Monthly Archives: October 2016

തെരുവ്‌നായ പ്രശ്നത്തിൽ സർക്കാർ ഇടപെടണം.


66
ർക്കലയിൽ, നായ കടിച്ച് വികൃതമാക്കിയ തൊണ്ണൂറ് വയസ്സുകാരന്റെ മുഖം കൺ‌മുന്നിൽ നിന്ന് മായുന്നില്ല.

‘തെരുവ് നായ്ക്കൾക്ക് ആര് മണികെട്ടും‘ എന്നായി മാറിയിരിക്കുന്നു പഴഞ്ചൊല്ല്. നായപ്രേമികളും നായയെ കൊല്ലണമെന്ന് പറയുന്നവരും വികാരജീവികളായി മാറിയെങ്കിലും പ്രശ്നപരിഹാരം മാത്രം ഇപ്പോഴും ബാലികേറാമലയാകുന്നു.

മാലിന്യം, പ്രത്യേകിച്ച് അറവുശാലകളിൽ നിന്നുള്ള മാലിന്യം തെരുവിൽ തള്ളുന്നതാണ് പ്രധാന പ്രശ്നമെന്ന് എല്ലാവരും കൂടെ തീരുമാനത്തിലെത്തിക്കഴിഞ്ഞു. ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ‘തെരുവ് നായ്ക്കളും മാലിന്യവും’ എന്ന പേരിൽ കഴിഞ്ഞ വർഷം തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ബാക്കിയാകുന്ന ചില ചിന്തകളും ആശങ്കകളും പങ്കുവെക്കുന്നു.

മാലിന്യവിഷയം തീർന്നാൽ നായപ്രശ്നവും തീരുമായിരിക്കും. അതിന് മാലിന്യപ്രശ്നം നമുക്കിന്നും ഒരു വിഷയമേ അല്ലല്ലോ ? മാറിമാറി ഭരിക്കുന്ന പാർട്ടിക്കാർക്ക് വോട്ട് കുത്താൻ പോകുമ്പോൾ ഇതൊന്നും ആരും ആലോചിക്കുന്നതേയില്ലല്ലോ ? മാലിന്യപ്രശ്നം പരിഹരിക്കുന്നവർക്കേ വോട്ട് ചെയ്യൂ എന്ന് ഈ വിഷയത്തിൽ രോഷം കൊള്ളുന്ന എത്രപേർ, ആലോചിച്ചിട്ടുണ്ട്, ആവശ്യപ്പെട്ടിട്ടുണ്ട്, തീരുമാനിച്ചിട്ടുണ്ട്, നടപ്പിലാക്കിയിട്ടുണ്ട് ? തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ അവനവന്റെ പാർട്ടി, അവനവന്റെ നേതാവ്. അതിനപ്പുറം ഒന്നുമില്ല.

തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് ഈയിടെ കേൾക്കാനിടയായ ഒരു അഭിപ്രായം ഇങ്ങനെയാണ്. നായ്ക്കൾ ചെന്നായയുടെ ശൌര്യവും വീറുമൊക്കെ ഉള്ള ജനുസ്സിൽ പെട്ട ജീവികളാണ്. പക്ഷെ, മനുഷ്യൻ കാലാകാലങ്ങളായി അതിനെ മെരുക്കി, അവൻ കഴിക്കുന്നത് പോലെ വേവിച്ച ഇറച്ചിയും മത്സ്യവും ഭക്ഷണവുമൊക്കെ കൊടുക്കാൻ തുടങ്ങിയതോടെ ചെന്നായ്ക്കൾക്ക് ഉള്ളതുപോലെയുള്ള ശൌര്യം നായ്ക്കളുടെ ജനുസ്സിൽ കുറവ് വന്നിട്ടുണ്ട്. പക്ഷേ, റോഡരുകിൽ നിന്ന് വേവിക്കാത്ത മാംസം തിന്നാൻ അവസരമുണ്ടായതോടെ കടിച്ച് കീറുന്ന തരത്തിലുള്ള ശൌര്യത്തിലേക്ക് നായ്ക്കൾ തിരികെ പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇപ്പറഞ്ഞതിലെ സാദ്ധ്യതയും വാസ്തവവും ജനിതക ശാസ്ത്രജ്ഞന്മാർ വിലയിരുത്തട്ടെ. അനുഭവത്തിന്റെ വെളിച്ചത്തിൽ ഇതിൽ കഴമ്പുണ്ടെന്ന് തന്നെ വേണം കരുതാൻ.

