ഒരച്ഛന്റേയും മകന്റേയും ആത്മസംഘർഷങ്ങളുടെ ആകെത്തുകയാണ് കഥാന്തരം. തലമുറകൾ തമ്മിലുള്ള വിടവ് എന്നൊക്കെയും ചിലർ പറയുന്ന ഇത്തരം അനുഭവങ്ങൾ നമ്മളിൽ പലർക്കും ഉണ്ടായിട്ടുള്ളത് തന്നെയാണ്.
വ്യക്തിപരമായി എനിക്ക് ഏറെയുണ്ടായിട്ടുള്ള അനുഭവങ്ങൾ, സംഭാഷണങ്ങൾ അടക്കം പറിച്ചെടുത്തത് പോലെ സ്ക്രീനിൽ കണ്ടപ്പോൾ സിനിമയുടെ കഥയും തിരക്കഥയും രചിച്ച സുഹൃത്ത് കൂടെയായ മുരളി മേനോൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന തോന്നലാണ് പെട്ടെന്നുണ്ടായത്. കഥയിലെ സിദ്ധാർത്ഥ് എന്ന മകൻ, ഞാൻ ചെയ്തിരുന്നത് പോലെ ഗൾഫ് രാജ്യങ്ങളിൽ ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്നു. അവിടന്നുള്ള അനുഭവങ്ങൾ പിഴവൊന്നും കൂടാതെ കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു മുരളി. (ഇതൊക്കെ ഈ മനുഷ്യൻ എങ്ങനെ അറിഞ്ഞു എന്നുള്ള അത്ഭുതം പിന്നേയും.) മുരളിയുടെ കഥയും തിരക്കഥയും സംവിധായൻ കെ.ജെ.ബോസ് നന്നായിത്തന്നെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുമുണ്ട്.
നായകൻ, അച്ഛനായ രാജാറാം (നെടുമുടി വേണു) തന്നെയാണ്. അഭിനയ മുഹൂർത്തങ്ങളും കൂടുതലുള്ളത് അദ്ദേഹത്തിന് തന്നെ. മക്കളുടെ തണലിൽ അവർക്കൊപ്പം കഴിയാൻ കൊതിക്കുന്ന ഏതൊരു പിതാവിന്റേയും മാതാവിന്റേയും ആഗ്രഹങ്ങളാണിതിൽ. അച്ഛനമ്മമാർ വൃദ്ധസദനങ്ങളിൽ എത്തിച്ചേരുന്നതിന്റെ ഉപകഥകൾ വേറെയും.
മാതാപിതാക്കളുടെ ആഗ്രഹങ്ങളേക്കാളുപരി, തങ്ങൾ സമ്പാദിച്ച വിദ്യാഭ്യാസത്തിനനുസരിച്ച് അതിരുകളില്ലാത്ത ലോകത്ത് അവനവന്റേതായ ഇടം തേടിപ്പോകുന്ന ഏതൊരു മക്കളുടേയും ഈ കഥയിൽ രാഹുൽ മാധവ് സിദ്ദാർത്ഥ് എന്ന മകനെ അവതരിപ്പിക്കുന്നു. ഗീതാ വിജയനും വിഷ്ണുപ്രിയയും, ജയകുമാറും സിദ്ധാർത്ഥ് ശിവയുമൊക്കെ മറ്റ് കഥാപാത്രങ്ങളായി വരുന്നു.
സമാന്തര സിനിമകളുടെ ഗണത്തിൽപ്പെടുത്തിയതുകൊണ്ടാകാം ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലുള്ള മേളകളിൽ സിനിമ പ്രദർശിപ്പിക്കപ്പെടുന്നത്. ഡിസംബർ 6ന് ഡൽഹിയിൽ ചിത്രം പ്രദർശിപ്പിക്കപ്പെടുന്നു. (ജനുവരി പതിനഞ്ചിന് കേരളത്തിലും ചിത്രമെത്തുമെന്ന് പ്രതീക്ഷിക്കുന്നു.) പക്ഷെ, അങ്ങനെ ഏതെങ്കിലും കാറ്റഗറിയിൽ പെടുത്തി കാണേണ്ട സിനിമയാണ് കഥാന്തരം എന്നെനിക്കഭിപ്രായമില്ല. ഏതൊരു വാണിജ്യ സിനിമയേയും പോലെ ചടുലമായും സമ്പന്നമായും ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മുഖ്യധാരയിൽത്തന്നെ പ്രദർശിപ്പിക്കപ്പെടേണ്ടതാണ്.
സ്വകാര്യ സന്തോഷങ്ങൾ ചിലത് വേറെയുമുണ്ട് കഥാന്തരവുമായി ബന്ധപ്പെട്ട് എനിക്ക്. ഗായത്രി അശോകേട്ടനെപ്പോലെ പതിറ്റാണ്ടുകളായി സിനിമയ്ക്ക് പിന്നിലുള്ളവർക്ക് നന്ദി എഴുതിക്കാണിക്കുന്നത് പോലെ തന്നെ, വെള്ളിത്തിരയെന്ന ആ വലിയ സ്ക്രീനിൽ ‘നിരക്ഷരനും‘ നന്ദി പ്രദർശിപ്പിച്ച് കണ്ടതിന്റെ സന്തോഷമാണ് അതിലൊന്ന്. സിനിമയുടെ തുടക്കത്തിൽ, നെടുമുടി വേണു അഭിനയിച്ച കഥാനായകന്റെ യൌവ്വനരൂപമായി സെക്കന്റുകൾ മാത്രമെങ്കിലും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനായതിന്റെ സന്തോഷത്തേക്കാളും വലുതാണ് അത്.