Yearly Archives: 2015

വെള്ളാരം ചിറ്റ


കാട്ടിലൂടെ ഒഴുകിവരുന്ന തണുള്ള ജലത്തിൽ കുളിക്കുമ്പോൾ എങ്ങനെയാണ് ക്ഷീണമകലുന്നത് ? എങ്ങനെയാണ് വിശപ്പ് പമ്പകടക്കുന്നത് ?. എനിക്കിന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ആ ഒഴുക്കിൽ കുതിർന്ന് കിടക്കുമ്പോൾ പ്രായവും ഒലിച്ചൊഴുകിപ്പോകുന്നുണ്ടോ ?! കുന്നുകളുടെ താഴ്‌വരക്കാഴ്ച്ച ഇത്രയധികം മത്തുപിടിപ്പിക്കുന്നതെന്തുകൊണ്ടാണ് ? അതിനിടയിലുള്ള കോൺക്രീറ്റ് മുറിപ്പാടുകൾ അലോസരപ്പെടുത്തുന്നതെന്തുകൊണ്ടാണ് ? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾ പിന്നെയും ബാക്കിയുണ്ട്.

00കാട്ടാറിലെ തണുത്ത വെള്ളത്തിൽ ഒരു കുളി.

പട്ടണത്തിൽ നിന്ന് തീണ്ടിയ വിഷമിറക്കാൻ, ഹൈക്കിങ്ങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, മധു തങ്കപ്പനും സുഹൃത്തുക്കൾക്കുമൊപ്പം, ഇന്നലെ ട്രക്കിങ്ങിന് പോയത് ‘വെള്ളാരം ചിറ്റ‘ എന്ന മേട്ടിലേക്ക്. വെള്ളാരം ചിറ്റ, ചോറ്റുപാറ, ഉളുപ്പൂണി എന്നീ പ്രദേശങ്ങൾക്ക് വാഗമണിൽ നിന്ന് അധിക ദൂരമില്ല.  ഇടുക്കിയിലെ മൂലമറ്റം – പതിപ്പള്ളി വഴി ഏകദേശം ആറു കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളാരം ചിറ്റയിൽ എത്താം.

ഇരുപത്തിയെട്ട് സംഘാംഗങ്ങൾക്ക് മൂന്ന് ഗൈഡുകൾ കൂട്ടിനുണ്ടായിരുന്നു ഇപ്രാവശ്യം. ആദ്യപകുതി, വിഷം തീണ്ടാത്ത ബംബ്ലൂസ് നാരങ്ങ, പേരക്ക, ഞറ, പപ്പായ, വാളൻ പുളി എന്നിങ്ങയുള്ള ഫലങ്ങൾ പറിച്ച് തിന്നുകൊണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഒറ്റമൂലിയാണത്രേ ഞറ!

16പപ്പായ നുറുക്കുന്ന ഗൈഡ് വിശ്വംഭരൻ.

12പേരയ്ക്ക പറിക്കുന്ന ഗൈഡ്.

സിനിമാക്കാരല്ലാതെ, മനുഷ്യന്മാർ അധികമാരും ചെന്ന് പെട്ടിട്ടില്ലാത്ത പശ്ചിമഘട്ടത്തിന്റെ മനോഹരമായ കുറേ മലമടക്കുകൾ !! എട്ടുപത്ത് കിലോമീറ്ററോളം പലതരം പാതകളിലൂടെ. കറുകപ്പുല്ലുകളുടെ തലോടലേറ്റ് കയറിച്ചെന്ന്, ആനച്ചൂരടിക്കുന്ന കുന്നിൻ മുകളിലിരുന്ന് ഉച്ചഭക്ഷണം. ആ കുന്നിറങ്ങിച്ചെല്ലുന്നത് ‘ഇയ്യോബിന്റെ പുസ്തക’ ത്തിലെ ദുഷ്ടനായ പൊലീസുകാരന്റെ വിരൽ മുറിച്ചെടുക്കപ്പെട്ട, രണ്ട് ചെറുകുന്നുകൾക്കിടയിലുള്ള വഴികൾ സംഗമിക്കുന്ന വളവിലേക്കാണ്. ഉളുപ്പുണ്ണി എന്ന് സ്ഥലത്തിന്റെ പേര്. അപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ. വീടിനകത്ത് നടക്കുന്ന ലാഘവത്തോടെ മഴനനഞ്ഞുകൊണ്ടാണ് പിന്നീടുള്ള നടത്തം. പ്രതീക്ഷിച്ചതുപോലെ, എങ്ങുനിന്നോ കോടയുമെത്തി. അകത്തും പുറത്തും നിറഞ്ഞുനിൽക്കുന്ന പ്രകൃതി.

21ഇയ്യോബിലെ പൊലീസുകാരന്റെ വിരൽ വീണത് ആ താഴ്‌വാരത്താണ്.

പിന്നെ, ഇയ്യോബിന്റെ ക്ലൈമാക്സ് ചിത്രീകരിച്ച തുരങ്കം തേടി കുത്തനെയുള്ള ഇറക്കത്തിലൂടെ. അവിടെ വെച്ച് അട്ടകൾ സംഘം ചേർന്ന് ആക്രമിച്ചു. കടിയേറ്റ് ചോര പൊടിയാത്ത ഒരാൾപോലുമില്ല കൂട്ടത്തിൽ എന്നു പറഞ്ഞാൽ ശ്രീകാന്ത് സമ്മതിക്കില്ല. അട്ടയുടെ പല്ല് പോയതും ശ്വാസം മുട്ടിയതും മാത്രം മിച്ചം. ചോടപ്പുല്ലിനേക്കാൾ മെലിഞ്ഞ ശ്രീകാന്തിന്റെ ശരീരത്തിൽ നിന്ന് ചോര കിട്ടിയിട്ട് അട്ടകളുടെ പട്ടിണി ഒരിക്കലും മാറാൻ പോകുന്നില്ല.