ഞാൻ ഒരു നായ പ്രേമി തന്നെയാണ്. നായയോട് മാത്രമല്ല സകലമാന ജീവജാലങ്ങളോടും എനിക്കിഷ്ടം തന്നെയാണ്.  പക്ഷേ, മനുഷ്യകുലത്തിനോടുള്ള പ്രേമം കഴിഞ്ഞിട്ടേ മറ്റേത് ജന്തുവർഗ്ഗത്തിനോടുമുള്ളൂ.  വാദപ്രതിവാദങ്ങൾ മുറുകുമ്പോൾ ജനിക്കുന്ന ചില ചോദ്യങ്ങളിൽ ഒന്ന് ഇതാണ്. മനുഷ്യൻ മാത്രമാണോ ഭൂമിക്ക് അവകാശികൾ ? അല്ലെന്നുള്ള കാര്യത്തിൽ ഒരു തർക്കവും സംശയവുമില്ല. പക്ഷേ, പ്രകൃതിയിൽ കൈയ്യൂക്കുള്ളവൻ കാര്യക്കാരനായി വിലസുന്നു. ഇത്ര വലിയ ശരീരമുള്ള ആനയെപ്പോലും മെരുക്കി കാര്യങ്ങൾ സാധിക്കുന്ന മനുഷ്യൻ, മറ്റുള്ള ജീവികൾക്ക് ഭൂമിയിലുള്ള അവകാശം തീരുമാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സൂപ്പർ പവർ തന്നെയാണ്. അവന്റെ ജീവന് ഭീഷണിയാകുന്ന എന്തിനേയും അവൻ ഇല്ലാതാക്കുക തന്നെ ചെയ്യും.

ജീവജാലങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ നായപ്രേമികളുടെ രൂപത്തിലല്ലാതെ കാണാൻ കഴിയുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷിപ്പനി പേടിച്ച് താറാവുകളേയും കോഴികളേയും മറ്റ് പകർച്ച വ്യാധികൾ പേടിച്ച് ആടുമാടുകളേയും കൊന്നൊടുക്കിയില്ലേ ഇതേ കേരളത്തിൽ ? പകർച്ചവ്യാധിയിലൂടെ മനുഷ്യനിലേക്ക് എത്തുന്ന രോഗമാണെങ്കിൽ കൊല്ലാമെന്നാണെങ്കിൽ നായ കടിച്ചുണ്ടാകുന്ന  പേയും മരണവുമൊക്കെ ഏത് വിഭാഗത്തിലാണ് ഇക്കൂട്ടർ പെടുത്തുന്നതെന്ന് കൂടെ വിശദമാക്കണം ? എന്തുകൊണ്ട് ഇവരൊന്നും പക്ഷികളെ കൊല്ലുന്നതിനെതിരെ ശബ്ദമുയർത്തുന്നില്ല. അത് പകർച്ചവ്യാധി ഉണ്ടാക്കുന്ന പ്രശ്നമാണെങ്കിൽ ഇത് മരണം വിതയ്ക്കുന്ന പ്രശ്നമല്ലേ ? പൊതുജനം ഇടപെട്ട് വകവരുത്തിയ തെരുവ് നായ്ക്കൾക്ക് വേണ്ടി നവംബർ 1ന് സക്രട്ടറിയേറ്റിന് മുൻപിൽ മെഴുകുതിരി കത്തിച്ച് അണിനിരക്കാൻ പോകുന്നു നായപ്രേമികൾ എന്ന് വാർത്ത കണ്ടു. നായകടിയേറ്റ് മരിച്ച മനുഷ്യന്മാർക്ക്  വേണ്ടി ഇവരാരും ഒരു മെഴുകുതിരിപോലും കത്തിച്ചിട്ടില്ല എന്നതാണ് വിരോധാഭാസം.

രാത്രി 9 മണി കഴിഞ്ഞ സമയത്ത് വരാപ്പുഴയെന്ന സ്ഥലത്ത്, നിറയെ ആൾക്കാരും വെളിച്ചവുമുള്ളയിടത്ത് ഒരു ലോറിക്കാരന്റെ ഇടപെടലുകൊണ്ട് മാത്രം നായയുടെ കടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളാണ് ഞാൻ. രാത്രി കാലങ്ങളിൽ സ്ക്കൂട്ടറെടുത്ത് ഇറങ്ങുമ്പോൾ ഇപ്പോളും ഉൾഭയത്തിന് ഒരു കുറവുമില്ല. സുരക്ഷാസംവിധാനങ്ങളില്ലാതെ തെരുവിൽ ഇറങ്ങി നടക്കേണ്ട ആവശ്യമില്ലാത്ത മനേകാ ഗാന്ധിയ്ക്കും അതേ ജനുസ്സിൽ പെടുത്താവുന്ന ചാനൽ അവതാരകയ്ക്കുമൊക്കെ മാംസം കീറിപ്പറിഞ്ഞ് ചോരയൊലിച്ച് നിൽക്കുന്ന സാധാരണക്കാരന്റെ ദുരന്തത്തിന്റെ ആഴം ഒരുകാലത്തും മനസ്സിലാവില്ല. അല്ലെങ്കിൽ‌പ്പിന്നെ ഈ രണ്ട് വനിതാരത്നങ്ങളും ഒരു വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണം. കേരളത്തിൽ നായശല്യമുള്ള ഒരു റൂട്ടിൽ സന്ധ്യകഴിഞ്ഞതിന് ശേഷം 200 മീറ്ററെങ്കിലും ഒറ്റയ്ക്ക് നടക്കാൻ തയ്യാറാണോ ?

