Monthly Archives: November 2016

ബസ്സ് ഡ്രൈവർമാർ മദ്യലഹരിയിൽ


777

ലുവയിൽ ഇന്ന്, വാഹനപരിശോധനയ്ക്കിടയിൽ നിർത്താതെ പോയ സ്വകാര്യ ബസ്സ് ഡ്രൈവറെ, വനിതാ എസ്.ഐ. പിന്തുടർന്ന് പിടികൂടി.

ഇനി പിടികൂടിയ ശേഷമുള്ള കുറ്റങ്ങളുടെ പട്ടിക നിരത്താം.

കുറ്റം 1:- വാഹനം നിർത്താതെ ഓടിച്ച് പോയി.
കുറ്റം 2:- പിടികൂടിയപ്പോൾ ഡ്രൈവർ മദ്യപിച്ചിരുന്നു.
കുറ്റം 3:- ഡ്രൈവർക്ക് ലൈസൻസ് പോലും ഇല്ലായിരുന്നു.

നഗരത്തിൽ നല്ലൊരു ശതമാനം ബസ്സ് ഡ്രൈവർമാരും മദ്യപിച്ച് തന്നെയാണ് ബസ്സോടിക്കുന്നത്. പരിശോധന നടത്തുന്ന ദിവസങ്ങളിലെല്ലാം 10ൽ കുറയാത്ത മദ്യപരായ ബസ്സ് ഡ്രൈവർമാർ പിടികൂടപ്പെട്ടിട്ടുണ്ട്. അതും പോരാഞ്ഞിട്ടാണ് ലൈസൻസ് ഇല്ല എന്ന വെച്ചുപൊറുപ്പിക്കാനാവാത്ത അപരാധം. ഒരു ദിവസം കൊച്ചി നഗരത്തിൽ മാത്രം നൂറ് കണക്കിന് സ്വകാര്യ വാഹനങ്ങളെ ഇക്കൂട്ടർ ഇടിച്ച് പരുക്കേൽ‌പ്പിക്കുന്നുണ്ട്. വലിയ വാഹനമായതുകൊണ്ട് ബസ്സിനെപ്പേടിച്ച് വഴിയരുകിലെ ഓടയിലേക്ക് ഒതുക്കിയാണ് മറ്റുള്ള വാഹനങ്ങൾ രക്ഷപ്പെടുന്നത്. ഇന്ന് ഇതേ കേരളത്തിലെ ബസ്സ് സ്റ്റാൻഡുകളിലൊന്നിൽ രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടിട്ടുണ്ട് . അത്രയ്ക്ക് കണ്ണും മൂക്കുമില്ലാത്ത ഓടിക്കലും ഒതുക്കലുമാണ് ഇക്കൂട്ടരുടേത്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇവർക്കെതിരെ എന്തെങ്കിലും കാര്യമായ നടപടികൾ എടുക്കുന്നുണ്ടോ ? നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ടോ ? ബസ്സുകളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ ഉണ്ടാകുന്നുണ്ടോ ? ഇല്ല. അങ്ങനെയൊന്നും സംഭവിക്കില്ല. അതിന് കൃത്യമായ കാരണമുണ്ട്. അത് പക്ഷേ തുറന്ന് പറഞ്ഞാൽ പറഞ്ഞവന്റെ  ജീവൻ അപകടത്തിലാകുകയോ നിരന്തരമായി വേട്ടയാടപ്പെടുകയോ ചെയ്യും. ഒന്നന്വേഷിച്ചാൽ എല്ലാവർക്കും കിട്ടിയേക്കാവുന്ന ഉത്തരമാണത്. മാദ്ധ്യമങ്ങളിൽ പലപ്പോഴും വന്നിട്ടുള്ള പരസ്യമായ രഹസ്യം തന്നെയാണത്.

നമ്മുടെ ജീവൻ രക്ഷിക്കാൻ, ചില ചില്ലറ കാര്യങ്ങൾ പ്രാവർത്തികമാക്കുക എന്നതേ  മാർഗ്ഗമുള്ളൂ.  ബസ്സിൽ കയറുന്നവർ സൂക്ഷിക്കുക. മദ്യപിച്ച കോലത്തിലാണ് ഡ്രൈവർ എന്ന് മനസ്സിലാക്കിയാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുക. അമിത വേഗവും മത്സര ഓട്ടവും നടക്കുന്നുണ്ടെങ്കിലും അത് തന്നെ ചെയ്യുക. അല്ലെങ്കിൽ ബഹളം വെച്ച് ബസ്സ് നിർത്തിക്കുക. പൊലീസിൽ അറിയിച്ചാലും താൽക്കാലിക നടപടികൾക്കപ്പുറം ഒന്നുമുണ്ടാകാൻ പോകുന്നില്ല. അടുത്ത ആഴ്ച്ച ഇതേ ഡ്രൈവർ ഇതേ ബസ്സോടിച്ചുകൊണ്ട് നിരത്തിലുണ്ടാകും. മെട്രോ റെയിൽ തുടങ്ങിയാൽ പരമാവധി യാത്ര അതിലേക്ക് മാറ്റുന്നത് നന്നായിരിക്കും. (മെട്രോ ഇല്ലാത്ത നഗരങ്ങളിൽ ആ മാർഗ്ഗവും ഇല്ല.)

നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കേണ്ട അവസ്ഥയാണ്. ഇത്രയും കുത്തഴിഞ്ഞ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത്, സർക്കാരും പൊലീസും അധികാരികളുമൊന്നും വരില്ല രക്ഷിക്കാൻ. അവരെല്ലാം ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാത്തവരെ പിടിച്ച് അവരുടെ ജീവൻ സുരക്ഷിതമാക്കുന്ന തിരക്കിലാണ്. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം.

വാൽക്കഷണം:- സ്പീഡ് ഗവേർണർ എന്നൊരു ഐറ്റം ബസ്സുകളിൽ ഉണ്ടാകണമെന്നാണ് ചട്ടം. അത് എത്ര ബസ്സിൽ പ്രവർത്തിക്കുന്നുണ്ട്, എത്ര ബസ്സിൽ ഊരിയിട്ടിരിക്കുന്നുണ്ട് എന്ന് വല്ല പിടിയും അധികാരികൾക്കുണ്ടോ ? ഋഷിരാജ് സിംഗ് ട്രാഫിൿ കമ്മീഷണറായിരുന്നപ്പോൾ നേരിട്ട് ബസ്സ് സ്റ്റാന്റുകളിൽ ചെന്ന് ഇതെല്ലാം പരിശോധിച്ച് നടപടിയെടുക്കുമായിരുന്നു. അങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഒരിടത്തും വാഴാൻ വിടില്ലല്ലോ.