‘സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം’ ഇന്നലെ (2014 ആഗസ്റ്റ് 3- കർക്കിടകത്തിലെ ചിത്തിര) വൈകീട്ട് കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.
കഴിഞ്ഞ ഒരു വർഷത്തോളമായി, ചരിത്രവും ഐതിഹ്യവും ഇഴചേർന്ന് കിടക്കുന്നതും മൂന്ന് ദിവസം നീളുന്നതും 80 വർഷമായി തുടർന്ന് പോകുന്നതുമായ ഈ ഉത്സവം ഏതെങ്കിലും ഒരു ദൃശ്യമാദ്ധ്യമത്തിൽ വരുത്തി ജനങ്ങളിലേക്കെത്തിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങളൊക്കെയും വിഫലമായി. പലയിടത്ത് നിന്നും സഹായ ഹസ്തങ്ങൾ നീട്ടപ്പെട്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും അവരിൽ ആരും രംഗത്തെത്തിയില്ല.
അവസാന നിമിഷം സുഹൃത്ത് സാബു ഈരേഴത്തിനെ വിളിച്ചു. എനിക്കൊരു ക്യാമറമാനെ വേണം. കല്യാണങ്ങൾ ഷൂട്ട് ചെയ്യാൻ പോകുന്ന പയ്യന്മാർ ആരെങ്കിലും മതിയാകും. 10 മിനിറ്റിനകം സാബു തിരിച്ചു വിളിച്ചു. ഒരു നമ്പർ SMS അയച്ചിട്ടുണ്ട്. അതിൽ വിളിച്ചാൽ ക്യാമറയുമായി ആൾ സ്ഥലത്തെത്തുമെന്ന് അറിയിച്ചു.
കോരിച്ചൊരിയുന്ന മഴ വക വെയ്ക്കാതെ ക്യാമറാമാൻ വന്നു. വൈകീട്ട് 5 മണിയോടെ തിരുവഞ്ചിക്കുളത്തുനിന്ന് ഞങ്ങൾ ആരംഭിച്ചു. പിന്നെ കൊടുങ്ങല്ലൂർ അമ്പലത്തിലേക്ക്.
അവിടെ ഭക്തരായ തമിഴ് മക്കളുടെ സമുദ്രം. അവർക്കാണല്ലോ ഇത് ഉത്സവം. നമുക്കെന്ത് ചേരമാൻ പെരുമാൾ, എന്ത് സുന്ദരമൂർത്തി നായനാർ, എന്ത് ഗുരുവന്ദനം ??!!
ഇന്നലെ രാത്രിയിലെ ഉത്സവാഘോഷങ്ങൾ പെരുമഴയുടെ താളത്തിൽ 11 മണി വരെനീണ്ടു. ഇന്ന് ബാക്കിയുള്ള രംഗങ്ങൾ കൂടെ ക്യാമറയിലാക്കാനുണ്ട്. ഒരു മുഷിച്ചിലും കാണിക്കാതെ സഹകരിച്ച രണ്ട് ക്യാമറാമാന്മാർക്കും അവരെ സംഘടിപ്പിച്ച് തന്ന സാബുവിനും ഒരുപാട് നന്ദി.
ഇന്നും നാളെയുമായി ഇത് പൂർത്തിയാക്കുക തന്നെ ചെയ്യും. സൗകര്യം പോലെ എഡിറ്റ് ചെയ്ത് വിവരങ്ങളൊക്കെ സമ്മേളിപ്പിച്ച് ഒരു കൊച്ചു ഡോക്യുമെന്ററിയാക്കി സൂക്ഷിക്കും. എവിടേയും പ്രദർശിപ്പിക്കാനല്ല. സ്വന്തം സന്തോഷത്തിന് വേണ്ടി മാത്രം. പിന്നെ എന്നെങ്കിലും ലോകം കീഴ്‌മേൽ മറിഞ്ഞ് പോയാൽ, അതിന് ശേഷം ഉത്ഘനനം ചെയ്യുന്നവർക്ക് വല്ല പ്രയോജനമുണ്ടാകുമെങ്കിൽ അതിനും വേണ്ടി.
ഇന്നത്തെ സമൂഹത്തിന് വേണ്ടി ഉത്തരവാദിത്തപ്പെട്ടവർ തന്നെ ചെയ്യണം. ഞാൻ ബാംഗ്‌ളൂർ ആസ്ഥാനമാക്കിയ ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ മാത്രമാണ്.
—————————————————————-
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം:- പെരുമാളേ പൊറുക്കുക.