68

ജോസ് മാവേലിയും കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുമൊക്കെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നതും പോലെ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് തള്ളണമെന്ന അഭിപ്രായമുള്ള കൂട്ടത്തിലല്ല ഞാൻ.
പക്ഷേ, ബോബി ചെമ്മണ്ണൂർ നായ്ക്കളെ പിടികൂടി വയനാട്ടിൽ എവിടെയോ വളച്ചുകെട്ടിയ വലിയൊരു ഭൂമിയിൽ കൊണ്ടുപോയി സംരക്ഷിക്കാൻ തയ്യാറായി വന്നപ്പോൾ ജനങ്ങൾ തന്നെയാണ് ആ നീക്കത്തെ ചെറുത്ത് തോൽ‌പ്പിച്ചത്. ബോബി ചെമ്മണ്ണൂർ പട്ടിയെ മാത്രമല്ല പിടിക്കുന്നത്, പെണ്ണ് പിടിയൻ കൂടെയാണെന്ന് ട്രോളുകൾ കണക്കിന് ഇറങ്ങുകയും ചെയ്തു. ബോബി ചെമ്മണ്ണൂരിനെതിരെയുള്ള പെണ്ണ് കേസടക്കമുള്ള എല്ലാ പരാതികളും  അന്വേഷിക്കട്ടെ, നടപടിയെടുക്കട്ടെ. പക്ഷേ, ഈ വിഷയത്തിൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു നിലപാട് സ്വീകരിച്ചപ്പോൾ അവിടെ അയാളെന്തിന് എതിർക്കപ്പെടണം ?

ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്ക് മാലിന്യം റോഡിൽ കൊണ്ടുപോയി തള്ളാതിരിക്കാൻ ആവില്ല. നായ്ക്കളെ ആരെങ്കിലും കൂട്ടത്തോടെ പിടിച്ചുകെട്ടി കൊണ്ടുപോയി സംരക്ഷിക്കാമെന്ന് വെച്ചാൽ അതും പറ്റില്ല. നായപ്രേമികൾ ഒരാള് പോലും ഒരു തെരുവ് നായയെ സംരക്ഷിക്കാൻ തയ്യാറായി വരുന്നില്ല. നായ്ക്കളുടെ കടികൊണ്ട് സഹികെടുമ്പോൾ കുറേയെണ്ണത്തിൽ കൊന്നൊടുക്കിയാൽ അതും സമ്മതമല്ല. എല്ലാവരുടേയും സൌകര്യത്തിനനുസരിച്ച് ഒരു കാര്യവും ഒരുനാട്ടിലും നടക്കില്ല. അതിനാണ് സർക്കാർ എന്ന പേരിൽ ഒരു കൂട്ടരെ തിരഞ്ഞെടുത്ത് വിടുന്നത്. അവർ തീരുമാനമുണ്ടാക്കണം. തത്തയെ പറത്തിക്കളിക്കേണ്ട എന്നല്ല പറഞ്ഞത്. അതിനേക്കാൾ പ്രാധാന്യത്തോടെ നായ്ക്കളുടെ പ്രശ്നത്തിലും തീർപ്പുണ്ടാകണം.

