Monthly Archives: October 2016

ജയലളിതയുടെ അവസ്ഥയെന്താണ് ?


44

യലളിതയുടെ ആരോഗ്യാവസ്ഥയെപ്പറ്റി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിന് ഒരു ചെറുപ്പക്കാരനെ ഇന്നും തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ജയലളിത ആശുപത്രിയിൽ ആയതിന് ശേഷം ഒരുപാട് പേർ ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെയൊക്കെ അവസ്ഥ എന്താണെന്ന് ഊഹിക്കാൻ പോലും നമുക്ക് ബുദ്ധിമുട്ടാകും . അത്രയ്ക്ക് ‘അമ്മഭക്തി’ ഉള്ളതുകൊണ്ടാണല്ലോ പൊലീസ് ഇത്തരം അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നത്.

ഈ വിഷയത്തിൽ അൽ‌പ്പമെങ്കിലും ഭയപ്പെടാതെ എന്തെങ്കിലും പറയാൻ കഴിയുന്നത് തമിഴ് ഇതര സംസ്ഥാനക്കാർക്ക് മാത്രമാകാനാണ് സാദ്ധ്യത.

സെപ്റ്റംബർ 23നാണ് ജയലളിത ആശുപത്രിയിലാകുന്നത്. രണ്ടാഴ്ച്ച മുൻപ് പ്രചരിച്ച വാർത്തകൾ പ്രകാരം ജയലളിത തിരിച്ച് വരവ് ഇല്ലാത്തവിധം വെന്റിലേറ്ററിൽ ആണെന്നും അത്യാഹിതം എന്തെങ്കിലും സംഭവിച്ചുപോയാൽ തമിഴ്‌നാട്ടിൽ പ്രതീക്ഷിക്കപ്പെടുന്ന ഒരു കലാപത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നുമാണ്. അതിനിടയ്ക്ക് ജയലളിതയ്ക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചെന്ന നിലയ്ക്ക് അപ്പോളോ ഹോസ്പിറ്റലിൽ നിന്ന് ഒരു സ്ത്രീശബ്ദത്തിന്റെ വാട്ട്സ് ആപ്പ് മെസ്സേജ് പുറത്തുവന്നു. ഇതിന്റെയൊക്കെ സത്യാവസ്ഥ ഇപ്പോഴും ആർക്കുമറിയില്ല.

ഏകദേശം ഒരുമാസം ആകുമ്പോളും, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഒരുപാട് വിദഗ്ദ്ധ ഡോൿടർമാർ ആശുപത്രിയിൽ വരുന്നു പോകുന്നു എന്നല്ലാതെ മുഖ്യമന്ത്രിയുടെ കൃത്യമായ രോഗവിവരം അറിയാൻ ആർക്കും സാധിക്കുന്നില്ല. സമ്മർദ്ദം സഹിക്കാതെ വന്നപ്പോൾ പേരിന് ഒരു മെഡിക്കൽ ബുള്ളറ്റിൽ ഇറക്കി എന്നല്ലാതെ അതിലൊന്നും വിശ്വാസയോഗ്യവുമായ രോഗവിവരങ്ങൾ ഒന്നുമില്ല. കഴിഞ്ഞ 10 ദിവസമായി മെഡിക്കൽ ബുള്ളറ്റിനും ഇല്ല. വിഷയം കോടതി വരെ ചെന്നെങ്കിലും ഇപ്പോൾ കരുണാനിധിക്ക് പോലും അക്കാര്യത്തിൽ വലിയ താൽ‌പ്പര്യമില്ല എന്ന മട്ടാണ്.

അതിനിടയ്ക്ക് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ സദാശിവവും രോഗിയെ ആശുപത്രിയിൽ സന്ദർശിക്കുകയുണ്ടായി. അതിന് ശേഷം അവർ പത്രസമ്മേളനത്തിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത് അരിഭക്ഷണം കഴിക്കുന്നവർ ആരെങ്കിലും വിശ്വസിച്ചിട്ടുണ്ടെന്ന് കരുതാൻ വയ്യ. ഇവർ രണ്ടുപേരും ആശുപത്രിയിൽ ജയലളിതയെ കണ്ടോ എന്നത് തന്നെ സംശയമുള്ള കാര്യമാണ്.

