Monthly Archives: November 2016

550 രൂപ കൊണ്ട് എത്ര ദിവസം ?


http://www.dreamstime.com/stock-photo-indian-currency-image7830080
നൂറിന്റേയും ഇരുപതിന്റേയും പത്തിന്റേയുമായി മൊത്തം 550 രൂപയും പിന്നെ 30 രൂപയിൽത്താഴെയുള്ള നാണയങ്ങളുമായാണ് ഇന്നലെ മുതൽക്കുള്ള കറൻസി പ്രതിസന്ധിയെ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇതിന് പുറമേ പ്രതിസന്ധി തുടങ്ങുന്ന 8ന് രാത്രി 14,000 രൂപയോളം, 500ന്റേം 1000നേം നോട്ടുകളായി കൈയ്യിൽ ഉണ്ടായിരുന്നു. അതും പോരാഞ്ഞ്,  തരാനുണ്ടായിരുന്ന 9000 രൂപ 1000ന്റെ നോട്ടുകളായി ഒരാൾ ഇന്നലെ  തന്നു. ഒന്നും പറയാതെ അത് വാങ്ങി വെച്ചു. 8ന് രാത്രി 12 മണിക്ക് മുൻപ് വേണമെങ്കിൽ എ. ടീ. എം. ൽ പോയി 400 രൂപ വീതം രണ്ടോ മൂന്നോ പ്രാവശ്യം വലിക്കാമായിരുന്നു. അത് ചെയ്യില്ലെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നതാണ്. എന്തിനിത്ര ബേജാറാകണം ? ഒരാഴ്ച്ചയ്ക്കുള്ളിൽ എല്ലാ നിയന്ത്രണവിധേയമാകുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ഇന്നലെ 500ഉം 1000ഉം ഉപയോഗിച്ച് 2000 രൂപയ്ക്ക് കാറിൽ ഡീസൽ അടിച്ചു. 342 രൂപയ്ക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിയത് ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ്. ആലുവ റെയിൽ വേസ് സ്റ്റേഷനിൽ കാറ് പാർക്ക് ചെയ്യാൻ പോയപ്പോൾ 2 മണിക്കൂറിന് 40 രൂപയാണെന്നും ചില്ലറ തരണമെന്നും അല്ലെങ്കിൽ പാർക്ക് ചെയ്യാതെ സഹകരിക്കണമെന്നും അവിടുള്ള സ്ത്രീ പറഞ്ഞതനുസരിച്ച് വാഹനം അൽ‌പ്പം ദൂരെ  റോഡരുകിൽ ഒതുക്കിയിട്ടു. ആ വകയിൽ 40 രൂപ ലാഭം. ഇന്ന് രാവിലെ ഒരാൾക്ക് 200 രൂപ കൊടുക്കേണ്ടി വന്നു. ഇനി കൈയ്യിൽ ബാക്കിയുള്ള ചെറിയ കറൻസികൾ 330 രൂപയ്ക്കുള്ളതാണ്.

ഇന്ന് മുതൽ ബാങ്കിലും പോസ്റ്റോഫീസിലും പുതിയ നോട്ടുകൾ കിട്ടുമെന്നറിയാം. പക്ഷേ, അത് വാങ്ങാനും അവിടെയുണ്ടാകാൻ സാദ്ധ്യതയുള്ള  തിരക്ക് കൂട്ടാനുമായി ഞാൻ ആ ഭാഗത്തേക്ക് പോകുന്ന പ്രശ്നമില്ല.  ഡിസംബർ 20 കഴിഞ്ഞ് എന്നെങ്കിലും ഒരു ദിവസം പോയി കൈയ്യിലുള്ള വലിയ നോട്ടുകൾ  എല്ലാം മാറ്റിയെടുക്കും.

ഇനി  ബാക്കിയുള്ള 330 രൂപ കറൻസി വെച്ച് എത്ര ദിവസം കൂടെ മുന്നോട്ട് പോകുമെന്ന് നോക്കാനാണ് ഉദ്ദേശം. ഇന്ന് രാവിലെ PayTM അക്കൌണ്ട് തയ്യാറാക്കി. അത് വഴി നടക്കുന്ന ഇടപാടുകളും നെറ്റ് ബാങ്കിങ്ങും ഡെബിറ്റ് കാർഡ് ഇടപാടുകളുമൊക്കെ ഏതു വരെ സഹായിക്കുമെന്ന് മനസ്സിലാക്കണമല്ലോ ?

