Monthly Archives: August 2016

ഓട്ടം ശീലമാക്കൂ. അരോഗ്യം പരിപാലിക്കൂ‍


റണാകുളം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒരിടമാണ് പുത്തൻ‌കുരിശിലെ വേലൂർ. അവിടത്തെ സെഞ്ച്വറി എന്ന ഒരു ചെറിയ സ്പോർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാഫ് മാരത്തോൺ (21കിമീ) ആയിരുന്നു ഇന്നത്തെ പ്രധാന പരിപാടി. ഞാനടക്കം മുപ്പതിലേറെപ്പേർ അവിടെ ഹാഫ് മാരത്തോൺ ഓടി. അതിനേക്കാൾ ചെറിയ ദൂരങ്ങൾ (10, 5 കിലോമീറ്ററുകൾ) ഓടിയവർ വേറെയുമുണ്ട് അനേകം.

22

പുത്തൻ‌കുരിശിലെ എന്റെ മൂന്നാമത്തെ ഹാഫ് മാരത്തോൺ ആണിത്. മൂന്ന് വർഷത്തിലധികമായി പുത്തൻ‌കുരിശിൽ ഇത്തരം ഓട്ടം പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. ഒരു ഉൾനാടൻ കൊച്ചുഗ്രാമത്തിൽ കുട്ടികൾ അടക്കമുള്ളവരെ ഇത്തരം കായിക ഇനങ്ങളിലേക്ക് ആകർഷിക്കാൻ. തോമസ്സും, ജെസ്സിയും, മിത്ര കുമാറും, ഹരിഹരനും ഷൈസലും സന്തോഷുമൊക്കെ കാണിക്കുന്ന ഉത്സാഹവും പ്രവർത്തനങ്ങളും ശ്രാഘനീയമാണ്. ദീർഘദൂര ഓട്ടങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ഗ്രാമവും സംഘാടകരുമാണ് അവിടെയുള്ളത്.

ഇന്നത്തെ ഓട്ടത്തിൽ മൂന്ന് പുതിയ സോൾസ് ഓഫ് കൊച്ചിൻ ഓട്ടക്കാരാണ് ഹാഫ് മാരത്തോണിൽ ഹരിശ്രീ കുറിച്ചിരിക്കുന്നത്. (കൊച്ചിയിലെ ഓട്ടക്കാരുടെ ക്ലബ്ബാണ് ഞാൻ കൂടെ അംഗമായ സോൾസ് ഓഫ് കൊച്ചിൻ. കേരളത്തിലെ ആദ്യത്തെ ഫുൾ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചതും സോൾസ് ഓഫ് കൊച്ചിനാണ്. അതിന്റെ മൂന്നാമത്തെ ഫുൾ മാരത്തോൺ, ഹാഫ് മാരത്തോൺ ഇനങ്ങൾ ഈ വരുന്ന നവംബർ 13ന് ഐലന്റിൽ വെച്ച് നടക്കുന്നതാണ്. പങ്കെടുക്കണമെന്നുള്ളവർക്ക് ഇതുവഴി പോയി രജിസ്റ്റർ ചെയ്യാം.)

ഇനി ഇന്നത്തെ പുത്തൻ‌കുരിശ് ഹാഫ് മാരത്തോണിലെ ചില ഓട്ടക്കാരെ പരിചയപ്പെടുത്താം.

1. ഹരിപ്രിയ ബൈജു :- ഡാൻസറാണ്, കഥകളി കലാകാരിയാണ്, പത്രപ്രവർത്തകയാണ്. സമയക്കുറവുകൾക്കിടയിലും വീട്ടിലെ തിരക്കുകൾക്കിടയിലും ഞങ്ങൾക്കൊപ്പം ഓടുന്നു. ഇന്ന് ആദ്യത്തെ ഹാഫ് മാരത്തോൺ ഹരിപ്രിയ അനായാസം ഫിനിഷ് ചെയ്യുകയുണ്ടായി.

