“ഞാൻ മത്സരിക്കും, എട്ടരയ്ക്ക് തന്നെ ജയിക്കും, NCP യുടെ പാർലിമെന്ററി പാർട്ടി നേതാവെന്ന നിലയ്ക്ക് ജലസേചനവകുപ്പ് മന്ത്രിസ്ഥാനം തന്നെ ചോദിച്ച് വാങ്ങിയിരിക്കും, വിദേശത്തുള്ള ബിസിനസ്സ് കാര്യങ്ങൾ മൂലം അഥവാ എനിക്ക് മന്ത്രിയാകാൻ സാധിച്ചില്ലെങ്കിലും, എന്റെ പാർട്ടിയിൽ നിന്ന് മറ്റാര് ആ മന്ത്രിസ്ഥാനത്തിരുന്നാലും ഭരിക്കുന്നത് ഞാൻ തന്നെ ആയിരിക്കും. ” – തോമസ് ചാണ്ടി(NCP)
ഇന്ന് രാവിലെ ചാനലുകളിലൊന്നിൽ കണ്ട ഗീർവാണമാണിത്. ഇതിനേക്കാൾ വലിയ ഒരഹങ്കാരം ഇക്കൊല്ലം ഇതുവരെ കേട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, പാർട്ടികൾ അവരവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല, ഘടകകക്ഷികൾക്ക് ഏതൊക്കെ സീറ്റുകൾ കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ആ സമയത്താണ് ഇങ്ങനെയൊന്ന്. (ഇപ്പറഞ്ഞതിന്റെ വീഡിയോ ദാ കണ്ടോളൂ.)
പണ്ടൊക്കെ പതിനായിരക്കണക്കിന് വോട്ടിന്റെ അല്ലെങ്കിൽ ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കും എന്നായിരുന്നു സ്ഥാനാർത്ഥികൾ വീമ്പ് പറഞ്ഞിരുന്നത്. വന്നുവന്ന് ഇപ്പോളാ വീരസ്യം, എട്ടര ഏഴര എന്നിങ്ങനെ വോട്ടെന്നുണ്ണ സമയത്തിലേക്ക് മാറിയിരിക്കുന്നു. ഈ നേതാവ് ആറരയ്ക്ക് തന്നെ ജയിക്കുമെന്ന് പറയാതിരുന്നത് ഭാഗ്യമെന്ന് കരുതിയാൽ മതി.
ഇന്ന് ചാനലിൽ ഇദ്ദേഹം പ്രകടിപ്പിച്ച ശരീരഭാഷയും വിദേശത്ത് ബിസിനസ്സുള്ളവനും ജനപിന്തുണ മുഴുവൻ തനിക്കാണെന്നുമുള്ള അഹങ്കാരവുമൊക്കെ കണ്ടിട്ടും ഇയാളെത്തന്നെ ജനം പിന്നെയും ജയിപ്പിച്ച് വിടുന്നുണ്ടെങ്കിൽ ‘ഒരു സമൂഹത്തിന് എപ്പോഴും അവരർഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുക‘ എന്ന ആ തേഞ്ഞ പ്രയോഗം വീണ്ടും പറഞ്ഞ് നമുക്ക് സമാധാനിക്കേണ്ടിവരും.
ഇദ്ദേഹം അടങ്ങുന്ന പാർട്ടി(NCP) ഇടതുപക്ഷത്തിന്റെ സഖ്യകക്ഷിയാണ് നിലവിൽ. ഇതുപോലുള്ള അഹങ്കാരികളായിട്ടുള്ള ആൾക്കാരെ ഏത് കൂട്ടുമുന്നണിയുടെ ദൌർബല്യത്തിന്റെ ഭാഗമായിട്ടായാലും സീറ്റ് കൊടുത്ത് ജയിപ്പിച്ച് മന്ത്രിയാക്കി ജനത്തിന്റെ വെറുപ്പ് സമ്പാദിച്ചെടുക്കണമോ വേണ്ടയോ എന്ന് ഇടത് പാർട്ടികൾ ആലോചിക്കുന്നത് നന്നായിരിക്കും.
