Monthly Archives: July 2016

വാർത്തേം കമന്റും – ( പരമ്പര 31)


31വാർത്ത 1:- മുൻ പാക്ക് ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ മൂന്നാമതും വിവാഹിതനായെന്ന് മാദ്ധ്യമങ്ങൾ; ഇമ്രാൻ വാർത്ത നിഷേധിച്ചു.
കമന്റ് 1:- തീരുമാനം തേർഡ് അമ്പയർക്ക് വിടേണ്ടി വരുമോ ? ഹാട്രിക്ക് നഷ്ടമാകുമോ ?

വാർത്ത 2:- വീട്ടിൽ കക്കൂസ് നിർമ്മിച്ചാൽ രജനീകാന്തിന്റെ കബാലി സിനിമയുടെ ടിക്കറ്റ് സൌജന്യമായി നൽകുമെന്ന് പുതുച്ചേരി സർക്കാർ.
കമന്റ് 2:- കക്കൂസ് ഡാ… ക്ഷമിക്കണം കബാലി ഡാ.

വാർത്ത 3 :- തെലുങ്കാനയിൽ ക്രിസ്തുമതത്തിലേക്ക് മാറിയ മകൻ, ഹിന്ദുവായ അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ചപ്പോൾ എല്ലാ കർമ്മങ്ങളും ഒരു മുസ്ലീം സ്ത്രീ ചെയ്തു.
കമന്റ് 3 :- മതങ്ങൾ മനുഷ്യർക്കിടയിൽ മതിലുകൾ തീർത്തിട്ടുണ്ടെന്നതിനും മനുഷ്യൻ വിചാരിച്ചാൽ തകർക്കാൻ പറ്റുന്നത് മാത്രമാണ് ആ മതിലുകളെന്നുമുള്ളതിന്റെ ഉത്തമദൃഷ്ടാന്തം.

വാർത്ത 4:- ഉത്തരാഖണ്ഡിൽ എംഎല്‍എയുടെ മര്‍ദ്ദനത്തില്‍ ചത്ത കുതിരയുടെ സ്മാരകം നീക്കംചെയ്തു.
കമന്റ് 4:- കുതിരയെ തല്ലി കാലൊടിച്ച് കൊന്ന എം‌എൽ‌എ യുടെ പ്രതിമ പകരം സ്ഥാപിച്ചാൽ ഭേഷായി.

വാർത്ത 5:- കണ്ണൂരിലേത് രാഷ്ട്രീയവിരോധ‍ം മൂലമുള്ള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറാ‍യി വിജയൻ.
കമന്റ് 5:- അങ്ങനെയാണെങ്കിൽ കുഴപ്പമില്ല, കൊന്നോട്ടെ എന്നാണോ സഖാവേ ?

വാർത്ത 6:- മണ്ണെണ്ണ വില മാസം തോറും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
കമന്റ് 6:- മാസത്തിൽ രണ്ട് പ്രാവശ്യം പെട്രോളിന്റേയും ഡീസലിന്റേയും വിലവർദ്ധനവ് സഹിക്കുന്ന ജനത്തിന് വീണ്ടുമൊരു കനത്ത പ്രഹരം.

വാർത്ത 7:- കൃഷി വളർന്നില്ലെങ്കിൽ കേരളം വളരില്ലെന്ന് കൃഷിമന്ത്രി സുനിൽ കുമാർ.
കമന്റ് 7:- വികസനം വികസനം എന്ന പല്ലവി വിട്ട് വളർച്ചയെപ്പറ്റി ഒരു നേതാവെങ്കിലും പറയുന്നതിൽ സന്തോഷം.

വാർത്ത 8:- പ്രിയങ്ക ചോപ്രയുടെ കക്ഷത്തെ ചൊല്ലി കലഹം.
കമന്റ് 8:- കനകം മൂലം കാമിനി മൂലം കാമിനിയുടെ കക്ഷം മൂലം കലഹം പലവിധമുലകിൽ സുലഭം.

വാർത്ത 9:- ഡൽഹി ഹൈക്കോടതി ജഡ്ജ് വിപിൻ സാംഗി 100ൽ വിളിച്ചു. പൊലീസ് പ്രതികരിച്ചില്ല.
കമന്റ് 9:- ഈയൊരു കാര്യത്തിലെങ്കിലും സമത്വമുണ്ടായതിൽ സന്തോഷം. സാധാരണക്കാരൻ 100ൽ വിളിച്ചാലും പൊലീസ് എടുക്കാറില്ല.

വാർത്ത 10:- സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന് മഅദനി.
കമന്റ് 10:- പറയുന്നത് മ‌അദനി ആയതുകൊണ്ട് കണ്ണടച്ച് വിശ്വസിക്കാം.