23
ഹരിപ്രിയ, പോളേട്ടൻ & വിദ്യ.

2. രാജേഷ് രാമചന്ദ്രൻ :- നിത്യവും സോൾസ് ടീമിനൊപ്പം ഓടുന്ന വ്യക്തിയാണ്. Mondelez International എന്ന കമ്പനിയുടെ ഓപ്പറേഷൻ മാനേജരാണ്. കൃത്യമായ ലക്ഷ്യത്തോടെയും ടൈമിങ്ങോടെയും ഓടുകയും നന്നായി കയറ്റിറക്കങ്ങളുള്ള റൂട്ടിൽ 02:05 മണിക്കൂർ കൊണ്ട് തന്റെ ആദ്യത്തെ ഹാഫ് മാരത്തോൺ ഓടിയെത്തുകയും ചെയ്തു. ഫ്ലാറ്റായിട്ടുള്ള കോഴ്സിൽ‌പ്പോലും വളരെ മികച്ച ഒരു സമയമാണത്.

24
രാജേഷ് രാമചന്ദ്രനും കുടുംബവും

3. ശങ്കരൻ സാർ:- പ്രായത്തിൽ ഞങ്ങളിൽ ഏറ്റവും മുതിർന്ന വ്യക്തിയാണദ്ദേഹം. ഡൽഹി യൂണിവേർസിറ്റിയിലെ പ്രൊഫസറായി റിട്ടയർ ചെയ്തു. ഇപ്പോൾ 69 വയസ്സ്. കുർത്തയും പൈജാമയും ഇട്ട് പൈപ്പ്‌ലൈൻ റോഡിൽ നടക്കാൻ ഇറങ്ങുമായിരുന്ന അദ്ദേഹത്തെ സോൾസിന്റെ നെടും‌ തൂണുകളിലൊരാളായ കുമാർജി പിടിച്ച് ക്ലബ്ബിൽ ചേർത്ത് ക്ലബ്ബിന്റെ പച്ചക്കുപ്പായം അണിയിച്ചു. ഇന്ന് പുത്തൻ‌കുരിശ്ശിൽ അദ്ദേഹം തന്റെ ആദ്യത്തെ ഹാഫ് മാരത്തോൺ യാതൊരു വിഷമതകളുമില്ലാതെ ഓടിത്തീർത്തു. ദീർഘദൂര ഓട്ടങ്ങളിൽ അദ്ദേഹം ഓടാറുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ക്ലാസ്സെടുക്കാൻ പോകുന്ന ചൈനയിലെ ചില യൂണിവേർസിറ്റികളിലുള്ളവർ അത് വിശ്വസിച്ചില്ല. (അല്ലെങ്കിലും ചൈനക്കാർക്ക് ഇന്ത്യയുടെ കായിക സംസ്ക്കാരത്തെ കളിയാക്കുന്നതും അവിശ്വസിക്കുന്നതും ഒരു പരിപാടി തന്നെ ആണല്ലോ?) അടുത്ത ഹാഫ് മാരത്തോൺ ഒൿടോബർ 2ന് കോയമ്പത്തൂരിലാണ്. അതിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ശങ്കർ സാറിപ്പോൾ.

25 ശങ്കരൻ സാർ ഹാഫ് മാരത്തോൺ ഫിനിഷ് ചെയ്യുന്നു. (വീഡിയോ ഇവിടെ)

62 കഴിഞ്ഞ പോളേട്ടൻ കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് വെളിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചുമൊക്കെ നിരവധി മാരത്തോണുകളിൽ അദ്ദേഹം പങ്കെടുത്തുകഴിഞ്ഞു. സോൾസിലെ ചെറുപ്പക്കാരിൽ പലർക്കും പിടികൊടുക്കാത്ത വേഗത്തിലാണ് അദ്ദേഹത്തിന്റെ ഓട്ടം. തമിഴ്നാട്ടിലെ ജവാദൂ കുന്നുകളിൽ കഴിഞ്ഞ ആഴ്ച്ച പോളേട്ടൻ ഓടിയത് 75 കിലോമീറ്റർ ദൂരമാണ്.

