Yearly Archives: 2015

പുസ്തക വിൽ‌പ്പനയുടെ പിന്നാമ്പുറങ്ങൾ


മെന്റർ മാസികയിൽ 2013 ആഗസ്റ്റ് മാസം മുതൽ ഏകദേശം ഒന്നരക്കൊല്ലത്തോളം തുടർച്ചയായി ഞാൻ എഴുതിക്കൊണ്ടിരുന്ന യാത്രാവിവരണമാണ് ‘മുസ്‌രീസിലൂടെ’. മെന്റർ ബുക്ക്സ് തന്നെ അത് പുസ്തകരൂപത്തിൽ 2015 നവംബർ 27ന് ഔദ്യോഗികമായി പുറത്തിറക്കുകയും, ഔപചാരിക പ്രകാശനം ഡിസംബർ 11ന് സാഹിത്യ അക്കാഡമി (തൃശൂർ) ഹാളിൽ വച്ച് നടത്തുകയും ചെയ്തു.

44

ഇനി പറയാനുള്ളത് പുസ്തകത്തിന്റെ വിപണനത്തെപ്പറ്റിയാണ്.

പുസ്തകം എവിടന്ന് വാങ്ങാൻ കിട്ടും ?
ഓൺലൈൻ വിൽ‌പ്പനയുണ്ടോ ?
വിദേശത്ത് കിട്ടാൻ മാർഗ്ഗമെന്താണ് ?
ദുബായീൽ പുസ്തകം എപ്പോൾ കിട്ടും ?

എന്നൊക്കെ ചോദിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ട്. അതിനുള്ള മറുപടി കൂടെയാണ് പറയാനുദ്ദേശിക്കുന്നത്.

പുസ്തകപ്രസാധനത്തിന്റേയും അതിന്റെ പിന്നാമ്പുറത്തേയും വാണിജ്യ ഇടപാടുകൾ പൊതുജനത്തിന് എത്രത്തോളം അറിയാമെന്ന് എനിക്ക് നിശ്ചയമൊന്നും ഇല്ല. എന്തായാലും ഇതിനകം ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങളും ഉള്ളുകള്ളികളും അത്തരം കാര്യങ്ങളോടുള്ള എന്റെ വിയോജിപ്പും നിലപാടുമൊക്കെ ഇവിടെ പങ്കുവെക്കുന്നു.

Cover Page

A പ്രസിദ്ധീകരിച്ച പുസ്തകം B യുടെ സ്റ്റോറിൽ കൊണ്ടുവെച്ച് വിൽക്കണമെങ്കിൽ 30 % മുതൽ 40 % വരെ കമ്മീഷൻ Bയ്ക്ക് കൊടുക്കണം. കേരളമൊട്ടാകെ സ്റ്റോറുകൾ ഉണ്ടെന്നതാണ് B യുടെ മേന്മയും സൌകര്യവും. അങ്ങനെ വരുമ്പോൾ, പ്രിന്റിങ്ങ് ചിലവും റോയൽറ്റിയുമൊക്കെ കഴിച്ച് പ്രസാധകനായ Aയ്ക്ക് കിട്ടുന്നതിനേക്കാൾ അധികം തുകയാണ് വിൽ‌പ്പനക്കാരനായ Bയ്ക്ക് കിട്ടുന്നത്. ഈ സമ്പ്രദായത്തോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്റെ പുസ്തകം അങ്ങനെ വിൽക്കുന്നതിനോട് ഞാൻ എതിരാണ്. അതിന്റെ ആദായം കൂടുതൽ ലഭിക്കേണ്ടത് പ്രസാധകന് തന്നെയാണ്. പിന്നെയുള്ളത് എഴുത്തുകാരനാണ്. അയാൾക്ക് കിട്ടുന്ന റോയൽറ്റിയേക്കാൾ കൂടുതൽ തുക വിൽക്കുന്നയാൾക്ക് ഒരിക്കലും കിട്ടാൻ പാടില്ല. അത് അന്യായമാണ്.

