾ കെട്ടിക്കിടക്കുന്ന വളം അരിച്ചെടുത്ത് വിറ്റാലുടൻ സ്വന്തം നിലയ്ക്ക് രണ്ടാമതൊരു മെഷീൻ കൂടെ സ്ഥാപിച്ച് പ്‌‌ളാന്റ് കൂടുതൽ ഗംഭീരമാക്കാനാണ് ജോയിയുടെ നീക്കം. പക്ഷേ ജോയിക്ക് നല്ലൊരു പണി കിടക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസങ്ങളിലെ
മാലിന്യമെല്ലാം പ്ലാന്റിന്റെ വളപ്പിൽ വെറുതെ കുന്നുകൂട്ടി ഇടുകയും കുറെ മാലിന്യം അവിടെയെല്ലാം ജെ.സി.ബി.ഉപയോഗിച്ച് നിരത്തിയിടുകയും ചെയ്തിട്ടുണ്ട് മുൻസിപ്പാലിറ്റി. നല്ലൊരു പരിസരമലിനീകരണം അതുമൂലം സംഭവിചിട്ടുണ്ട്. അതൊന്ന് നേരെ ആക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലതാനും.

എനിക്ക് സന്തോഷിക്കാൻ ഇത്രേമൊക്കെ ധാരാളം. കൊടുങ്ങല്ലൂർ മോഡൽ പ്‌ളാന്റുകൾ കേരളത്തിലുടനീളം വരണമെന്നും കുറഞ്ഞപക്ഷം ഇന്ത്യാമഹാരാജ്യത്ത് ഈ സംസ്ഥാനത്തിലെയെങ്കിലും മാലിന്യപ്രശ്നങ്ങൾക്ക് അറുതിവരണമെന്നും ആഗ്രഹമുണ്ട്. നീചശക്തികൾക്ക് എല്ലാക്കാലവും പിടിച്ചുനിൽക്കാനാവില്ലെന്നും നന്മയ്ക്ക് തന്നെ അന്തിമ വിജയം ഉണ്ടാകുമെന്നും ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു.

വാൽക്കഷണം:- കൊടുങ്ങല്ലൂർ പ്‌ളാന്റ് തുറന്ന് പ്രവർത്തനം ആരംഭിക്കുക എന്ന് പറഞ്ഞ് ആം ആദ്മി പാർട്ടി അടക്കം പല പാർട്ടികളും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇനിയിപ്പോൾ കൊടുങ്ങല്ലൂർ മോഡൽ പ്‌ളാന്റുകൾ കേരളത്തിലുടനീളം സ്ഥാപിക്കപ്പെടാനായി ഈ പാർട്ടികളെല്ലാം ഒരു പ്രക്ഷോഭം ആരംഭിക്കാമെങ്കിൽ കുറേക്കൂടെ സന്തോഷിക്കാമായിരുന്നു.

44
——————————————————————————
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.

1. മാലിന്യ വിമുക്ത കേരളം
2. വിള പ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.