30 പോ‍ളേട്ടൻ ഹേമയ്ക്ക് ഒപ്പം ജവാദൂ ഹിൽ‌സിൽ ഓടുന്നു.

68 കഴിഞ്ഞ രാജപ്പൻ ചേട്ടൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ചതിന് ശേഷം യോഗ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ജവാദൂ കുന്നുകളിൽ അദ്ദേഹം ഓടിയത് 50 കിലോമീറ്ററാണ്.
26                        രാജപ്പൻ ചേട്ടനൊപ്പം പാലക്കാട് ഹാഫ് മാരത്തോണിന് ശേഷം.

ഹേമ മേനോൻ 75 കിലോമീറ്റർ ഓടിയപ്പോൾ, സോൾസിലെ ചെറുപ്പക്കാരിൽ ഒരാളായ അജയ് അപ്പാടനും സോൾസിന്റെ അമരക്കാരനായ രമേഷ് കാഞ്ഞിരമഠവും ജവാദൂ കുന്നുകളിൽ ഓടിയത് 100 കിലോമീറ്ററാണ്. അജു ചിറക്കൽ, ആന്റണി, സത്യശ്രാവൺ, അജിത്ത് ശശിധരൻ, അമൃത് അപ്പാടൻ, രാധാകൃഷ്ണൻ, ശേഖരൻ, എ.പി.കുമാർ, വിദ്യ, കാശി കഫേയുടെ ഉടമ എഡ്ഗാർ പിന്റോ എന്നിങ്ങനെ ഇനിയുമുണ്ട് 50ഉം 75ഉം കിലോമീറ്ററുകൾ ഓടിയവർ ധാരാളം.  കോച്ച് എന്ന ലേബലിൽ ആരുമില്ലെങ്കിലും ചിട്ടയായ പരിശീലനം ഒന്നുകൊണ്ടുമാത്രമാണ് ഇവർക്കെല്ലാം ഇത് സാദ്ധ്യമായത്.

ഓട്ടത്തിന് പ്രായം ഒരു പരിധിയോ പരിമിതിയോ തീർച്ചയായും അല്ലെന്ന് തെളിയിക്കാനാണ് ഇത്രയും പേരുടെ വയ്യസ്സടക്കം പറഞ്ഞത് (ഇതിന്റെ പേരിൽ എനിക്കവർ പണി തരാൻ സാദ്ധ്യതയുണ്ട്.) മനസ്സിന്റെ വലിയൊരു തടസ്സമുണ്ട്. അത് മാറിക്കിട്ടിയാൽ രക്ഷപ്പെട്ടു. ഒറ്റയ്ക്ക് ഒരാൾക്ക് ഈ നേട്ടത്തിലേക്കെത്താൻ കഴിഞ്ഞെന്നുവരില്ല. ഒരു ടീം ഉണ്ടായാൽ കാര്യങ്ങൾ എളുപ്പമാണ്. അവരുടെ സമ്മർദ്ദത്തിന് വഴങ്ങി ദിവസവും ഓടിപ്പോകും. ഒന്നോ രണ്ടോ ദിവസം അസൌകര്യപ്പെട്ടാലും ആഴ്ച്ചയിൽ നാല് ദിവസമെങ്കിലും ഓടിയാൽ ജയിച്ചു. ഇത്രയുമൊക്കെ പറഞ്ഞത് തീർച്ചയായും ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ഓട്ടത്തിലേക്ക് ഇത് വായിക്കുന്നവരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.

ഒരു കിലോമീറ്ററോ അല്ലെങ്കിൽ അതിൽത്താഴെയോ, നിങ്ങൾക്ക് കഴിയുന്നത് പോലെ തുടങ്ങുക. പിന്നെ മെല്ലെ മെല്ലെ ദൂരം കൂട്ടിക്കൊണ്ടു വരിക. തുടക്കത്തിൽ ക്ഷീണം, കിതപ്പ്, പരിക്ക്, വേദനകൾ എന്നിങ്ങനെ എല്ലാ പ്രശ്നങ്ങളും നമ്മെ വേട്ടയാടും. മെല്ലെമെല്ലെ അതെല്ലാം വിട്ടൊഴിയും.

