Monthly Archives: October 2014

ഇതിഹാസ


12യടുത്ത കാലത്ത് തീയറ്ററിൽ പോയി വളരെ രസിച്ച് തന്നെ കണ്ട ഒരു സിനിമയാണ് നവാഗത സംവിധായകനായ ബിനു എസ്. സംവിധാനം ചെയ്ത ‘ഇതിഹാസ‘.

മാന്ത്രിക മോതിരങ്ങളിലൂടെ ആത്മാക്കൾ മാറിപ്പോകുന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. ആത്മാവ് പരസ്പരം മാറിപ്പോകുന്നതോടെ ആണ് പെണ്ണിന്റേയും പെണ്ണ് ആണിന്റേയും സ്വാഭാവവിശേഷങ്ങൾ കാണിക്കാൻ തുടങ്ങുന്നു. സിനിമ പുരോഗമിക്കുന്നതോടെ മുന്നിൽ നിൽക്കുന്നത് ആണാണെങ്കിലും അയാളെ പെണ്ണായിട്ട് തന്നെ കാണാനും, പെണ്ണ് മുന്നിൽ വരുമ്പോൾ അവളെ ആണായിട്ട് കാണാനും പ്രേക്ഷകന് കഴിയുന്നുണ്ട് എന്നതിലാണ് ഈ സിനിമയുടെ വിജയം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷൈൻ തോമസ് ചാക്കോയും അനുശ്രീയും ഇക്കാര്യത്തിൽ നല്ലൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ചിരിക്കുന്ന അനുശ്രീ നല്ലൊരു ആക്ഷൻ നായികയായി വളർന്ന് വന്നാൽ ഒട്ടും അതിശയിക്കേണ്ടതില്ല. നായകൻ 20 പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്നതൊക്കെ ഇതിന് മുൻപും നിറയെ കണ്ടിട്ടുള്ളതുകൊണ്ട് അത്തരം രംഗങ്ങളൊന്നും സിനിമയുടെ ആകെത്തുകയുടെ നിറം കെടുത്തുന്നില്ല.

ആരും വിശ്വസിക്കാത്ത കഥ എന്ന് ഇതിന്റെ പിന്നണിക്കാർ തന്നെ പറയുന്നുണ്ടെങ്കിലും പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയുമൊക്കെ നാളിത്രയായി നാം കേട്ടുകൊണ്ടിരിക്കുന്ന  അതിശയ കഥകൾ എത്രയോ ഉണ്ട്; അതിലൊന്നിന് സിനിമാ ഭാഷ്യം കൊടുക്കുമ്പോൾ അത് വിശ്വസിക്കണമെന്ന് എന്തിന് നിർബന്ധം പിടിക്കണം. അവസാനം ഈ കഥ ഒരു നല്ല എന്റർടെയിൻ‌മെന്റ് ആകുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരേ ? കോടികൾ മുടക്കി എടുത്ത് തീയറ്ററിൽ എട്ട് നിലയിൽ പൊട്ടുന്ന സൂപ്പർ നായക സിനിമകളേക്കാൾ എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്, അൽ‌പ്പസ്വൽ‌പ്പം തെറ്റുകുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിലും, സിനിമാ വ്യവസായത്തെ പിടിച്ച് നിർത്താൻ പോന്ന ഇത്തരം കൊച്ചുകൊച്ചു സിനിമകൾ തന്നെയാണ്.

ഇതിഹാസ നല്ലൊരു എന്റർടെയിൻ‌മെന്റ് ആണ്. സ്വാഭാവിക നർമ്മമാണ് ഉടനീളം പിടിച്ചിരുത്തുന്നത്. അക്കാര്യത്തിൽ ബാലു വർഗ്ഗീസ് അവതരിപ്പിച്ച കഥാപാത്രത്തെ എടുത്ത് പറയാതെ വയ്യ. കണ്ടുമടുത്ത മുഖങ്ങൾ വെള്ളിത്തിരയിൽ ഇല്ലാതാകുന്നത് തന്നെ സത്യത്തിൽ ഒരാശ്വാസമാണെന്നും ഇതിഹാസ കണ്ടിറങ്ങിയപ്പോൾ തോന്നിപ്പോയി. ബിനു എസ്. എന്തുകൊണ്ടും നല്ലൊരു കൈയ്യടി അർഹിക്കുന്നു. സിനിമയിലെ ഒരു ഗാനരംഗത്ത് പറയുന്നത് ‘ഇത് പൊളിക്കും‘ എന്നാണ്. ശരിയാണ് ഇത് പൊളിച്ചിരിക്കുന്നു.

വാൽക്കഷണം:- ഇനിയിപ്പോൾ ഇത് ഇംഗ്‌ളീസ് സിനിമയുടെ കോപ്പിയാണെന്ന് ആരോപണമുണ്ടെങ്കിൽ, കോപ്പിയടിക്കാത്തവർ കല്ലെറിയട്ടെ.