പക്ഷേ, നിലവിലുള്ള നമ്മുടെ സമ്പ്രദായം അതൊന്നുമല്ല. നല്ല നെറ്റ്‌വർക്ക് ഉള്ളതും തഴക്കവും പഴക്കവും ഉള്ളതുമായ പുസ്തക കമ്പനിക്കാർ മറ്റ് കമ്പനികൾ അടിച്ചിറക്കുന്ന പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കാൻ താൽ‌പ്പര്യപ്പെടുന്നില്ല. ഉണ്ടെങ്കിൽത്തന്നെ അന്യായമായ കമ്മീഷൻ കിട്ടണം. പെട്ടിക്കടക്കാരും മുറുക്കാൻ കടക്കാരും പോലും ഇപ്പോൾ ഇത് പ്രാ‍വർത്തികമാക്കിയിരിക്കുകയാണ്. 30 % കമ്മീഷൻ കിട്ടാതെ ഒരു മാഗസിൻ പോലും അവർ വിൽക്കാൻ തയ്യാറല്ല.

തമിഴ്നാട്ടിൽ തക്കാളി 5 രൂപയ്ക്ക് കിട്ടും. കേരളത്തിലെത്തുമ്പോൾ അതിന് 40 രൂപയാകുന്നു. ഇടനിലക്കാർ ഉത്പാദിപ്പിച്ചവനേക്കാൾ ലാഭം കൊയ്യുന്നു എന്ന് നിത്യേന വിലപിക്കുന്നവരാണ് നമ്മൾ. പച്ചക്കറിയുടെ കാര്യത്തിലുള്ളതിനേക്കാൾ വലിയ പിടിച്ചുപറിയാണ് വിൽ‌പ്പന നികുതി പോലും ഇല്ലാത്ത പുസ്തകങ്ങളുടെ കാര്യത്തിൽ ഇവിടെ നടക്കുന്നത്. പക്ഷേ, നമ്മുടെ സ്വന്തം കാര്യം വരുമ്പോൾ നമ്മളീ കഥകളൊക്കെ മറക്കുന്നു. എങ്ങനെയെങ്കിലും കൂടുതൽ കൂടുതൽ എഡിഷനുകൾ വിറ്റ് പോകണം. അതിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്നു.

ക്ഷമിക്കണം, ഞാൻ ആ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. എന്റെ പുസ്തകത്തിന്റെ വിൽ‌പ്പനയിൽ നിന്നുള്ള കൂടുതൽ ആദായം ലഭിക്കേണ്ടത് അതിന്റെ പ്രസാധകനായ മെന്റർ ബുക്ക്സിന് തന്നെയാണ്.

ലൈബ്രറി കൌൺസിൽ 500 പുസ്തകങ്ങളോളം ഒരുമിച്ച് വാങ്ങാൻ തയ്യാറാണ്. പക്ഷേ 60% വിലക്കുറച്ച് കൊടുക്കണം. കണക്ക് കൂട്ടി നോക്കുമ്പോൾ, ഓരോ പുസ്തകത്തിന്മേലും പ്രസാധകന് 50 രൂപയെങ്കിലും നഷ്ടം വരും. അങ്ങനെ നഷ്ടത്തിന് പുസ്തകം വിൽക്കാൻ ഇത് ജീവകാരുണ്യപ്രവർത്തനമൊന്നും അല്ലല്ലോ. ലൈബ്രറി കൌൺസിൽ വഴിയുള്ള വിൽ‌പ്പന വേണ്ടേ വേണ്ട. ഓൺലൈൻ സ്റ്റോറുകൾ വഴി വിൽ‌പ്പനയ്ക്ക് കൊടുത്താലും പ്രസാധകനേക്കാളും വലിയ ലാഭം അവർക്ക് കിട്ടുന്ന തരത്തിലാണ് ശതമാനക്കണക്കുകൾ. അങ്ങനെയാകുമ്പോൾ ആ മാർഗ്ഗവും ഉപേക്ഷിക്കുക തന്നെ.