മൂന്ന് വർഷം മുൻപ് ഓട്ടം തുടങ്ങുമ്പോൾ 1 കിലോമീറ്റർ മാത്രമായിരുന്നു ഞാൻ ഓടിയിരുന്നത്. ഇന്ന് നിത്യേന 10 കിലോമീറ്റർ എനിക്കൊരു ദൂരമല്ല. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് അത് ചെയ്യാനും എനിക്കാവുന്നു. പതിനഞ്ചിലധികം ഹാഫ് മാരത്തോണുകളും മറ്റനേകം ചെറു ദൂരങ്ങളും(5,8,10 കിമീ) ഇതിനകം ഓടിക്കഴിഞ്ഞിരിക്കുന്നു. ഇക്കൊല്ലം അവസാനത്തോടെ ആദ്യത്തെ ഫുൾ മാരത്തോൺ (42 കിമീ) ഓടാനുള്ള തയ്യാറെടുപ്പിലാണ്. സോൾസ് ഓഫ് കൊച്ചിന്റെ പ്രചോദനത്തിലും സഹായത്തിലും മാത്രം സാധിച്ച ഒരു നേട്ടമാണിതൊക്കെയും.

കണങ്കാലിന് വേദന, ഐട്ടി ബാൻഡ് (Iliotibial Band) വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും ഈ കാലയളവിൽ അനുഭവിച്ചിട്ടിട്ടുണ്ട്. പക്ഷെ വേദന വകവെക്കാതെ ഓടിയോടിത്തന്നെ പ്രശ്നങ്ങൾ പരിഹരിക്കുകയാണുണ്ടായത്. കഴിഞ്ഞ 3 മാസമായി മുട്ടിന് കീഴെ ചെറിയ വേദനയുണ്ട്. പക്ഷെ ഓട്ടത്തെ അതൊന്നും ബാധിച്ചിട്ടില്ല. ആ‍ വേദനയും വെച്ചുകൊണ്ട് 2 ഹാഫ് മാരത്തോണും ഒരു 32 കിലോമീറ്റർ (കുളമാവ് മഴയോട്ടം) ഓട്ടവും ആഴ്ച്ചയിൽ നാല് ദിവസം 10 കിലോമീറ്റർ വീതവും ഓടി. വേദന ഇപ്പോൾ തോൽ‌വി സമ്മതിച്ച് പിൻ‌വലിഞ്ഞുകൊണ്ടിരിക്കുകയാണ്. ചില സമയങ്ങളിൽ വേദനയും സഹിച്ചുകൊണ്ട് ഒറ്റക്കാലിൽ ഞൊണ്ടി ഞൊണ്ടി ഓടിയിട്ടുണ്ട്. മനസ്സുകൊണ്ട് തോറ്റുകൊടുക്കില്ല എന്നായാൽ ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് തീർച്ചയായും തോൽ‌വി സമ്മതിക്കേണ്ടി വരും.

മഴയായാലും വെയിലായാലും മഞ്ഞായാലും ഞങ്ങളോടിക്കൊണ്ടിരിക്കും. ഓട്ടം തുടങ്ങുമ്പോൾത്തന്നെ ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടും കൂടെയാണ് ഞങ്ങളോടുന്നത്. ‘മഴ മാറിയിട്ട് ഓടിയാൽ‌പ്പോരേ ? ‘ എന്ന് കാഴ്ച്ചക്കാർ പലരും ചോദിച്ചിട്ടുണ്ട്. മഴയത്ത് ഓടുന്നതിന്റെ സുഖവും ഗുണങ്ങളും അവർക്ക് അറിയാത്തതുകൊണ്ടാണ് ആ ചോദ്യം. ശരീരം വല്ലാതെ ചൂടാകുന്നില്ല എന്നതുകൊണ്ട് സുഖമായി ഓടിക്കൊണ്ടിരിക്കാനാകുന്നു. വെള്ളം കുടിക്കണമെന്ന് തോന്നുകയേ ഇല്ല. മഴ നനഞ്ഞതിന്റെ പേരിൽ ഒരസുഖവും ആർക്കും ഇതുവരെ വന്നിട്ടുമില്ല.