വേറൊന്നിനും വേണ്ടിയല്ല. ഇപ്പോൾ ഉള്ള ഈ സൌകര്യങ്ങളൊക്കെ കൂടിപ്പോയതിന്റെ ഒരു പ്രശ്നം നമുക്കുണ്ട്. അതൊന്നുമില്ലാത്ത ഒരു കാലം വന്നാൽ എങ്ങനെ നേരിടണമെന്ന് പഠിച്ചിരിക്കണമല്ലോ. ഉദാഹരണത്തിന്, ഒരു ഭൂകമ്പം വന്നാൽ എല്ലാം താറുമാറായി, കൈയ്യിലുള്ള പണം കൊണ്ട് പോലും ഒന്നും വാങ്ങാനോ കഴിക്കാനോ, യഥേഷ്ടം സഞ്ചരിക്കാനോ പറ്റില്ലെന്നാകില്ലേ ? ഒരു വെള്ളപ്പൊക്കം വന്നാലും യുദ്ധം വന്നാലുമൊക്കെ ഇപ്പോൾ കാണുന്ന അതേ സൌകര്യങ്ങളോടെ ജീവിക്കാൻ പറ്റിയെന്ന് വരില്ലല്ലോ.  ബസ്സിനും തീവണ്ടിക്കും ടിക്കറ്റെടുക്കാൻ പറ്റാത്തതും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പറ്റാത്തതുകൊണ്ട് പട്ടിണിയായിപ്പോയതുമാണ് ചില വലിയ പ്രശ്നങ്ങളായി പലയിടത്തും കേൾക്കുന്നത്. ബസ്സ് സ്റ്റാന്റ് വരെയോ തീവണ്ടിയാപ്പീസ് വരെയോ ജീവഭയമില്ലാതെ പോകാനെങ്കിലും പറ്റുന്നില്ലേ നിലവിൽ ?  മാസത്തിൽ ഒരു ഹർത്താലെങ്കിലും അനുഭവിക്കുന്ന മലയാളി ആ ദിവസങ്ങളിൽ വീടിന് പുറത്തിറങ്ങാതെ ഭംഗിയായി ജീവിക്കാറുണ്ടല്ലോ. അതിലും വലുതൊന്നുമല്ല  ഈ പ്രശ്നം.  ഹർത്താൽ ദിവസങ്ങളിലെ ദുരിതങ്ങൾ നേരിട്ട് ശീലമുള്ളവർക്ക്, എന്നേക്കാൾ ഭംഗിയായി ഇതും നേരിടാൻ പറ്റുമെന്ന് വിശ്വാസമുണ്ട്. ഞാൻ ഹർത്താൽ ദിനത്തിലെ ദുരിതങ്ങൾ പൂർണ്ണമായും അനുഭവിക്കാറില്ല. അന്നേദിവസം  നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും Say No To Harthal എന്ന മുന്നേറ്റത്തിന്റെ ഭാഗമായി വാഹനമോടിച്ച് നടക്കാറുണ്ട്.

ഒരു ചെറുകിട സ്ഥാപനത്തിൽ തുച്ഛവരുമാനത്തിന് ജോലി ചെയ്യുന്ന ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു പരിചയക്കാരിയോട് “കള്ളപ്പണമൊക്കെ മാറിയെടുക്കാനുള്ള ഏർപ്പാട് ചെയ്തോ ? “ എന്നൊരു തമാശ ചോദിച്ചു ഇന്നലെ. അവരാ‍ തമാശ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ടുകൊണ്ട് നല്ലൊരു ചിരി ചിരിച്ചു.  അതിന് ശേഷം അവർ പറഞ്ഞ മറുപടി അതിലും ഗംഭീരമായിരുന്നു.