550 രൂപ മുഖവിലയുള്ള ഈ പുസ്തകത്തിന്റെ കാര്യത്തിൽ, ഓഗ്‌മെന്റേഷൻ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച സോഫ്റ്റ്‌വെയർ കമ്പനിയും (പ്യാരിയും, പ്രമിത്തും, മുനീറും, അഭിലാഷും) വീഡിയോ സ്റ്റിൽ എഡിറ്റിങ്ങ് ജോലികൾ ചെയ്ത ജോഹറും ചാർജ്ജൊന്നും ഈടാക്കുന്നില്ല എന്ന അവസ്ഥ വന്നപ്പോൾ ആ ലാഭം മുഴുവൻ വായനക്കാർക്ക് കൊടുക്കുക എന്ന ലക്ഷ്യത്തോടെ 450 രൂപയ്ക്കാണ് വിൽക്കുന്നത്. വായനക്കാർക്ക് എത്രവേണമെങ്കിലും ലാഭം കിട്ടുന്നതിൽ സന്തോഷമേയുള്ളൂ. കാരണം, അവരില്ലെങ്കിൽ പ്രസാധകനില്ല, വിൽ‌പ്പനക്കാരനില്ല എഴുത്തുകാരൻ പോലുമില്ല.

അതുകൊണ്ട്, 450 രൂപ വിൽ‌പ്പന വിലയുള്ള ഈ പുസ്തകം 50രൂപ (ഏകദേശം 11 %) കമ്മീഷൻ വ്യവസ്ഥയിൽ വിൽക്കാൻ തയ്യാറുള്ള പുസ്തകശാലകൾക്ക് മാത്രമല്ല മറ്റേതൊരു കടക്കാർക്കും സ്ഥാപനത്തിനും വ്യക്തികൾക്കും സ്വാഗതം. താൽ‌പ്പര്യമുള്ളവർ ബന്ധപ്പെട്ടാൽ പുസ്തകങ്ങൾ എത്തിച്ച് തരുന്നതാണ്. വിൽ‌പ്പനാനന്തരം കൃത്യമായി വിറ്റുവരവ് കൈമാറിയാൽ മതിയാകും.

എന്തായാലും വി.പി.പി. വ്യവസ്ഥയിൽ പുസ്തകങ്ങൾ അയച്ച് കൊടുക്കാനുള്ള ഏർപ്പാടുകൾ തയ്യാറാണ്. കൈയ്യൊപ്പിട്ട് പുസ്തകങ്ങൾ ആവശ്യപ്പെട്ടവർക്കുള്ള പുസ്തകങ്ങളും ഉടനെ അയച്ചുതുടങ്ങുന്നതാണ്. അഡ്രസ്സും ഫോൺ നമ്പറും എനിക്കയച്ച് തന്നാൽ മതിയാകും.

ഓൺലൈൻ വഴി മെന്റർ ബുക്ക്സിലേക്ക് പണം അയക്കാൻ തയ്യാറുള്ളവർ
Mentor Publishing House,
Federal Bank,
Trissur Main Branch,
A/C # 10140200014878, (Current Account)
IFSC – FDRL0001014
എന്ന അക്കൌണ്ടിൽ (450 രൂപ – കൊറിയർ/പോസ്റ്റൽ ചാർജ്ജ് ഇല്ല) പണമടച്ചശേഷം, അതിന്റെ റസീപ്റ്റ് മെന്ററിന്റെ മെയിൽ ഐഡിയിലേക്ക് (subeditor.mentor@gmail.com ) അയച്ചുകൊടുത്താൽ പുസ്തകം സ്പീഡ് പോസ്റ്റിൽ എത്തുന്നതാണ്. നിങ്ങളുടെ അഡ്രസ്സും ഫോൺ നമ്പറും വെക്കാൻ മെയിലിൽ സൂചിപ്പിക്കാൻ മറക്കരുത്.

രണ്ടാഴ്ച്ചയ്ക്കകം മെന്ററിന്റെ സൈറ്റും അതിൽ പേയ്മെന്റ് ഗേറ്റ്‌വേയും തയ്യാറാകുന്നതാണ്. അതുവന്നുകഴിഞ്ഞാൽ സൈറ്റിലൂടെ നേരിട്ട് പണമടച്ചും പുസ്തകം ഓർഡർ ചെയ്യാം.

