Monthly Archives: March 2015

ക്രൂശിക്കാൻ 66 A വേണമെന്നില്ല.


ഴിമുഖത്തിൽ 26 മാർച്ച് 2015 ന് പ്രസിദ്ധീകരിച്ച ലേഖനം നിരക്ഷരൻ സൈറ്റിലേക്ക് കൂടെ പകർത്തിയിടുന്നു.

22സുപ്രീം കോടതി IT 66 A, 118D എന്നീ കരിനിയമങ്ങൾ ഒഴിവാക്കിയത് സ്വാഗതാർഹം തന്നെ. പക്ഷെ ഇതിൽ കുടുങ്ങി മനോനിലയും ജീവിതം തന്നെയും അലങ്കോലമായവർക്ക് പോയതൊന്നും തിരികെ കിട്ടാൻ പോകുന്നില്ല. ബാൽ താക്കറെ വിഷയത്തിൽ പെട്ടുപോയ പെൺകുട്ടികൾക്കാണെന്ന് തോന്നുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായത്. അതുമായി താരതമ്യം ചെയ്താൽ എനിക്കുണ്ടായ ബുദ്ധിമുട്ടുകൾ നിസ്സാരമാണ്.

റിപ്പോർട്ടർ ടീവിയുടെ ഓൺലൈനിൽ സൈറ്റിൽ കവിത എന്ന ലേഖിക എഴുതിയ വാർത്തയുടെ സ്ക്രീൻ ഷോട്ട് എടുത്ത് അതിന് കീഴെ സ്വന്തം അഭിപ്രായം തികച്ചും മാന്യമായി രേഖപ്പെടുത്തുക മാത്രമാണ് ഞാൻ ചെയ്തത്. അതിപ്രകാരമാണ്.

മാലിന്യസംസ്ക്കരണം പഠിക്കാൻ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാൽ മതി.

അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.

കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിൿ ബ്ലോക്ക് അടക്കം 4 മണിക്കൂർ.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാൻ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവിൽ വ്യത്യാസമൊന്നും ഇല്ല.

11എന്റെ ആ പോസ്റ്റ് 800ൽ അധികം പേർ ഷെയർ ചെയ്യുകയും 500 ൽ അധികം പേർ ലൈക്ക് ചെയ്യുകയുമുണ്ടായി. ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റിന്റെ ഒറിജിനൽ ലിങ്ക്.

പക്ഷേ മേയർ ടോണി ചമ്മിണിയുടെ വിദേശയാത്രകളെ പരാമർശിച്ചുള്ള ആ വിഷയത്തിൽ മേയർ കേസ് കൊടുത്തപ്പോൾ റിപ്പോർട്ടർ ചാനലിനെതിരെയോ അവരുടെ ഓൺലൈൻ പേജിനെതിരെയോ കേസില്ല. പകരം ആ വാർത്തയുടെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച എനിക്കെതിരെ കേസ്. പച്ച മലയാളത്തിൽ വിരോധാഭാസമെന്ന് പറയും.

2014 ഡിസംബർ 13ന് എറണാകുളം സർക്കിൾ ഓഫീസിൽ നിന്ന് എനിക്കൊരു ഫോൺ വന്നു. ‘മേയർക്കെതിരെ അപകീർത്തികരമായി ഓൺലൈനിൽ എഴുതിയതിന് താങ്കൾക്കെതിരെ കേസുണ്ട്. സ്റ്റേഷനിൽ വന്ന് മൊഴിതരണം‘, എന്നായിരുന്നു അറിയിപ്പ്. ഒന്നുരണ്ട് ദിവസം തിരക്കിലാണെന്നും അത് തീർന്നാലുടനെ വരാമെന്ന് അറിയിക്കുകയും അതനുസരിച്ച് ഡിസംബർ 16ന് സ്റ്റേഷനിൽ ചെന്ന് മൊഴി കൊടുക്കുകയും ചെയ്തു. ഈ ആവശ്യത്തിലേക്കായി ഒരു പ്രാവശ്യം അന്വേഷണ ഉദ്യോഗസ്ഥനെ അങ്ങോട്ട് വിളിക്കുകയും ഒരോ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും മെസ്സെജ് അയക്കുകയും ചെയ്തിരുന്നു.

ഞാൻ കൊടുത്ത മൊഴിയിൽ അവർ തൃപ്തരാണെന്നാണ് തോന്നിയത്. പൊലീസിന്റെ വളരെ മാന്യമായ പെരുമാറ്റവും ആയിരുന്നു.  കൂടുതലെന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ വന്നോളാം എന്ന് പറഞ്ഞ് ഞാൻ മടങ്ങുകയും ചെയ്തു.