സ്ഥിരമായി ഓടുന്നവർ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ക്രോസ് ട്രെയിനിങ്ങിന്റെ ഭാഗമായി സൈക്കിളിങ്ങ് അല്ലെങ്കിൽ നീന്തൽ ചെയ്യേണ്ടതുണ്ട്. അങ്ങനെയാണ് മാസങ്ങൾക്ക് മുൻപ് ഒരു സൈക്കിൾ വാങ്ങി ഞാൻ സൈക്കിളിങ്ങിലേക്കും കടന്നത്. ദിവസവും ഒരു അഞ്ച് കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടുക എന്ന ലക്ഷ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സോൾസ് ഓഫ് കൊച്ചിന്റേയും കൊച്ചിൻ ബൈക്കേർസ് ക്ലബ്ബിന്റേയും സഹായത്തോടെ ദീർഘദൂര സൈക്കിളിങ്ങും എനിക്കിപ്പോൾ വഴങ്ങുന്നു. അതും യാതൊരു തരത്തിലുള്ള പരിക്കുകളോ വേദനകളോ ഇല്ലാതെ തന്നെ. എന്ന് മാത്രമല്ല, സൈക്കിൾ ചവിട്ടാൻ തുടങ്ങുന്നതിന് മുൻപുണ്ടായിരുന്ന ചില ശാരീരിക അസ്വാസ്ഥ്യങ്ങൾ ഇല്ലാതാകുകയും ചെയ്തു.

29സൈക്കിളിങ്ങിനിടെ ഹുസ്സൈനോടൊപ്പം. (ക്ലിക്ക്: ജോബി പോൾ)

എവിടെയെങ്കിലും ഇരിക്കുമ്പോൾ നട്ടെല്ലിന്റെ വാലറ്റത്തുള്ള എല്ല് ഇരിപ്പിടത്തിൽ മുട്ടുന്നത് പോലുള്ള ഒരു ചെറിയ വേദന അല്ലെങ്കിൽ അനുഭവം 2009 മുതൽക്ക് എനിക്കൊപ്പമുണ്ട്. ആയുർവ്വേദത്തിലും അലോപ്പതിയിലുമായി ഏകദേശം അരലക്ഷം രൂപയോളം ഇത് ചികിത്സിക്കാനായി മാത്രം ചിലവാക്കി. എല്ലാത്തരം ടെസ്റ്റുകളും മരുന്നുകളും പരീക്ഷിച്ചിട്ടും പ്രശ്നമെന്തെന്ന് കണ്ടുപിടിക്കാൻ പോലും ചികിത്സിച്ചവർക്ക് ആയില്ലെന്ന് മാത്രമല്ല, വേദന പൂർവ്വാധികം ഭംഗിയായി നിലനിൽക്കുകയും ചെയ്തു. ഇപ്പോൾ ഈ 2016 ൽ ഒരു സൈക്കിൾ വാങ്ങി ചവിട്ടാൻ തുടങ്ങിയതോടെ ഒറ്റ ആഴ്ച്ചയ്ക്കുള്ളിൽ ആ വേദന പമ്പകടന്നു. ചികിത്സിക്കാൻ കൊടുത്ത പണം മറ്റുള്ളവരുടെ പോക്കറ്റിലേക്ക് പോയെങ്കിൽ ഇവിടെ സൈക്കിളിന് കൊടുത്ത പണം സൈക്കിൾ രൂപത്തിൽ എന്റെ വീട്ടിലുണ്ട് എന്ന ലാഭവുമുണ്ട്.  കൊച്ചിൻ ബൈക്കേഴ്സ് ക്ലബിന്റെ വർമ്മാ‍ജി, ഷഗ്സിൽ ഖാൻ, പോൾ മാത്യു, സുമംഗല പൈ, എബ്രഹാം ക്ലാൻസി എന്നിവരോടാണ് ഇതിന് ഞാൻ നന്ദി പറയേണ്ടത്.