മാലിന്യപ്രശ്നത്തിനും തന്മൂലം ഉണ്ടായിരിക്കുന്ന തെരുവുനായ പ്രശ്നത്തിനും കാരണം കഴിഞ്ഞ യു.ഡീ.എഫ്.സർക്കാരാണെന്ന് നിയമസഭയിൽ ഒരു വനിതാ എം.എൽ.എ.പ്രസംഗിക്കുന്നത് ഈയിടെ കേട്ടു. കഴിഞ്ഞ സർക്കാരിന് മുൻപുണ്ടായിരുന്ന എൽ.ഡീ.എഫ്.സർക്കാരിന്റെ കാലത്തും ഇവിടെ മാലിന്യപ്രശ്നവും നായപ്രശ്നവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട്, പിലാത്തോസ് കഴുകിയ അതേ വെള്ളത്തിൽ കൈ കഴുകി രക്ഷപ്പെടാനും പരസ്പരം പഴി ചാരാനും വോട്ട്ബാങ്ക് വികസിപ്പിക്കാനുമുള്ള അവസരമായും തെരുവുനായ പ്രശ്നത്തെ രാഷ്ട്രീയപ്പാർട്ടിക്കാർ വഷളാക്കുന്നത് ശുദ്ധ അസംബന്ധമാണ്. പുതിയ സർക്കാർ തുടങ്ങിയിട്ടല്ലേ ഉള്ളൂ. അറബിക്കടലിലേക്ക് സഹ്യപർവ്വതത്തിലേക്കും മാത്രമേ ഇനി കേരളമെന്ന കോൺക്രീറ്റ് കാട് വികസിക്കാനുള്ളൂ. ആയതിനാൽ കൂടുതൽ വികസനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും കേരളത്തിലെ ജനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന നിലയ്ക്ക് വിലയിരുത്തി മാലിന്യപ്രശ്നവും നായ‌പ്രശ്നവും മാത്രം പരിഹരിച്ചാൽ മതിയാകും അടുത്ത തിരഞ്ഞെടുപ്പിലും പാട്ടും പാടി ജയിക്കാൻ. ഈ നായ്ക്കളെല്ലാം പെറ്റതും പെരുകിയതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നും ഈ ഗർഭങ്ങൾക്കൊന്നും ഞങ്ങൾ ഉത്തരവാദികളല്ലെന്നും പറഞ്ഞ് തടിയൂരാതെ നോക്കണമെന്നേ അഭ്യർത്ഥനയുള്ളൂ. നായ പ്രശ്നം മാലിന്യത്തിലേക്കും, മാലിന്യപ്രശ്നം ഭരണകൂടത്തിലേക്കും തന്നെയാണ് വിരൽ ചൂണ്ടുന്നത്.

സർക്കാർ പരാജയപ്പെടുന്നത് കൊണ്ടല്ലേ വ്യക്തികളും സമൂഹവും ഇടപെടേണ്ടി വരുന്നത് ? സർക്കാർ ഇടപെട്ടില്ലെങ്കിൽ, ജോസ് മാവേലിയെപ്പോലുള്ളവർ നേരിട്ടിടപെട്ട് കൊന്ന് തള്ളും. ചിറ്റിലപ്പിള്ളിയെപ്പോലുള്ളവർ അതിനാവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കും. കാപ്പ പോലുള്ള കരിനിയമങ്ങൾ കാണിച്ച് ഭയപ്പെടുത്തിയിട്ട് കാര്യമില്ല. ജീവഭയത്തേക്കാൾ വലുതാവില്ല നിയമത്തോടുള്ള ഭയം. മനുഷ്യനെ കൊന്ന് തള്ളിയിട്ട് നാലഞ്ച് കൊല്ലം പോലും തികച്ച് ശിക്ഷ കിട്ടാത്ത ഇന്നാട്ടിൽ, ആത്മരക്ഷാർത്ഥം നായ്ക്കളെ കൊന്നതിന്റെ പേരിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്ന് മനസ്സിലാക്കാനുള്ള സാക്ഷരതയൊക്കെ മലയാളിക്കുണ്ട്.

അവസാനമായി ഒരു ചോദ്യം കൂടെ ബാക്കിയുണ്ട്. ചോദ്യം നായപ്രേമികളോടാണ്. നിങ്ങളുടെ 80 വയസ്സ് കഴിഞ്ഞ അച്ഛന്റെ മുഖം നായ കടിച്ച് വികൃതമാക്കുന്നു, പിന്നീടദ്ദേഹം മരിക്കുന്നു. നിങ്ങളുടെ ഭാര്യയേയോ മകനേയോ മകളേയോ കൊച്ചുമക്കളേയോ  മറ്റ് കുടുംബാംഗങ്ങളേയോ നിങ്ങളെത്തന്നെയോ നായ കടിച്ച് കീറി മരണശയ്യയിലാക്കുന്നു. നിങ്ങളെന്ത് നിലപാട് സ്വീകരിക്കും ? ഇതേ ചോദ്യം ഒരു നായപ്രേമിയായ എന്നോടും ചോദിച്ചോളൂ. ഞാൻ ആ പ്രദേശത്തുള്ള സകല തെരുവ് നായ്ക്കളേയും നേരിട്ടിറങ്ങി ഉന്മൂലനം ചെയ്യും എന്ന് തന്നെയാണ് മറുപടി.

വാൽക്കഷണം:- തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച വകയിൽ 20 ലക്ഷം രൂപ എഴുതിയെടുക്കപ്പെട്ടതായി നിയമസഭയിൽ കണക്കുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. നായ്ക്കളെ ഒതുക്കിയാലും ഇല്ലെങ്കിലും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കിയാലും ഇല്ലെങ്കിലും നായ്ക്കളുടെ പേരിൽ ലക്ഷങ്ങൾ വഹിക്കപ്പെടുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.