മേയറുമായി വ്യക്തിപരമായോ പാർട്ടിപരമായോ എനിക്കൊരു വിദ്വേഷവും ഇല്ല. ഉണ്ടെങ്കിൽത്തന്നെയും അപകീർത്തികരമായി ഒന്നും പറഞ്ഞിട്ടുമില്ല. ആ സ്ഥാനത്ത് ശ്രീ.ടോണി ചമ്മിണിക്ക് പകരം ആരായിരുന്നാലും മാലിന്യസംസ്ക്കരണവിഷയത്തിൽ താൽ‌പ്പര്യം കാണിക്കുകയും അതേക്കുറിച്ച് പഠിച്ച് ചില ലേഖനങ്ങൾ എഴുതുകയും ചെയ്ത ആളെന്ന നിലയ്ക്കുള്ള വളരെ മാന്യവും സ്വാഭാവികവുമായ പ്രതികരണം മാത്രമായിരുന്നു എന്റേത്. ശ്രീ.ടോണി ചമ്മിണിക്ക് പകരം ആ സീറ്റിൽ ആരായിരുന്നാലും അതേ പ്രതികരണം എന്നിൽ നിന്നുണ്ടാകുമായിരുന്നു. സർക്കാർ ചിലവിൽ മാലിന്യസംസ്ക്കരണം പഠിക്കാൻ വിദേശത്ത് പോകേണ്ടതില്ല എന്ന് സമർത്ഥിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. മേയർ അത്തരത്തിൽ 12 പ്രാവശ്യം വിദേശത്ത് പോയി എന്നത് ഞാൻ സൃഷ്ടിച്ച വാർത്തയല്ല. ആ വാർത്തയിൽ അപാകതയുണ്ടെങ്കിൽ അത് എഴുതിയതും പറഞ്ഞതുമായ മാദ്ധ്യമങ്ങൾക്കെതിരെയാണ് കേസ് കൊടുക്കേണ്ടത്. ആ മാദ്ധ്യമത്തെ ഒഴിവാക്കി, ഒരു നിർദ്ദേശത്തോടുകൂടി വാർത്ത ഷെയർ ചെയ്ത എനിക്കെതിരെ കേസ് കൊടുത്തത് തികഞ്ഞ അന്യായമാണ്.

‘മേയർക്കെതിരെയുള്ള വിദേശയാത്രാ പരാമർശത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഞാനടക്കം രണ്ട് പേരെ പൊലീസ് തിരയുന്നു‘ എന്ന്, ജനുവരി 13 ന് ഒട്ടുമിക്ക പത്രങ്ങളിലും എല്ലാ എഡിഷനിലും വാർത്ത വരുന്നു. തലേന്ന് തന്നെ ഈ വാർത്തയുടെ സാദ്ധ്യത എനിക്ക് സൂചന കിട്ടിയിരുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നാണ് എല്ലാ മാദ്ധ്യമങ്ങൾക്കും പ്രസ്സ് റിലീസ് പോയിരുന്നത്. അത് വാർത്തയാക്കണമെന്ന് പറഞ്ഞ് പൊലീസ് പത്രക്കാരെ നിർബന്ധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ഒരു മാദ്ധ്യമ സുഹൃത്ത് എന്നെ വിളിച്ച് എന്റെ ഭാഗമെന്താണെന്ന് മനസ്സിലാക്കി. സത്യം മനസ്സിലാക്കിയതുകൊണ്ട് അദ്ദേഹത്തിന്റെ പത്രത്തിൽ ആ വാർത്ത അച്ചടിച്ചില്ല. മറ്റുള്ള പത്രങ്ങൾക്കും അതാകാമായിരുന്നു. ‘നിരക്ഷരൻ എന്ന പേരിൽ ഫേസ്‌ബുക്കിൽ എഴുതുന്ന മനോജ് രവീന്ദ്രനെ പൊലീസ് തിരയുന്നു‘ എന്ന് പ്രസ്സ് റിലീസ് കിട്ടിയാൽ, ആ പ്രൊഫൈലുകാരനെ ഫേസ്ബുക്കിൽ നിന്ന് കണ്ടെടുക്കാനും ബന്ധപ്പെടാനും ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും അന്വേഷണമൊന്നും നടത്താതെ പ്രസ്സ് റിലീസ് അതേപടി അച്ചടിച്ചു വിട്ടു മലയാള മനോരമ, മാതൃഭൂമി, തേജസ്സ്, വീക്ഷണം, Times Of India എന്നീ പത്രങ്ങൾ.