ഈയിടെ കൊച്ചിയിൽ നിന്ന് മാരാരിക്കുളം വരെ 110 കിലോമീറ്റർ സൈക്കിളിൽ പോയി വന്നതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഒരു ഡോൿടറുടെ കമന്റ് ഇപ്രകാരമായിരുന്നു. ഇത്രയും ദൂരം പോകുന്നതിനിടയിൽ ധാരാളം വെള്ളം ഞാൻ കുടിച്ചിട്ടുണ്ടാകും. അസാധാരണമായ ഈ വെള്ളംകുടി എന്റെ കിഡ്ണിക്ക് താങ്ങാവുന്നതിലേറെ ആയിരിക്കും. ഇതേ നിലയ്ക്ക് സൈക്കിൾ ചവിട്ട് തുടർന്നാൽ താമസിയാതെ എന്റെ കിഡ്നി പൂർണ്ണമായും പണി മുടക്കും.

ആ സൈക്കിൾ യാത്രയ്ക്കിടയിൽ ഞാനാകെ കുടിച്ചത് 1 ലിറ്റർ വെള്ളവും ഒരു സർബത്തും (300 മില്ലിലിറ്റർ) മാത്രമാണ്. അത്രയേ ദാഹം തോന്നിയുള്ളൂ. ഇനിയിപ്പോൾ കൂടുതൽ വെള്ളം കുടിച്ചാലും എന്റെ കിഡ്ണിക്കത് പ്രശ്നമുണ്ടാക്കും എന്നാണെങ്കിൽ എണ്ണപ്പാടത്ത് ജോലി ചെയ്തിരുന്ന വർഷങ്ങളിൽ എല്ലുരുകിപ്പോകുന്ന ചൂടിൽ പല മരുഭൂമികളിലും നിന്നനിൽ‌പ്പിൽ ജോലി ചെയ്തിട്ടുണ്ട്. അപ്പോളെല്ലാം ധാരാളം വെള്ളം കുടിച്ചിട്ടുമുണ്ട്. കിഡ്നി പണി മുടക്കണമെങ്കിൽ അന്ന് സംഭവിക്കണമായിരുന്നു. കിഡ്ണി ഇനിയും പണിമുടക്കിയെന്ന് വരാം. അത് പക്ഷേ സൈക്കിളിങ്ങിന്റെ പേരിലാണെന്ന് വെറുതെയങ്ങ് സമ്മതിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുണ്ട്.

25സോൾസ് സൈക്കിളിങ്ങ് ടീ‍മിലെ അജിത്, വിജയൻ, കുമാർജി എന്നിവർക്കൊപ്പം.

ഡോൿടർമാർ പലപ്പോഴും അവർ പഠിച്ച തിയറികളുടെ ശാസ്ത്രീയതകളിൽ വട്ടമിട്ട് കറങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യശരീരത്തിന്റെ ശരിക്കുള്ള സ്വഭാവം പഠിക്കുന്ന കാര്യം  എന്തുകൊണ്ടോ അവർ ശ്രമിക്കുന്നില്ല, അല്ലെങ്കിൽ അക്കാര്യത്തിൽ എന്തൊക്കെയോ അപര്യാപ്തകൾ അവരെ വിട്ടൊഴിയുന്നില്ല. അവർക്കിനി അതൊക്കെ പഠിക്കാനാകുമെന്നും തോന്നുന്നില്ല. ഒരു കൂട്ടം ബയോമെഡിക്കൽ യന്ത്രങ്ങളുടെ ഫലങ്ങൾ പഠിച്ചപഗ്രഥിച്ച് അതിനെ അടിസ്ഥാനമാക്കി ചികിത്സ വിധിക്കുന്ന വെറും ബയോ മെഡിക്കൽ ടെൿനീഷ്യന്മാർ മാത്രമായി പല ഡോൿടർമാരും മാറിക്കഴിഞ്ഞിരിക്കുന്നു. (ഇപ്പറഞ്ഞതിന്റെ പേരിൽ ഞാൻ മിക്കവാറും കുറേ അടി വാങ്ങിക്കൂട്ടുമെന്ന് അറിയാമെങ്കിലും എന്റെ കാഴ്ച്ചപ്പാടുകൾ പറയാതിരുന്നിട്ട് കാര്യമില്ലല്ലോ ?)

