Monthly Archives: April 2015

പുസ്തകങ്ങൾ ഇനിയും ആവശ്യമുണ്ട്


34സോമി സോളമന്റെ കിച്ചങ്കാനി സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പുസ്തകശേഖരം ആരംഭിച്ചപ്പോൾ ‘കിച്ചങ്കനിയെ സഹായിക്കാനാവില്ലേ? ‘ എന്ന തലക്കെട്ടിൽ ഞാനൊരു കുറിപ്പ് ഇട്ടിരുന്നു. ടാൻസാനിയയിലെ കിച്ചങ്കാനി എന്ന വിദൂരസ്ഥലത്തേക്ക് വേണ്ടി പുസ്തകം ശേഖരിക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു വിമർശനം മുൻ‌കൂട്ടി കണ്ട് ലേഖനത്തിന്റെ വാൽക്കഷണമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതിപ്രകാരമായിരുന്നു.

കേരളത്തിൽ, അല്ലെങ്കിൽ ഇന്ത്യയിൽത്തന്നെ ഉണ്ടല്ലോ ഇതുപോലെ സഹായം ആവശ്യമായിട്ടുള്ള അനേകം ഗ്രാമങ്ങൾ?! നിങ്ങളെന്തുകൊണ്ട് അവരെയൊക്കെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നില്ല എന്ന്, ഇത് വായിക്കുന്ന ആർക്കെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടെങ്കിൽ അതിനുള്ള മറുപടി ഇതാണ്. അങ്ങനെയൊരു ഗ്രാമമുണ്ടെങ്കിൽ, അവിടെ നിങ്ങളുണ്ടെങ്കിൽ അവിടത്തെ പ്രവർത്തനങ്ങൾ നിങ്ങളോ മറ്റാരെങ്കിലുമോ തുടങ്ങിവെക്കൂ. എന്നിട്ടറിയിക്കൂ. ദൂ‍രദേശത്തിരുന്ന് കുടുംബവും ജോലിയുമൊക്കെ കൊണ്ടുപോകുന്നതിനിടയ്ക്ക് ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന സഹായം ഇത്രമാത്രമാണ്. കിച്ചങ്കനിയിൽ ഒറ്റയ്ക്കാണെന്ന് പറയുന്ന സോമിയ്ക്ക് വേണ്ടി ഇത് ചെയ്യുന്നത് പോലെ ലോകത്തിന്റെ ഏതൊരു കോണിലുമുള്ളവർക്ക് വേണ്ടിയും സഹായഹസ്തങ്ങൾ നീളുക തന്നെ ചെയ്യും.

എന്തായാലും കിച്ചങ്കാനി പുസ്തകങ്ങൾ ടാൻസാനിയയിലേക്ക് കപ്പല് കയറാൻ തയ്യാറായി ഇരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച്ച എനിക്ക് ഈ-മെയിൽ വഴി വന്ന ഒരു കത്ത് ഇവിടെ ചേർക്കുന്നു.

1

കേരളത്തിൽ ഒരു ആദിവാസി ഊരിലേക്ക്, സ്ക്കൂൾ ഉപേക്ഷിച്ച കുട്ടികളും മുതിർന്നവർക്കും വേണ്ടി ‘ഗോത്രതാളം’ എന്ന സംഘടനയുടെ ഫൌണ്ടർ എന്ന നിലയ്ക്കാണ് ശ്രീമതി മിനി  പുസ്തകങ്ങൾ ആവശ്യപ്പെടുന്നത്. മിനിയുമായി ഫോണിൽ സംസാരിച്ചപ്പോൾ മനസ്സിലാക്കാനായത് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങൾ വേണമെന്നാണ്. ഇംഗ്ലീഷിന് പുറമേ മലയാള ഭാഷാ പുസ്തകങ്ങളും ഈ സംരംഭത്തിന് ആവശ്യമുണ്ട്.

ഇക്കഴിഞ്ഞ ദിവസം സ്ക്കൂൾ അദ്ധ്യാപകനും ഗ്രീൻ‌വെയ്ൻ ആലപ്പുഴ ജില്ലാ കോർഡിനേറ്ററുമായ ശ്രീ.റാഫി രാംനാഥ് മാഷും സമാനമായ ഒരു ആവശ്യം അറിയിക്കുകയുണ്ടായി. 1988 ല്‍ രജിസ്ററര്‍ ചെയ്ത തെക്കേക്കര പഞ്ചായത്തിലെ വിവേകാനന്ദ ഗ്രന്ഥശാല & വായനശാല പിന്നീട് പല കാരണങ്ങളാൽ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഒരു സെന്‍റ് ഭൂമി സ്വന്തം ആയി ഉളള ലൈബ്രറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ ലൈബ്രറിക്ക് വേണ്ടിയും പുസ്തകങ്ങൾ നൽകി സഹായിക്കാനാവില്ലേ എന്നാണ് റാഫി മാഷ് ചോദിക്കുന്നത്.