സ്റ്റേഷനിൽ ചെന്ന് മൊഴി കൊടുത്തുപോന്ന ഞാൻ, ആ ഒറ്റ വാർത്തയോടെ പിടികിട്ടാപ്പുള്ളിയായി. അന്വേഷണ ഉദ്യോഗസ്ഥൻ ഇരിക്കുന്ന പൊലീസ് സ്റ്റേഷന്റെ 300 മീറ്റർ ചുറ്റളവിൽ ജീവിക്കുന്ന, സദാസമയവും മൊബൈൽ ഫോൺ ഓൺ ചെയ്ത് വെച്ച് നടക്കുന്ന എന്നെ പൊലീസിന് കണ്ടുപിടിക്കാൻ പറ്റുന്നില്ല എന്നത് വലിയൊരു തമാശ തന്നെ. ഇത്തരം വാർത്തകൾ ജനപ്രതിനിധികളുടെ താൽ‌പ്പര്യങ്ങൾക്കനുസരിച്ച് കൊടുക്കുമ്പോൾ അതിലൂടെ പൊലീസിന്റെ നിഷ്ക്രിയത്വം കൂടെയാണ് വിളിച്ച് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പൊലീസിനില്ലാതെ പോയത് അത്ഭുതാവഹമാണ്.

കോർപ്പറേഷൻ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. അതിന് മുൻപ് വിദേശയാത്രയുടെ പേരിൽ ഉണ്ടായ ചീത്തപ്പേര് മേയർക്ക് കഴുകിക്കളയണം. ശരിയായ ഒരു അന്വേഷണം നടത്തി അത് തെളിയിക്കാൻ നിന്നാൽ ചിലപ്പോൾ വിപരീതഫലമാകും ഉണ്ടാകുക. അതുകൊണ്ട് പേരിനൊരു കേസും അന്വേഷണവും നടത്തുക. പിന്നീട് രണ്ടാളെ അറസ്റ്റ് ചെയ്തെന്നും രണ്ടാളെ പൊലീസ് തിരയുന്നു എന്നും പത്രവാർത്ത വന്നാൽ സാധാരണക്കാരനായ വായനക്കാരും വോട്ടർമാരുമൊക്കെ എന്താണ് മനസ്സിലാക്കുക? രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പറയുമ്പോൾ അവരെന്തോ കുറ്റം ചെയ്തിട്ടുണ്ട്. രണ്ടാളെ പൊലീസ് തിരയുന്നു എന്ന് പറയുമ്പോൾ അവർ ഒളിവിലാണ്. കുറ്റം എന്തോ ചെയ്തിട്ടുള്ളതുകൊണ്ടാണല്ലോ ഒളിവിൽ‌പ്പോയിരിക്കുന്നത്. അപ്പോൾ മേയർ മാന്യനാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല, പുണ്യാളനാണ്. പോരേ ? ഇത്രയും പോരേ… ?, സാധാരണ ജനത്തിന്റെ മുന്നിൽ മേയർക്ക് സ്വയം വെള്ളപൂശാൻ ?! ഞാനിപ്രകാരമാണ് ആ കേസിനേയും ഈ പത്രവാർത്തയേയുമൊക്കെ കാണുന്നത്.

IT 66 A എന്ന വകുപ്പ് നീക്കം ചെയ്തത് ഇന്നലെയാണ്. രണ്ടാഴ്ച്ച മുന്നേ സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു ഞാൻ. ഈ കേസിന്റെ അന്വേഷണമൊന്നും ഇപ്പോൾ നടക്കുന്നില്ല, കൊക്കൈൻ കേസ് മാത്രമാണ് നിലവിൽ അന്വേഷിക്കുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി തന്നത്. ഇത് അന്വേഷിക്കണമെങ്കിൽ മേയർ നടത്തിയ എല്ലാ വിദേശ യാത്രകളുടേയും വിശദവിവരങ്ങൾ കോർപ്പറേഷൻ ഓഫീസിൽ നിന്നെടുക്കണം. ആറ് മാസമെങ്കിലും കയറി ഇറങ്ങിയാലേ അതൊക്കെ കിട്ടിയെന്ന് വരൂ. അതുകൊണ്ടുതന്നെ ഈ കേസിന്റെ ചാർജ്ജ് ഷീറ്റ് പോലും തയ്യാറാക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നുവെച്ചാൽ സുപ്രീം കോടതി വിധി വരുന്നതിന് മുന്നേ തന്നെ ഈ കേസ് ചത്തു. ആ ഒരു പത്രവാർത്ത മാത്രമേ മേയർക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.