ഇത്രയും ദൂരം ഓടുന്നവരെ, പ്രത്യേകിച്ചും 40ഉം 50 കഴിഞ്ഞവർക്കെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കായിക ഇനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്ന സമീപനം മാത്രമാണ് മിക്കവാറും ഡോൿടർമാരിൽ നിന്നും ഉണ്ടാകുന്നത്. ‘ഈ പ്രായത്തിൽ ഇത്രയൊക്കെ ഓട്ടവും കസർത്തുമൊന്നും പറ്റില്ല. എല്ലാം നിർത്തിക്കോളൂ‘ എന്ന് ഒറ്റയടിക്ക് വിധിയെഴുതും. അവരെ കുറ്റം പറയാനാവില്ല. കോടികൾ ചിലവാക്കി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ അവർ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾക്ക് പണി കൊടുത്തില്ലെങ്കിൽ അവരുടെ പണിയും ആർഭാടങ്ങളുമൊക്കെ അവതാളത്തിലാകും. സ്വന്തം ജോലിയോടുള്ള ആത്മാർത്ഥത മാത്രമായിട്ട് കണ്ടാൽ മതി ഡോൿടർമാരുടെ സമീപനം.

പക്ഷെ, നമ്മുടെ ശരീരത്തോടും ആരോഗ്യത്തോടുമുള്ള ആത്മാർത്ഥതയും അഭിനിവേശവും നമ്മുടെ മാത്രം പ്രശ്നമാണ്. മറ്റുള്ളവർക്കതിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കാമെങ്കിലും, തീരുമാനമെടുക്കാനുള്ള അധികാരം നമ്മിൽ മാത്രമാണ് നിക്ഷിപ്തം. അത് വേണ്ട രീതിയിൽത്തന്നെ നടപ്പിലാക്കുക.

രാവിലെ 5 മണിക്ക് എഴുന്നേറ്റ് 05:30 ന് ഓടുക. ഇത് സ്ഥിരമായി ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ ബയോളജിക്കൽ ക്ലോക്ക് 5 മണിക്ക് സ്വാഭാവികമായി ഞെട്ടിയുണരും. എനിക്കിപ്പോൾ അങ്ങനെയാണ്. നാളെ ഓടേണ്ടതില്ല എന്നുള്ള തീരുമാനത്തോടെയാണ് കിടക്കുന്നതെങ്കിലും 5 മണിക്ക് ‘ശരീരത്തിലെ ക്ലോക്ക് ‘ ഉണരും. പിന്നെ വീണ്ടും കിടന്നാലും വലിയ ഉറക്കമൊന്നും കിട്ടില്ല. രാത്രി 12 മണിക്ക് മുൻപേ ഉറങ്ങാനായില്ലെങ്കിൽ പിന്നെ അടുത്ത ദിവസം ഓടാറില്ല. 5 മണിക്കൂറെങ്കിലും ഉറക്കം കിട്ടിയിരിക്കണം. ഉറങ്ങുമ്പോളാകട്ടെ, നല്ല ഉറക്കം കിട്ടുകയും ചെയ്യുന്നു.