എന്നാൽ‌പ്പിന്നെ നമുക്കൊന്ന് ആഞ്ഞ് പിടിച്ചാലോ ? കുട്ടികൾക്കും മുതിർന്നവർക്കുള്ള ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ ശേഖരിക്കാം.  കിച്ചങ്കാനി പുസ്തകശേഖരം പോലെ ഇവിടേയും സമയബന്ധിതമായി പുസ്തകങ്ങൾ ശേഖരിക്കാം. ജൂൺ 30 ന് മുൻപ് പുസ്തകങ്ങൾ എറണാകുളത്ത് എത്തിക്കാനാവുന്നവർ മഹാരാജാസ് കോളേജ് ലൈബ്രറിയിൽ ചെന്ന് ലൈബ്രേറിയൻ  ശ്രീ. മാർക്കോസിനെ പുസ്തകങ്ങൾ ഏൽ‌പ്പിക്കുക. പാർസർ ആയി അയക്കാൻ പറ്റുന്നവർ മനോജ് രവീന്ദ്രൻ, ഗീതാജ്ഞലി, വളവി റോഡ്, എറണാകുളം നോർത്ത്, കേരളം – 682018 എന്ന വിലാസത്തിൽ അയക്കുക. എറണാകുളത്തുനിന്ന് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്ന കാര്യം ഞാൻ ഏൽക്കുന്നു. ഗ്രാമപ്രദേശമായതുകൊണ്ട് കുറിയർ കമ്പനികൾ മിനിയുടെ അഡ്രസ്സിലേക്ക് നേരിട്ട് എത്തിക്കില്ല. പോയി ശേഖരിക്കേണ്ടി വരും എന്നതുകൊണ്ടാണ് എറണാകുളത്ത് ശേഖരിക്കാമെന്ന് കരുതുന്നത്. നേരിട്ട് ഗോത്രതലത്തിൽ മിനിയ്ക്കും ആലപ്പുഴയിൽ റാഫി മാഷിനും പുസ്തകങ്ങൾ ഏൽ‌പ്പിക്കാൻ ആവുന്നവർക്ക് അങ്ങനേയും ചെയ്യാം.

കിച്ചങ്കാനിക്ക് വേണ്ടി 6000 ന് അടുക്കെ ഇംഗ്ലീഷ് – സ്വാഹിലി പുസ്തകങ്ങൾ സംഘടിപ്പിച്ചവരാണ് നമ്മൾ. മലയാളം പുസ്തകങ്ങൾ കൂടെ ആകുമ്പോൾ അതിനേക്കാൾ അധികം സംഘടിപ്പിക്കാൻ നമുക്ക് സാധിക്കേണ്ടതാണ്. കിച്ചങ്കാനി പോലെ, പുസ്തകങ്ങൾ തരം തിരിക്കൽ, നമ്പറിടൽ, കപ്പൽ കയറ്റി അയക്കൽ, അതിന് വേണ്ട സ്പോൺസറെ കണ്ടെത്തൽ എന്നിങ്ങനെയുള്ള വലിയ കടമ്പകളൊന്നും ഇവിടെ നമുക്ക് മുന്നിലില്ല. ഇതെല്ലാം കേരളത്തിൽത്തന്നെയാണെന്നതുകൊണ്ടുതന്നെ, ഭാവിയിൽ നമുക്കെല്ലാവർക്കും പോയിക്കാണാൻ പറ്റുന്ന സംരംങ്ങളുമാണ്.

കിച്ചങ്കാനിക്കെന്നല്ല ലോകത്തിന്റെ ഏത് കോണിലുള്ളവർക്ക് വേണ്ടിയും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കാൻ നമ്മളൊപ്പമുണ്ടാകും എന്ന് പറഞ്ഞത് അക്ഷരം പ്രതി നടപ്പിലാക്കേണ്ട ബാദ്ധ്യതയും നമുക്കുണ്ട്. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും ഇത് നമ്മുടെ ഓരോരുത്തരുടേയും ബാദ്ധ്യതയും കടമയുമാണ്. സഹകരിക്കുമല്ലോ ?