സാധാരണക്കാരായ കുറച്ച് പേരെ പാതിവഴിപോലും എത്താത്ത കേസിന്റെ പേരിൽ കുറ്റവാളിയാണെന്ന് മാദ്ധ്യമങ്ങളിലൂടെ മുദ്രകുത്തി വഴിയിൽ ഇറക്കി വിട്ടു. ഇതാണ് സംഭവിച്ചത്. പിന്നീടെന്തുണ്ടായി എന്ന് സാധാരണക്കാരനായ വായനക്കാരൻ അന്വേഷിക്കാൻ പോകുന്നില്ലല്ലോ ? സത്യസന്ധമല്ലാത്ത വാർത്ത കൊടുത്ത് മാനഹാനിയുണ്ടാക്കിയതിന് മേയർക്കോ, പൊലീസിനോ, മാദ്ധ്യമങ്ങൾക്കെതിരെയോ കേസ് കൊടുക്കാനുള്ള സാദ്ധ്യത വേണമെങ്കിൽ എനിക്കുണ്ടായിരുന്നു. പക്ഷെ എന്തിന് ? ഞാൻ സാധാരണക്കാരനാണ്, പാർലിമെന്ററി മോഹങ്ങളോന്നുമില്ലാത്തവനാണ്. എനിക്കെന്റെ കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമേ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തേണ്ടതുള്ളൂ. അതിന് മേയറെപ്പോലെ കഷ്ടപ്പാടൊന്നും എനിക്കില്ലതാനും. ഒരൊറ്റ ഓൺലൈൻ പോസ്റ്റിൽ എന്റെ പരിചയക്കാരെ സത്യാവസ്ഥ ബോധിപ്പിക്കാൻ എനിക്കാവും. എന്നെ പരിചയമില്ലാത്തവർക്ക് മുന്നിൽ ഞാൻ ക്രിമിനലായാലെന്ത്, കൊള്ളരുതാത്തവൻ ആയാലെന്ത് ? ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും അനാവശ്യ വഴക്കുകൾക്ക് നിന്നുകൊടുത്തിട്ടെന്ത് കാര്യം ? നീറ്റിലെ പോളയാണെന്ന് മനസ്സിലാക്കുന്നതല്ലേ കൂടുതൽ ഭംഗി ?

മേയർക്ക് നല്ലതുവരട്ടെ. അടുത്ത തിരഞ്ഞെടുപ്പിലും മത്സരിച്ച് ജയിച്ച് മേയറായി കോർപ്പറേഷൻ പ്രജകളെ സേവിച്ച് സംതൃപ്തിയടയാൻ ഇടയാവട്ടെ. അതിനുള്ള ശ്രമത്തിനിടയിൽ ചിലപ്പോൾ കുറേ കീടങ്ങൾ ചവിട്ടി മെതിക്കപ്പെട്ടെന്നിരിക്കും. അതൊന്നും കാര്യമാക്കരുത്. ഇതേ നിലപാടുകളും പ്രവൃത്തികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുക. ചെയ്തികൾ നല്ലതായാലും ചീത്തയായാലും തക്കഫലം ഇന്നല്ലെങ്കിൽ നാളെ ഉറപ്പാണ്.

സൈബർ കരിനിയമങ്ങൾ എടുത്ത് കളഞ്ഞതുകൊണ്ട് അഭിപ്രായ പ്രകടനങ്ങൾ എങ്ങനേയും ആകാമെന്ന് സന്തോഷിക്കുന്നവർ ഒന്ന് മനസ്സിലാക്കിയാൽ നന്ന്. സാധാരണക്കാരന്റെ ജീവിതം വൃത്തികേടാക്കാൻ, വകുപ്പൊന്നും വേണമെന്നില്ല, അധികാരക്കസേരകളിൽ ഇരിക്കുന്നവർക്ക്. കൂട്ടിന് പൊലീസും പത്രധർമ്മം തൊട്ടുതീണ്ടിയിട്ടില്ലാത്ത മാദ്ധ്യമങ്ങളും ഉണ്ടെങ്കിൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയാക്കാൻ ഒരു വകുപ്പിന്റേയും ആവശ്യമില്ല. അതുകൊണ്ട്, ഈ കിട്ടിയിരിക്കുന്ന സ്വാതന്ത്ര്യം അറിഞ്ഞുപയോഗിക്കുക. ഇതിനേക്കാൾ വലിയ നിയമനിർമ്മാണം 10 മിനിറ്റിൽ താഴെ സമയത്ത് ഉണ്ടാക്കിയെടുക്കാൻ അധികാരി വർഗ്ഗത്തിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കാരണം, നിങ്ങളെല്ലാം കൂടെ അവരുടെ അന്നം മുട്ടിക്കുന്ന കളികളാണ് ഓൺലൈനിലൂടെ തകർത്താടുന്നത്. ഈ സ്വാതന്ത്ര്യം അക്കൂട്ടരെ നിലയ്ക്ക് നിർത്താൻ വേണ്ടി തികച്ചും മാന്യവും ജനാധിപത്യപരമായും പ്രയോജനപ്പെടുത്തുക. സ്വന്തം ശവക്കുഴി തോണ്ടാൻ വേണ്ടി ഉപയോഗിക്കാതിരിക്കുക. സത്യമേവ ജയതേ.