Yearly Archives: 2015

വാർത്തേം കമന്റും – പരമ്പര 21


1111

വാർത്ത 1:- അഴിമതിക്കാർക്കും മദ്യപാനികൾക്കും സീറ്റ് നൽകില്ലെന്ന് കോൺ‌ഗ്രസ്സ്.
കമന്റ് 2:- അപ്പോൾ,  ഈ പ്രാവശ്യം കോൺഗ്രസ്സ് മത്സരിക്കുന്നില്ലേ ?

വാർത്ത 2:- ഇരുചക്രവാഹനങ്ങളിൽ പിൻ‌സീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നു.
കമന്റ് 2:- റോഡിന്റെ അവസ്ഥ നാൾക്കുനാൾ പരിതാപകരമായി വരുമ്പോൾ സർക്കാരിന്  ജനങ്ങളുടെ സുരക്ഷ നോക്കാതെ പറ്റില്ലല്ലോ.

വാർത്ത 3:- അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി.
കമന്റ് 3:- പേപ്പട്ടി പ്രേമികളെ എന്ത് ചെയ്യണമെന്ന് കൂടെ കോടതി നിർദ്ദേശിക്കണം.

വാർത്ത 4:- രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി.
കമന്റ് 4 :- തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ പാർട്ടി നേതാക്കന്മാർ വന്നുകണ്ട് തൊഴുത് നിൽക്കുന്നതിന്റെ സുഖം തീരാൻ പോകുന്നെന്ന് സാരം. 

വാർത്ത 5:- ഘർ വാപസി നടത്തി എ.ആർ. റഹ്‌മാൻ തിരിച്ച് വരണമെന്ന് സംഘപരിവാർ.
കമന്റ് 5:- ഇതുവരെയുള്ള പാട്ടുകൾക്ക് സംഗീതം മാറ്റി നൽകി തിരികെ വരണമെന്ന് പറഞ്ഞില്ലല്ലോ ? ഭാഗ്യം.

വാർത്ത 6:- സിറിയൻ അഭയാർത്ഥികളെ ഇടംകാൽ വെച്ച് വീഴ്ത്തുകയും തൊഴിക്കുകയും ചെയ്ത മാദ്ധ്യമപ്രവർത്തകയുടെ ജോലി പോയി.
കമന്റ് 6:- ബേജാറാകണ്ട. രാഷ്ട്രീയത്തിൽ നല്ല സാദ്ധ്യതയുണ്ട്.

വാർത്ത 7:- ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന എഴുത്തുകാരുടെ നാക്കരിയുമെന്ന് ശ്രീരാമസേന.
കമന്റ് 7:- പാക്കിസ്ഥാനിലേക്ക് പറഞ്ഞു വിടുന്ന പദ്ധതി നിർത്തലാക്കിയോ ?

വാർത്ത 8:- പെൺകുട്ടികൾ രാത്രി പുറത്തിറങ്ങുന്നത് ഭാരതീയ സംസ്ക്കാരത്തിന് ചേരാത്തതാണെന്ന് കേന്ദ്ര സാംസ്ക്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മ.
കമന്റ് 8:- തിരഞ്ഞെടുപ്പ് രാത്രികാലത്ത് വെച്ചാൽ, ‘ഇങ്ങനൊരു കാര്യം പറഞ്ഞതായി ഓർമ്മയിലേ ഇല്ല‘ എന്ന് ഇതേ മന്ത്രി തന്നെ പറയും.

വാർത്ത 9:- ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഫിൻ‌ലാൻഡിൽ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു.
കമന്റ് 9:- ഇന്നാട്ടിൽ, ഒരു കോർപ്പറേഷൻ തലവന്റെ ധൂർത്തെങ്കിലും വെട്ടിക്കുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ !!

വാർത്ത 10:- പുസ്തകം തർജ്ജിമ ചെയ്തവരെ ആ പുസ്തകത്തിന്റെ പ്രകാശനത്തിന് വിളിക്കുന്ന പതിവില്ലെന്ന് തൃശൂർ കറന്റ് ബുക്ക്സ്.
കമന്റ് 10:- സ്വന്തം പ്രസ്സിലടിക്കുന്ന പുസ്തകങ്ങൾ പോലും വായിച്ചു നോക്കാത്തതുകൊണ്ടുള്ള അപചയം മാത്രമാണിത്.