Yearly Archives: 2016

വാർത്തേം കമന്റും – (പരമ്പര 38)


38

വാർത്ത 1 :- സ്വത്ത് വിറ്റാണ് മകളുടെ വിവാഹത്തിനുള്ള 500 കോടി രൂപ കണ്ടെത്തിയതെന്ന് ബി.ജെ.പി.മുൻ‌മന്ത്രിയും ഖനിവ്യവസായിയുമായ ജനാർദ്ദന റെഡ്ഡി.
കമന്റ് 1 :- ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളുടെ കല്യാണം നടത്തുന്ന അച്ഛനമ്മമാരുടെ ലിസ്റ്റിലേക്ക് പാവപ്പെട്ട ഒരച്ഛൻ കൂടെ.

വാർത്ത 2:- ശമ്പളം പ്രതിവർഷം ഒരു ഡോളർ മതിയെന്ന് ട്രംപ്.
കമന്റ് 2:- ഇനി മുതൽ അദ്ദേഹം ഒറ്റ ഡോളർ പ്രസിഡന്റ് എന്നറിയപ്പെടും.

വാർത്ത 3:- ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവ്.
കമന്റ് 3:- വെള്ളമടിച്ച് റോഡിന്റെ വീതി അളക്കാനും റോഡിൽ കിടക്കാനുമുള്ള അവസരം 2017 ഏപ്രിൽ 1 വരെ മാത്രം.

വാർത്ത 4:- കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന് അഞ്ച് ലക്ഷവും പെന്‍ഷനും.
കമന്റ് 4:- കൂത്തുപറമ്പ് വെടിവെപ്പ് എന്നുവെച്ചാൽ  എന്തോ വലിയ സ്വാതന്ത്ര്യസമര മുന്നേറ്റമായിരുന്നു അല്ലേ ?

വാർത്ത 5:- കോഴിക്കോട്ട് റെയില്‍വെ ട്രാക്കില്‍ പുതിയ 500 രൂപ നോട്ടുകള്‍.
കമന്റ് 5:- പിൻ‌വലിച്ച കറൻസിയാണെന്ന് കരുതി കളഞ്ഞതാവും.

വാർത്ത 6:- മാലിന്യം തീര്‍ന്നു: സ്വീഡന്‍ ചവറ് ഇറക്കുമതി ചെയ്യുന്നു.
കമന്റ് 6:- മാലിന്യനിർമ്മാർജ്ജനത്തിന് പ്രത്യേക വകുപ്പും മന്ത്രിയുമുള്ള കേരള സംസ്ഥാനവും സ്വച്ച ഭാരത് എന്ന മുദ്രാവാക്യവുമായി നടക്കുന്ന പ്രധാനമന്ത്രിയുമൊക്കെ ഈ വാർത്ത കാണാൻ സാ‍ാദ്ധ്യതയില്ല.

വാർത്ത 7:- തൊഴിലുറപ്പ് പദ്ധതിയുടെ താളം തെറ്റുന്നു.
കമന്റ് 7:- അല്ലെങ്കിലും രണ്ട് ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് പേർ നിന്ന്, കടയോടെ പുല്ല് വെട്ടിമാറ്റുന്ന പദ്ധതിക്ക് എന്ത് താളമുണ്ടെന്നാണ് പറയുന്നത് ?

വാർത്ത 8:- ഹര്‍ത്താല്‍ വികസന വിരുദ്ധമല്ലെന്ന് തെളിയിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കമന്റ് 8:- ആ തെളിവുകളുടെ അടിസ്ഥാനത്തിൽ ആഴ്ച്ചയിൽ മൂന്ന് ഹർത്താലുകളെങ്കിലും ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഒറ്റയടിക്ക് വികസിപ്പിച്ചെടുക്കരുതോ ?

വാർത്ത 9:- ജയലളിതയുടെ നിര്യാണത്തിലുണ്ടായ ഞെട്ടലിലും ദുഖത്തിലും 470 പേർ മരിച്ചെന്ന് അണ്ണാ ഡി.എം.കെ.
കമന്റ് 9:- ഉടൽ മണ്ണുക്ക്. ഉയിർ നേതാക്കന്മാർക്ക് എന്ന പതിവ് തെറ്റിക്കരുതല്ലോ.

വാർത്ത 10:- സ്ഥാനാര്‍ത്ഥികള്‍ രണ്ടുസീറ്റില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍.
കമന്റ് 10:- ജനത്തിന്റെ നികുതിപ്പണം വെച്ചുള്ള രാഷ്ട്രീയ പ്രഹസനത്തിന്, വൈകി വന്ന ഈ വിവേകം തടയിടുമെന്ന് പ്രതീക്ഷിക്കാം.