എനിക്കിപ്പോൾ 48 വയസ്സുണ്ട്. ആരോഗ്യപരമായി പ്രശ്നങ്ങളൊന്നും ഇല്ല. ഈ വരുന്ന 20ന് കോഴിക്കോട് നിന്ന് നിലമ്പൂരിലേക്കും തിരികെ കോഴിക്കോട്ടേക്കും 200 കിലോമീറ്റർ വരുന്ന ദൂരം 13.5 മണിക്കൂറിനകം സൈക്കിൾ ചവിട്ടുന്ന ഒരു ബ്രവേ-യിൽ (Bravets) പങ്കെടുക്കുന്നുണ്ട്. അത് സമയബന്ധിതമായി ചെയ്യാനായാൽ അതിനേക്കാൾ കൂടുതൽ ദൂരങ്ങളും തുടർന്ന് ചെയ്യും. ഈ പ്രായത്തിൽ ഇത്തരം കടുത്ത കായിക ഇനങ്ങളിലൊക്കെ പങ്കെടുത്തതിന്റെ പേരിൽ ഞാൻ ചിലപ്പോൾ നിന്നനിൽ‌പ്പിൽ തട്ടിപ്പോയെന്നിരിക്കാം. കാറ്റ് പോകാൻ ചുമ്മാ നാല് നേരം ഭക്ഷണം കഴിച്ച് അതിന്റെ പേരിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദുർമ്മേദസ്സുമായി വെറുതെ വീട്ടിലെ ആട്ടുകസേരയിൽ ഇരുന്നാലും മതി. ഇതിൽ ഞാൻ ഇഷ്ടപ്പെടുന്നത് പൂർണ്ണാരോഗ്യത്തോടെയുള്ള ആദ്യം പറഞ്ഞ അന്ത്യമാണ്. ഐ.സി.യു.വിലും വെന്റിലേറ്ററിലും കിടന്ന് സകലമാക മരുന്നുകളും രാസപദാർത്ഥങ്ങളും ഞരമ്പുകളിലൂ‍ടെ കടന്നുപോയി നരകിച്ചുള്ള ഒരു അവസാനമല്ല.

55 ഇടപ്പള്ളിയിലെ ചൊവ്വാഴ്ച്ച ഓട്ടത്തിന് ശേഷം സോൾസ് അംഗങ്ങൾ

അതുകൊണ്ട് ഞാൻ, …അല്ല ഞങ്ങൾ ഓട്ടം തുടരുന്നു. പറയാനുള്ളത് സ്വന്തം അനുഭവങ്ങളായും മറ്റുള്ളവരുടെ അനുഭവങ്ങളായും പറഞ്ഞുകഴിഞ്ഞു. നിങ്ങൾക്ക് ഏത് തരം ജീവിതവും അന്ത്യവും വേണമെന്നുള്ള തീരുമാനം നിങ്ങൾക്ക് തന്നെ വിടുന്നു.

വാൽക്കഷണം :- എറണാ‍കുളത്ത് സോൾസ് ഓഫ് കൊച്ചിന് ഒപ്പം ചേർന്ന് ഓടണമെന്നുള്ളവർ കുമാർജിയെ (ഫോൺ:85905112509) വിളിക്കുക. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 05:30ന് ഇടപ്പള്ളി ബൈപ്പാസ് തുടങ്ങുന്നയിടത്ത് ICICI ബാങ്കിന് മുന്നിൽ എത്തുക. വ്യാഴാഴ്ച്ച അതേ സമയത്ത് ഹിൽ ഓട്ടം പരിശീലനത്തിനായി CUSAT ക്യാമ്പസ്സിലെ കോഫി ഹൌസിന് മുന്നിലും ഞായറാഴ്ച്ച കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് മുന്നിലും എത്തുക. വെള്ളിയാഴ്ച്ചയിലെ സൈക്കിളിങ്ങ് ദൂരവും റൂട്ടും അന്നന്നാണ് പദ്ധതിയിടുക. പാലാരിവട്ടം സിഗ്നലിൽ നിന്ന് ആരംഭിക്കുന്ന 30 കിലോ‍മീറ്ററോളം വരുന്ന ദൂരങ്ങളായിരിക്കും അത്.