ഈ സർക്കാരിന്റെ കാലത്ത് എം.എൽ.എ.മാരുടെ ചികിത്സയ്ക്കായി ചിലവഴിച്ച കോടിക്കണക്കിന് രൂപയിൽ ഏറ്റവുമധികം തുക ചിലവായത് ഈ പറയുന്ന ബിസിനസ്സുകാരനായ തോമസ് ചാണ്ടി എന്ന കുട്ടനാട് എം.എൽ.എ.യുടെ ക്യാൻസർ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ്. 2012ൽ മദ്രാസിലെ അപ്പോളോ ആശുപത്രിയിൽ 15 ലക്ഷവും, 2013ൽ അമേരിക്കയിലെ സ്ലോൾ ക്ലെറ്ററിംഗ് ക്യാൻസർ ക്ലിനിക്കിൽ 1.74 കോടിയുമാണ് പൊതുജനത്തിന്റെ വിയർപ്പിന്റെ വിഹിതത്തിൽ നിന്നെടുത്ത് ഈ എം.എൽ.എ.പുംഗവന് വേണ്ടി മാത്രം ചിലവാക്കിയത്. മറ്റ് ചിലവുകളടക്കം ആകെ ചികിത്സാച്ചിലവ് 1.91 കോടി രൂപ. അത്ര വലിയ വിദേശ ബിസിനസ്സുകാരനാണെങ്കിൽ ചികിത്സാച്ചിലവ് സ്വന്തം പോക്കറ്റിൽ നിന്ന് എന്തുകൊണ്ട് വഹിച്ചില്ല ? വിദഗ്ദ്ധ ഡോൿടർമാരും സൌകര്യങ്ങളും ഈ കേരള സംസ്ഥാനത്ത് തന്നെയുള്ളപ്പോൾ, ക്യാൻസറിന് ചികിത്സിക്കാൻ പൊതുജനത്തിന്റെ പണം ചിലവാക്കി അമേരിക്കയിൽത്തന്നെ പോകണമെന്ന് എന്താണിത്ര നിർബന്ധം. ‘കാട്ടിലെ തടി തേവരുടെ ആന‘ അല്ലേ ?
സ്വന്തം ചികിത്സ സർക്കാർ ചിലവിൽ തുടർന്നുകൊണ്ടുപോകാൻ വേണ്ടി മാത്രമായി ‘ജനസേവനം‘ നടത്തുന്ന ഇത്തരം ഈർക്കിൽ പാർട്ടികളുടെ മുതലാളി നേതാക്കന്മാരെ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിൽ അധിഷ്ടിതമായ ഇടതുപക്ഷത്തിന് ശോഭയാണോ എന്നത് ചിന്തനീയമാണ്. വെറും അധികാരം നേടിയെടുക്കൽ മാത്രമാണ് ലക്ഷ്യമെങ്കിൽ ഇപ്പറഞ്ഞത് നിരുപാധികം പിൻവലിച്ചിരിക്കുന്നു.
പാർട്ടിയും കൊടിയും നോക്കി മാത്രമല്ല, സ്ഥാനാർത്ഥിയേയും അയാളുടെ പെരുമാറ്റത്തേയും കാര്യപ്രാപ്തിയേയും പാർട്ടിക്കതീതമായി ഒരു വ്യക്തിയോട് ജനത്തിനുള്ള അടുപ്പത്തിന്റെ പേരിലും, അയാൾ നാടിന് ഗുണം ചെയ്യാൻ പോന്നവനാണോ എന്നൊക്കെ നോക്കിയും വോട്ടുകൾ ചെയ്യപ്പെടുന്നുണ്ട് എന്നകാര്യം വിസ്മരിക്കരുത്. നിങ്ങളൊക്കെ ഇങ്ങനെ മാറിമാറി ഭരിക്കുന്നതിന്റെ ഒരു ചെറിയ കാരണമാകുന്നത് ആ ഘടകം കൂടെയാണ്. ഇതൊക്കെ അഥവാ മറന്നിട്ടുണ്ടെങ്കിൽ ഒന്ന് ഓർമ്മിപ്പിച്ചെന്നേയുള്ളൂ. ഈ ഓർമ്മപ്പെടുത്തൽ തുടർഭരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഭരണപക്ഷത്തിനും ഒരുപോലെ ബാധകമാണ്.
തിരഞ്ഞെടുക്കപ്പെടാതെയും മന്ത്രിയാകാതെയും “ആര് മന്ത്രിയായാലും ഭരിക്കുന്നത് ഞാനായിരിക്കും. ഞാൻ പറയുന്നത് പോലെയേ ഇവിടെ കാര്യങ്ങൾ നടക്കൂ “ എന്ന ധാർഷ്ട്യം വിളമ്പുന്നവർ ഭരിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകണമെന്ന് വോട്ട് ചെയ്ത ജനങ്ങളാഗ്രഹിക്കുമെന്ന് കരുതാൻ വയ്യ.