13മലമടക്കുകളുടെ ഭംഗി ആസ്വദിക്കുന്ന സംഘാംഗങ്ങൾ.

15വാനം തൊട്ട് നിൽക്കുന്ന കുന്നിന് മുകളിലേക്ക്…

1 ചോടപ്പുല്ലുകൾക്കിടയിലൂടെ ഒരു പാത.

 കിലോമീറ്ററുകൾക്ക് ദൂരെ, മുകളിൽ ‘ഇരുകൂട്ടി‘യിൽ സംഗമിക്കുന്ന രണ്ട് ചോലകളെ തടയണ കെട്ടി സംഭരിച്ച് നിറുത്തുന്നു. ഇടുക്കി ഡാമിൽ വെള്ളം കുറയുമ്പോൾ ടണലിലൂടെയും വീണ്ടും കാട്ടിലൂടെയും ഈ വെള്ളത്തെ ഒഴുക്കി ഇടുക്കി ഡാമിലെത്തിക്കുന്നു. ഇരുകൂട്ടിയിൽ നിന്ന് മൂന്നരകിലോമീറ്ററോളം ദൈർഘ്യമുള്ള ‘കപ്പക്കാന‘ത്ത് ഈ ടണൽ അവസാനിക്കുന്നിടത്ത് കലക്കൊന്നുമില്ലാത്ത തെളിവെള്ളമാണെങ്കിൽ, ഒരാൾക്ക് മാത്രം നടന്ന് പോകാൻ കഴിയുന്ന നേർത്ത വരമ്പിനപ്പുറത്ത് കലങ്ങിമറിഞ്ഞ് വരുന്ന മലവെള്ളമാണ്. തടയണയുടേയും ടണലിന്റേയും കഥയൊന്നും അറിയില്ലെങ്കിൽ ആ കാഴ്ച്ച ഒരു വിസ്മയം തന്നെയാണ്. കപ്പക്കാനത്തെ തിണ്ട് അവസാനിക്കുന്നയിടത്തുനിന്ന്, കലക്കവെള്ളവും തെളിവെള്ളവും പ്രണയിച്ചൊന്നിച്ച് ഇടുക്കി ഡാം വരെ കൈകോർത്തൊഴുകുന്നു.

27 കാട്ടരുവിയിലെ തണുത്ത ജലത്തിൽ ആഹ്ലാദത്തിമിർപ്പ്. 

32തെളിവെള്ളത്തിനും കലക്കവെള്ളത്തിനും ഇടയിലെ വരമ്പിലൂടെ.

44ടണലിന്റെ കവാടം. ഇവിടന്ന് 3.5 കിലോമീറ്റർ മുകളിലേക്കിത് പോകുന്നു.

കുത്തൊഴുക്കാണ്. പിടികിട്ടിയില്ലെങ്കിൽ, പിന്നെങ്ങോട്ടാണ് പോകുന്നതെന്ന് പോലും നിശ്ചയമില്ലാത്ത ചോലയും കാടും. ധൈര്യം സംഭരിച്ച് ഒന്നുരണ്ട് പേർ തണുത്ത വെള്ളത്തിൽ ഇറങ്ങി. പിന്നെ ഒന്നൊഴിയാതെ എല്ലാവരും നീറ്റിലേക്ക്. മേദസ്സുകളിൽ അട്ടകളപ്പോഴും കടിച്ച് തൂങ്ങിക്കിടന്നു.

ആധി, വ്യാധി, വ്യഥ, സമ്മർദ്ദം എന്നിങ്ങനെ എല്ലാറ്റിനേയും കാട് നിഷ്‌പ്രഭമാക്കുന്നു; കാട്ടാറ് ഒഴുക്കിക്കൊണ്ട് പോകുന്നു. തന്നെ വിട്ടുപോയവർ തിരികെ വരുമ്പോൾ, അലോഹ്യമൊന്നുമില്ലാതെ വീണ്ടും ആലിംഗനം ചെയ്യുന്ന പ്രകൃതി.

സഹ്യന്റെ എല്ലാ ഇടവഴികളിലും പാദമുദ്ര പതിപ്പിക്കുകയെന്നത് നടപ്പുള്ള കാര്യമൊന്നുമല്ല. എന്നിരുന്നാലും, ഇതുപോലുള്ള ‘കാട്ടുക്കൂട്ടം‘ സുഹൃത്തുക്കളുണ്ടെങ്കിൽ കുറേ മലമടക്കുകളിലെ കുറേയേറെ ‘കണ്ടി‘കളിൽ ഇനിയുമിതുപോലെ സാർത്ഥകമായ ദിനങ്ങളുണ്ടായെന്ന് വരും !!

45സംഘാംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

——————————————————————————————–

ചിത്രങ്ങൾക്ക് കടപ്പാട്:- സംഘാംഗങ്ങളായ Aneesh KottiyoorMadhu ThankappanShajan JoseSreekanth Tr എന്നിവരോട്. കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.