ഇത്രയും നാൾ ഇത്രയും മെച്ചപ്പെട്ടതും ആധുനികവുമായ പരിചരണവുമായി ആശുപത്രിയിൽ കിടക്കണമെങ്കിൽ അത് ഗുരുതരമായ എന്തെങ്കിലും അസുഖം ഉള്ളതുകൊണ്ട് തന്നെയാകണം. അസുഖം വരുന്നത് അത്ര മോശം കാര്യമല്ലെന്ന് മാത്രമല്ല, വെള്ളിത്തളികയിൽ ഉണ്ണുന്നവനും പിഞ്ഞാണത്തിൽ ഉണ്ണുന്നവനും അത് വരുകയും ചെയ്യും. അത് തുറന്ന് പറയുന്നതിൽ എന്താണ് തെറ്റ് ? ആകാംക്ഷയും അമ്മഭക്തിയും സമ്മർദ്ദവുമൊക്കെ സഹിക്കവയ്യാതെ കഴിഞ്ഞയാഴ്ച്ച ഒരു തമിഴൻ ആത്മഹത്യ ചെയ്തുകഴിഞ്ഞു. ‘അമ്മ‘യ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ജീവാഹുതി ചെയ്യാൻ നൂറ് കണക്കിന് തമിഴർ ക്യൂവിൽ ഉണ്ടെന്നതും ദുഖകരമായ അവസ്ഥയാണ്. എന്തിനാണ് ഇത്രയും പേരെ സമ്മർദ്ദത്തിലാക്കി ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ?

ഭരണത്തിൽ ഇടപെടാൻ തക്ക ആരോഗ്യം ജയലളിതയ്ക്ക് ഇല്ലെന്നിരിക്കെ കാവേരി പ്രശ്നങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനത്തിന്റെ താളം തെറ്റിക്കാതിരിക്കാൻ ജയലളിതയുടെ വിശ്വസ്തനായ പനീർശെൽ‌വം മുഖ്യമന്ത്രിയുടെ വകുപ്പുകൾ ഏറ്റെടുത്ത് അവരുടെ ഫോട്ടോ മുന്നിൽ വെച്ച് മന്ത്രിസഭായോഗം വിളിച്ചിരിക്കുന്ന കാഴ്ച്ചയും രണ്ട് ദിവസം മുൻപ് പുറത്തുവന്നു. രാമൻ വനവാസത്തിന് പോയപ്പോൾ അദ്ദേഹത്തിന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വെച്ച് പൂജിച്ച് അയോദ്ധ്യ ഭരിച്ച ഭരതനെക്കുറിച്ച് പുരാണത്തിൽ വായിച്ചിട്ടുള്ളവർക്ക് തത്തുല്ല്യമായ സംഭവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ നടക്കുമെന്ന് മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ് ഈ സംഭവത്തോടുകൂടെ. പാർട്ടിക്കാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ ജയലളിതയുടെ കാലിൽ വീഴുന്നതും നമസ്ക്കരിക്കുന്നതും കണ്ടുകണ്ട് കണ്ണ് മഞ്ഞളിച്ചവർക്ക് പുതുകാഴ്ച്ചകളായിരിക്കും ഇതൊക്കെയും. ഇവിടെ നടക്കുന്നത് രാജഭരണമാണോ ജനാധിപത്യമാണോ എന്ന് ഇതിനിടയ്ക്ക് ആർക്കും സംശയം തോന്നാനോ അതേപ്പറ്റി മിണ്ടാനോ പാടില്ല. മിണ്ടിയാൽ അഭിനവ രാജകിങ്കരന്മാർ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കും.

ഞാനൊരു ജയലളിത വിരോധിയോ അനുകൂലിയോ അല്ല. അസുഖബാധിതനാകുന്ന ഏതൊരാളും ചികിത്സിച്ച് ഭേദമായി വരണമെന്ന ആഗ്രഹം ജയലളിതയുടെ കാര്യത്തിലും ഉണ്ട്. ഇവിടെ പക്ഷേ, ജനപ്രതിനിധി ആകുമ്പോൾ കാണിക്കേണ്ട സാമാന്യ മര്യാദകൾ കാറ്റിൽ‌പ്പറത്തുകയും ജിജ്ഞാസ സഹിക്കാതെ ഓൺലൈനിൽ പോസ്റ്റിടുന്ന ജനങ്ങളെ അറസ്റ്റിലാക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതത്ര ശരിയായ ഏർപ്പാടല്ല. ജയലളിതയ്ക്ക് എന്താണ് രോഗമെന്നത് സത്യസന്ധമായി വിശദമാക്കുക. കൃത്യമായ മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തിറക്കുക. കേരള മുഖ്യമന്ത്രിയും ഗവർണ്ണറുമടക്കമുള്ളവർ ആശുപത്രിയിൽ ചെന്നപ്പോളുള്ള അനുഭവം വെള്ളം ചേർക്കാതെ ജനങ്ങളെ അറിയിക്കാനുള്ള സന്മനസ്സ് കാണിക്കുക. രാജഭരണമല്ല ജനാധിപത്യമാണെന്നത് ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുക.

വാൽക്കഷണം:- തമിഴ്‌നാട്ടിൽ ആയിരക്കണക്കിന് ജനങ്ങൾ ‘അമ്മ’യുടെ തിരിച്ചുവരവിനായി പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തുന്നത് കണ്ടിരുന്നു. കേരളത്തിൽ ഇത്തരത്തിൽ വിപുലമായ പൂജകൾ നടത്തിയ ജയലളിതയുടെ വക്താവും പാർട്ടിക്കാരനുമായ ബിജു രമേഷെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.