വിദേശരാജ്യങ്ങളിലെ വിൽ‌പ്പനയുടെ കാര്യം മാത്രം ഒന്നും തീരുമാനമായിട്ടില്ല. ആവശ്യമുള്ളവർ മൊത്തം എത്ര എണ്ണം വേണമെന്ന് ഒരു കണക്കെടുത്ത് അയച്ചാൽ അത്രയും പുസ്തകങ്ങൾ എത്തിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

ആദ്യം പറഞ്ഞ 10% കമ്മീഷന്റെ നിബന്ധന അനുസരിച്ച് പുസ്തകം വിൽക്കാൻ തയ്യാറായി വന്നിട്ടുള്ളവർ ചിലരുണ്ട്.

എറണാകുളം
—————-

1. ഇൻഫോ പാർക്കിൽ ആതിര എന്ന സ്റ്റേഷനറി സ്റ്റോർസിന്റെ രണ്ട് ഔട്ട്ലറ്റുകളിൽ ബുധനാഴ്ച്ചയോടെ പുസ്തകം ലഭ്യമാകുന്നതാണ്.

2. കച്ചേരിപ്പടിയിൽ പ്രൊവിഡൻസ് കവലയിലെ ആതിര സ്റ്റേഷനറി സ്റ്റോർ.

മറ്റ് സ്റ്റോറുകൾ തയ്യാറാകുന്നതനുസരിച്ച് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

തൃശൂർ
———
1. ജോസസ് ടവറിലുള്ള മെന്ററിന്റെ ഓഫീസ്

ഇങ്ങനെയൊക്കെ ബലം പിടുത്തം നടത്തുന്നതിന്റെ പേരിൽ ഈ പുസ്തകം വിറ്റുപോകാതെ വന്നാൽ പ്രസാധകന് വരുന്ന മുഴുവൻ നഷ്ടവും നികത്താൻ ഞാൻ തയ്യാറാണ്. ഇതുമൂലം പുസ്തകം വായനക്കാരിലേക്ക് എത്തിക്കാൻ ഉണ്ടാകുന്ന കാലതാമസത്തിന് ക്ഷമ ചോദിക്കുന്നു.

പുസ്തകങ്ങളിൽ നിന്നുള്ള ആദായം പ്രസാധകന് എന്നതുപോലെ തന്നെ എഴുത്തുകാരനും നല്ലതോതിൽ  കിട്ടണമെങ്കിൽ, ഇടനിലക്കാരുടെ ചൂഷണം അവസാനിക്കപ്പെടണം. അങ്ങനെ വന്നാൽ ഇപ്പോൾ കൊടുക്കുന്നതിനേക്കാൾ അധികം റോയൽറ്റി എഴുത്തുകാരന് നൽകാൻ പ്രസാധകന് കഴിഞ്ഞെന്ന് വരും. വായനക്കാരന് അൽ‌പ്പം കൂടെ വില കുറച്ച് പുസ്തകം നൽകാനായെന്ന് വരും. ഒരു പുസ്തകത്തിന്റെ ശരിയായ ഗുണഭോക്താക്കൾ പ്രസാധകനും എഴുത്തുകാരനും വായനക്കാരനും ആയിരിക്കണം. വിൽ‌പ്പനക്കാരൻ എന്ന ഇടനിലക്കാരൻ  അല്ലേയല്ല.  അത് സംഭവിക്കണമെങ്കിൽ നിലവിലുള്ള നീചമായ പല കീഴ്‌വഴക്കങ്ങൾക്കും അവസാനമുണ്ടാകണം. അതിനുവേണ്ടിയുള്ള എളിയ ഒരു ശ്രമം കൂടെയാണ് ഈ പുസ്തകത്തിന്റെ വിൽ‌പ്പനയിലൂടെ ലക്ഷ്യമിടുന്നത്. മനസ്സിലാക്കി സഹകരിക്കുമല്ലോ.