Monthly Archives: November 2015

സു.. സു… സുധി വാത്മീകം


1

തുടക്കം മുതൽക്കേ അജു വർഗ്ഗീസിന്റെ ആരാധകനാണ് ഞാൻ.  ‘മലർവാടി ആർട്ട് ക്ലബ്ബ്‘ മുതലിങ്ങോട്ട് അജുവിന്റെ വളർച്ച കൌതുകത്തോടെയാണ് നിരീക്ഷിച്ചിട്ടുള്ളത്. (പണ്ട് മുല്ലപ്പെരിയാർ സമരകാലത്ത്, ഒബ്‌റോൺ മാളിന് മുന്നിലെ നാഷണൽ ഹൈവേയിൽ പ്ലക്കാർഡും പിടിച്ച് അജുവിനൊപ്പം നിന്നിട്ടുള്ള ഓർമ്മകൾ വേറെയുമുണ്ട്.) അജുവിന്റെ സിനിമ എന്ന നിലയ്ക്കാണ് ‘സു..സു… സുധി വാത്മീകം’ കാണണമെന്ന് തീരുമാനിച്ചിരുന്നത്. സിനിമയിലെ നായകനായ ജയസൂര്യയും, അജുവിനെപ്പോലെ തന്നെ ഏറ്റവും അടിയിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്ന് ഒരു നിർമ്മാതാവ് വരെ ആയതും തെല്ല് അതിശയത്തോടെ തന്നെ നോക്കിക്കണ്ടിട്ടുണ്ട്.

ങ് ഹാ… പറഞ്ഞു വന്ന കാര്യം… രണ്ടുപേരുടേയും പുതിയ സിനിമയായ സു.. സു…സുധി വാത്മീകം തന്നെ.

മലയാളസിനിമയിൽ ഇനിയങ്ങോട്ട് കുടുംബപശ്ചാത്തലത്തിലോ മറ്റോ ഒരു കഥയെടുത്തുവെച്ച് പ്രേക്ഷകർക്ക് മുന്നിൽ സീൻ ബൈ സീൻ പറയാൻ തുടങ്ങിയാൽ രക്ഷപ്പെടില്ല, ആർക്കും പിടികിട്ടാത്ത തരത്തിൽ ന്യൂജനറേഷൻ എന്നൊക്കെ വേണമെങ്കിൽ വിളിക്കാവുന്ന തരത്തിൽ അവതരിപ്പിച്ചാലേ കാര്യമുള്ളൂ എന്ന് ഈയിടെയായി തോന്നിത്തുടങ്ങിയിരുന്നത് തെറ്റാണെന്ന് സു.. സു… സുധി വാത്മീകം തെളിയിച്ചു. നല്ല കഥകൾ നന്നായി പറഞ്ഞാൽ ഇനിയും ഒരങ്കത്തിനുള്ള ബാല്യമിവിടെ ബാക്കിയുണ്ട്. സംവിധായകൻ രജ്ഞിത് ശങ്കർ നല്ലൊരു കൈയ്യടി അർഹിക്കുന്നു.

ജയസൂര്യ നായകനായ ‘ഹാപ്പി ജേർണി‘, അമലാ പോൾ നായികയായ ‘മിലി’ എന്നീ മോട്ടിവേഷൻ സിനിമകളുടെ ഗണത്തിൽത്തന്നെ പെടുത്താം വാത്മീകത്തേയും. മോട്ടിവേഷൻ സിനിമകളാകുമ്പോൾ എത്ര വന്നാലെന്താ ? വീണ്ടും വീണ്ടും കണ്ടാലെന്താ ? കോടികൾ മുടക്കി സൂപ്പർതാരങ്ങളെ വെച്ച് നിലവാരമില്ലാത്ത അടി ഇടി കോമഡി സിനിമകൾ പടച്ചിറക്കുന്നതിലും ഭേദമല്ലേ ?

പ്രേമത്തിന് പ്രേമമുണ്ട്. പറയാതെ പറയുന്ന നല്ല രസ്യൻ പ്രേമം. പ്രേമനൈരാശ്യത്തിന് അതുണ്ട്. പ്രേമിച്ച് പ്രേമിച്ച് അവസാ‍നം പ്രാൿറ്റിക്കലായി തഴഞ്ഞുകളയുന്ന കഥ വേണമെങ്കിൽ അതുമുണ്ട് ഈ 2 മണിക്കൂർ 9 മിനിറ്റ് സിനിമയിൽ. നല്ല സൌഹൃദങ്ങളുണ്ട്, അതിനിടയ്ക്കുള്ള സ്വാഭാവിക പിണക്കങ്ങളുണ്ട്, ഇമ്പമുള്ള ഈണങ്ങളുണ്ട്, ചിരിപ്പിക്കാൻ പോന്ന രംഗങ്ങൾ പടച്ചുണ്ടാക്കിയിട്ട് സിറ്റുവേഷൻ കോമഡി എന്നവകാശപ്പെടുന്ന വളിപ്പുകൾ ഇല്ലേയില്ല. പകരം നല്ല ക്ലാസ്സ് ചിരി രംഗങ്ങൾ ആവശ്യത്തിനുണ്ട്.

” You don’t know how beautiful person you are.” എന്ന് നായിക നായകനോട് പറയുമ്പോൾ, നായകന് വരുന്ന എക്കിട്ടം കണ്ടിട്ട് ചിരിക്കാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ സ്വയം മനസ്സിലാക്കുക,  ലോകത്തിലെ ഏറ്റവും വലിയ അരസികന്മാരുടെടെ കൂട്ടത്തിലാണ് തങ്ങളെന്ന്.

ജയസൂര്യ പൊളിച്ചു. രണ്ട് പുതുമുക നായികമാരും, അജുവും, ടീ.ജീ.രവിയും, കെ.പി.എ.സി.ലളിതയും ഇർഷാദും ബാലതാരങ്ങളുമൊക്കെ പൊളിച്ചു. എനിക്ക് ഒരുപാ‍ട് ഇഷ്ടമായി.

ജയൻ ബ്രോ…. സൂപ്പർ താരങ്ങളും സൂപ്പർ യുവതാരങ്ങളുമൊക്കെ നിർമ്മിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ തിരക്കിനിടയിൽ ഇതുപോലെ ചുരുങ്ങിയ ചിലവിലുള്ള നല്ല സിനിമകൾ എടുത്ത് നിങ്ങള് മുട്ടൻ സ്ക്രോറിങ്ങാണ് കേട്ടോ !! കീപ്പ് ഇറ്റ് അപ്പ്.

എന്ന് സസ്നേഹം
നി.. നി… നിരക്ഷരൻ

വാൽക്കഷണം:- മുകേഷ് ഈയിടെയായി അറിയപ്പെടുന്നത് ബഡായി ബംഗ്ലാവിലെ ആള് എന്ന നിലയ്ക്കാണ് അല്ലേ ? :) :)