“കാര്യമായ യാത്രയൊന്നും നിത്യേന ചെയ്യാത്ത  സാധാരണക്കാരെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ല മനോജ്. ഒരു ബുദ്ധിമുട്ടും എനിക്കിതുകൊണ്ട് ഉണ്ടായിട്ടില്ല, ഉണ്ടാകാൻ പോകുന്നുമില്ല. ഇത് പണമുള്ളവന്റെ അഥവാ കള്ളപ്പണമുള്ളവന്റെ മാത്രം  പ്രശ്നമാണ്.   ദാസന്റെ പലചരക്ക് കടയിൽ ചെന്നാൽ ഒന്നോ രണ്ടോ മാസം വരെ കടമായി സാധനങ്ങൾ കിട്ടും. വീട് കഴിഞ്ഞ് പോകാൻ സാധാരണ നിലയ്ക്ക് അതിൽക്കൂടുതലൊന്നും ആവശ്യമില്ല.  സൂക്ഷിച്ച് വെക്കാനായി, നിർത്തലാക്കിയ 500ന്റേം 1000ന്റേം നോട്ടുകൾ ഓരോന്ന് സംഘടിപ്പിച്ച് കൊടുക്കണമെന്ന്, നാണയങ്ങൾ ശേഖരിക്കുന്ന ഹോബിയുള്ള അഞ്ചിൽ പഠിക്കുന്ന മകൻ പറയുന്നുണ്ട്. അവനത് കൊടുക്കണമെങ്കിൽ എന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം ചിലവാകും. കള്ളപ്പണക്കാർ ആരെങ്കിലും അവസാനം ഇതെല്ലാം കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിൽ നിന്ന് ഒരോന്ന് കിട്ടാനുള്ള ഏർപ്പാടുണ്ടായാൽ നന്നായിരുന്നു.” 

33

കല്യാണത്തിന് ആഭരണങ്ങൾ വാങ്ങാൻ പണം ബാങ്കിൽ നിന്നെടുത്തോ വായ്പ വാങ്ങിയോ വെച്ചിരുന്നവർ, കല്യാണ ദിവസത്തെ ചിലവുകൾക്ക് പണം സൂക്ഷിച്ച് വെച്ചിരുന്നവർ, ഉറുമ്പിനെപ്പോലെ തടുത്തുകൂട്ടുന്നതെല്ലാം കുടുക്കയിലോ ഇരുമ്പ് പെട്ടിയിലോ തകരപാത്രത്തിലോ ഒക്കെ ആരും കാണാതെ ഒളിപ്പിച്ച് വെച്ച് സമാഹരിച്ചിരുന്ന ബാങ്ക് എന്ന് കേൾക്കുക പോലും ചെയ്യാത്ത സാധാരണക്കാരിൽ സാധാരണക്കാരായവർ, നമ്മുടെ ഊഹങ്ങളിലൊന്നും പെടാത്ത സമൂഹത്തിലെ മറ്റ് പല വിഭാഗം ജനങ്ങൾ, എന്നിവർക്കൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്നല്ല. പക്ഷേ, രാജ്യനന്മയ്ക്ക് വേണ്ടിയുള്ള ഇങ്ങനൊരു നീക്കം ഇനിയും എപ്പോഴെങ്കിലുമൊക്കെ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കാനുള്ള ഒരു അവസരം കൂടെയാണിത്. ഒരു ബാങ്ക് അക്കൌണ്ടും എ.ടി.എം.കാർഡും എല്ലാവർക്കുമുണ്ടായാൽ അതുപയോഗിക്കാനുള്ള സൌകര്യങ്ങളും രാജ്യമെങ്ങും ഉണ്ടായി വരും. കുറേയേറെ പ്രശ്നങ്ങൾ അതിലൂടെ പരിഹരിക്കപ്പെടും. ഇനിയുള്ള കാലത്ത് ബാങ്ക് അക്കൌണ്ട് എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. അതുപോലും ഇല്ലാത്തവർ ആഡ്രോയിഡ് ഫോണുകളുമായി നടക്കുന്ന രാജ്യമാണിത്.

ഞാനെന്തായാലും ഒരു പരാതിയുമില്ലാതെ, ഒരിടത്തും തിക്കും തിരക്കും ഉണ്ടാക്കാതെ, കേന്ദ്രസർക്കാരിന്റെ ഈ നീക്കവുമായി പൂർണ്ണമായും സഹകരിച്ചിരിക്കും.  മോഡിക്ക് പകരം ആരിത് ചെയ്തിരുന്നെങ്കിലും അതങ്ങനെ തന്നെ.

വാൽക്കഷണം:- 2004ൽ സുനാമി വന്നപ്പോൾ എത്രപേർ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടായിരുന്നു ? എത്രപേർക്ക് അതിനെ എങ്ങനെ നേരിടണമെന്ന് അറിയുമായിരുന്നു ? ഇന്നതല്ലല്ലോ അവസ്ഥ. അതുപോലെ കണക്കാക്കിയാൽ ഇതും അത്ര വലിയ പ്രശ്നമൊന്നുമല്ല. ഇങ്ങനെയൊക്കെത്തന്നെയാണ് ഓരോന്ന് പഠിക്കുന്നത്.